പ്രതീക്ഷയോടെ വിപണി; ക്രൂഡ് ഉൽപാദനം കുറയ്ക്കും, വില കൂടി; ഡോളറിൻ്റെ ദൗർബല്യം രൂപയെ ഉയർത്തുമാേ?
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വലിയ കുതിപ്പു നടത്തിയ പാശ്ചാത്യ വിപണികൾ ബുധനാഴ്ച ചാഞ്ചാട്ടത്തിലായി. യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ വില രണ്ടു ദിവസം ഉയർന്ന ശേഷം ഇന്നലെ ഇടിഞ്ഞു. ഇതാണ് ഓഹരികളെ വലിച്ചു താഴ്ത്തിയത്. പലിശവർധനയുടെ തോതു കുറയും എന്ന ധാരണ വാരാരംഭത്തിൽ പടർന്നത് ഇതോടെ മാറി. ഇതോടൊപ്പം ക്രൂഡ് ഓയിൽ ഉൽപാദനം പ്രതിദിനം 20 ലക്ഷം വീപ്പ കുറയ്ക്കാൻ ഒപെകും റഷ്യ ഉൾപ്പെട്ട ഒപെക് പ്ലസും തീരുമാനിച്ചു. പ്രതീക്ഷിച്ചതിലും ഇരട്ടിയാണു പ്രഖ്യാപിച്ച കുറവ്. നവംബർ ആദ്യം ഇതു നടപ്പാക്കുന്നതോടെ ശീതകാലത്ത് ഇന്ധനവില വീണ്ടും കുതിച്ചു കയറുമെന്ന നിലയായി. വിലക്കയറ്റത്തോതും അതു നിയന്ത്രിക്കാൻ പലിശവർധനയും പിടിവിട്ടു പായുമെന്ന ആശങ്ക വിപണിക്കുണ്ട്. എങ്കിലും വിപണി കയറ്റം തുടരുമെന്നാണു സൂചന.
യുഎസിലെ ഡൗജോൺസ് സൂചിക ബുധനാഴ്ച താഴ്ന്നു തുടങ്ങിയിട്ടു കൂടുതൽ താണു. പിന്നീടു നേട്ടത്തിലായി. 450 പോയിൻ്റ് നഷ്ടപ്പെടുത്തിയ ശേഷം 570 പോയിൻ്റോളം തിരിച്ചു കയറി. എന്നാൽ അവസാന മണിക്കൂറിൽ നേട്ടങ്ങൾ നഷ്ടപ്പെടുത്തി 43 പോയിൻ്റ് താഴ്ചയിൽ ക്ലോസ് ചെയ്തു. മറ്റു മുഖ്യസൂചികകളും ഇതേ വഴി തുടർന്നു. പിന്നീടു ഫ്യൂച്ചേഴ്സ് 0.4 ശതമാനം വരെ കയറി.
ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ജപ്പാനിലെ നിക്കെെ മുക്കാൽ ശതമാനം കയറിയപ്പോൾ കൊറിയയിലെ കോസ്പി ഒരു ശതമാനത്തിലധികം കുതിച്ചു.
ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക ബുധനാഴ്ച ആറു ശതമാനം കുതിച്ചതാണ്. ഇന്നു രാവിലെ ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ചൈനീസ് വിപണികൾ ഇന്നും അവധിയാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി കഴിഞ്ഞ ദിവസങ്ങളിൽ 17,283-നും 17,495-നുമിടയിൽ ചാഞ്ചാടി. ഇന്നലെ 17,425-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,410-ലേക്കു താഴ്ന്നിട്ട് 17,440-ലേക്കു കയറി. ഒരു ദിവസത്തെ അവധിക്കു ശേഷം ഇന്നു രാവിലെ തുറക്കുന്ന ഇന്ത്യൻ വിപണി നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
തിങ്കളാഴ്ചയുടേതിൽ നിന്നു കടകവിരുദ്ധമായ മനോഭാവമായിരുന്നു ചൊവ്വാഴ്ച ഇന്ത്യൻ വിപണിയുടേത്. ഈ വർഷത്തെ ആറാമത്തെ മികച്ച ഏകദിന നേട്ടമാണ് അന്നു വിപണി കൈവരിച്ചത്. സെൻസെക്സ് 1276.66 പോയിൻ്റ് (2.25%) കുതിച്ച് 58,065.47-ലും നിഫ്റ്റി 386.95 പോയിൻ്റ് (2.29%) ഉയർന്ന് 17,274.3 ലും ക്ലോസ് ചെയ്തു. എല്ലാ വ്യവസായമേഖലകളും നേട്ടത്തിലായിരുന്നു. മെറ്റൽ (3.13%), ബാങ്ക് (2.84%), ധനകാര്യ സേവനം (2.73%), ഐടി (2.76%), റിയൽറ്റി (2.27%) തുടങ്ങിയവ നേട്ടത്തിനു മുന്നിലായി. മിഡ് ക്യാപ് സൂചിക 2.42 ശതമാനം കുതിച്ചപ്പോൾ സ്മോൾ ക്യാപ് സൂചിക 1.49 ശതമാനം ഉയർന്നു.
വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1344.63 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ സ്വദേശി ഫണ്ടുകൾ 945.92 കോടിയുടെ നിക്ഷേപകരായി.
ഡെയിലി ചാർട്ടിൽ ഒരു നീണ്ട ബുള്ളിഷ് കാൻഡിൽ രൂപപ്പെടുത്തിയാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. കുതിപ്പ് തുടരാനുള്ള സൂചനയാണ് അതു നൽകിയതെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 17,165- ലും 17,055-ലും സപ്പോർട്ട് കാണുന്നു. ഉയരുമ്പോൾ 17,335 ലും 17,410-ലും തടസങ്ങൾ ഉണ്ടാകാം.
ക്രൂഡ് വില കുതിക്കുന്നു
ക്രൂഡ് ഓയിൽ വില ഉയർന്നു പോകുകയാണ്. സൗദി അറേബ്യയും റഷ്യയും ചേർന്നു നയിക്കുന്ന ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) പ്ലസ് മന്ത്രിതല സമ്മേളനം പ്രതിദിന ഉൽപാദനം 20 ലക്ഷം വീപ്പ കുറയ്ക്കാൻ തീരുമാനിച്ചു. ഇതു നവംബറിൽ പ്രാബല്യത്തിലാകും. 10 ലക്ഷം വീപ്പ കുറയ്ക്കാൻ തീരുമാനിക്കും എന്നായിരുന്നു നേരത്തേ സൂചന കിട്ടിയിരുന്നത്. സൗദി - റഷ്യ കൂട്ടായ്മ കൂടുതൽ ബലപ്പെട്ടതും സൗദിയുടെ മേലുളള യുഎസ് സ്വാധീനം നഷ്ടപ്പെട്ടതും വ്യക്തമാക്കുന്നതായി ഇപ്പോഴത്തെ തീരുമാനം.
സൗദി അറേബ്യയുമായി എണ്ണ വിഷയത്തിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ നടത്തിയ ചർച്ചകളും നയതന്ത്ര നീക്കങ്ങളും പരാജയപ്പെട്ടു. നവംബർ ആദ്യം യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ട്. അപ്പോഴേക്ക് ഇന്ധനവില ഗണ്യമായി കുറച്ചു നിർത്താനുള്ള ബൈഡൻ്റെ ആഗ്രഹവും നടക്കില്ല എന്നതാണ് ഈ തീരുമാനത്തിൻ്റെ ഫലം. ഡെമോക്രാറ്റുകൾക്കു തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി കിട്ടിയാൽ ബൈഡൻ്റെ പ്രസിഡൻസി ദുർബലമാകും. അത് ആഗോള ശക്തി ബന്ധങ്ങളിൽ മാറ്റങ്ങൾക്കു കാരണമാകും.
ഇന്ത്യക്കു ക്രൂഡ് വിലയിലെ കയറ്റം വാണിജ്യ കമ്മിയും കറൻ്റ് അക്കൗണ്ട് കമ്മിയും വർധിപ്പിക്കും. രൂപ ദുർബലപ്പെടാൻ അതു വഴിതെളിക്കും. ഒപ്പം വിലക്കയറ്റം പിടിച്ചുകെട്ടാനുള്ള ശ്രമങ്ങൾ കൂടുതൽ ദുഷ്കരമാകും.
ഇന്നു രാവിലെ ബ്രെൻ്റ് ഇനം ക്രൂഡ് 93.91 ഡോളറിലെത്തി. വില ഇനിയും കയറുമെന്നാണു സൂചന. ദുബായിയിലെ മർബൻ ക്രൂഡ് 95 ഡോളറിനു മുകളിലെത്തി.
വ്യാവസായിക ലോഹങ്ങൾ പൊതുവേ കയറ്റത്തിലാണ്. ബുധനാഴ്ച അലൂമിനിയം ഒഴികെ എല്ലാ ലോഹങ്ങളും ഉയർന്നു. മുൻ ദിവസങ്ങളിൽ നല്ലതുപോലെ കയറിയ അലൂമിനിയം ഇന്നലെ 2.2 ശതമാനം ഇടിഞ്ഞ് 2300 ഡോളറിനു താഴെയായി. ചെമ്പ് 7660-ലേക്കു കുതിച്ചു. ലെഡ്, നിക്കൽ തുടങ്ങിയവ അഞ്ചു ശതമാനം ഉയർന്നു.
സ്വർണം ഉയർച്ചയിൽ
സ്വർണം ഈ ദിവസങ്ങളിൽ ചാഞ്ചാടി. ഡോളർ സൂചികയുടെ ഗതിയും പലിശ നിരക്കിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകളും കാരണമായി. തിങ്കളാഴ്ച 1700 ഡോളറിലേക്കു കയറിയ സ്വർണം പിറ്റേന്ന് 1726-ലെത്തി. ഇന്നലെ 1700 ഡോള വരെ താണ ശേഷം 1720 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1720-1722 ഡോളറിലാണു വ്യാപാരം.
വെള്ളിയും കയറിയിറങ്ങി. ചൊവ്വാഴ്ച 21 ഡോളറിനു മുകളിലെത്തിയ വെള്ളി ഇന്നു രാവിലെ 20.74 ഡോളറിലാണ്.
കേരളത്തിൽ സ്വർണം പവന് വില തുടർച്ചയായി കയറി.ചൊവ്വാഴ്ച 400 രൂപ വർധിച്ച് 37,880 രൂപയിലായി. ഇന്നലെ വീണ്ടും 320 രൂപ വർധിച്ച് 38, 200 രൂപയിലെത്തി. രണ്ടാം തീയതിക്കു ശേഷം പവന് 1000 രൂപ വർധിച്ചു.
രൂപയ്ക്ക് ആശ്വാസം കിട്ടുമോ?
രൂപ കഴിഞ്ഞ ദിവസം ദുർബലമായി. തിങ്കളാഴ്ച ഡോളർ 53 പൈസ നേട്ടത്തിൽ 81.87 രൂപയിലേക്കു കയറി. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു രൂപയ്ക്ക് അനുകൂലമാണു ഡോളർ സൂചിക എങ്കിലും ക്രൂഡ് ഓയിലിൻ്റെ കയറ്റം ഭീഷണിയാണ്.
ഡോളർ സൂചിക ചൊവ്വാഴ്ച 111.7വരെ ഉയർന്നിട്ട് 110- നടുത്തേക്കു താഴ്ന്നു. ബുധനാഴ്ച വീണ്ടും 1 11-നു മുകളിൽ കയറി. ഇന്നു രാവിലെ 110.9 ലേക്കു താഴ്ന്നു. യൂറാേയും പൗണ്ടും ഇന്നു രാവിലെ നേട്ടത്തിലാണ്.
അഡാനി ഗ്രൂപ്പ് ഓഹരികൾ
തിങ്കളാഴ്ച വലിയ ഇടിവു നേരിട്ട അഡാനി ഗ്രൂപ്പ് കമ്പനികൾ ചൊവ്വാഴ്ച തിരിച്ചു കയറി. എന്നാൽ വിപണിയുടെ പൊതുഗതിക്കനുസരിച്ചുള്ള കയറ്റമേ ദൃശ്യമായുള്ളു. ഗ്രൂപ്പ് കമ്പനികളിൽ നിന്നു കൂടുതൽ വാർത്തകൾ പ്രതീക്ഷിക്കാം.
ക്രെഡിറ്റ് സ്വീസ് കുഴപ്പം ശമിക്കുന്നില്ല
സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിൻ്റെ കുഴപ്പങ്ങൾ തുടരുകയാണ്. തിങ്കളാഴ്ച വലിയ തകർച്ച നേരിട്ട ഓഹരി പിറ്റേന്നു ശക്തമായി തിരിച്ചു കയറി. എന്നാൽ ബുധനാഴ്ച വീണ്ടും വലിയ ഇടിവിലാണ്. ഒപ്പം മറ്റു വലിയ ബാങ്ക് ഓഹരികളും ക്ഷീണത്തിലായി. ക്രെഡിറ്റ് സ്വീസിൻ്റെ പ്രശ്നങ്ങൾ താമസിയാതെ തീരുമെന്നു മാനേജ്മെൻ്റും ബാങ്കിംഗ് വിശകലനക്കാരും പറയുന്നുണ്ടെങ്കിലും വിപണി അതു സ്വീകരിച്ച മട്ടില്ല. ഈ വർഷം ഇതുവരെ 60 ശതമാനത്തോളം വിലയിടിഞ്ഞതാണ് ഓഹരി.