വീണ്ടും അനിശ്ചിതത്വം; ചാഞ്ചാട്ടം തുടരും; വിപണിമൂല്യം റിക്കാർഡിൽ; ക്രൂഡ് ഓയിൽ കയറുന്നു

അനിശ്ചിതത്വം വിപണികളെ ഉലയ്ക്കുന്നു. സാമ്പത്തിക സൂചകങ്ങൾ വിരുദ്ധ സൂചനകളാണു നൽകുന്നത്. യുഎസ് സാമ്പത്തിക വളർച്ച മന്ദീഭവിക്കും എന്നു കാണിക്കുന്നതാേടൊപ്പം തൊഴിലില്ലായ്മ കുറയുന്നതായും കണക്കുകൾ പറയുന്നു. പലിശ വർധനയുടെ തോതു സംബന്ധിച്ചു വ്യക്തമായ നിഗമനം സാധിക്കുന്നില്ല. ഇതാണ് ഈ ദിവസങ്ങളിൽ വിപണികൾ വലിയ ചാഞ്ചാട്ടം കാണിക്കുന്നതിനു കാരണം.

ഇന്നലെ ഇന്ത്യൻ വിപണി കയറ്റിറക്കങ്ങൾക്കൊടുവിൽ ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. തുടർച്ചയായ എട്ടു ദിവസത്തെ കുതിപ്പ്. കഴിഞ്ഞ 16 വ്യാപാര ദിനങ്ങളിൽ ഒന്നിൽ മാത്രമേ വിപണി നഷ്ടം വരുത്തിയുള്ളു. ജൂണിലെ താഴ്ചയിൽ നിന്നു മുഖ്യസൂചികകൾ 17 ശതമാനത്തിലധികം ഉയർന്നു. ഈ ത്വരിത കയറ്റം പലരെയും സംശയാലുക്കളാക്കുന്നുണ്ട്. ഇതു യാഥാർഥ്യബോധത്തോടെയുള്ള കയറ്റമാണോ എന്നു പലരും സംശയിക്കുന്നു. ഉയർന്ന വിലയിൽ വിറ്റു ലാഭമെടുക്കാൻ ഉപദേശിക്കുന്നവർ കൂടി. എന്നാൽ വിപണി പുതിയ ബുൾ തരംഗത്തിൻ്റെ തുടക്കത്തിലാണെന്നു വിശ്വസിക്കുന്നവരും കുറവല്ല. വിദേശ നിക്ഷേപകർ തിരിച്ചു വന്നത് നല്ല സൂചനയായി അവർ കാണുന്നു.

യുറോപ്പിൽ ഇന്നലെ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. അമേരിക്കയിലും ഓഹരികൾ ചെറിയനേട്ടം കാണിച്ചെങ്കിലും ഭൂരിപക്ഷം സമയവും വിപണി താഴ്ചയിലായിരുന്നു. ഇന്നു രാവിലെ ഫ്യൂച്ചേഴ്സ് കാര്യമായ മാറ്റം കാണിക്കുന്നില്ല.

ഏഷ്യൻ വിപണികളിൽ ഇന്നു സമ്മിശ്ര ചിത്രമാണ്. ജാപ്പനീസ് വിപണി നല്ല നേട്ടത്തിൽ തുടങ്ങിയിട്ട് കുറഞ്ഞ നേട്ടത്തിലേക്കു മാറി. ദക്ഷിണ കൊറിയൻ വിപണി നഷ്ടത്തിൽ തുടങ്ങി. ഹോങ് കോങ് വിപണി ഇന്നും നഷ്ടത്തിലാണ്. പക്ഷേ ഷാങ്ഹായ് വിപണി നേരിയ നേട്ടത്തിൽ തുടങ്ങിയിട്ടു ചാഞ്ചാടി.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 18,025 വരെ കയറിയിട്ട് 17,970-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,960 - 17,975 മേഖലയിലാണു സൂചിക. ഇന്ത്യൻ വിപണി രാവിലെ ചെറിയ കയറ്റിറക്കങ്ങൾ കാണിക്കുമെന്നാണ് ഇതിലെ സൂചന.

വിദേശ നിക്ഷേപകർ വിൽപനക്കാരായതാണ് ഇന്നലെ വിപണിയെ ഉലച്ചത്. താഴ്ന്നു തുടങ്ങിയ വിപണി കുറേക്കഴിഞ്ഞപ്പോൾ നേട്ടത്തിലായെങ്കിലും വീണ്ടും കൂടുതൽ താഴ്ചയിലായി. അവസാന മണിക്കൂറിലാണു പിന്നീടു നേട്ടത്തിലേക്കു കയറിയത്. താഴ്ചയിൽ നിന്നു സെൻസെക്സ് 352 പോയിൻ്റും നിഫ്റ്റി 113 പോയിൻ്റും ഉയർന്നാണ് ക്ലോസ് ചെയ്തത്. തലേ ദിവസത്തെ അപേക്ഷിച്ചു സെൻസെക്സ് 37.87 പോയിൻ്റും (0.06%) നിഫ്റ്റി 12.25 പോയിൻ്റും (0.07%) നേട്ടമുണ്ടാക്കി. റിയൽറ്റി (1.55%), മെറ്റൽ (0.92%), എഫ്എംസിജി (0.57%), ബാങ്ക് (0.49%), ധനകാര്യ (0.32%) കമ്പനികളാണു നേട്ടമുണ്ടാക്കിയത്.

ഫാർമ കമ്പനികൾക്ക് ഇന്നലെ ക്ഷീണമായിരുന്നു. യുഎസ് വിപണിയിൽ ഇന്ത്യയുടേതടക്കം ജനറിക് മരുന്നുകൾക്കെതിരേ നടക്കുന്ന നീക്കങ്ങളും ഇന്ത്യൻ കമ്പനികൾക്കു പ്രതികൂലമാകാവുന്ന ഒരു നിയമത്തിനു പ്രസിഡൻ്റ് ജോ ബൈഡൻ അനുമതി നൽകിയതും വിപണിയെ ബാധിച്ചു. യുഎസിലേക്കു കൂടുതൽ കയറ്റുമതി ഉള്ള ഫാർമ കമ്പനികളുടെ ഓഹരികൾ ഗണ്യമായി താണു.

ഐടി മേഖലയെപ്പറ്റി തലേ ദിവസത്തെ സമീപനമല്ല ഇന്നലെ കണ്ടത്. പല പാശ്ചാത്യ കമ്പനികളും ജോലിക്കാരെ കുറയ്ക്കുന്നതായ ബുധനാഴ്ചത്തെ യുഎസ് റിപ്പോർട്ടുകൾ ആണു വിപണിയെ നയിച്ചത്. ഒന്നാം ക്വാർട്ടറിലെ വേരിയബിൾ പേ വിതരണം നീട്ടിവച്ച വിപ്രോ അടക്കം വലിയ ഐടി കമ്പനികളും മിഡ് ക്യാപ് കമ്പനികളും താഴ്ചയിലായി.

ചാഞ്ചാട്ടങ്ങൾക്കു ശേഷം തിരിച്ചു കയറി നേട്ടമുണ്ടാക്കിയ മുഖ്യസൂചികകൾ മുന്നേറ്റം തുടരുമെന്ന സൂചനയാണു നൽകുന്നത്. നിഫ്റ്റി 18,000-ലേക്കു കരുത്തോടെ കടന്നാൽ വിപണി പുതിയ ഉയരങ്ങളിലേക്കു വേഗം നീങ്ങും എന്നാണു ബ്രോക്കറേജുകൾ വിശ്വസിക്കുന്നത്. മറിച്ചു സൂചിക ഇപ്പാേഴത്തെ നിലവാരത്തിൽ നിന്നു താഴോട്ടു നീങ്ങി സമാഹരണത്തിനു ശ്രമിച്ചാൽ തിരുത്തലിലേക്കു വീഴാനുള്ള സാധ്യതയും ഉണ്ട്. നിഫ്റ്റിക്ക് 17,885-ലും 17,810-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,000-ലും 18,050-ലും തടസം പ്രതീക്ഷിക്കാം.

വിദേശ നിക്ഷേപകർ ഇന്നലെ 1706 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 470.79 കോടിയുടെ ഓഹരികൾ വാങ്ങി.

ദിശാബോധം കിട്ടാതെ നിന്ന ക്രൂഡ് ഓയിൽ ഇന്നലെ ഉയരത്തിലേക്കു നീങ്ങി. ഡബ്ള്യുടിഐ ഇനം ദിവസങ്ങൾക്കു ശേഷം 90 ഡോളറിനു മുകളിലായി. ബ്രെൻ്റ് ഇനം ക്രൂഡ് മൂന്നര ശതമാനം കയറി 96.75 ഡോളറിൽ എത്തി. ഡിമാൻഡ് കുറയും എന്ന വിലയിരുത്തൽ ശരിയല്ല എന്നാണു വിപണി ഇപ്പോൾ കരുതുന്നത്.

വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങൾ തുടർന്നു. ചെമ്പുവില 8000 ഡോളറിനു മുകളിലേക്കു തിരിച്ചു കയറി എന്നതാണ് ശ്രദ്ധേയമായ കാര്യം. അലൂമിനിയം 2400 ഡോളറിനു മുകളിൽ നിൽക്കുന്നു. ഇരുമ്പയിരു വില ചെറിയ ഉയർച്ച കാണിച്ചു. ചൈനയിൽ വില 106 ഡോളറിൽ എത്തി.

സ്വർണം വീണ്ടും താഴ്ചയിലായി. പലിശ നിരക്ക് കൂടുതൽ ഉയർത്താൻ പ്രേരിപ്പിക്കുന്നതാണു പുതിയ സാമ്പത്തിക സൂചകങ്ങൾ എന്നതാണു കാരണം. ഡോളർ സൂചിക 107.5 ലേക്കു കയറിയതും മഞ്ഞലോഹത്തിനു തിരിച്ചടിയായി. ഇന്നലെ 1755-1773 ഡോളർ മേഖലയിൽ കയറിയിറങ്ങിയ സ്വർണം 1757 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1754-1756 ഡോളറിലാണു വ്യാപാരം.

കേരളത്തിൽ പവൻ വില ഇന്നലെ മാറ്റമില്ലാതെ 38,320 രൂപയിൽ തുടർന്നു.

രൂപ ഇന്നലെയും ദുർബലമായി. വിദേശ നിക്ഷേപകരിൽ നിന്നുള്ള വരവ് കുറഞ്ഞതും ഇറക്കുമതിക്കാരുടെ ആവശ്യം കൂടിയതുമാണു കാരണം. ഡോളർ 79.64 രൂപയിൽ ക്ലോസ് ചെയ്തു.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it