വീണ്ടും അനിശ്ചിതത്വം; കമ്പനികൾക്കു ലാഭം കുറയുന്നതിൽ ആശങ്ക; ക്രൂഡ് ഓയിൽ 100 ഡോളറിനു മുകളിൽ

ഓരോ ചെറിയ വാർത്തയോടും അമിതമായി പ്രതികരിക്കുന്നതു വിപണികളുടെ സ്വഭാവമാണ്. വലിയ ഫണ്ടുകളും മറ്റും വന്നു വിപണിക്ക് ആഴവും പരപ്പും വർധിച്ചാലും ഇതിനു വ്യത്യാസമില്ല. തലേ ദിവസം ഉയർന്ന പലിശ നിരക്കിൻ്റെ സാധ്യതയോർത്ത് ആകുലപ്പെട്ടാണു യുഎസ് വിപണി രണ്ടു ശതമാനത്തിലധികം ഇടിഞ്ഞത്. 24 മണിക്കൂറിനകം പുതിയ പാർപ്പിട നിർമാണം കുറഞ്ഞെന്ന റിപ്പോർട്ട് വന്നപ്പോൾ വിപണി മറുവശത്തേക്കു തിരിഞ്ഞു. ഓഗസ്റ്റിലെ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) 45-ലേക്കു താഴ്ന്നതും കൂടിയായപ്പോൾ പലിശ വർധന അത്ര കടുത്തതാകില്ല എന്ന വിശ്വാസത്തിലായി വിപണി. എന്നാൽ കമ്പനികളുടെ വരുമാനവും ലാഭവും ഇടിയുന്നതിനെപ്പറ്റിയും ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളർ കടന്നതിനെപ്പറ്റിയും ആശങ്കകൾ ശക്തിപ്പെട്ടു. ഡോളർ സൂചിക ഇടിഞ്ഞു. ചുരുക്കത്തിൽ വിപണി വീണ്ടും അനിശ്ചിതത്വത്തിലായി.

ഇന്നലെ ഏഷ്യൻ വിപണികൾ പൊതുവേ ഇടിഞ്ഞെങ്കിലും ഇന്ത്യൻ വിപണി തരക്കേടില്ലാത്ത ആശ്വാസ റാലി കാഴ്ചവച്ചു. സെൻസെക്സ് 59,000-ലേക്കും നിഫ്റ്റി 17,500-നു മുകളിലേക്കും തിരിച്ചു കയറി. യൂറോപ്യൻ വിപണി സമ്മിശ്ര ചിത്രമാണു നൽകിയത്. യുഎസ് മാർക്കറ്റ് തുടക്കത്തിൽ താഴ്ചയിൽ നിന്നു കയറിയെങ്കിലും പിന്നീടു താഴ്ചയിലായി. ഒടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.ഡൗ ജോൺസ് സൂചിക 33, 000 നു താഴേക്കു വീണു. മൂന്നു ദിവസം കൊണ്ടു ഡൗ ആയിരം പോയിൻ്റിലധികം ഇടിഞ്ഞു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ ഉയർച്ച കാണിച്ചു.

ഇന്നു വിവിധ ഏഷ്യൻ വിപണികൾ ചെറിയ നേട്ടത്തിലാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്ടത്തിലായി. ജപ്പാനിലെ നിക്കൈ അര ശതമാനം വരെ കയറിയിട്ടു നഷ്ടത്തിലേക്കു മാറി. ചൈനയിലെ ഷാങ്ഹായ്, ഹോങ് കോങ് വിപണികൾ താഴ്ചയോടെയാണു തുടങ്ങിയത്‌

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,608 വരെ ഉയർന്നതാണ്. പിന്നീട് 17,586-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,555 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി രാവിലെ ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ഇന്നലെ സെൻസെക്സ് 1027 പോയിൻ്റിൻ്റെയും നിഫ്റ്റി 280 പോയിൻ്റിൻ്റെയും ചാഞ്ചാട്ടത്തിനു ശേഷമാണു നേട്ടത്തോടെ ക്ലോസ് ചെയ്തത്. സെൻസെക്സ് 257.43 പോയിൻ്റ് (0.44%) കയറി 59,031.3 ലും നിഫ്റ്റി 86.8 പോയിൻ്റ് (0.5%) ഉയർന്ന് 17,577.5 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.17 ഉം സ്മോൾ ക്യാപ് സൂചിക 1.14 ശതമാനവും ഉയർന്നു.

ഐടി മേഖലയാണ് ഇന്നലെ വലിയ നഷ്ടത്തിലായത്. നിഫ്റ്റി ഐടി സൂചിക 1.77 ശതമാനം ഇടിഞ്ഞു. ടിസിഎസും ഇൻഫിയുമൊക്കെ രണ്ടു ശതമാനത്തിലധികം താഴ്ചയിലായി. എഫ്എംസിജി കമ്പനികൾക്കും ക്ഷീണമായിരുന്നെങ്കിലും ഒടുവിൽ നഷ്ടം ഒഴിവാക്കി. വാഹന കമ്പനികളും ബാങ്കുകളും മെറ്റൽ, ഓയിൽ, ഗ്യാസ്, കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികളും ഇന്നും നല്ല നേട്ടം കുറിച്ചു.

വിദേശ നിക്ഷേപകർ ഇന്നലെയും നിക്ഷേപകരായി. ക്യാഷ് വിപണിയിൽ അവർ 563 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 215.2 കോടിയുടെ ഓഹരികൾ വിറ്റു.

വിപണിയിലെ ആശ്വാസറാലി തുടരുമാേ ഇല്ലയോ എന്ന കാര്യത്തിൽ നിക്ഷേപ വിദഗ്ധർ പലതട്ടിലാണ്. നിഫ്റ്റി ഇന്നു 17,625 നു മുകളിലേക്കു കയറിയാൽ മാത്രമേ റാലി തുടരൂ എന്നാണു കൂടുതൽ പേരും കരുതുന്നത്. മറിച്ചു 17,350 ലേക്കു വീണാൽ കൂടുതൽ താഴ്ചയിലേക്കു പതിക്കും എന്നാണ് ആശങ്ക. നിഫ്റ്റിക്ക് ഇന്ന് 17,460-ലും 17,350 ലും താങ്ങ് ഉള്ളതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഉയർച്ചയിൽ 17,690-ലും 17,800-ലും തടസം നേരിടും.

എണ്ണ ഉൽപാദനം കുറയ്ക്കുമെന്ന ഒപെക് പ്ലസ് ഭീഷണി ക്രൂഡ് ഓയിലിനെ 100 ഡോളറിനു മുകളിൽ കയറ്റി. ഇന്നലെ ബ്രെൻ്റ് ഇനം 100.2 ഡോളർ വരെ കയറി. ഡബ്ള്യുടിഐ ഇനം 94 ഡോളറിൽ എത്തി. ക്രൂഡിൻ്റെ കയറ്റം ഇന്നലെ റിലയൻസിനും എംആർപിഎലിനും ഒഎൻജിസിക്കും നേട്ടമായി. കാവേരി തടത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷനോടു സഹകരിച്ച് ഓയിൽ റിഫൈനറി തുടങ്ങാനും അതിൽ 25 ശതമാനം ഓഹരി എടുക്കാനും ചെന്നൈ പെട്രോളിയം കോർപറേഷൻ തീരുമാനിച്ചതിനെ തുടർന്നു കമ്പനിയുടെ ഓഹരി എട്ടു ശതമാനത്തോളം കുതിച്ചു.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ സമ്മിശ്ര ചിത്രമാണു നൽകിയത്. അലൂമിനിയവും ചെമ്പും നല്ല നേട്ടം കുറിച്ചപ്പോൾ മറ്റു ലോഹങ്ങൾ ചെറുതായി താഴ്ന്നു. യുഎസ്, യൂറോപ്യൻ പലിശവർധനയുടെ തോത് കുറയുമെന്ന സൂചനയും ചൈനയിലെ പലിശ കുറഞ്ഞതുമാണു ലോഹങ്ങളെ സഹായിക്കുന്നത്.

പലിശക്കാര്യത്തിലെ മാറിയ കാഴ്ചപ്പാടും ഡോളർ സൂചികയുടെ ഇടിവും സ്വർണത്തിനു നേട്ടമായി. സ്വർണം ഇന്നലെ 1756 ഡോളർ വരെ കയറി. പിന്നീട് അൽപം താണു. ഇന്നു രാവിലെ 1745-1747 ഡോളറിലാണു വ്യാപാരം.

കേരളത്തിൽ സ്വർണം പവന് ഇന്നലെ 80 രൂപ കുറഞ്ഞ് 37,600 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇന്നു വില വർധിക്കുമെന്നു രാജ്യാന്തര വില സൂചിപ്പിക്കുന്നു.

ഡോളർ ഇന്നലെ തുടക്കത്തിൽ ഉയരുന്ന പ്രവണത കാണിച്ചെങ്കിലും പിന്നീടു ദുർബലമായി. 79.83 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക 108.5 ലേക്കു താണത് രൂപയ്ക്ക് സഹായമായി. ക്രൂഡ് ഓയിൽ വില 100 ഡോളറിലായതു രൂപയ്ക്കു കാര്യമായ നേട്ടമുണ്ടാക്കുന്നതിനു തടസമാകും.

അഡാനിയുടെ കടം അപായമെന്നു റിപ്പോർട്ട്

അഡാനി ഗ്രൂപ്പ് വലിയ കടബാധ്യതയിലാണെന്നും ഈ നിലയ്ക്കു മുന്നാേട്ടു പോയാൽ ഗ്രൂപ്പ് പ്രതിസന്ധിയിൽ എത്തുമെന്നും മുന്നറിയിപ്പ്. രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ ഫിച്ചിൻ്റെ ഉപകമ്പനി ക്രെഡിറ്റ് സൈറ്റ്സ് ആണ് ഈ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കിയത്.

സമീപവർഷങ്ങളിൽ ഗൗതം അഡാനിയുടെ ഗ്രൂപ്പ് അതിവേഗം കമ്പനികളെ ഏറ്റെടുത്തും മറ്റു രീതികളിലും വളർന്നു. സ്വന്തം പണത്തേക്കാൾ ബാങ്ക് വായ്പകൾ അടക്കമുള്ള ബാധ്യതകൾ ഉപയോഗിച്ചായിരുന്നു വളർച്ച. ഗ്രൂപ്പിൻ്റെ കടം ഇപ്പോൾ 2.2 ലക്ഷം കോടി രൂപയാണ്. ഒരു വർഷം മുൻപത്തേക്കാൾ 40 ശതമാനം അധികം. വളരെ വലിയ മൂലധന നിക്ഷേപ പദ്ധതികൾ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അത് എങ്ങനെ സമാഹരിക്കും എന്നു വ്യക്തമല്ല: റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഡാനിയുടെ അടുപ്പമാണു ഗ്രൂപ്പിൻ്റെ വളർച്ചയുടെ രഹസ്യം എന്നാണു റിപ്പോർട്ടിലെ വിലയിരുത്തൽ.

ഏഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം

റിലയൻസിൻ്റെ മുകേഷ് അംബാനിയിൽ നിന്നു തട്ടിയെടുത്ത അഡാനിയുടെ സമ്പത്തിൽ വലിയ പങ്കും "കടലാസ് സമ്പത്ത് " ആണെന്നു റിപ്പോർട്ടിൽ വിശദീകരിക്കുന്നു. അമിത കടം ഉള്ള ഗ്രൂപ്പ് അംബാനിയുമായി മത്സരിക്കുമ്പോൾ വലിയ ധനകാര്യ അബദ്ധത്തിൽ വീഴാനുള്ള സാധ്യത വലുതാണെന്നും ക്രെഡിറ്റ് സൈറ്റ്സ് മുന്നറിയിപ്പ് നൽകുന്നു.

റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്നലെ ഒന്നുമുതൽ അഞ്ചു വരെ ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ദിവസമാണ് അഡാനി ഗ്രൂപ്പിൻ്റെ വിപണി മൂല്യം റിലയൻസ് ഗ്രൂപ്പിനെ മറികടന്നത്.

എൻഡിടിവി പിടിക്കാൻ അഡാനി ഗ്രൂപ്പ്

ഇതിനിടെ എൻഡിടിവിയെ ഏറ്റെടുക്കാൻ അഡാനി ഗ്രൂപ്പ് നടപടികൾ തുടങ്ങി. എൻഡിടിവിയുടെ 29.2 ശതമാനം ഓഹരി അഡാനിയുടെ എഎംജി മീഡിയ നെറ്റ് വർക്സ് വാങ്ങി. തുടർന്ന് ഓപ്പൺ ഓഫർ വഴി 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കും.ഓപ്പൺ ഓഫർ ഇന്നലെ പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 294 രൂപയാണ് അഡാനി നൽകുക. മൊത്തം 493 കോടി ഇതിനു ചെലവാകും. എൻഡിടിവി ഓഹരി ഇന്നലെ 376.55 രൂപയിലാണു ക്ലോസ് ചെയ്തത്.

പ്രണോയ് റോയിയും ഭാര്യ രാധികയും ചേർന്നു മൂന്നു ദശകം മുൻപു തുടങ്ങിയ എൻഡിടിവി കുറേക്കാലമായി നിയമക്കുരുക്കുകളിൽ പെട്ടിരിക്കുകയാണ്. സർക്കാർ ഏജൻസികളുടെ നിരന്തര അന്വേഷണങ്ങളും കുറ്റപത്രങ്ങളും ഗ്രൂപ്പിനെ സാമ്പത്തിക പ്രതിസന്ധിയിലുമാക്കി. കുറേ വർഷം മുമ്പ് മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ആണ് എൻഡിടിവിയെ ചില പ്രശ്നങ്ങളിൽ നിന്നു രക്ഷിച്ചത്. അന്ന് കമ്പനിയുടെ ഓഹരികൾ പണയം വച്ച് അംബാനിയുടെ ഒരു കമ്പനിയിൽ നിന്ന് 400 കോടി വാങ്ങിയിരുന്നു. ആ ഓഹരികളാണ് ഇപ്പോൾ അഡാനിയുടെ സ്വന്തമാക്കിയിരിക്കുന്നത്. അംബാനിയും അഡാനിയും തമ്മിലുള്ള ഈ നീക്കം അപ്രതീക്ഷിതമായിരുന്നു. അംബാനിയുടെ വിശ്വപ്രധാൻ എന്ന കമ്പനിയെ അഡാനി ഏറ്റെടുത്തതു വഴിയാണ് എൻഡിടിവിയെ സ്വന്തമാക്കിയത്. തങ്ങളോട് ഈ ഓഹരിവിൽപന ചർച്ച ചെയ്തിട്ടില്ലെന്നു പ്രണോയ് റോയിയും ഭാര്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്. തങ്ങളുടെ പക്കലുള്ള ഓഹരികൾ അഡാനിക്കു നൽകുകയോ നിയമ പോരാട്ടം നടത്തുകയോ ആണ് റോയിമാർക്കു മുന്നിലുള്ള വഴി. നിയമ പോരാട്ടത്തിൽ വിജയസാധ്യത കുറവാണു താനും.

അഡാനി കുറേ നാൾ മുൻപ് ബ്ളൂംബർഗ് ക്വിൻ്റിൽ ഗണ്യമായ നിക്ഷേപം നടത്തിയിരുന്നു. ടെലിവിഷൻ മാധ്യമത്തിലേക്ക് അഡാനിയുടെ അരങ്ങേറ്റമാണ് എൻഡിടിവി സ്വന്തമാക്കൽ. എൻഡിടിവിക്ക് ഇപ്പാേൾ മൂന്നു ചാനലുകളേ ഉള്ളൂ. നെറ്റ് വർക്ക് 18 വഴി മുകേഷ് അംബാനിക്കു ടെലിവിഷൻ മാധ്യമത്തിൽ വലിയ സാന്നിധ്യമുണ്ട്. അഡാനിയും കൂടുതൽ വലിയ മാധ്യമ സാമ്രാജ്യം കെട്ടിപ്പടുക്കാനാണു ലക്ഷ്യമിടുന്നത്.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it