അനിശ്ചിതത്വം തുടരുന്നു; അദാനി തൽക്കാലം കാര്യം സാധിക്കുമെന്നു നിഗമനം; അബുദാബി സഹായം വലുത്; വിദേശികൾ ചെെനയിലേക്ക്

നാളെ പൊതുബജറ്റ്. ഇന്ന് അദാനി എന്റർപ്രൈസസിന്റെ ഓഹരി തുടർ വിൽപന (എഫ്പിഒ) അവസാനിക്കുന്നു. ഇന്നലെ വരെ സാധിച്ചത് മൂന്നു ശതമാനം വിൽപന മാത്രം. അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലെയും നഷ്ടത്തിലായി. ഗ്രൂപ്പിന്റെ ബോണ്ടുകളുടെ വിലയും താഴ്ന്നു. ഇവയുമായി ബന്ധമില്ലെങ്കിലും പലിശ നിരക്കിനെക്കുറിച്ചുള്ള ആശങ്കയിൽ പാശ്ചാത്യ വിപണികൾ ഇന്നലെ താഴ്ചയിലായി. നാളെ രാത്രിയാണ് യുഎസ് ഫെഡിന്റെ പലിശ തീരുമാനം.

വിപണി ഒരു സന്ദിഗ്ധാവസ്ഥയിലാണ് ഇന്നു വ്യാപാരത്തിലേക്കു കടക്കുന്നത്. വികാരത്തേക്കാൾ വിവേകം തീരുമാനങ്ങളെ നയിക്കേണ്ട അവസരം. അദാനി ഗ്രൂപ്പിന്റെ എഫ്പിഒ വിജയിക്കും എന്ന കണക്കുകൂട്ടലിൽ വിപണി ഇന്നു നേട്ടം ഉണ്ടാക്കുമെന്നാണു നിഗമനം.

ഇന്ത്യൻ വിപണി ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നേട്ടത്തിൽ അവസാനിച്ചു. യൂറോപ്യൻ വിപണികൾ സമ്മിശ്രമായിരുന്നു. ഭൂരിപക്ഷം സൂചികകളും താഴ്ന്നു.

യുഎസ് വിപണി ചെറിയ താഴ്ചയിൽ തുടങ്ങിയിട്ട് വലിയ താഴ്ചയിൽ അവസാനിച്ചു. ഡൗ ജോൺസ് 0.77 ശതമാനം താണു. നാസ് ഡാക് 1.96 ശതമാനം ഇടിഞ്ഞു.

സിംഗപ്പുർ എക്സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ് ജി എക്സ് നിഫ്റ്റി ഇന്നലെ 17,705 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,792 വരെ കയറിയിട്ട് 17,765 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.


എഫ് പി ഒ വിജയം ഉറപ്പെന്നു നിഗമനം


അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ വിജയിപ്പിക്കാൻ ഗൗതം അദാനിക്ക് ശേഷിയുണ്ടെന്നതിൽ ആർക്കും സംശയമില്ല. അതിനു മാത്രം മിത്രങ്ങളും ബന്ധങ്ങളും ധനശേഷിയും ഗ്രൂപ്പിനുണ്ട്. ഇഷ്യു വില കുറയ്ക്കാതെയും തീയതി നീട്ടാതെയും അതു സാധിച്ചാൽ വലിയ വിജയമാകും. വില കുറയ്ക്കാനാണെങ്കിൽ ഇന്നു വൈകുന്നേരം പ്രഖ്യാപനം ഉണ്ടാകണം. ബജറ്റിനു തലേന്നു രാജ്യത്തെ വമ്പൻ വ്യവസായ ഗ്രൂപ്പിന് ഇങ്ങനൊരു നാണക്കേട് സംഭവിക്കാതെ നോക്കാൻ ഗവണ്‍മെന്റും സഹായിക്കാതിരിക്കില്ല.

20,000 കോടി രൂപ ലക്ഷ്യമിടുന്ന എഫ്പിഒയിൽ ഇന്നലെ വൈകുന്നേരം വരെ 450 കോടി രൂപയുടെ അപേക്ഷയേ ഉണ്ടായിട്ടുള്ളൂ. വാഗ്ദാനങ്ങൾ മൊത്തം 10,000 കോടി രൂപയ്ക്കു മുകളിൽ ആയിട്ടുണ്ട്.

ആങ്കർ നിക്ഷേപകർ 5985 കോടി രൂപ നിക്ഷേപിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിൽ ഗൾഫിലെ മേ ബാങ്ക് സെക്യൂരിറ്റീസിന്റെ 2040 കോടി രൂപയും പെടുന്നു.

അബുദാബിയിലെ വലിയ നിക്ഷേപ ഗ്രൂപ്പായ ഐഎച്ച്സി (ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി) 3020 കോടി രൂപ (40 കോടി ഡോളർ) എഫ്പിഒയിൽ നിക്ഷേപിക്കുമെന്ന് ഇന്നലെ അറിയിച്ചു. യുഎഇ പ്രസിഡന്റിന്റെ സഹോദരനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ തഹ്നൂൺ ബിൻ സായിദ് അൽ നഹ്യാനാണ് ഐഎച്ച്സിയുടെ മേധാവി. ഐഎച്ച്സി ഇതുവരെ അദാനി ഗ്രൂപ്പിൽ 200 കോടി ഡോളർ (16,000 കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്.

എൽഐസി നിക്ഷേപം

എൽഐസി ആങ്കർ ഗണത്തിൽ 300 കോടി രൂപ നിക്ഷേപിക്കാൻ ഏറ്റിട്ടുണ്ട്. എൽഐസി ഇതുവരെ 36,474.78 കോടി രൂപ അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇന്നലെ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിൽ ഓഹരികളുടെ വാങ്ങൽവില 30,217 കോടി രൂപയാണ്. ജനവരി 27-ന് അവയുടെ വില 56,142 കോടി രൂപ വരും. ഇപ്പോൾ 25,000 കോടിയിൽ പരം രൂപയുടെ നേട്ടം. എന്നാൽ ഓഹരികളുടെ വിലയിടിവിനു മുമ്പുള്ള കണക്ക് പറഞ്ഞിട്ടില്ല. എൽഐസിയുടെ മൊത്തം ആസ്തികളുടെ 0.975 ശതമാനമേ അദാനി ഗ്രൂപ്പിൽ വരൂ എന്നും കമ്പനി അറിയിച്ചു.

ചാഞ്ചാട്ടത്തിനു പരിധി

ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾക്കു മറുപടിയായി അദാനി ഗ്രൂപ്പ് ഇറക്കിയ പ്രസ്താവന കാര്യമായ ചലനം ഉണ്ടാക്കിയതായി കാണുന്നില്ല. തട്ടിപ്പിനു മറയായി രാജ്യസ്നേഹവാദം ഉയർത്തിപ്പിടിക്കുന്നതിലെ അപഹാസ്യത ഉന്നയിച്ച് ഹിൻഡൻബർഗ് റിസർച്ച് വിവാദത്തിൽ സ്കോർ ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ 20 ശതമാനം വീതം ഇടിവു കാണിച്ച അദാനി ഗ്രൂപ്പ് കമ്പനികളായ ടോട്ടൽ ഗ്യാസ്, ഗ്രീൻ എനർജി, ട്രാൻസ്മിഷൻ എന്നിവയുടെ പ്രതിദിന ചാഞ്ചാട്ടപരിധി 10 ശതമാനമായി കുറച്ചു കൊണ്ട് എൻഎസ്ഇ ഇന്നലെ സർക്കുലർ ഇറക്കി.

മൂന്നു ദിവസം കൊണ്ട് ഈ മൂന്ന് ഓഹരികളുടെ വില 40 ശതമാനത്തിനടുത്ത് ഇടിഞ്ഞതാണ്. അദാനി എന്റർപ്രെെസസ് ഓഹരി ഇന്നലെ രാവിലെ 10 ശതമാനത്തോളം ഉയർന്നെങ്കിലും അതു നിലനിർത്താനായില്ല. നാലര ശതമാനം മാത്രം ഉയർന്നാണ് ഓഹരി ക്ലോസ് ചെയ്തത്. എഫ്പിഒ വിലയിലും ഗണ്യമായി കുറവാണു വിപണിവില.


ബോണ്ടുകളിൽ വിൽപനസമ്മർദം


അമേരിക്കൻ വിപണിയിൽ ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ കടപ്പത്രങ്ങളിൽ വിറ്റൊഴിയാൻ തിരക്കായിരുന്നു. പതിവിലും പത്തിരട്ടിയായിരുന്നു വിൽപനത്തിരക്ക്. വില ഒരു ഡോളറിന് 73 സെന്റിലേക്ക് ഇടിഞ്ഞു. രണ്ടുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണിമൂല്യത്തിൽ മൂന്നു ദിവസം കൊണ്ട് 5.6 ലക്ഷം കോടി രൂപയാണു നഷ്ടമായത്. ജനുവരി 24 - ന് 19.2 ലക്ഷം കോടി രൂപ ഉണ്ടായിരുന്ന വിപണിമൂല്യം ഇന്നലെ വൈകുന്നേരം 13.6 ലക്ഷം കോടിയായി കുറഞ്ഞു.

വിപണി ചാഞ്ചാടി, കയറി


തിങ്കളാഴ്ച ഇന്ത്യൻ വിപണി വലിയ ചാഞ്ചാട്ടങ്ങളാണു കണ്ടത്. സെൻസെക്സ് ആയിരത്തോളം പോയിന്റ് കയറിയിറങ്ങി. കൂടുതൽ സമയവും നഷ്ടത്തിലായിരുന്ന വിപണി അവസാന മണിക്കൂറിൽ ഐടി, ഓയിൽ കമ്പനികൾ നടത്തിയ കുതിപ്പിലാണു നേട്ടത്തോടെ ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം നാമമാത്ര നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്സ് ഇന്നലെ 169.51 പോയിന്റ് (0.29%) ഉയർന്ന് 59,500.41 ലും നിഫ്റ്റി 44.6 പോയിന്റ് (0.25%) കയറി 17,648.95 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ ചെറിയ നഷ്ടത്തിൽ അവസാനിച്ചു.

വിപണി അനിശ്ചിതത്വമാണു കാണിക്കുന്നത്. 17,800 നു മുകളിൽ നിഫ്റ്റി പ്രവേശിച്ചാൽ മാത്രമേ ട്രെൻഡ് മാറി എന്നു കണക്കാക്കാൻ പറ്റൂ. നിഫ്റ്റിക്ക് 17,475 ലും 17,285 ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 17,705 ലും 17,890 ലും തടസങ്ങൾ നേരിടാം.

വിദേശനിക്ഷേപകർ ഇന്നലെയും വലിയ താേതിൽ വിൽപനക്കാരായി. 6792.8 കോടി രൂപയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റത്. ജനുവരിയിൽ ഇതുവരെ അവർ 23,800 കോടിയോളം രൂപ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നു പിൻവലിക്കുന്ന പണം ചൈനയിലേക്കാണു പോകുന്നത്. കൂടുതൽ വളർച്ച സാധ്യത അവിടെ കാണുന്നു എന്നാണു റിപ്പോർട്ട്. സ്വദേശി ഫണ്ടുകൾ ഇന്നലെ 5512.63 കോടിയുടെ ഓഹരികൾ വാങ്ങി.

ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് രണ്ടേകാൽ ശതമാനം താഴ്ന്ന് 84.9 ഡോളറിലെത്തി. ചൈനീസ് ഡിമാൻഡ് പ്രതീക്ഷ പോലെ ഉയരാത്തതാണു കാരണം. വ്യാവസായിക ലോഹങ്ങൾ ചെറിയ താഴ്ചയിലാണ്. ചെമ്പ് ഒന്നേകാൽ ശതമാനവും അലൂമിനിയം രണ്ടര ശതമാനവും കുറഞ്ഞു.

സ്വർണം താഴാേട്ടാണ്. ഇന്നു രാവിലെ 1922-1923 ഡോളറിലാണു വ്യാപാരം. കേരളത്തിൽ സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നു. ഡോളർ വില ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം മൂന്നു പൈസ കുറഞ്ഞ് 81.49 രൂപയായി. ഡോളർ സൂചിക ഇന്നലെ 102.28 ൽ ക്ലാേസ് ചെയ്തു. ഇന്നു സൂചിക 102.2 ലാണ്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it