മനോഭാവം മെച്ചപ്പെടുന്നു; വിദേശ വിപണികളിൽ നിന്നു സമ്മിശ്ര സന്ദേശം; ഐടി കമ്പനികളിൽ ഉണർവ്; ക്രൂഡും സ്വർണവും താഴോട്ട്

അടിസ്ഥാന കാര്യങ്ങളിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഇന്നത്തെ വിപണി മനോഭാവം മാറിയിട്ടുണ്ട്. ആശങ്കയുടെ സ്ഥാനത്തു പ്രതീക്ഷ. സാഹചര്യങ്ങൾ അത്ര മോശമാകില്ലെന്ന ശുഭാപ്തി വിശ്വാസം പരക്കുന്നു. അത് ഇന്ന് ഓഹരി വിപണികളെ സഹായിക്കും. ടിസിഎസ് റിസൽട്ട് കണക്കാക്കിയതിലും മെച്ചമായതും വിപണി മനാേഭാവത്തെ പോസിറ്റീവാക്കാൻ സഹായിച്ചു.

യുഎസ് കടപ്പത്രവിപണി ഇന്നലെ അവധിയായിരുന്നത് ഓഹരി വിപണിയുടെ പ്രവർത്തനത്തെ ചെറിയ തോതിൽ മന്ദീഭവിപ്പിച്ചു. യൂറോപ്യൻ വിപണി ചെറിയ താഴ്ചയോടെ ക്ലോസ് ചെയ്തപ്പോൾ യുഎസ് വിപണിയിൽ 0.3 ശതമാനം മുതൽ ഒരു ശതമാനം വരെ നഷ്ടം ഉണ്ടായി. ഫ്യൂച്ചേഴ്സ് മാർക്കറ്റ് ആദ്യം താഴ്ചയിലായിരുന്നിട്ടു പിന്നീടു ചെറിയ നേട്ടത്തിലായി.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ പൊതുവേ വലിയ നഷ്ടത്തിലാണ്. എന്നാൽ ഓസ്ട്രേലിയയിൽ എഎസ്എക്സ് സൂചിക രാവിലെ അര ശതമാനം ഉയർന്നാണു വ്യാപാരം. ജപ്പാനിൽ നിക്കെെ രണ്ടു ശതമാനം നഷ്ടത്തോടെ വ്യാപാരമാരംഭിച്ചു. പിന്നീടു നഷ്ടം കുറച്ചു. ദക്ഷിണ കൊറിയയിലും വലിയ ഇടിവാണ്. ഉത്തര കൊറിയയുടെ മിസൈൽ പ്രകോപനങ്ങൾ മേഖലയിൽ ആശങ്ക വളർത്തുന്നുണ്ട്.

ഒരാഴ്ചത്തെ അവധിക്കു ശേഷം ഇന്നലെ 1.66 ശതമാനം നഷ്ടം കുറിച്ച ചൈനീസ് വിപണി ഇന്നു ചെറിയ താഴ്ചയിൽ തുടങ്ങി. ചൈനീസ് കമ്പനികൾക്കു പുതിയ മൈക്രോ ചിപ് സാങ്കേതികവിദ്യ നൽകുന്നതിനെതിരായ യുഎസ് ഉത്തരവ് ചൈനയിലെ ഐടി കമ്പനികളുടെ വില ഇന്നലെ കുത്തനേ ഇടിച്ചിരുന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക ഒരു ശതമാനത്തോളം താണു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,226-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,212 ലേക്കു താഴ്ന്നിട്ട് 17,245 ലേക്കു കയറി. വീണ്ടും താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചാഞ്ചാട്ടത്തിലാകും എന്നാണ് ഇതു നൽകുന്ന സൂചന.

ഇന്നലെ ഇന്ത്യൻ വിപണി താഴ്ചയിൽ തുടങ്ങി കൂടുതൽ താഴ്ചയിലേക്കു നീങ്ങിയെങ്കിലും ഒടുവിൽ നഷ്ടത്തിൻ്റെ വലിയ പങ്ക് നികത്തി. സെൻസെക്സ് താഴ്ചയിൽ നിന്ന് 600 പോയിൻ്റ് തിരിച്ചു കയറി. സെൻസെക്സ് 200.18 പോയിൻ്റ് (0.34%) നഷ്ടത്തിൽ 57,991.11ലും നിഫ്റ്റി 73.65 പോയിൻ്റ് (0.43%) താഴ്ചയിൽ 17, 241- ലും ക്ലോസ് ചെയ്തു. ഐടി ഒഴികെ എല്ലാ വ്യവസായ മേഖലകളും ഇന്നലെ താഴ്ന്നു. മിഡ് ക്യാപ് സൂചിക 0.95%വും സ്‌മോൾ ക്യാപ് സൂചിക 0.46% വും താഴെയായി.

വിദേശ നിക്ഷേപകർ ഇന്നലെയും വലിയ തോതിൽ വിൽപന നടത്തി. അവർ 2139.02 കോടി രൂപയുടെ വിൽപ്പനക്കാരായപ്പോൾ സ്വദേശി ഫണ്ടുകൾ 2137.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റി 17,000 ലെ പിന്തുണ നഷ്ടപ്പെടുത്താതെ 17,200-നു മുകളിൽ ക്ലോസ് ചെയ്തത് അനുകൂല സൂചനയായി നിക്ഷേപ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് 17,110-ഉം 16,980-ഉം സപ്പോർട്ട് നൽകും. ഉയർച്ചയിൽ 17,320-ഉം 17,405-ഉം തടസങ്ങളാകാം.

ക്രൂഡിനു താഴ്ച

ക്രൂഡ് ഓയിൽ വിപണിയിൽ വ്യാപാരികളുടെ ലാഭമെടുക്കൽ വില താഴ്ത്തി. ബ്രെൻ്റ് ഇനം രണ്ടു ശതമാനം ഇടിഞ്ഞ് 95.9 ഡോളറിലേക്കു താണു. കഴിഞ്ഞയാഴ്ച മുഴുവനും വില കയറുകയായിരുന്നു.10 ശതമാനത്താേളം കയറ്റമാണ് ഒരാഴ്ച കൊണ്ട് ഉണ്ടായത്. ഇപ്പോഴത്തെ താഴ്ച താൽക്കാലികമാണെന്നാണു വിലയിരുത്തൽ.

വ്യാവസായിക ലോഹങ്ങൾ സമ്മിശ്ര ചിത്രം കാഴ്ചവച്ചു. ചെമ്പ്, ടിൻ, ലെഡ് എന്നിവ ഒരു ശതമാനം ഉയർന്നപ്പോൾ അലൂമിനിയം, സിങ്ക്, നിക്കൽ എന്നിവ മൂന്നു ശതമാനം വരെ താഴ്ന്നു. വിപണി ഈ ദിവസങ്ങളിൽ ചാഞ്ചാട്ടം തുടരുമെന്നാണു സൂചന.

സ്വർണം ഇടിവിൽ

സ്വർണം കുത്തനേ താഴ്ന്നു. 1690 ഡോളറിൽ നിന്ന് 1669 ഡോളറിലെത്തി വില. ഇന്നു രാവിലെ 1675 വരെ കയറിയിട്ട് 1668-1670-ലേക്കു താണു. വെള്ളിവില 20 ഡോളറിനു താഴെയെത്തി. ഡോളർ സൂചിക ഉയർന്നാൽ സ്വർണവും വെള്ളിയും വീണ്ടും താഴും.

കേരളത്തിൽ സ്വർണവില പവന് 200 രൂപ കുറഞ്ഞ് 38,080 രൂപയായി.

ഡോളർ ഇന്നലെ 82.72 രൂപയിലേക്കു കുതിച്ചെങ്കിലും റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റപ്പോൾ താഴ്ന്നു. തലേന്നത്തെ ക്ലോസിംഗ് നിലയായ 82.33-നു താഴെ 82.32-ൽ ഡോളർ എത്തി. നൂറു കോടിയിലേറെ ഡോളർ ഇന്നലെ റിസർവ് ബാങ്ക് വിറ്റു. ഫ്യൂച്ചർ വിപണിയിലും വലിയ ഇടപെടൽ നടത്തി. ഡോളർ 85 രൂപയിലേക്കു കയറുമെന്നാണു സംസാരം. അതു സാവധാനമാക്കാനാണു റിസർവ് ബാങ്കിൻ്റെ ശ്രമം.

ഡോളർ സൂചിക ഉയർന്നു നീങ്ങുകയാണ്. ഇന്നലെ സൂചിക 113.14-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അൽപം താഴ്ന്നെങ്കിലും 113-നു മുകളിൽ ആണു സൂചിക.

ഡോളർ സൂചിക കയറിയതോടെ ക്രിപ്റ്റോ കറൻസി ബിറ്റ് കോയിൻ 19,000 ഡോളറിനു താഴെയായി.

ഫാർമസ്യൂട്ടിക്കൽ കയറ്റുമതിക്കാർക്കു തിരിച്ചടി

മെയ്ഡൻ ഫാർമ എന്ന ഹരിയാന കമ്പനി അയച്ച ചുമ സിറപ്പ് ഗാംബിയയിൽ 69 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവം പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കെതിരായ വികാരം ഉയർത്തി. ഇന്ത്യൻ കമ്പനികളെ എന്നും ശത്രുതയോടെ കാണുന്ന വമ്പൻ പാശ്ചാത്യ കമ്പനികൾ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ഇത് അവസരമാക്കി. കയറ്റുമതി വിപണിയിലുള്ള കമ്പനികളുടെ വിലനിർണയം കുറച്ചു കാലത്തേക്കു സമ്മർദത്തിലാകും.

ടിസിഎസ് റിസൽട്ട്ആവേശമാകും

ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) രണ്ടാം പാദത്തിൽ പ്രതീക്ഷയേക്കാൾ മികച്ച റിസൽട്ട് പുറത്തിറക്കി. വരുമാനവും ലാഭവും വിപണിയുടെ നിഗമനത്തേക്കാൾ മെച്ചമായി. ടിസിഎസ് റിസൽട്ടിൻ്റെ ആവേശത്തിൽ ഇൻഫോസിസ്, വിപ്രോ എഡിആറുകൾ യുഎസ് വിപണിയിൽ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. ഇന്ന് ഐടി ഓഹരികൾ ഇന്ത്യൻ വിപണിയിൽ കുതിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്. ഒപ്പം വിൽപന സമ്മർദവും കൂടാം. അതേസമയം ടിസിഎസിൻ്റെ പ്രതി ഓഹരി വരുമാന (ഇപിഎസ്) ത്തിലെ വളർച്ച ഉയർന്ന വിലനിർണയത്തെ ന്യായീകരിക്കാൻ മാത്രമില്ലെന്നു ചില നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ടിസിഎസ് വരുമാനം 18 ശതമാനം വർധിച്ച് 55,309 കോടി രൂപയായി. അറ്റാദായം 8.4 ശതമാനം ഉയർന് 10,431-ലെത്തി. തലേ പാദവുമായി തട്ടിച്ചു നോക്കിയാൽ വരുമാനം 4.8 ശതമാനവും ലാഭം 10 ശതമാനവും വർധിച്ചു. പ്രവർത്തന ലാഭ മാർജിൻ വാർഷികാടിസ്ഥാനത്തിൽ 1.6 ശതമാനം കുറഞ്ഞപ്പോൾ തലേ പാദത്തെ അപേക്ഷിച്ച് 0.9 ശതമാനം വർധിച്ചു.

കമ്പനിയിലെ കൊഴിഞ്ഞുപോക്ക് 21.5 ശതമാനമായി വർധിച്ചു. എങ്കിലും ഇതാണ് പാരമ്യമെന്നും വരും മാസങ്ങളിൽ കൊഴിഞ്ഞുപോക്ക് കുറയുമെന്നും മാനേജ്മെൻ്റ് കണക്കാക്കുന്നു. 9840 പേരുടെ വർധനയോടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 6,16,171 ആയി.

ഈയാഴ്ച തന്നെ ഇൻഫോസിസും വിപ്രോയും എച്ച്സിഎലും റിസൽട്ട് പ്രസിദ്ധീകരിക്കും. ഇൻഫോസിസ് ഡയറക്ടർ ബോർഡ് ഓഹരികൾ തിരിച്ചു വാങ്ങുന്നതിനെപ്പറ്റി വ്യാഴാഴ്ച തീരുമാനമെടുക്കും. ഇന്നലെ ഐടി ഓഹരികൾ നല്ല നേട്ടം ഉണ്ടാക്കിയിരുന്നു.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it