വീണ്ടും ആശങ്കയോടെ തുടക്കം; വിദേശ സൂചനകൾ നെഗറ്റീവ്; വിലക്കയറ്റ കണക്കും രണ്ടാം പാദ ഫലങ്ങളും ഗതി നിർണയിക്കും; വിദേശികൾ വീണ്ടും വിൽപനയിൽ
പലിശനിരക്കും മാന്ദ്യവും വീണ്ടും മുഖ്യ ചിന്താവിഷയങ്ങളായി. ഓഹരികൾക്ക് അത്ര നല്ലതല്ലാത്ത അന്തരീക്ഷം. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കു നേരിടുന്ന തിരിച്ചടികൾ മറ്റു തരത്തിൽ ആശങ്കകൾ വർധിപ്പിക്കുന്നു. ക്രൂഡ് ഓയിൽ വില 100 ഡോളറിലേക്കു കയറാൻ ഒരുങ്ങുന്നത് വിലക്കയറ്റം വീണ്ടും കൂട്ടുകയും വളർച്ചയ്ക്കു തടസമാകുകയും ചെയ്യും. ഡോളർ സൂചിക 113-ലേക്കു തിരിച്ചു കയറും എന്നതും ഒട്ടും ശുഭകരമല്ല. വിദേശനിക്ഷേപകർ ഏതാനും ദിവസങ്ങൾക്കു ശേഷം വീണ്ടും വിൽപനക്കാരായതും വിപണിയെ വിഷമിപ്പിക്കുന്നു.
ഒട്ടും ആവേശകരമല്ലാത്ത ഈ അന്തരീക്ഷത്തിലാണു വിപണി ഇന്നു പുതിയ ആഴ്ച തുടങ്ങുന്നത്. ബുധനാഴ്ച ഇന്ത്യയിലെ ചില്ലറ വിലക്കയറ്റ സൂചിക (സിപിഐ) യും വ്യവസായ ഉൽപാദന സൂചിക (ഐഐപി) യും പുറത്തുവരും. ചില്ലറവിലക്കയറ്റം ഏഴു ശതമാനത്തിനു മുകളിലേക്കു വർധിക്കുമെന്നാണു സൂചന. വ്യവസായ ഉൽപാദന സൂചിക താഴുമെന്നു കരുതപ്പെടുന്നു. അത്ര പന്തിയല്ല കാര്യങ്ങൾ എന്നു ചുരുക്കം. ബുധനാഴ്ച യുഎസ് വിലക്കയറ്റ കണക്കും വരാനുണ്ട്.
ഈയാഴ്ച കുറേ പ്രധാന കമ്പനികളുടെ രണ്ടാം പാദ കണക്കുകൾ പുറത്തുവരും. രണ്ടാം പാദ പ്രകടനം പൊതുവേ അത്ര നല്ലതാകാനിടയില്ലെന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തൽ.
വെള്ളിയാഴ്ച പുറത്തു വന്ന സെപ്റ്റംബറിലെ യുഎസ് തൊഴിൽ കണക്കുകൾ വിപണിയെ വല്ലാതെ ഉലച്ചു. ഡൗ ജോൺസ് സൂചിക 2.11 ശതമാനവും നാസ്ഡാക് 3.8 ശതമാനവും ഇടിഞ്ഞു. പലിശ വർധനയിൽ യാതൊരു മയവും പ്രതീക്ഷിക്കേണ്ട എന്നു തൊഴിൽ കണക്കുകൾ സൂചിപ്പിച്ചതാണു കാരണം. യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് 0.4 ശതമാനം വരെ ഇടിവിലാണ്.
ഇന്നു രാവിലെ ഓസ്ട്രേലിയയിൽ ഓഹരി സൂചിക ഒന്നര ശതമാനത്തോളം താഴ്ചയിലായി. ജപ്പാനിലും മറ്റും വിപണികൾക്ക് അവധിയാണ്. ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം തുറന്ന ചൈനയിലെ ഷാങ് ഹായ് വിപണി ഇടിവിലാണ്. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക രണ്ടു ശതമാനത്തിലധികം താണു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 17,314-ൽ നിന്ന് 17,070-ലേക്ക് ഇടിഞ്ഞാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക വീണ്ടും താണ് 17,010- ൽ എത്തി. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്നു താഴ്ചയോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങി കൂടുതൽ താഴ്ചയിലേക്കു വീണു. എന്നാൽ ഉച്ചയ്ക്കുശേഷം തരക്കേടില്ലാതെ തിരിച്ചു കയറിയ സൂചികകൾ അൽപ നേരം നേട്ടത്തിലുമായിരുന്നു.എന്നാൽ ഒടുവിൽ നാമമാത്ര താഴ്ചയോടെയാണു ക്ലോസ് ചെയ്തത്.
സെൻസെക്സ് 30.81 പോയിൻ്റ് (0.053%) നഷ്ടത്തിൽ 58,191.29 ലും നിഫ്റ്റി 17.15 പോയിൻ്റ് (0.099%) നഷ്ടത്തിൽ 17,314.65ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.24 ശതമാനം താഴ്ന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.24 ശതമാനം ഉയർന്നു.
ആഴ്ചയിലെ നിലയിൽ മുഖ്യസൂചികകൾ 1.3 ശതമാനം നേട്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപകർ വ്യാഴാഴ്ച വരെ നിക്ഷേപകരായിരുന്നു. എന്നാൽ വെള്ളിയാഴ്ച അവർ വലിയ തോതിൽ വിൽപന നടത്തി. ഈയാഴ്ചയും വിൽപന തുടരുമെന്നു പലരും കണക്കാക്കുന്നുണ്ട്. വെള്ളിയാഴ്ച വിദേശികൾ 2250.77 കോടിയുടെ വിൽപന നടത്തിയപ്പോൾ സ്വദേശി ഫണ്ടുകൾ 545.25 കോടിയുടെ വാങ്ങലുകാരായി.
ഇന്ത്യൻ വിപണി നിലവിലെ സമാഹരണപ്രവണത തുടരുമെന്നു നിക്ഷേപ വിദഗ്ധർ പറയുന്നു. നിഫ്റ്റിക്കു 17,000 വലിയ പിന്തുണയാകും. 17,000-നു താഴേക്കു പോയാൽ വലിയ താഴ്ചയെപ്പറ്റി ആശങ്കപ്പെടണം. 17,450-നു മുകളിൽ കയറിയാലേ ഗണ്യമായ ഹ്രസ്വകാല കുതിപ്പ് പ്രതീക്ഷിക്കാനാവൂ. ഇന്നു വിപണിക്ക് 17, 245 - ഉം 17,175-ഉം പിന്തുണയാകും. ഉയർച്ചയിൽ 17,360-ലും 17,405-ലും തടസം പ്രതീക്ഷിക്കാം.
കമ്പനികൾ
റിലയൻസ് 150 കോടിയും റിലയൻസ് ജിയോ 250 കോടിയും ഡോളറിൻ്റെ (മൊത്തം 33,000 കോടി രൂപ) വിദേശകടം എടുക്കാൻ ചർച്ച നടത്തുന്നു. 5 ജിക്ക് അടക്കം മൂലധനച്ചെലവിനാണ് വായ്പ.
ഹിന്ദുസ്ഥാൻ യൂണിലിവർ, ഗോദ്റെജ് കമ്പനികൾ സോപ്പുകൾക്കും മറ്റും വില കുറച്ചു. മൂന്നു മുതൽ 11 വരെ ശതമാനം കുറവുണ്ട്. പൊതു വിലക്കയറ്റം കുറയുന്നതിൻ്റെ സൂചനയാണോ വിപണിയിലെ വിൽപനയിടിവ് തടയാനുള്ള ശ്രമമാണോ എന്നു വ്യക്തമല്ല.
നികുതി പിരിവിൽ വർധന കുറയുന്നു
ഒക്ടോബർ എട്ടുവരെയുള്ള പ്രത്യക്ഷ നികുതി പിരിവ് 16.3 ശതമാനം വർധിച്ച് 7.45 കോടി രൂപയായി. ഇതു വാർഷിക ലക്ഷ്യത്തിൻ്റെ 52 ശതമാനമാണ്. നികുതി പിരിവിലെ വളർച്ചത്തോത് ഓഗസ്റ്റ് മുതൽ കുറഞ്ഞു വരികയാണ്. അതു സാരമില്ലെന്നു ഗവണ്മെൻ്റ് പറയുന്നുണ്ടെങ്കിലും ബജറ്റ് ചെലവുകൾക്കു നിയന്ത്രണം തുടങ്ങിയതു കാര്യങ്ങൾ അത്ര പന്തിയല്ലെന്നു കാണിക്കുന്നു. ഭക്ഷ്യ, രാസവള സബ്സിസിഡികൾ കണക്കുകൂട്ടലിനപ്പുറം വർധിച്ചതും ബജറ്റിനു തലവേദനയാകും.
ക്രൂഡ് 100 ഡോളറിലേക്ക്; യുക്രെയ്നിൽ ആണവ ഭീഷണി
ക്രൂഡ് ഓയിൽ വില കഴിഞ്ഞയാഴ്ച ശക്തമായി
തിരിച്ചു കയറി. ബ്രെന്റ്ഇനം ക്രൂഡ് 97.78 ഡോളർ വരെ എത്തി. അബുദാബി യുടെ മർബൻ ക്രൂഡ് 99.25 ലാണു ക്ലോസ് ചെയ്തത്. വില 100 ഡോളറിനു മുകളിലാകുമെന്ന നിഗമനത്തിലാണു വ്യാപാര മേഖല.
റഷ്യ ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ പ്രതിദിന ഉൽപാദനത്തിൽ 20 ലക്ഷം വീപ്പയുടെ കുറവു വരുത്താൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചു. ഇപ്പോൾത്തന്നെ മിക്ക ഒപെക് രാജ്യങ്ങൾക്കും തങ്ങളുടെ വിഹിതമനുസരിച്ചുള്ള ഉൽപാദനം നടത്താൻ കഴിയുന്നില്ല. അതിനാൽ ഉൽപാദനം കുറയ്ക്കൽ പ്രഖ്യാപനം വലിയ ഫലം ഉണ്ടാക്കില്ലെന്നു പലരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുഎസ് സമ്മർദത്തിനു വഴങ്ങാതെ സൗദി അറേബ്യ റഷ്യൻ നിലപാടിൻ്റെ കൂടെ ചേർന്നു എന്ന സുപ്രധാനമാറ്റം ഇതിൽ ഉണ്ട്. ആഗോള ശാക്തിക സമതുലനത്തെ ബാധിക്കാവുന്നതാണ് ഇന്ധന വിപണിയിലെ സംഭവ വികാസങ്ങൾ. യുഎസിൽ റീട്ടെയിൽ ഇന്ധനവില വീണ്ടും ഗാലന് അഞ്ചു ഡോളറിലധികമാകുന്നത് നവംബറിലെ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ബൈഡനു വലിയ ആഘാതമാകും.
ഇതിനിടെ യുക്രെയ്നിൽ തിരിച്ചടികൾ നേരിടുന്ന റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഉയർത്തുന്ന ആണവ ഭീഷണി ഗൗരവമുള്ളതാണെന്നു നിരീക്ഷകർ കരുതുന്നു.
ലോഹവിപണിയിൽ നിന്നു റഷ്യയെ മാറ്റാൻ നീക്കം
റഷ്യയെ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ (എൽഎംഇ) നിന്ന് മാറ്റുന്നതിനെപ്പറ്റി അഭിപ്രായം ആരാഞ്ഞു കൊണ്ടുള്ള ഒരു കരടു പ്രമേയം വ്യാഴാഴ്ച അംഗങ്ങൾക്കു നൽകി. ഇതു ലോഹ വിപണിയിൽ വലിയ കുതിപ്പിനു കാരണമായി. പല ലോഹങ്ങളുടെയും കാര്യത്തിൽ റഷ്യയുടെ പങ്ക് അഞ്ചു ശതമാനത്തിൽ കൂടുതലാണ്. റഷ്യയെ മാറ്റി നിർത്തിയാൽ വില 25 മുതൽ 40 വരെ ശതമാനം വർധിച്ചെന്നു വരും. വ്യാപാരി സമൂഹം റഷ്യയെ വിപണിയിൽ നിന്നു മാറ്റുന്നതിന് എതിരാണ്. എന്നാൽ അൽകോവ അടക്കം വലിയ ഉൽപാദകർ റഷ്യക്ക് എതിരായ നീക്കത്തെ അനുകൂലിക്കുന്നു.
മാർച്ച്, ഏപ്രിലിലെ ഉച്ച നിലയിൽ നിന്നു പല ലോഹങ്ങളും 30-35 ശതമാനം താഴ്ന്നിട്ടുണ്ട്. അലൂമിനിയവും ചെമ്പും ഈയിടെ ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരുന്നു. റഷ്യക്കെതിരായ നീക്കത്തെ തുടർന്ന് കഴിഞ്ഞയാഴ്ച പല ലോഹങ്ങളും 10 ശതമാനം വരെ ഉയർന്നു.
വെള്ളിയാഴ്ച ചെമ്പ് 1.11 ശതമാനം താഴ്ന്ന് ടണ്ണിന് 7575 ഡോളറിൽ ക്ലോസ് ചെയ്തു. അലൂമിനിയം, ലെഡ്, നിക്കൽ, സിങ്ക്, ടിൻ തുടങ്ങിയവ കഴിഞ്ഞയാഴ്ച നല്ല നേട്ടത്തിലാണ് അവസാനിച്ചത്.
യുഎസ് ഫെഡ് പലിശ വർധിപ്പിക്കൽ തുടർന്നാൽ വരുന്ന മാന്ദ്യത്തെപ്പറ്റിയുള്ള ഭീതി ഈയാഴ്ച ലോഹ വിലകൾ ഇടിയാൻ കാരണമാകുമെന്നു കരുതപ്പെടുന്നു.
സ്വർണം 1700-നു താഴെ
സ്വർണം കഴിഞ്ഞയാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം 1700 ഡോളറിനു താഴോട്ടു വീണു. 1690 വരെ താഴ്ന്ന ശേഷം 1695 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1695-1696 ഡോളറിലാണു സ്വർണം.
യുഎസ് തൊഴിൽ വിപണി കരുത്തോടെ മുന്നേറുന്ന സാഹചര്യത്തിൽ ഡോളർ കരുത്താർജിക്കുകയും സ്വർണവില വീണ്ടും താഴുകയും ചെയ്യുമെന്ന് വിപണി കണക്കാക്കുന്നു.
കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ പവനു 38,280 രൂപയിൽ തുടർന്നു. ഡോളർ നിരക്ക് ഉയർന്നതാണ് സ്വർണത്തിൻ്റെ രാജ്യാന്തര വിലയിടിവ് ഇവിടെ ബാധകമാകാത്തതിനു കാരണം.
ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്നതും ക്രൂഡ് ഓയിലിൻ്റെ ഉയർച്ചയും രൂപയെ ദുർബലമാക്കി. ഡോളർ 82.24 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 82.42 വരെ കയറിയെങ്കിലും കോസിംഗ് 82.33 രൂപയിലായിരുന്നു. ഡോളർ 85 രൂപയ്ക്കു സമീപത്തേക്ക് ഉയരുന്നതിനെപ്പറ്റിയാണു വിപണിയിൽ സംസാരം.
തൊഴിൽ കൂടി, പലിശ കൂടും
സെപ്തംബറിൽ യുഎസിലെ തൊഴിൽവർധന 2.63 ലക്ഷമായി ഉയർന്നു. തൊഴിലില്ലായ്മ 3.5 ശതമാനമായി കുറഞ്ഞു. യുഎസ് ഫെഡ് കുറഞ്ഞ പലിശ മൂന്നു ശതമാനമായി വർധിപ്പിച്ചിട്ടും തൊഴിൽ വിപണിക്കു യാതൊരു ക്ഷീണവും ഇല്ലെന്നാണ് ഇതു കാണിക്കുന്നത്. ഇതിൻ്റെ സൂചന ഫെഡ് പലിശവർധനയിൽ മാറ്റം വരുത്തില്ല എന്നാണ്. ഡിസംബറിനകം പലിശ ഇനിയും 1.25 ശതമാനം കൂടി കൂട്ടും എന്നു നേരത്തേ കണക്കാക്കിയിരുന്നു. പുതിയ നിഗമനം 1.5 ശതമാനം വർധനയാണ്. നവംബറിലും ഡിസംബറിലും 75 ബേസിസ് പോയിൻ്റ് (0.75 ശതമാനം) വീതം നിരക്ക് കൂട്ടും. അതു കൊണ്ടു പലിശവർധന നിർത്തുകയില്ലെന്നും ഇപ്പോൾ ആശങ്കയുണ്ട്. 2023 - നെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കു തള്ളിവിടാവുന്ന വിധമാണു കാര്യങ്ങൾ എന്ന ആശങ്ക ഇതോടെ പ്രബലമായി.
യുഎസ് പലിശവർധന ഇന്ത്യയിലും പലിശ കൂട്ടാൻ പ്രേരണയാകും. വിദേശ നിക്ഷേപം പിടിച്ചു നിർത്താനും പലിശ കൂട്ടേണ്ടത് ആവശ്യമായി വരുന്നു.
രണ്ടാം പാദ ഫലങ്ങൾ മോശമായേക്കും
കമ്പനികളുടെ ജൂലൈ -സെപ്റ്റംബർ പാദത്തിലെ റിസൽട്ട് ഇന്നുമുതൽ പുറത്തു വരും. ഐടി വമ്പന്മാരായ ടിസിഎസ് ഇന്നും വിപ്രാേയും എച്ച്സിഎലും ബുധനാഴ്ചയും ഇൻഫോസിസും മൈൻഡ് ട്രീയും വ്യാഴാഴ്ചയും റിസൽട്ട് പുറത്തുവിടും. ബജാജ് ഓട്ടോ വെള്ളിയാഴ്ചയും എച്ച്ഡിഎഫ്സി ബാങ്ക് ശനിയാഴ്ചയുമാണു റിസൽട്ട് പ്രഖ്യാപിക്കുക.
രണ്ടാം പാദ ഫലങ്ങൾ അത്ര ആവേശകരമായിരിക്കില്ല എന്നു ബ്രോക്കറേജുകൾ വിലയിരുത്തുന്നു. ഡിമാൻഡ് കുറഞ്ഞതും ലാഭ മാർജിനുകൾ ചുരുങ്ങിയതുമാണു കാരണം. മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്, കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ്, എഡൽവെെസ് സെക്യൂരിറ്റീസ്, യെസ് സെക്യൂരിറ്റീസ് തുടങ്ങിയവയുടെ വിലയിരുത്തലുകളാണ് ഇവിടെ പരിശോധിക്കുന്നത്.
നിഫ്റ്റി 50 സൂചികയിലെ കമ്പനികളുടെ മൊത്തം രണ്ടാം പാദ അറ്റാദായം കഴിഞ്ഞ വർഷം രണ്ടാം പാദത്തിലെ 1.46 ലക്ഷം കോടി രൂപയിൽ നിന്ന് 1.38 ലക്ഷം കോടി രൂപയിലേക്കു കുറയും എന്നാണ് പ്രമുഖ ബ്രോക്കറേജുകൾ കണക്കാക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ തുടർച്ചയായ എട്ടു പാദങ്ങളിലെ വളർച്ചയ്ക്കു ശേഷമുള്ള ആദ്യ താഴ്ചയാകുമിത്. 2021 ഏപ്രിൽ - ജൂണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ അറ്റാദായവുമാകും ഇത്. സ്വാഭാവികമായും കമ്പനികളുടെ പ്രതി ഓഹരി വരുമാനം (ഇപിഎസ്) കുറയും. അത് ഓഹരി വിലയെയും ബാധിക്കും.
നിഫ്റ്റി 50ലെ ബാങ്കിംഗ്, ധനകാര്യ, ഇൻഷ്വറൻസ് ഒഴിച്ചുള്ള 39 കമ്പനികളുടെ മൊത്തം അറ്റാദായം 16.9 ശതമാനം കുറഞ്ഞ് 92,000 കോടി രൂപ ആകുമെന്നാണു ബ്രോക്കറേജുകൾ കണക്കാക്കുന്നത്.
വിലക്കയറ്റവും മറ്റും മൂലം നിഫ്റ്റി 50 കമ്പനികളുടെ മൊത്തം വിറ്റുവരവ് വർധിക്കും. എന്നാൽ വർധനയുടെ തോത് ഗണ്യമായി കുറയും. 19.1 ശതമാനം വർധനയാണു രണ്ടാം പാദത്തിലെ പ്രതീക്ഷ. ഇതു തലേ പാദത്തിലെ 31.1 ശതമാനവും കഴിഞ്ഞ വർഷം രണ്ടാം പാദത്തിലെ 24.6 ശതമാനവും വളർച്ചയേക്കാൾ ഗണ്യമായി കുറവാണ്. ബാങ്ക് - ധനകാര്യ - ഇൻഷ്വറൻസ് കമ്പനികളെ ഒഴിവാക്കിയാൽ വളർച്ച 20 ശതമാനം മാത്രമാകും. കഴിഞ്ഞ വർഷം 30.3 ശതമാനവും കഴിഞ്ഞ പാദത്തിൽ 37 ശതമാനവും വളർച്ച ഉണ്ടായിരുന്നു. ബാങ്കിംഗ്, ധനകാര്യ കമ്പനികളുടെ വളർച്ച 30 ശതമാനം ഉണ്ടാകും.