ഫെഡ് തീരുമാനം കാത്തു വിപണികൾ; ഊഹാപോഹങ്ങൾ അരങ്ങു വാഴും; വിദേശ നിക്ഷേപകർ വിൽപന കൂട്ടി; ഐടിയുടെ ദൗർബല്യം തുടരുന്നു
യുഎസ് ഫെഡ് പലിശക്കാര്യത്തിൽ എന്തു തീരുമാനിക്കും എന്നതനുസരിച്ചാണു വരും ദിവസങ്ങളിൽ വിപണികൾ നീങ്ങുക. ബുധനാഴ്ചയാണു ഫെഡ് തീരുമാനം. അതിൻ്റെ തുടർചലനങ്ങൾ വ്യാഴാഴ്ചയാണ് ഇന്ത്യൻ വിപണിയിൽ ഉണ്ടാവുക. അതു വരെ ഫെഡ് നടപടിയെപ്പറ്റിയുള്ള ഊഹാപോഹങ്ങളും വിദേശ നിക്ഷേപകരുടെ നീക്കങ്ങളും വിപണിയെ നിയന്ത്രിക്കും.
വിദേശികൾ വിൽപന വർധിപ്പിക്കുന്നതാണു കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കണ്ടത്. ഇതു തുടർന്നാൽ വിപണികൾ ഇനിയും താഴാേട്ടു പോകും.
ഇന്ത്യയുടെ റിസർവ് ബാങ്ക് പലിശ തീരുമാനം സെപ്റ്റംബർ 30 - നേ പ്രഖ്യാപിക്കൂ. അതു വരെ ഇന്ത്യൻ വിപണിയിൽ പലിശ സംബന്ധിച്ച അനിശ്ചിതത്വം തുടരും എന്നു ചുരുക്കം. പലിശ അധികം കൂട്ടാതെ വളർച്ചയ്ക്കു സഹായകമായ നിലപാട് എടുക്കണമെന്നു കേന്ദ്ര സർക്കാർ അഭിലഷിക്കുന്നുണ്ട്. പക്ഷേ യുഎസ് ഫെഡ് നിരക്ക് കൂടുതൽ ഉയർത്തിയാൽ റിസർവ് ബാങ്കിനും അതേ വഴി പോകാതെ തരമില്ല.
വെള്ളിയാഴ്ച കനത്ത നഷ്ടത്തിലാണ് ഇന്ത്യൻ വിപണി അവസാനിച്ചത്. പിന്നീടു യൂറോപ്പ് ചെറിയ നേട്ടത്തിലായി. യുഎസ് വിപണി ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
യുഎസ് വിപണിയിൽ കഴിഞ്ഞയാഴ്ച നാലു ശതമാനം ഇടിവുണ്ടായി. ഡൗ ജോൺസ് സൂചിക 31,000-നും എസ് ആൻഡ് പി 3900-നും താഴെയായി. വലിയ തിരുത്തൽ ഇനിയും നടക്കേണ്ടതുണ്ടു് എന്നു കരുതുന്നവർ എസ് ആൻഡ് പി 3000 ലേക്കു വീഴുമെന്നു പറയുന്നുണ്ട്. അത്രയും പറയാത്തവർ പോലും പത്തു ശതമാനം താഴ്ചയെപ്പറ്റി സംസാരിക്കുന്നു. ഡൗ ജോൺസ് 28,500 ൽ സപ്പോർട്ട് കാണുമെന്നാണ് അവർ കണക്കാക്കുന്നത്.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്. എന്നാൽ ടെക് ഓഹരികൾ ഉൾപ്പെട്ട നാസ്ഡാക് ഫ്യൂച്ചേഴ്സ് താഴ്ചയിലായി. ഐടി ഓഹരികളുടെ ക്ഷീണം മാറിയിട്ടില്ലെന്നാണ് ഇതിലെ സൂചന.
ഏഷ്യൻ വിപണികൾ രാവിലെ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കൈ ഒരു ശതമാനത്തിലധികം താണു. വ്യാഴാഴ്ച ബാങ്ക് ഓഫ് ജപ്പാൻ പലിശനയം പ്രഖ്യാപിക്കുന്നുണ്ട്. ചൈനീസ് വിപണി രാവിലെ ചെറിയ താഴ്ച കാണിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,606-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക 17,575-ലേക്കു താഴ്ന്നു. പിന്നീട് അൽപം ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു രാവിലെ നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്ത്യൻ വിപണി തലേ ആഴ്ചയിലെ നേട്ടങ്ങൾ എല്ലാം നഷ്ടപ്പെടുത്തിയാണു കഴിഞ്ഞ വാരം അവസാനിപ്പിച്ചത്. സെൻസെക്സ് ആഴ്ചയിൽ 952.35 പോയിൻ്റും (1.59%) നിഫ്റ്റി 302.5 പോയിൻ്റും (1.69%) താഴ്ന്നു.
വെള്ളിയാഴ്ച സെൻസെക്സ് 1093.22 പോയിൻ്റ് (1.82%) ഇടിഞ്ഞ് 58,840.79 ലും നിഫ്റ്റി 346.55 പോയിൻ്റ് (1.94%) ഇടിഞ്ഞ് 17,530.85ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 2.84 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.56 ശതമാനവും താഴ്ചയിലായി. റിയൽറ്റി 3.72 ശതമാനവും ഐടി സൂചിക 3.71 ശതമാനവും മെറ്റൽ സൂചിക 2.02 ശതമാനവും ഓയിൽ - ഗ്യാസ് സൂചിക 2.26 ശതമാനവും മീഡിയ 4.07 ശതമാനവും നിഫ്റ്റി ബാങ്ക് 1.05 ശതമാനവും ഇടിഞ്ഞു.
വിദേശികൾ വീണ്ടും വിൽപനയിൽ
വിദേശ നിക്ഷേപകരുടെ വർധിച്ച വിൽപനയാണ് വിപണിയെ താഴ്ത്തുന്നത്. വെള്ളിയാഴ്ച വിദേശികൾ 3260.05 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബുധൻ, വ്യാഴം ദിവസങ്ങൾ കൂടി ചേർത്താൽ 5928 കോടി രൂപയാണ് വിപണിയിൽ നിന്നു പിൻവലിച്ചത്. സെപ്റ്റംബറിൽ ഇതുവരെ വിദേശികളുടെ നിക്ഷേപം 12,084 കോടി രൂപ കണ്ടു വർധിച്ചു. പക്ഷേ കഴിഞ്ഞ ആഴ്ചയിലെ തുടർച്ചയായ വിൽപന അവരുടെ സമീപനം മാറുന്നതിൻ്റെ സൂചനയായി ചിലർ കരുതുന്നു. ജൂണിലെ താഴ്ചയിൽ നിന്ന് ഇന്ത്യൻ വിപണി തിരിച്ചു കയറിയത് വിദേശനിക്ഷേപകർ രണ്ടു മാസം തുടർച്ചയായി വലിയ വാങ്ങൽ നടത്തിയിട്ടാണ്. അതിനു മുൻപ് അവർ 1.46 ലക്ഷം കോടി രൂപയുടെ വിൽപന നടത്തിയപ്പോഴാണ് വിപണി ജൂണിലെ ഇടിവിലേക്കെത്തിയത്. യുഎസ് പലിശ തീരുമാനമായിരിക്കും വിദേശികളുടെ നിക്ഷേപ തീരുമാനത്തെ നിയന്ത്രിക്കുക.
വിപണി ബെയറിഷ് ആണെന്നു വിലയിരുത്തപ്പെടുന്നു. ഹ്രസ്വകാലയളവിൽ നിഫ്റ്റി 17,250 വരെ താഴാനുള്ള സാധ്യതയാണു നിക്ഷേപ വിദഗ്ധർ മുന്നിൽ കാണുന്നത്. ഇന്നു 17,410-ലും 17,295- ലും സപ്പോർട്ട് കാണുന്നുണ്ട്. ഉയർന്നാൽ 17,740-ഉം 17,935-ഉം തടസങ്ങളാകും. i
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച 92 ഡോളറിനു താഴെ എത്തിയ ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 92.35 വരെ കയറി.
വ്യാവസായിക ലോഹങ്ങൾ താഴ്ചയിലാണ്. ചെമ്പ് 7800 ഡോളറിനു താഴെയായി. മറ്റു ലോഹങ്ങൾ ഒന്നുമുതൽ മൂന്നു വരെ ശതമാനം താഴ്ന്നു. ഇരുമ്പയിര് 100 ഡോളറിനു താഴോട്ടു നീങ്ങി.
സ്വർണം വെള്ളിയാഴ്ച അൽപം ഉയർന്ന് 1675 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1681 ഡോളർ വരെ കയറിയ സ്വർണം പിന്നീട് 1672 ലേക്കു താഴ്ന്നു. ഡോളർ സൂചിക കയറിയാൽ വില ഇനിയും താഴുമെന്നാണു നിഗമനം.
കേരളത്തിൽ ശനിയാഴ്ച സ്വർണം പവന് 120 രൂപ വർധിച്ച് 36,760 രൂപയായി.
രൂപ കഴിഞ്ഞയാഴ്ച തുടക്കത്തിൽ നേട്ടമുണ്ടാക്കിയിട്ട് താണു. 79.74 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. ഡോളർ സൂചിക 110- നു മുകളിൽ കയറിയാൽ ഡോളർ വീണ്ടും 80 രൂപയ്ക്കു മുകളിൽ കയറിയേക്കും.
ഫെഡ് പ്രഖ്യാപനം കാത്തു വിപണികൾ
കാത്തിരിപ്പ് ആശങ്ക വർധിപ്പിക്കും. എന്താണുണ്ടാവുക എന്നതിനെപ്പറ്റി അഭ്യൂഹങ്ങൾ പ്രചരിക്കും. ഓരോന്നിനുമനുസരിച്ചു വിപണി കയറിയിറങ്ങും. ഈയാഴ്ച ആദ്യത്തെ മൂന്നു ദിവസം അത്തരം കയറ്റിറക്കങ്ങൾ പ്രതീക്ഷിക്കാം. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രിയാണ് യുഎസ് ഫെഡിൻ്റെ തീരുമാനം പ്രഖ്യാപിക്കുക. പലിശ നിരക്കിൽ എത്ര വർധന എന്നാണ് എല്ലാവർക്കും അറിയേണ്ടത്. 75 ബേസിസ് പോയിൻ്റ് വർധന എല്ലാവരും കണക്കാക്കിയിട്ടുണ്ട്. അത്രയുമേ ഉള്ളൂ എങ്കിൽ വലിയ ചലനം വിപണികളിൽ ഉണ്ടാകില്ല. മറിച്ച് 100 ബേസിസ് പോയിൻ്റ് വർധന ഉണ്ടായാൽ കോളിളക്കമാകും. (ഒരു ബേസിസ് പോയിൻ്റ് ഒരു ശതമാനത്തിൻ്റെ നൂറിൽ ഒന്ന്).
നിരക്കിനൊപ്പം വരും മാസങ്ങളിലെ നിരക്ക് എങ്ങനെയാകാം എന്ന സൂചന ഫെഡ് ചെയർമാൻ ജെറോം പവലിൻ്റെ വാർത്താ സമ്മേളനത്തിൽ ഉണ്ടാകും. വരുന്ന പാദങ്ങളിലെ ജിഡിപി വളർച്ച സംബന്ധിച്ച അനുമാനവും അദ്ദേഹം അറിയിക്കും. ഇവയും വിപണിയുടെ നീക്കങ്ങളെ സ്വാധീനിക്കും.
ഫണ്ട്സ് റേറ്റും ഡിസ്കൗണ്ട് റേറ്റും
ഇപ്പോൾ 2.25-2.50 ശതമാനത്തിലാണ് ഫെഡ് ഫണ്ട്സ് റേറ്റ് എന്ന താക്കോൽ നിരക്ക്. മാർച്ച് വരെ ഇത് 0.0- 0.25 ശതമാനമായിരുന്നു. പിന്നീടു നാലു തവണ നിരക്ക് കൂട്ടി.
ബാങ്കുകൾ തമ്മിൽ ഏകദിന വായ്പകൾക്ക് ഈടാക്കുന്ന പലിശയാണ് ഫെഡ് ഫണ്ട്സ് റേറ്റ്. ബാങ്കുകൾ പ്രതിദിനം സൂക്ഷിക്കേണ്ട റിസർവ് പണത്തിൽ കുറവു വരുമ്പോൾ കൂടുതൽ ഉള്ളവരിൽ നിന്ന് വായ്പ എടുക്കുമ്പാേഴുള്ള ഈ നിരക്ക് പരിധിയിൽ നിർത്താൻ ഫെഡ് ഇടപെടും. ഇതിനേക്കാൾ അൽപം കൂടിയതാണ് ഫെഡറൽ ഡിസ്കൗണ്ട് നിരക്ക്. ഇതു ബാങ്കുകളും മറ്റും ഫെഡിൽ നിന്ന് ഏകദിനവായ്പ എടുക്കുമ്പോൾ ഉള്ള പലിശയാണ്. ഈ വായ്പയ്ക്കു സർക്കാർ കടപ്പത്രം ഈടായി നൽകണം. ഇന്ത്യയിൽ റിസർവ് ബാങ്ക് പ്രഖ്യാപിക്കുന്ന റീപോ നിരക്കും യുഎസിലെ ഡിസ്കൗണ്ട് നിരക്കും സമാനമാണ്.
ഈ ആഴ്ചത്തെ വർധനയ്ക്കു ശേഷം നവംബറിലും ഡിസംബറിലും കൂടി ഫെഡ് നിരക്ക് കൂട്ടുമെന്നു പരക്കെ കരുതപ്പെടുന്നു. വർഷാവസാനം 3.75-4.00 ശതമാനം അല്ലെങ്കിൽ 4.00- 4.25 ശതമാനം ആകും ഫെഡ് നിരക്ക് എന്നാണു പൊതു അനുമാനം.
ഇന്ത്യയിൽ ഇപ്പാേൾ 5.4 ശതമാനമാണ് റീപോ നിരക്ക്. ഇത് വർഷാവസാനം ആറു ശതമാനത്തിൽ കുറയില്ല എന്നു കരുതപ്പെടുന്നു.