ആശങ്കകൾ തള്ളി വിപണി; മൊത്തവിലയിൽ ചെറിയ ആശ്വാസം; ക്രൂഡ് ഓയിൽ വീണ്ടും താഴ്ന്നു

വിപണിയുടെ കയറ്റത്തെപ്പറ്റിയുള്ള ആശങ്കകൾ അവഗണിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് ഈ ദിവസങ്ങളിലേത്. അതു കരുത്തോടെ തുടരാനുള്ള ഒരുക്കമാണ് ഇന്നും. കയറ്റത്തിന് അനുകൂലമായ റിസൽട്ടുകൾ വമ്പൻ ബഹുരാഷ്ട്ര കമ്പനികൾ പുറത്തുവിട്ടിട്ടുമുണ്ട്. നിർണായകമായ 17,800-17,900 മേഖലയിലെ തടസം മറികടക്കാനുള്ള ഊർജം വിപണിക്കു കൈവരുമെന്ന് ബുള്ളുകൾ പ്രതീക്ഷിക്കുന്നു.

റീട്ടെയിൽ മേഖലയിലെ ഭീമൻ വോൾമാർട്ടിൻ്റെ രണ്ടാം പാദ റിസൽട്ട് വിശകലനക്കാരുടെ കണക്കുകൂട്ടലുകളേക്കാൾ മെച്ചമായി. വരും പാദങ്ങളിലെ പ്രതി ഓഹരി വരുമാനം (ഇപിഎസ്) നേരത്തേ കണക്കാക്കിയത്ര കുറയില്ലെന്നും കമ്പനി വിലയിരുത്തി. ഹോം ഡിപ്പാേ കമ്പനിയും സമാനമായ പ്രതീക്ഷയടങ്ങിയ റിസൽട്ട് പ്രസിദ്ധീകരിച്ചു. ഇന്നലെ യുഎസ് വിപണിയെ നേട്ടത്തിലേക്കു നയിച്ചത് ഇവയാണ്. ഡൗ ജോൺസ് സൂചിക മാസങ്ങൾക്കു ശേഷം 34,000-നു മുകളിൽ കയറി. ആപ്പിൾ ജോലിക്കാരെ കുറയ്ക്കുന്നതായ റിപ്പാേർട്ടുകളെ തുടർന്നു നാസ്ഡാക് സൂചിക ചെറിയ താഴ്ച കാണിച്ചെങ്കിലും വിപണി മനോഭാവം പോസിറ്റീവാണ്. ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ സൂചികകൾ ഫ്ലാറ്റ് ആണ്.
ഇന്നു രാവിലെ ഏഷ്യൻ വിപണികളും ഉണർവിലായി. ജാപ്പനീസ് സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,908 വരെ ഉയർന്നിട്ട് 17,877-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,875 ൻ്റെ പരിസരത്താണ്. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ചൊവ്വാഴ്ച നേട്ടത്തോടെയാണ് ഇന്ത്യൻ വിപണി തുടങ്ങിയതും ക്ലോസ് ചെയ്തതും. നിഫ്റ്റി ഏറ്റവും ഉയർന്ന നിലവാരത്തിനടുത്തു വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ സെൻസെക്സ് തുടക്കത്തിൽ എത്തിയ ഉയരത്തിൽ നിന്നു താഴ്ന്നാണു ക്ലോസ് ചെയ്തത്. വിപണി തടസ മേഖല കടക്കുമോ എന്നു സംശയിക്കുന്ന പലരും വിൽപനക്കാരായി.
സെൻസെക്സ് ഇന്നലെ 379.43 പോയിൻ്റ് (0.64%) ഉയർന്ന് 59,842.21 ലും നിഫ്റ്റി 127.1 പോയിൻ്റ് (0.72%) കയറി 17,825.25 ലും ക്ലോസ് ചെയ്തു. വിശാലവിപണി കൂടുതൽ ഉണർവിലായിരുന്നു. മിഡ് ക്യാപ് സൂചിക 1.45 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.95 ശതമാനവും നേട്ടമുണ്ടാക്കി. വാഹനങ്ങൾ (2.52%), റിയൽറ്റി (1.97%), ഓയിൽ - ഗ്യാസ് (1.51%), എഫ്എംസിജി (1.19%) മേഖലകൾ നല്ല ഉയർച്ച കാണിച്ചു.
ഒന്നാം പാദത്തിൽ അറ്റ പലിശ വരുമാനവും കൈവശമുള്ള സ്വർണത്തിൻ്റെ അളവും കുറവായത് മുത്തൂറ്റ് ഫിനാൻസ് ഓഹരിയെ 13 ശതമാനത്തോളം താഴ്ത്തി. ചില ബ്രോക്കറേജുകൾ ഓഹരിയുടെ വില ലക്ഷ്യം താഴ്ത്തി. എന്നാൽ ഓഹരി 1300 രൂപ ലക്ഷ്യത്താേടെ വാങ്ങാമെന്നു നിർദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോർട്ട് പുറത്തിറക്കി. സ്വർണപ്പണയ വിപണിയിലുള്ള മണപ്പുറം ജനറൽ ഫിനാൻസ് ഓഹരിയും ഇന്നലെ ഇടിവിലായിരുന്നു.
പ്രൊമോട്ടർ ഗ്രൂപ്പിൽ പെട്ട അബർഡീൻ ഇൻവെസ്റ്റ്മെൻറ് കമ്പനിയിലെ 5.6 ശതമാനം ഓഹരി വിറ്റതിനെ തുടർന്ന് എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെൻ്റ് കമ്പനിയുടെ ഓഹരി 11.66 ശതമാനം കുതിച്ചു.
യുടിഐ അസറ്റ് മാനേജ്മെൻ്റ് കമ്പനിയിൽ ടാറ്റാ എഎംസി 45 ശതമാനം ഓഹരി എടുക്കും എന്ന റിപ്പോർട്ടുകളെ തുടർന്ന് യുടിഐ എഎംസി ഓഹരി 15 ശതമാനം വരെ ഉയർന്നു. ടാറ്റാ എഎംസിയേക്കാൾ ഇരട്ടിയിലധികം ആസ്തി യുടിഐ എഎംസിയുടെ പക്കലുണ്ട്. രണ്ടും കൂടി ചേർന്നാൽ രാജ്യത്തെ ആറാമത്തെ വലിയ എഎംസി ആകും.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1376.84 കോടി രൂപ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 136.24 കോടിയുടെ ഓഹരികൾ വിറ്റു.
വിപണി മനോഭാവം പോസിറ്റീവ് ആണ്. എങ്കിലും 17,900 നിഫ്റ്റിക്ക് എളുപ്പം മറികടക്കാനാകുമോ എന്ന സംശയം നിക്ഷേപകർക്കുണ്ട്. അവിടം ശക്തമായി കടന്നാൽ 18,500-18,600 തലത്തിലേക്കു യാത്രയാരംഭിക്കാനാകും.
ഇന്നു നിഫ്റ്റിക്ക് 17,780 ലും 17,735-ലും സപ്പോർട്ട് ഉണ്ട്. 17,855-ഉം 17,890-ഉം തടസ മേഖലകളാണ്.
ക്രൂഡ് ഓയിൽ വില താഴോട്ടു തന്നെ നീങ്ങി. ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി ക്രൂഡ്. ബ്രെൻ്റ് ഇനം 92.43 ഡോളറിലാണ്. അതേ സമയം പ്രകൃതിവാതക വില വീണ്ടും ഒൻപതു ഡോളറിനു മുകളിലായി.
വ്യാവസായിക ലോഹങ്ങൾ വലിയ ഇടിവിനു ശേഷം ചെറിയ തിരിച്ചു കയറ്റം നടത്തി. ചെമ്പ് 7975 ഡോളറിലേക്കും അലൂമിനിയം 2392 ഡോളറിലേക്കും കയറി. സിങ്ക് ഏഴും ടിൻ മൂന്നും ശതമാനം ഉയർന്നു. മാന്ദ്യഭീതിയിൽ ശമനം വന്നതാണു കാരണം.
സ്വർണം ഉയരാനുള്ള ശ്രമത്തിൽ വീണ്ടും പരാജയപ്പെട്ടു. ഇന്നലെ 1783 ഡോളർ വരെ ഉയർന്ന സ്വർണം 1775-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 1775-1777 ഡോളറിൽ വ്യാപാരം നടക്കുന്നു. ഡോളർ സൂചിക ഉയർന്നു നിൽക്കുന്നതു സ്വർണത്തിൻ്റെ കയറ്റത്തിനു തടസമാണ്. യുഎസ് ഫെഡിൻ്റെ കഴിഞ്ഞ യോഗത്തിൻ്റെ മിനിറ്റ്സ് ഇന്നു പുറത്തു വരുമ്പോൾ സ്വർണ വിലയിൽ ഗതിമാറ്റം ഉണ്ടാകുമോ എന്നാണു വിപണി ഉറ്റു നോക്കുന്നത്.
ഡോളർ സൂചിക ഉയർന്നു നിൽക്കുന്നതു രൂപയെ ദുർബലപ്പെടുത്തുമെന്ന് ആശങ്കയുണ്ട്.

മൊത്തവിലയിൽ ചെറിയ ആശ്വാസം

ജൂലൈയിലെ മൊത്തവിലസൂചിക ആധാരമാക്കിയുള്ള വിലക്കയറ്റം നേരിയ കുറവ് കാണിച്ചു. ജൂണിലെ 15.18 ശതമാനത്തിൽ നിന്നു 13.93 ശതമാനത്തിലേക്കാണു കുറവ്. ഇതു തുടർച്ചയായ 16-ാം മാസമാണു മൊത്ത വിലക്കയറ്റം പത്തു ശതമാനത്തിനു മുകളിലായിരിക്കുന്നത്. ഇന്ധന-ഊർജ വിലകൾ ഉയർന്നു നിൽക്കുന്നതാണ് വിലകൾ കാര്യമായി കുറയാത്തതിനു കാരണം. ഭക്ഷ്യവിലകൾ താഴ്ന്നു.
തലേ മാസവുമായി താരതമ്യപ്പെടുത്തുമ്പാേൾ വിലക്കയറ്റ നിരക്കിൽ 0.13 ശതമാനം കുറവേ ഉണ്ടായിട്ടുള്ളു. ഏതവസരത്തിലും വിലക്കയറ്റത്തോത്‌ ഉയരാമെന്ന് ഇതു സൂചിപ്പിക്കുന്നു.
ഒക്ടോബറോടു കൂടി മൊത്ത വിലക്കയറ്റം 10 ശതമാനത്തിൽ താഴെയാകുമെന്നാണു ധനകാര്യ നിരീക്ഷകർ പറയുന്നത്. ക്രൂഡ് ഓയിൽ വിലയും മൺസൂണുമാണ് വിലക്കയറ്റത്തിൻ്റെ ഗതി നിർണയിക്കുക.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it