കുതിപ്പ് പ്രതീക്ഷിച്ചു വിപണി; യുഎസിലെ ആവേശം ഏഷ്യയിലും; ക്രൂഡ് ഉയരുന്നു; വിദേശികൾ വീണ്ടും നിക്ഷേപകർ; സ്വർണവും വെള്ളിയും നേട്ടത്തിൽ

അന്തരീക്ഷം മാറി. വിപണികളിൽ ആവേശത്തിര. യുഎസ് വിപണി ഇന്നലെ വലിയ കുതിപ്പ് നടത്തി. ഇന്ന് ഏഷ്യയും കുതിപ്പിലേക്ക് ഉണർന്നു. ഇന്ത്യയും ആവേശം സ്വീകരിക്കുകയാണ്.

യുഎസ് വിപണിയിലെ പ്രമുഖ സൂചികകൾ ഇന്നലെ 2.27 മുതൽ 2.66 വരെ ശതമാനം ഉയർന്നു. 'ക്രൂര'മായ സെപ്റ്റംബറിനു ശേഷം ഒക്ടോബറിൽ വലിയ പ്രതീക്ഷയാണു നിക്ഷേപകർക്ക്. സെപ്റ്റംബർ മോശമായാൽ ഒക്‌ടോബർ മികച്ചതാകുന്ന ചരിത്രം ഉണ്ടെന്നു പറയപ്പെടുന്നു. ഏതായാലും വിപണിയുടെ തിരിച്ചു കയറ്റ സൂചനയായാണ് ഇന്നലത്തെ കയറ്റത്തെ ചിലരെങ്കിലും കാണുന്നത്. രണ്ടു ദിവസത്തേക്കു മുൻ ദിവസങ്ങളിലെ താഴ്ചയുടെ അടിയിലേക്കു സൂചികകൾ പോകുന്നില്ലെങ്കിൽ പുതിയ ബുൾ തരംഗം തുടങ്ങിയെന്ന് ഉറപ്പിക്കാമെന്ന് പലരും പറയുന്നു.
യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ വില കൂടുകയും അവയിലെ നിക്ഷേപനേട്ടം താഴുകയും ചെയ്തിട്ടുണ്ട്. ഡോളർ സൂചിക 112-നു താഴോട്ടു വരികയും ചെയ്തു. ഇതെല്ലാമാണു യുഎസ് ഓഹരികളെയും സ്വർണത്തെയും സഹായിച്ചത്.
യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് രാവിലെ അര ശതമാനം വരെ നേട്ടത്തിലാണ്.
യുഎസ് വിപണിക്കു ശേഷം ബ്രസീലിലെ ബോവെസ്പ 5.54 ശതമാനം കുതിച്ചു. അവിടത്തെ രാഷ്ട്രീയവും നേട്ടത്തിനു കാരണമായി.
ഓസ്ട്രേലിയയിലെ എഎസ്എക്സ്, ജപ്പാനിലെ നിക്കെെ, കൊറിയയിലെ കോസ്പി സൂചികകൾ രാവിലെ 2.5 ശതമാനം ഉയർന്നാണു വ്യാപാരം. ചൈനീസ് വിപണി ഈയാഴ്ച അവധിയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നു രാവിലെ 17,120 ലേക്ക് കുതിച്ചു കയറി. ഇന്ത്യൻ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ സെൻസെക്സ് 638.11 പോയിൻ്റ് (1.11%) ഇടിഞ്ഞ് 56,788.81- ലും നിഫ്റ്റി 207 പോയിൻ്റ് (1.21%) താഴ്ന്ന് 16,887.3ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.25 ശതമാനവും സ്‌മാേൾ ക്യാപ് സൂചിക 0.66 ശതമാനവും താഴ്ന്നു. മെറ്റൽ (3.02%), എഫ്എംസിജി (2.09%), വാഹനങ്ങൾ (2.03%), ബാങ്കുകൾ (1.56%) തുടങ്ങിയ മേഖലകളാണു വലിയ താഴ്ചയിലായത്. ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും മാത്രമാണു നേട്ടമുണ്ടാക്കിയ മേഖലകൾ.
കുറേ ദിവസം വിൽപനയിലായിരുന്ന വിദേശ നിക്ഷേപകർ ഇന്നലെ വാങ്ങലുകാരായി. അവർ ഇന്നലെ 590.58 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകൾ 423.16 കോടിയുടെ വിൽപനക്കാരുമായി.
ബെയറിഷ് മനോഭാവമാണു വിപണി കാണിക്കുന്നതെന്നു ചാർട്ടുകൾ അപഗ്രഥിക്കുന്നവർ പറയുന്നു. നിഫ്റ്റിക്ക് 16,790-ലും 16,690-ലും സപ്പോർട്ട് പ്രതീക്ഷിക്കാം. ഉയർച്ചയിൽ 17,050-ഉം 17,210-ഉം തടസങ്ങളാകാം.
ക്രൂഡ് ഓയിൽ തിങ്കളാഴ്ച ചാഞ്ചാട്ടത്തിലായിരുന്നു. തുടക്കത്തിൽ താഴോട്ടു പോയ ശേഷം അഞ്ചു ശതമാനത്തോളം തിരിച്ചു കയറി 89.8 ഡോളർ വരെ ബ്രെൻ്റ് ഇനം ക്രൂഡ് എത്തി. നാളെ നടക്കുന്ന ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന), ഒപെക് പ്ലസ് യോഗങ്ങൾ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിക്കും എന്ന നിഗമനത്തിലാണ് ഈ കയറ്റം. ക്രൂഡ് വില വീപ്പയ്ക്കു 90 ഡോളറിനു മുകളിൽ നിർത്താനാണു റഷ്യയും സൗദിയും മറ്റും ലക്ഷ്യമിടുന്നത്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴാേട്ടു നീങ്ങി. മൂന്നര ശതമാനത്തോളം ഉയർന്ന് 2224 ഡോളറിലെത്തിയ അലൂമിനിയം മാത്രമായിരുന്നു അപവാദം. ചെമ്പ്, നിക്കൽ, സിങ്ക്, ടിൻ, ലെഡ് തുടങ്ങിയവ ഒന്നു മുതൽ നാലുവരെ ശതമാനം ഇടിഞ്ഞു. വിപണി തിരിച്ചു കയറുമെന്നാണു സൂചന.

സ്വർണവും വെള്ളിയും കയറ്റത്തിൽ

സ്വർണം 1700 ഡോളറിലേക്കു തിരിച്ചു കയറി. ഡോളർ സൂചിക താഴാേട്ടു പോയതും യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ വില ഉയർന്നതും സ്വർണത്തെ സഹായിച്ചു. ഫാക്ടറി ഉൽപാദന സൂചിക താഴ്ന്നതും സ്വർണ ബള്ളുകളെ ഉത്തേജിപ്പിച്ചു. ഇന്നലെ 1660 ഡോളറിൽ നിന്ന് 1704 വരെ കയറിയ സ്വർണം ഇന്നു രാവിലെ 1696-1698 ഡോളറിലാണ്.
വെള്ളിയും ഇന്നലെ വലിയ കുതിപ്പ് നടത്തി. 19.2 ഡോളറിൽ നിന്ന് 20.83 ഡോളർ വരെ സ്വർണം കയറി. എട്ടര ശതമാനം കയറ്റം. ഇനിയും കയറുമെന്നാണു വിലയിരുത്തൽ. വെള്ളിയുമായി ബന്ധപ്പെട്ട ഓഹരികൾ 18 ശതമാനം വരെ ഉയർന്നു. കഴിഞ്ഞ ഏപ്രിലിലാണ് 26 ഡോളറിൽ നിന്നു വെള്ളിയുടെ ഇടിവ് തുടങ്ങിയത്.
ക്രൂഡ് ഓയിൽ വില ഉയരുന്നതിൻ്റെ പേരിൽ രൂപ ഇന്നലെ താണു. ഡോളർ 53 പൈസ കയറി 81.88 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഇന്നലെ 112 നു മുകളിലായിരുന്നു. ഇന്നു സൂചിക താഴ്ചയിലായതിനാൽ രൂപ അൽപം നേട്ടം പ്രതീക്ഷിക്കുന്നുണ്ട്.

അഡാനി ഗ്രൂപ്പ് ഓഹരികൾക്കു വലിയ വിലയിടിവ്

അഡാനി ഗ്രൂപ്പിലെ കമ്പനികളെല്ലാം ഇന്നലെ വലിയ ഇടിവിലായി. അഡാനി എൻ്റർപ്രൈസസും അഡാനി ടോട്ടൽ ഗ്യാസും 10 ശതമാനത്തിലധികം ഇടിഞ്ഞിട്ടാണ് ക്ലോസ് ചെയ്തത്. മറ്റു കമ്പനികൾ അഞ്ചു ശതമാനത്തോളം താഴ്ന്നു.
അഡാനി എൻ്റർപ്രൈസസ് ഓഹരി തുടർച്ചയായ ഏഴാം ദിവസമാണ് താഴുന്നത്. ഇക്കൊല്ലം റിക്കാർഡ് ഉയരത്തിൽ കയറിയ ശേഷം ഇതുവരെ 20 ശതമാനം താഴ്ന്നിട്ടുണ്ട് ഈ ഓഹരി. അഡാനി ടോട്ടൽ ഗ്യാസ് ഇക്കൊല്ലം റിക്കാർഡിൽ നിന്ന് 23 ശതമാനം താഴ്ചയിലായി. ഇക്കൊല്ലം 32 ശതമാനം ഇടിവിലായ അഡാനി ഗ്രീൻ ഒൻപതു ശതമാനം നഷ്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.
കഴിഞ്ഞ രണ്ടു വർഷം അവിശ്വസനീയമായ തോതിൽ കുതിച്ചു കയറിയതാണ് അഡാനി ഗ്രൂപ്പ് ഓഹരികൾ. സ്വദേശിയും വിദേശിയുമായ മ്യൂച്വൽ ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും അഡാനി ഗ്രൂപ്പ് ഓഹരികളിൽ കാര്യമായ നിക്ഷേപം നടത്തിയിട്ടില്ല. എൽഐസിയാണ് അവയിൽ വലിയ തോതിൽ പണം മുടക്കിയിട്ടുള്ളത്. ഗ്രൂപ്പിന് ഏറ്റവും കൂടുതൽ വായ്പ നൽകിയിട്ടുള്ളത്.
ഗ്രൂപ്പ് താങ്ങാനാവാത്തത്ര വലിയ കടബാധ്യതയിലാണെന്ന് റേറ്റിംഗ് ഏജൻസിയായ ഫിച്ച് ഗ്രൂപ്പിനു കീഴിലുള്ള ക്രെഡിറ്റ് സൈറ്റ്സ് ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് അതിനു ചില വിശദീകരണങ്ങൾ നൽകിയെങ്കിലും ഗ്രൂപ്പിൻ്റെ കടം വായ്പാ ദാതാക്കളെയും ബോണ്ടുകൾ കൈവശമുള്ളവരെയും വിഷമിപ്പിക്കുന്നുണ്ട്. ഗ്രൂപ്പിൻ്റെ ബോണ്ടുകളുടെ വില സമാന ബോണ്ടുകളെ അപേക്ഷിച്ചു വളരെ താഴെയാണ്. ബോണ്ടുകളുടെ പേരിലാണ് ഗ്രൂപ്പ് ഓഹരികൾക്ക് ഇന്നലെ തകർച്ച ഉണ്ടായതെന്നു കരുതപ്പെടുന്നു.

കയറ്റുമതി കുറഞ്ഞു, കമ്മി വർധിച്ചു

സെപ്റ്റംബറിൽ ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു, ഇറക്കുമതി കൂടി, വാണിജ്യ കമ്മി വർധിച്ചു. കയറ്റുമതി തലേ സെപ്റ്റംബറിനേക്കാൾ 352 ശതമാനം കുറഞ്ഞ് 3262 കോടി ഡോളർ ആയി. ഇറക്കുമതി 5.44 ശതമാനം വർധിച്ച് 5935 കോടി ഡോളറിൽ എത്തി. കമ്മി 2672 കോടി ഡോളർ.
ഏപ്രിൽ - സെപ്റ്റംബർ അർധ വർഷത്തെ കണക്ക് എടുത്താൽ കയറ്റുമതി 15.54 ശതമാനം വർധിച്ച് 22,905 കോടി ഡോളർ ആയി. ഇറക്കുമതി 37.89 ശതമാനം ഉയർന്ന് 34,853 കോടി ഡോളറിൽ എത്തി. വാണിജ്യകമ്മിയാകട്ടെ 7625 കോടി ഡോളറിൽ നിന്ന് 14,947 കോടി ഡോളറിലേക്കു കുതിച്ചു. 96 ശതമാനം വർധന.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it