ആവേശക്കുതിപ്പിലേക്കു വിപണി; വിലക്കയറ്റം കുറഞ്ഞില്ലെങ്കിലും യുഎസിൽ സൂചികകൾ കയറി; ഡോളർ മയപ്പെടുന്നു

ആവേശത്തോടു കൂടി ഈയാഴ്ചയിലെ അവസാന ദിവസം വിപണി വ്യാപാരമാരംഭിക്കും. ആശങ്കകൾക്ക് അവധി നൽകിക്കൊണ്ട് യുഎസ് ചില്ലറ വിലക്കയറ്റത്തോടു വിപണി പ്രതികരിച്ചു. പ്രമുഖ യുഎസ് സൂചികകൾ ഇന്നലെ താഴ്ചയോടെ തുടക്കമിട്ടെങ്കിലും പെട്ടെന്നു തന്നെ തിരിച്ചു കയറി വലിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇന്നലെ താഴ്ന്ന ഇന്ത്യൻ വിപണിയും ഇന്നു നല്ല തിരിച്ചു കയറ്റം പ്രതീക്ഷിക്കുന്നു. ക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ട് തിരിച്ചു കയറി, സ്വർണം താഴ്ചയിൽ നിന്നു കയറി, ഡോളർ സൂചിക താണു, യൂറോയും ബ്രിട്ടീഷ് പൗണ്ടും ചൈനീസ് യുവാനും ഉയർന്നു, കടപ്പത്രവിലകൾ താണിട്ടു തിരിച്ചു കയറി, ബിറ്റ് കോയിൻ അടക്കം ഗൂഢ കറൻസികൾ താഴ്ചയിൽ നിന്നു കരകയറി.

യുഎസ് വിപണി ഇന്നലെ 2.83 ശതമാനം വരെ ഉയർന്നു. യുഎസ് ഫ്യൂച്ചേഴ്സ് ആദ്യം താഴ്ന്നിട്ടു നേട്ടത്തിലേക്കു മാറി.

ഇന്നു രാവിലെ ഓസ്ട്രേലിയയിലെ എഎസ്എക്സ് 200 സൂചിക ഒന്നേമുക്കാൽ ശതമാനം കുതിച്ചു. ഏഷ്യൻ വിപണികളും നല്ല ഉണർവിലാണ്. ജപ്പാനിലെ നിക്കെെ 2.9 ശതമാനവും കൊറിയയിലെ കോസ്പി 2.3 ശതമാനവും ഉയർന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക രണ്ടു ശതമാനം നേട്ടത്തിലാണു തുടങ്ങിയത്. ചൈനയിലെ ഷാങ്ഹായ് സൂചിക തുടക്കത്തിൽ ഒരു ശതമാനം ഉയർന്നു. ചൈനയിലെ ചില്ലറ വിലക്കയറ്റം 2.8 ശതമാനം എന്ന റിക്കാർഡ് നിലയിലേക്കു കയറി.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ രാത്രി 16,754 വരെ ഇടിഞ്ഞിട്ടു തിരിച്ചു കയറി 17,170 ലെത്തി. ഇന്നു രാവിലെ 17,210 ലേക്കു കയറി. അൽപം താണിട്ട് 17,250 ലേക്കു കുതിച്ചു കയറി. ഇന്ത്യൻ വിപണിയും ഇന്നു രാവിലെ കുതിക്കും എന്നാണ് ഇതു നൽകുന്ന സൂചന.

ഇന്നലെ ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങി വീണ്ടും താഴുകയും താഴ്ചയിൽ തന്നെ ക്ലോസ് ചെയ്യുകയുമാണുണ്ടായത്. ബാങ്കിംഗ്, ധനകാര്യ, ഐടി മേഖലകൾ ഇടിഞ്ഞു. മീഡിയ, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി മേഖലകൾ മാത്രമാണു നേട്ടമുണ്ടാക്കിയത്.

സെൻസെക്സ് 390.58 പോയിൻ്റ് (0.68%) താഴ്ന്ന് 57,235.33 ലും നിഫ്റ്റി 109.3 പോയിൻ്റ് (0.64%) താഴ്ന്ന് 17,014.35 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകളും ഇതേ തോതിൽ താഴ്ചയിലായി.

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1636.43 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 753.29 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിപണി താഴ്ചയിലേക്കുളള പ്രവണതയാണു കാണിക്കുന്നതെന്ന് സംങ്കതിക വിശകലന വിദഗ്ധർ കണക്കാക്കുന്നു. ഒരു ഹ്രസ്വകാല ഇടിവു കൂടി അവർ പ്രതീക്ഷിക്കുന്നു. നിഫ്റ്റിക്ക് 16,945-ലും 16,875-ലുമാണു പിന്തുണ കാണുന്നത്. ഉയർന്നാൽ 17,100-ഉം 17,185-ഉം തടസങ്ങളാകും.

ഇന്നലെ താഴോട്ടു നീങ്ങിയിരുന്ന ക്രൂഡ് ഓയിൽ യുഎസ് വിപണിയുടെ കാഴ്ചപ്പാട് മാറിയതോടെ തിരിച്ചു കയറി. ഇന്നലെ 91 ഡോളർ വരെ താഴ്ന്ന ബ്രെൻ്റ് ഇനം ക്രൂഡ് 94.64 ഡോളറിലേക്കു കയറി. ഇന്നു രാവിലെ 94.75 ഡോളറിലാണ്. അബുദാബിയുടെ മർബൻ ക്രൂഡ് 95.73 ആയി.

വ്യാവസായിക ലോഹങ്ങൾ നേട്ടത്തിലായി. റഷ്യൻ കമ്പനിയായ റൂസാലിൽ നിന്നുള്ള അലൂമിനിയത്തിന് അമേരിക്ക വിലക്ക് ഏർപ്പെടുത്തുമെന്ന റിപ്പോർട്ട് ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ അലൂമിനിയം വില 7.26 ശതമാനം കുതിക്കാൻ കാരണമായി. ലോക വിപണിയിലെ അലൂമിനിയത്തിൽ ഏഴു ശതമാനം റൂസാലിൻ്റേതാണ്. ചെമ്പ് മുതൽ ടിൻ വരെയുളള മറ്റു ലോഹങ്ങളും ഇന്നലെ ഉയർന്നു.

സ്വർണം ഇന്നലെ വലിയ ചാഞ്ചാട്ടത്തിലായിരുന്നു. 1682 ഡോളർ വരെ കയറിയിട്ട് വിലക്കയറ്റ കണക്ക് വന്നപ്പോൾ 1642 ലേക്കു കുത്തനേ വീണു. പിന്നീടു തിരിച്ചു കയറി 1664 ഡോളറിലായി. ഇന്നു രാവിലെ 1665-1667 ഡോളറിലാണു വ്യാപാരം.

രൂപ ഇന്നലെ കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡോളർ അഞ്ചു പൈസ നേട്ടത്തിൽ 82.38 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ഇന്നലെ ചാഞ്ചാട്ടങ്ങൾക്കു ശേഷം 112.36 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അൽപം ഉയർന്ന് 112.6 ആയി. പിന്നീട് 112.15 ലേക്കു താണു.

വിലക്കയറ്റത്തിൽ ശമനമില്ലെങ്കിലും വിപണിക്കു കുതിപ്പ്

യുഎസ് ചില്ലറ വിലക്കയറ്റം സെപ്റ്റംബറിൽ 8.2 ശതമാനം കൂടി.തലേ മാസം 8.3 ശതമാനമായിരുന്നു. 8.1 ശതമാനമാകും എന്ന പ്രതീക്ഷ തെറ്റി. ഇന്ധന-ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 6.6 ശതമാനം കുതിച്ചു. ഇത് 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വർധനയാണ്. തലേ മാസത്തെ അപേക്ഷിച്ചു വിലക്കയറ്റം 0.3 ശതമാനം ഉയർന്നു; കാതൽ വിലക്കയറ്റം 0.6 ശതമാനവും വർധിച്ചു.

ഇതോടെ രണ്ടു കാര്യങ്ങൾ ഉറപ്പായി. യുഎസ് ഫെഡ് നവംബറിലും ഡിസംബറിലും 75 ബേസിസ് പോയിൻ്റ് വീതം പലിശ നിരക്കു വർധിപ്പിക്കും. ഡിസംബർ അവസാനം യുഎസിലെ കുറഞ്ഞ പലിശ 3.00-3.25 ശതമാനത്തിൽ നിന്നു 4.50- 4.75 ശതമാനമാകും.

ഇതേ തുടർന്നു യുഎസ് വിപണി വലിയ താഴ്ചയിലാണു തുടങ്ങിയത്. ഡൗ ജോൺസ് 560 പോയിൻ്റ് ഇടിഞ്ഞു. പക്ഷേ താമസിയാതെ തിരിച്ചു കയറി. ഒടുവിൽ 30,000-നു മുകളിൽ തിരിച്ചു കയറി 827.87 പോയിൻ്റ് (2.83%) നേട്ടത്തോടെ ക്ലോസ് ചെയ്തു. ദിവസത്തിലെ താഴ്ചയിൽ നിന്ന് 1378 പോയിൻ്റ് ഉയർച്ച. നാസ്ഡാകും എസ് ആൻഡ് പിയും സമാന നേട്ടങ്ങൾ ഉണ്ടാക്കി.

ഇൻഫിക്കു തിളക്കമുള്ള രണ്ടാം പാദ റിസൽട്ട്

ഇൻഫോസിസ് ടെക്നോളജീസ് മികച്ച രണ്ടാം പാദ റിസൽട്ട് പുറത്തുവിട്ടതു വിപണിയുടെ പ്രതീക്ഷകളെ ശരിവച്ചു. ഡോളർ കണക്കിൽ വാർഷികാടിസ്ഥാനത്തിൽ 18.8 ശതമാനവും പാദാടിസ്ഥാനത്തിൽ നാലു ശതമാനവും വരുമാന വളർച്ച ഉണ്ട്. ടിസിഎസിൻ്റെ വാർഷിക വളർച്ച (ഡോളറിൽ) 15.4 ശതമാനമാണ്. പ്രവർത്തന ലാഭ മാർജിൻ 21.5 ശതമാനമായി. ടിസിഎസിന് ഇത് 24 ശതമാനമുണ്ട്. 36,538 കോടി രൂപ വരുമാനത്തിൽ അറ്റാദായം 6021 കോടിയായി. വർധന 11.1 ശതമാനം.

കമ്പനിയിലെ കൊഴിഞ്ഞുപോക്ക് ഒന്നാം പാദത്തിലെ 28.4 ശതമാനത്തിൽ നിന്ന് 27.1 ശതമാനമായി കുറഞ്ഞു. 10,032 പേരെ അധികമെടുത്തതോടെ ജീവനക്കാരുടെ എണ്ണം 3,45,218 ആയി.

ഈ വർഷത്തെ വരുമാന വളർച്ചയുടെ പ്രതീക്ഷ 14-16 ശതമാനത്തിൽ നിന്ന് 15-16 ശതമാനമാക്കി. പ്രവർത്തന ലാഭ മാർജിൻ പ്രതീക്ഷ 21-23ൽ നിന്ന് 21-22 ആയി കുറച്ചു.

കമ്പനി 9300 കോടി രൂപ ഓഹരികൾ തിരിച്ചു വാങ്ങാൻ നീക്കിവച്ചു. പരമാവധി 1850 രൂപയാണ് ഒരോഹരിക്കു നൽകുക. ഇന്നലെ 1420 രൂപയായിരുന്നു വില.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it