Begin typing your search above and press return to search.
ചോരപ്പുഴയ്ക്കു ശേഷം ആശ്വാസറാലി വരുമോ? കരടികൾ പിടിമുറുക്കുന്നു; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ; ഡോളർ കുതിപ്പിൽ രൂപയ്ക്കു കിതപ്പ്
എല്ലാ വിപണികളിലും ചോരപ്പുഴ. തുടർച്ചയായ രണ്ടു ദിവസം കൊണ്ട് വിപണികൾ കരടികളുടെ നിയന്ത്രണത്തിലായി. എങ്കിലും ഇന്ന് ചെറിയ ആശ്വാസ റാലിക്കു സൂചന നൽകിയാണു യുഎസ് ഫ്യൂച്ചേഴ്സ് നിൽക്കുന്നത്. മുഖ്യ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് നിരക്കുകൾ 0.2 ശതമാനത്തിലധികം ഉയർന്നു.
ഇന്നലെ ഓസ്ട്രേലിയ മുതൽ ഏഷ്യയും യൂറോപ്പും യുഎസും വഴി ബ്രസീൽ വരെ എല്ലാ കമ്പോളങ്ങളിലും ചുവപ്പു മാത്രമാണു കണ്ടത്. പലിശ നിരക്ക് കുറയ്ക്കുമെന്നും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ ആശ്വാസം പ്രഖ്യാപിക്കുമെന്നുമുള്ള റിപ്പോർട്ടുകളെ തുടർന്ന് ഉയർന്ന ചൈനീസ് വിപണി മാത്രമാണ് അപവാദം. യൂറോപ്യൻ, യുഎസ് സൂചികകൾ ഇന്നലെ ശരാശരി രണ്ടു ശതമാനം ഇടിഞ്ഞു. രണ്ടു ദിവസം കൊണ്ടു മൂന്നു ശതമാനത്തിലധികം തകർച്ച.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ വീണ്ടും താഴ്ചയിലാണു വ്യാപാരം തുടങ്ങിയത്. ഇടയ്ക്ക് നഷ്ടം കുറച്ചെങ്കിലും വീണ്ടും ഒരു ശതമാനത്തിലധികം താണു. ചൈനീസ്, ഹോങ് കോങ് വിപണികളും താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,405-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,424-ലേക്കു സൂചിക കയറിയശേഷം താഴ്ന്ന് 17,406 ലെത്തി. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
തുടർച്ചയായ രണ്ടു ദിവസത്തെ വിലത്തകർച്ചയിൽ ഇന്ത്യൻ ഓഹരി നിക്ഷേപകരുടെ നഷ്ടം ആറര ലക്ഷം കോടി രൂപയാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ വിപണി മൂല്യത്തിൽ വന്ന കുറവ് ചെറുതാണ്. വിപണിയിലെ വലിയ വീഴ്ചയ്ക്കിടയിലും വിദേശികളുടെ വിൽപന താരതമ്യേന കുറവായിരുന്നു. വെള്ളിയാഴ്ച 1111 കോടി നിക്ഷേപിച്ച അവർ ഇന്നലെ 453.77 കോടിയുടെ ഓഹരികൾ കൈയൊഴിഞ്ഞു. വെള്ളിയാഴ്ച 1633 കോടി രൂപ പിൻവലിച്ച സ്വദേശി ഫണ്ടുകൾ ഇന്നലെ 85.06 കോടി രൂപയുടെ ഓഹരികൾ ഒഴിവാക്കി. യുഎസിൽ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം മൂന്നു ശതമാനത്തിനു മുകളിൽ എത്തിയെങ്കിലും വിദേശ നിക്ഷേപകർ മടങ്ങിപ്പോകാൻ വലിയ തിടുക്കം കാണിക്കുന്നില്ല.
തലേന്നത്തേക്കാൾ 941 പോയിൻ്റ് താഴ്ന്ന ശേഷം 872.28 പോയിൻ്റ് നഷ്ടത്തിലാണു തിങ്കളാഴ്ച സെൻസെക്സ് അവസാനിച്ചത്. 291 പോയിൻ്റ് ഇടിഞ്ഞ ശേഷം 267.75 പോയിൻ്റ് നഷ്ടം കുറിച്ചു നിഫ്റ്റി ക്ലാേസ് ചെയ്തു. സെൻസെക്സ് 58773.85 ൽ ക്ലോസ് ചെയ്തപ്പോൾ വീഴ്ച 1.46 ശതമാനം. 17,496.7 ൽ അവസാനിച്ച നിഫ്റ്റിയുടെ നഷ്ടം 1.51 ശതമാനം. മെറ്റൽ (2.98%), റിയൽറ്റി (2.51%), ഓട്ടോ (1.94%), ധനകാര്യ സേവനം (1.87%) ഐടി (1.86%), ബാങ്ക് (1.77%) എന്നിങ്ങനെ എല്ലാ ബിസിനസ് മേഖലകളും ഇന്നലെ വലിയ നഷ്ടത്തിലായി. ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് സർവീസസ് മേഖലകളും വലിയ നഷ്ടം കണ്ടു. മിഡ് ക്യാപ് സൂചിക 2.02-ഉം സ്മോൾ ക്യാപ് സൂചിക 1.63-ഉം ശതമാനം താഴ്ചയിലായി.
വിപണി ഓഗസ്റ്റിലെ നേട്ടങ്ങൾ അതിവേഗം നഷ്ടപ്പെടുത്താനുള്ള ശ്രമത്തിലാണ്. 17,330-ലെ താങ്ങ് നിഫ്റ്റി നഷ്ടപ്പെടുത്തിയാൽ അതിവേഗമാകും പതനം എന്നു നിക്ഷേപ വിദഗ്ധർ കരുതുന്നു.
നിഫ്റ്റിക്ക് ഇന്നു 17,410-ലും 17,325-ലും താങ്ങ് ഉണ്ട്. ഉയർന്നാൽ 17,630-ലും 17,775 ലും തടസം നേരിടും.
ക്രൂഡ് ഓയിൽ കുതിക്കുന്നു
ക്രൂഡ് ഓയിൽ വില ഇന്നലെ ആദ്യം ഇടിയുകയും പിന്നീടു തിരിച്ചു കയറുകയും ചെയ്തു. മാന്ദ്യഭീതിയിൽ ബ്രെൻ്റ് ഇനം ക്രൂഡ് ആദ്യം 93 ഡോളറിലേക്കു താണു. വില ഉയരുന്നില്ലെങ്കിൽ ഒപെക് രാജ്യങ്ങളും കൂട്ടാളികളും ഉൽപാദനം കുറയ്ക്കുമെന്ന സൗദി അറേബ്യയുടെ മുന്നറിയിപ്പ് വില ഉയരാൻ കാരണമായി. ഇറാനുമായുള്ള ആണവ കരാർ കാര്യത്തിൽ പുരാേഗതി ഉണ്ടാകാത്തതും വില കൂടുന്നതിനു തക്ക അന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ 96 ഡോളറിനു മുകളിലായി ക്രൂഡ്. ഇന്നു രാവിലെ വില 97.28 ഡോളറിലേക്കു കുതിച്ചു. വില കുറേക്കൂടി ഉയരുമെന്നാണു വിപണി കരുതുന്നത്. ക്രൂഡിൻ്റെ കയറ്റം രൂപയ്ക്കും ക്ഷീണം ചെയ്യും. പ്രകൃതി വാതക വില 9.89 ഡോളറിലേക്കു കയറി.
സ്വർണം താഴോട്ട്
മാന്ദ്യ ഭീഷണി വ്യാവസായിക ലോഹങ്ങളെ കാര്യമായി തളർത്തിയില്ല. ചെമ്പ് മുതൽ ടിൻ വരെയുള്ള ലോഹങ്ങൾ അര മുതൽ ഒന്നുവരെ ശതമാനം മാത്രമാണു താഴ്ന്നത്. ചൈനയിൽ പലിശ കുറച്ചതും റിയൽറ്റി മേഖലയ്ക്ക് പുതിയ പാക്കേജ് പ്രഖ്യാപിച്ചതും ലോഹങ്ങളെ ഇന്നലെ തകർച്ചയിൽ നിന്നു രക്ഷിച്ചു. ഇന്നു പക്ഷേ ലോഹങ്ങൾ താഴുമെന്നാണു ചൈനീസ് വിപണി നൽകുന്ന സൂചന.
സ്വർണം വീണ്ടും തകർച്ചയിലായി. ഔൺസിന് 1727 ഡോളർ വരെ താഴ്ന്ന ശേഷം ഇന്നലെ 1735 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1739-1740 ഡോളറിലാണു വ്യാപാരം. ഡോളർ സൂചിക 109- ലേക്ക് എത്തിയതു സ്വർണത്തിനു ക്ഷീണമായി.
കേരളത്തിൽ ഇന്നലെ പവനു മൂന്നു തവണയായി 560 രൂപ കുറഞ്ഞു. 37,680 രൂപയിലാണു വില ക്ലോസ് ചെയ്തത്. രൂപയുടെ വിനിമയ നിരക്ക് അനുസരിച്ചാകും ഇന്നു പവൻ വിലയിലെ മാറ്റം.
ഡോളർ കുതിക്കുന്നു; രൂപ ക്ഷീണിക്കുന്നു
രൂപ ഇന്നലെയും താഴോട്ടു പോയി. 79.86 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. ഇന്നും രൂപ ക്ഷീണിക്കാനാണു സാധ്യത. ഡോളറിൻ്റെ കയറ്റം 80 രൂപയ്ക്കു മുകളിലോട്ട് എത്തുമെന്നു പലരും കരുതുന്നു. ക്രൂഡ് ഓയിൽ വിലക്കയറ്റം രൂപയെ ദുർബലമാക്കുന്ന ഘടകമാണ്.
ഡോളർ സൂചിക ഇന്നലെ 109.05 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 108.94 ലാണു സൂചിക. യൂറോ 0.99 ഡോളറിലേക്കും പൗണ്ട് 1.17 ഡോളറിലേക്കും ഇടിഞ്ഞു. പത്തു വർഷ യുഎസ് സർക്കാർ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 3.037 ശതമാനത്തിലേക്കു കയറിയത് ഡോളറിനെ വീണ്ടും ബലപ്പെടുത്തും.
ഐടിയിലും ഫാർമയിലും ദൗർബല്യം
പ്രമുഖ ഐടി കമ്പനികൾ വേരിയബിൾ പേയും ബോണസും മറ്റും കുറയ്ക്കുകയാേ നീട്ടി വയ്ക്കുകയോ ചെയ്തത് വിപണി മനോഭാവത്തെ ബാധിച്ചു. വരുമാനവും ലാഭ മാർജിനും കുറയുന്നതു മൂലമാണു കമ്പനികൾ ഇതിനു മുതിർന്നത്.
ഇന്ത്യൻ ഔഷധ കമ്പനികളുടെ ജനറിക് ഔഷധങ്ങൾക്കെതിരേ യുഎസിൽ നടക്കുന്ന പുതിയ നീക്കങ്ങൾ ഫാർമ കമ്പനികളുടെ വരുമാനത്തെ ബാധിക്കും. കയറ്റുമതി ഗണ്യമായി ഉള്ള പല കമ്പനികളുടെയും ഓഹരി വില താഴോട്ടായി.
ചോരപ്പുഴ കണ്ടു വിപണി വിടേണ്ട
വിപണികളിലെല്ലാം ചോരപ്പുഴ. അവിചാരിതമായ കാര്യങ്ങൾ സംഭവിച്ചിട്ടല്ല ഈ തകർച്ച. ഇടയ്ക്കു കണക്കാക്കിയതിലും കൂടിയ നിരക്കിൽ പലിശ വർധിപ്പിക്കും എന്ന ഭീതി. പഴയ വ്യവസായങ്ങളിലും പുതിയ വ്യവസായങ്ങളിലും മാന്ദ്യഭീതി. ഇത്രയൊക്കെ മാത്രം. ഈ വെള്ളിയാഴ്ച രാത്രി യുഎസ് ഫെഡ് ചെയർമാൻ ജാക്സൺ ഹോളിൽ നടത്തുന്ന പ്രസംഗത്തിൽ പലിശയെപ്പറ്റിയുള്ള കുറേ ആശങ്കകൾ മാറ്റിയെന്നു വരാം. എങ്കിലും വിപണി തിരിച്ചു കയറി ബുള്ളുകൾക്കു വിഹാരം നടത്താനാകും എന്നു കരുതുക എളുപ്പമല്ല. സാമ്പത്തികമാന്ദ്യം വന്നാലും ഇല്ലെങ്കിലും വിപണി ആഴമേറിയ തിരുത്തലിലേക്കു നീങ്ങുക എന്നതാണ് മുന്നിൽ കാണുന്ന വഴി. വിപണിയിലേക്കുള്ള പണപ്രവാഹം കുറഞ്ഞു. അത് ഉടനെ പുനരാരംഭിക്കാനുള്ള സൂചനകൾ ഇല്ല. പണപ്രവാഹം വീണ്ടും ശക്തമാകുമ്പോഴേ വിപണികൾ തിരിച്ചു കയറൂ. അതു വരെ നിക്ഷേപകർ കാത്തിരിക്കണം. അതിനിടെ പണമുണ്ടെങ്കിൽ നല്ല ആദായ വിലയ്ക്ക് മികച്ച ഓഹരികൾ കിട്ടിയാൽ വാങ്ങുകയാകാം.
ജൂൺ പകുതിക്കു ശേഷം ഓഗസ്റ്റ് പകുതി വരെ സംഭവിച്ചത് കരടി വിപണിയിലെ വ്യാജ റാലിയാണെന്നു കണക്കാക്കാനാണു പലരും ഒരുങ്ങുന്നത്. ഇപ്പോൾ 4000-നു മുകളിലുള്ള എസ് ആൻഡ് പി 500 സൂചിക 3000-നടുത്ത് എത്തിയിട്ടേ ശരിയായ ബുൾ റാലി തുടങ്ങൂ എന്നു പ്രവചിക്കുന്നവർ കുറവല്ല. നൂറിയൽ റൂബീനി, ജെറേമി ഗ്രന്താം തുടങ്ങിയ പല വിദഗ്ധരും ഈ അഭിപ്രായക്കാരാണ്.
നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങിയിട്ടുള്ളവർക്കു കുറേക്കാലം വിപണിയുടെ ഗതി നിരീക്ഷിക്കേണ്ട കാര്യമേ ഉള്ളൂ. നിക്ഷേപങ്ങളുടെ വിലത്തകർച്ച കണ്ടു വിറ്റ് രംഗം വിടേണ്ട കാര്യമില്ല. അവർ നഷ്ടത്തിൽ വിൽക്കുകയും ചെയ്യേണ്ട. മാന്ദ്യം വന്നാലും വർഷങ്ങൾ നീണ്ടു നിൽക്കില്ല. അതു മാറും. ബിസിനസുകൾ വീണ്ടും പച്ച പിടിക്കും. വരുമാനവും ലാഭവും കൂടും. ഓഹരി വിലകൾ കുതിച്ചു കയറും. എന്നാൽ അത്ര ഭദ്രമല്ലാത്ത ബിസിനസുകളിൽ നിക്ഷേപിച്ചിട്ടുള്ളവർക്ക് ഈ പ്രതീക്ഷ വേണ്ട. അത്തരം ഓഹരികൾ വിറ്റ് മികച്ചവ വാങ്ങാൻ സാധിച്ചാൽ നിക്ഷേപം ഭദ്രമാക്കാം.
പ്രതിസ്ഥാനത്തു കേന്ദ്രബാങ്കുകൾ
കടിഞ്ഞാൺ പൊട്ടിച്ചു പായുന്ന വിലക്കയറ്റത്തെ തുടക്കത്തിലേ വരുതിയിലാക്കാൻ ശ്രമിക്കാതിരുന്ന കേന്ദ്ര ബാങ്കുകളാണ് ഈ സാഹചര്യത്തിലേക്കു നയിച്ചത്. വിലക്കയറ്റത്തെ വിലയിരുത്തുന്നതിൽ അമേരിക്ക മുതൽ ഇന്ത്യ വരെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾക്കു തെറ്റുപറ്റി. കോവിഡ് മൂലം സാധനങ്ങൾ യഥാസമയം കിട്ടാത്തതാണ് വിലക്കയറ്റത്തിനു കാരണമെന്ന വ്യാഖ്യാനത്തിൽ അവർ ഉറച്ചു നിന്നു. ഫാക്ടറികളിലെ പ്രവർത്തനം കുറഞ്ഞതും തുറമുഖങ്ങളിൽ അസാധാരണ തിരക്ക് വന്നതും പോലുള്ള വിഷയങ്ങൾ ഉണ്ടായിരുന്നു. അവ ഒരു ഘട്ടത്തിൽ വില വർധനയ്ക്കു കാരണവുമായിരുന്നു. എന്നാൽ അവിടം കടന്നു വിലക്കയറ്റം കുതിച്ചുപാഞ്ഞപ്പോഴും അവർ കണ്ണടച്ചു.
കണ്ണു തുറന്നപ്പോഴാകട്ടെ വിലകൾ താഴ്ത്താൻ അസാധാരണ തോതിൽ പലിശ കൂട്ടേണ്ട നിലയായി. 1980-കൾക്കു ശേഷം ഉണ്ടായിട്ടില്ലാത്ത വിധം 50 ഉം 75-ഉം ബേസിസ് പോയിൻ്റ് വർധന രണ്ടിലേറെത്തവണ വേണ്ടി വരുന്നു. അമേരിക്കയിലും ഇന്ത്യയിലും യൂറോപ്പിലും ഒക്കെ ഇതാണ് അവസ്ഥ. പലിശവർധന നേരത്തേ തുടങ്ങിയിരുന്നെങ്കിൽ ഇത്രയും കൂടിയ തോതിൽ ഇത്ര അടുപ്പിച്ച് നിരക്കു കൂട്ടേണ്ടി വരില്ലായിരുന്നു. അതിവേഗമുള്ള നിരക്കു വർധന കമ്പനികൾക്കു മാത്രമല്ല ധനകാര്യ ഉപയോക്താക്കൾക്കും ദോഷകരമാണ്. അപ്രതീക്ഷിതമായി വർധിക്കുന്ന പലിശ പല കാര്യങ്ങളും വാങ്ങുന്നതിലും ഉപയാേഗിക്കുന്നതിലും നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കും. ഈ ഉപഭോഗ വൈമുഖ്യം സാമ്പത്തിക മുരടിപ്പിനും മാന്ദ്യത്തിനും വഴിതെളിക്കും. അതാണ് മുന്നിലുള്ളത്.
Next Story
Videos