Begin typing your search above and press return to search.
അമിത ആശങ്ക മാറുന്നു; ആശ്വാസ റാലി കാത്തു ബുള്ളുകൾ; ക്രൂഡ് ഓയിലും ലോഹങ്ങളും ഇടിവിൽ
അമിതമായ ആശങ്ക വിപണിയിൽ ചോരപ്പുഴ ഒഴുക്കിയ ഒരു ദിവസം കടന്നുപോയി. മറ്റു വിപണികളിലൊന്നും കാണാത്ത ഭീതിയാണു ബുധനാഴ്ച ഇന്ത്യൻ വിപണിയിൽ കണ്ടത്. ഏഷ്യയിൽ ജപ്പാൻ ഒഴികെയുള്ള വിപണികളെല്ലാം നേട്ടത്തിലായിരുന്നു. പിന്നീട് യൂറോപ്പും അമേരിക്കയും നേട്ടം കുറിച്ചു. യുഎസ് വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷമാണു ചെറിയ കയറ്റത്തിൽ അവസാനിച്ചത്. യുഎസ് ഫെഡ് മിനിറ്റ്സും താെഴിൽ റിപ്പോർട്ടും ഓഹരികളുടെ വലിയ കയറ്റത്തിന് തടയിട്ടു. 2023 -ൽ പലിശ കുറയ്ക്കൽ പ്രതീക്ഷിക്കേണ്ട എന്ന് മിനിറ്റ്സ് വ്യക്തമാക്കി. എങ്കിലും എസ് ആൻഡ് പി സൂചിക താഴ്ചയുടെ തുടർക്കഥ അവസാനിപ്പിച്ചത് വിപണി യാഥാർഥ്യം ഉൾക്കാെള്ളുന്നു എന്നു കാണിച്ചു. ഇന്നു തരക്കേടില്ലാത്ത ആശ്വാസ റാലി വിപണി പ്രതീക്ഷിക്കുന്നുണ്ട്.
ഡോളർ ഇന്നലെ തുടക്കത്തിൽ കയറ്റത്തിലായിരുന്നെങ്കിലും പിന്നീടു താണു. സ്വർണം ഉയർന്നു. മാന്ദ്യഭീതി തുടർന്നതു ക്രൂഡ് ഓയിൽ വില ഇടിച്ചു. രണ്ടു ദിവസം കൊണ്ട് ഒൻപതു ശതമാനം ഇടിവാണ് ക്രൂഡിനുണ്ടായത്.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. ഓസീസ്, ഏഷ്യൻ വിപണികൾ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി. ചെെനീസ് വിപണിയും നല്ല ഉണർവിലാണ്. തകർച്ചയിലായ റിയൽ എസ്റ്റേറ്റ് മേഖലയിലെ കമ്പനികളെ രക്ഷിക്കാൻ നടപടി ഉണ്ടാകുമെന്ന സൂചന ചെെനീസ് കേന്ദ്ര ബാങ്ക് നൽകിയതും സഹായകമായി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,111 വരെ താഴ്ന്നിട്ട് 18,165 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു സൂചന.
ബുധനാഴ്ച ഇന്ത്യൻ വിപണി ചെറിയ നേട്ടത്താേടെ വ്യാപാരം തുടങ്ങിയെങ്കിലും അതു തുടരാനായില്ല. സെൻസെക്സ് 700 പോയിന്റ് വരെ താഴ്ന്നു. വിദേശ നിക്ഷേപകർ വൻതോതിൽ വിറ്റപ്പോൾ സ്വദേശി ഫണ്ടുകൾ കാര്യമായ വാങ്ങൽ നടത്തിയില്ല.
സെൻസെക്സ് 636.75 പോയിന്റ് (1.04%) ഇടിഞ്ഞ് 60,657.45 ലും നിഫ്റ്റി 189.6 പോയിന്റ് (1.04%) താഴ്ന്ന് 18,042.95 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.97 ശതമാനം വീതം താണു. മെറ്റൽ സൂചികയാണ് ഏറ്റവും ഇടിഞ്ഞത്. 2.83 ശതമാനം. ബാങ്ക്, ധനകാര്യ, ഐടി, വാഹന, ഓയിൽ സൂചികകളും വലിയ താഴ്ചയിലായി.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്നലെ 2620.89 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു. മുൻ ദിവസങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണിത്. സ്വദേശി ഫണ്ടുകൾ 773.58 കോടിയുടെ ഓഹരികൾ മാത്രമേ വാങ്ങിയുള്ളു.
ഒരു നീണ്ട ബെയറിഷ് കാൻഡിൽ രൂപപ്പെടുത്തിയാണു വിപണി ക്ലോസ് ചെയ്തത്. വിപണി ഇനിയും താഴ്ന്നാൽ വലിയ തിരുത്തലിലേക്കു പോകുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 17,965 ലും 17,880-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,185 ഉം 18,325 ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിൽ വില ഇടിയുകയാണ്. പുതു വർഷത്തിലെ ആദ്യ രണ്ടു വ്യാപാര ദിനങ്ങൾ കൊണ്ട് ഒൻപതു ശതമാനം ഇടിവാണു വിലയിൽ ഉണ്ടായത്. മാന്ദ്യഭീതിയാണു മുഖ്യം. ചെെനീസ്, ഇന്ത്യൻ ഡിമാൻഡുകൾ പ്രതീക്ഷ പോലെ കൂടിയില്ല എന്നതും അമേരിക്കയിൽ ഫാക്ടറി പ്രവർത്തനത്തിന്റെ സൂചിക (മനുഫാക്ചറിംഗ് പിഎംഐ) കുറഞ്ഞതും വിലയിടിവിനു കാരണമായി. ഡബ്ള്യുടിഐ ഇനം 72.8 ഡോളറിലേക്കു താണു. ബ്രെന്റ് ഇനം 77.8 ഡോളർ വരെ താഴ്ന്നിട്ട് ഇന്നു രാവിലെ 78.36 ലേക്കു കയറി.
മാന്ദ്യഭീതിയിൽ വ്യാവസായിക ലാേഹങ്ങളും ഇടിഞ്ഞു. അലൂമിനിയം 2.25 ശതമാനം താണ് 2266 ഡോളറിലും ചെമ്പ് 2.16 ശതമാനം താണ് 8209 ലും എത്തി. നിക്കൽ 4.6 ശതമാനം ഇടിവിൽ 30,000 ഡോളറിനു താഴെയായി. സിങ്ക് 3000 ഡോളറിനു താഴെ എത്തി. ചെെനയിലെ ഡാലിയൻ വിപണിയിലും വില താഴ്ചയിലാണ്.
സ്വർണം ഇന്നലെയും നല്ല കുതിപ്പ് നടത്തി. 1844 ൽ നിന്ന് 1867 ഡോളർ വരെ എത്തി സ്വർണവില. പിന്നീട് അൽപം താഴ്ന്നു. ഇന്നു രാവിലെ 1858-1860 ഡോളറിലേക്കു വില കയറി. ഇനിയും കയറുമെന്നും ഈയാഴ്ച തന്നെ 1900 ഡോളർ കടക്കുമെന്നും സ്വർണ ബുള്ളുകൾ പറയുന്നു.
കേരളത്തിൽ ഇന്നലെ സ്വർണം പവന് 120 രൂപ വർധിച്ച് 40,880 രൂപയായി. ഇന്നു വീണ്ടും വില കൂടുമെന്നാണു സൂചന.
ഡോളറിന് ഇന്നലെ കാര്യമായ മാറ്റം ഉണ്ടായില്ല. 82.80 രൂപയിലാണു ക്ലോസിംഗ്. ഡോളർ സൂചിക ഇന്നലെ
താഴ്ന്ന് 104.25 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 104 നു താഴേക്കു നീങ്ങി.
ഫെഡ് നിലപാടിൽ മാറ്റമില്ല, തൊഴിലവസരങ്ങൾ കുറഞ്ഞില്ല
യുഎസ് ഫെഡ് കഴിഞ്ഞ മാസത്തെ എഫ്ഒഎംസി യോഗ മിനിറ്റ്സ് പുറത്തു വിട്ടപ്പോൾ ഞെട്ടലൊന്നും ഉണ്ടായില്ല. നേരത്തേ മനസിലാക്കിയിരുന്നതിൽ കൂടുതൽ കാര്യങ്ങളൊന്നും അതിൽ ഉണ്ടായിരുന്നില്ല. ഉയർന്ന പലിശ നിരക്ക് കൂടുതൽ കാലം തുടരേണ്ടിവരും. വിലക്കയറ്റം രണ്ടു ശതമാനം ലക്ഷ്യത്തിലേക്കു കുറഞ്ഞു വരുന്നു എന്ന് ഉറപ്പാകും വരെ പലിശ വർധന തുടരണം എന്ന കാര്യത്തിൽ അംഗങ്ങൾക്കിടയിൽ വിയാേജിപ്പില്ലെന്നു മിനിറ്റ്സ് കാണിച്ചു. 2023 -ൽ നിരക്കു കുറയ്ക്കൽ ആലോചിക്കാനില്ല എന്നാണ് ഫെഡ് അംഗങ്ങൾ പറഞ്ഞത്.
ഇന്നലെ പുറത്തുവന്ന തൊഴിൽ റിപ്പോർട്ട് വിപണി ആഗ്രഹിച്ചതു പോലെ ആയില്ല. നവംബറിലെ തൊഴിൽവർധന 1.05 കോടിയാണ്. ഒരു കോടിയിൽ താഴെയാകുമെന്നു കരുതിയ സ്ഥാനത്താണിത്. വിലക്കയറ്റം ഉയർന്നു നിൽക്കുകയും പലിശ വർധിച്ചു വരികയും ചെയ്തിട്ടും യുഎസിൽ തൊഴിലവസരങ്ങൾ അത്ര കണ്ടു കുറയുന്നില്ല. തൊഴിലവസരങ്ങൾ വർധിക്കുമ്പോൾ വേതനം കൂടും, അതു വീണ്ടും വിലക്കയറ്റം വർധിപ്പിക്കും. യുഎസ് സൂചികകൾ തുടക്കത്തിൽ എത്തിയ ഉയരങ്ങളിൽ നിന്നു ഗണ്യമായി താഴ്ന്നു ക്ലാേസ് ചെയ്തത് ഈ പശ്ചാത്തലത്തിലാണ്.
Next Story
Videos