നേട്ടം തുടരാൻ വിപണി; ബുള്ളുകൾക്ക് ഉണർവ്; ലോഹങ്ങൾക്ക് ഇടിവ്; താങ്ങുവില കൂട്ടിയത് ആരെ സഹായിക്കും?
ചൊവ്വാഴ്ച ഇന്ത്യയിലും ചൈന ഒഴിച്ചുള്ള ഏഷ്യൻ വിപണികളിലും കണ്ട ആവേശം അതേ തോതിൽ പാശ്ചാത്യ വിപണികളിൽ ഉണ്ടായില്ല. യുഎസ് വിപണി തുടങ്ങിയതു നല്ല ഉയർച്ചയിലായിരുന്നെങ്കിലും അതു നിലനിർത്തിയില്ല. എങ്കിലും 1.13 ശതമാനം നേട്ടത്തിൽ യുഎസ് വിപണി ക്ലോസ് ചെയ്തു. അതിനു മുൻപു യൂറോപ്പും ബ്രിട്ടനും കുറഞ്ഞ ആവേശത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് കാൽ ശതമാനം ഉയരത്തിലാണ്. ഓസ്ട്രേലിയൻ വിപണിയും ഏഷ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരം തുടങ്ങി. ചൈനീസ്, ഹോങ് കോങ് വിപണികൾ തുടക്കത്തിൽ താഴ്ന്നു. നിഫ്റ്റിയുടെ ഡെറിവേറ്റീവ് വ്യാപാരം നേട്ടത്തിൽ മുന്നേറി. ഇന്ത്യൻ വിപണി ബുള്ളുകൾ കരുത്താേടെ തിരിച്ചു വരുന്നു എന്ന ആവേശത്തിലാണ്. ഇപ്പാേഴത്തെ മുന്നേറ്റം ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും നിക്ഷേപകർക്ക് ഉത്സാഹം പകരുന്നതാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,495-ൽ നിന്ന് 17,477-ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,527 ലേക്കു കയറി. ഇന്ത്യൻ വിപണി രാവിലെ ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു കാണിക്കുന്നത്.
ആവേശം കുറഞ്ഞു
യുഎസ് മാർക്കറ്റിലെ പ്രധാന സൂചികകൾ ഇന്നലെ രണ്ടര ശതമാനം വരെ കയറിയാണു വ്യാപാരം തുടങ്ങിയത്. സെപ്റ്റംബറിലെ വ്യവസായ ഉൽപാദനം പ്രതീക്ഷയിലും മെച്ചമായത് സൂചികകളെ താഴ്ത്തി. പലിശവർധന ഉയർന്ന തോതിൽ തുടരാൻ ഇതു ഫെഡിനെ പ്രേരിപ്പിക്കും എന്നതാണു കാരണം. ക്ലോസിംഗിൽ ഡൗ ജോൺസ് 1.12 ശതമാനവും നാസ്ഡാക് 0.9 ശതമാനവും നേട്ടം മാത്രം കുറിച്ചു. യൂറോപ്പിൽ സൂചികകൾ തുടക്കത്തിലെ നിലയിൽ നിന്നു താഴ്ന്നാണ് അവസാനിച്ചത്. ജർമനിയിലെ ഡാക്സ് 0.93 ശതമാനം ഉയർന്നപ്പോൾ സ്റ്റാേക്സ് 50 ലെ ഉയർച്ച 0.6 ശതമാനത്തിൽ ഒതുങ്ങി. ബ്രിട്ടനിൽ പിൻവലിച്ച മിനി ബജറ്റ് പ്രഹസനത്തിൻ്റെ പേരിൽ പ്രധാനമന്ത്രി ലിസ് ട്രസ് മാപ്പ് പറഞ്ഞു. ട്രസിൻ്റെ ഭാവിയെപ്പറ്റി സന്ദേഹങ്ങൾ ബലപ്പെടുത്തുന്നതായി അത്. എഫ്ടിഎസ്ഇ 0.2 ശതമാനം മാത്രം നേട്ടത്തിൽ ക്ലാേസ് ചെയ്തു.
മൂന്നാം ദിവസവും മുന്നേറ്റം
ഇന്ത്യൻ വിപണി ഇന്നലെ തുടർച്ചയായ മൂന്നാം ദിവസവും നല്ല നേട്ടം ഉണ്ടാക്കി. സെൻസെക്സ് 59,144 വരെയും നിഫ്റ്റി 17,528 വരെയും ഉയർന്നിട്ടു ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദത്തെ തുടർന്നു താഴ്ചയിൽ ക്ലോസ് ചെയ്യുകയായിരുന്നു. സെൻസെക്സ് 549.62 പോയിൻ്റ് (0.94%) ഉയർന്ന് 58,960.6 ലും നിഫ്റ്റി 175.15 പോയിൻ്റ് (1.01%) ഉയർന്ന് 17,486.95 ലും ക്ലോസ് ചെയ്തു. വിശാല വിപണിയും നേട്ടത്തിലായിരുന്നു. മിഡ് ക്യാപ് സൂചിക 1.1 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.8 ശതമാനവും ഉയർന്നു. മൂന്നു ദിവസം കൊണ്ടു വിപണി മൂന്നു ശതമാനത്തിലധികം ഉയർന്നു.
എല്ലാ വ്യവസായ മേഖലകളും ഇന്നലെ നേട്ടത്തിലായി. ക്യാപ്പിറ്റൽ ഗുഡ്സ്, എഫ്എംസിജി, വാഹന, ഐടി മേഖലകൾ നേട്ടത്തിനു മുന്നിൽ നിന്നു.
ബുളളിഷ് മനോഭാവത്തിലാണു വിപണി. 17,150-17,650 മേഖലയിലേക്കു നിഫ്റ്റിയുടെ വ്യാപാരം ഉയരുന്നു എന്നാണു വിലയിരുത്തൽ. 17,450-ഉം 17,390- ഉം നിഫ്റ്റിക്ക് സപ്പോർട്ടാകും. ഉയരത്തിൽ 17,520-ലും 17,575-ലും തടസം പ്രതീക്ഷിക്കാം.
വിൽപന കുറച്ചു വിദേശികൾ, നിക്ഷേപം കൂട്ടി സ്വദേശികൾ
വിദേശ നിക്ഷേപകർ ഇന്നലെയും വിൽപനക്കാരായിരുന്നെങ്കിലും വിൽപ്പനയുടെ തോതു തീരെ കുറവായി. 153.4 കോടി രൂപയുടെ ഓഹരികളാണ് അവർ ക്യാഷ് വിപണിയിൽ വിറ്റത്. ഇതേ സമയം സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും നിക്ഷേപം വർധിപ്പിച്ചു. 2084.71 കോടി രൂപ അവർ ഓഹരികളിൽ നിക്ഷേപിച്ചു.
ക്രൂഡ് ഓയിൽ വില താഴുകയാണ്. മാന്ദ്യഭീതി ഒരു വശത്ത്; ഒപെക് പ്ലസ് പ്രഖ്യാപിച്ച ഉൽപാദനം കുറയ്ക്കൽ അത്ര പ്രശ്നമാകില്ലെന്ന വിലയിരുത്തൽ മറുവശത്ത്; ഇന്ധന ആവശ്യത്തിനു കൽക്കരിയും മറ്റും കൂടുതലായി ഉപയോഗിച്ചു തുടങ്ങിയതു വേറൊരു വശത്ത് - ക്രൂഡ് ഓയിൽ വില ഉയരുന്നതിനു പ്രതിബന്ധങ്ങൾ പലതാണ്. ഇതിനിടെ യൂറോപ്പിലും അമേരിക്കയിലും പ്രകൃതി വാതക വില ഗണ്യമായി ഇടിഞ്ഞിട്ടുമുണ്ട്.അതും ക്രൂഡ് ഓയിലിൻ്റെ ആവശ്യകത കുറയ്ക്കുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ 89 ഡോളറിനടുത്തു വരെ താഴ്ന്നിട്ട് 90.03- ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 90.94 ഡോളർ വരെ കയറി.
ലോഹങ്ങൾ താഴാേട്ട്
വ്യാവസായിക ലോഹങ്ങൾ താഴോട്ടുള്ള നീക്കം തുടരുകയാണ്. ചെമ്പുവില 2.15 ശതമാനം ഇടിഞ്ഞ് ടണ്ണിന് 7482.85 ഡോളർ ആയി. അലൂമിനിയം വില 1.99 ശതമാനം താഴ്ന്ന് 2183 ഡോളറിലെത്തി. ടിൻ, സിങ്ക്, ലെഡ് തുടങ്ങിയവയും താഴ്ന്നു. ഇരുമ്പയിര് വില ടണ്ണിനു 90 രൂപയിലേക്കു നീങ്ങുകയാണ്. ലോഹ, മിനറൽ കമ്പനികളുടെ ഓഹരികൾ ക്ഷീണത്തിലാകും.
സ്വർണ വിപണിയിൽ വില കൂട്ടാനും കുറയ്ക്കാനും മൽപ്പിടുത്തമാണ്. ഇന്നലെ ചെറിയ മേഖലയിൽ (1645-1662 ഡോളർ) കയറിയിറങ്ങിയ സ്വർണം ഇന്നു രാവിലെ 1651-1653 ഡോളറിലാണ്.
കേരളത്തിൽ സ്വർണ വില ഇന്നലെയും പവനു 37,160 രൂപയിൽ തുടർന്നു.
രൂപ ഇന്നലെ തുടക്കത്തിൽ നല്ല നേട്ടമുണ്ടാക്കി. ഡോളർ 82.21 രൂപയിൽ തുടങ്ങിയിട്ട് 82.02 രൂപ വരെ താഴ്ന്നു. പിന്നീടു ഡോളർ ഡിമാൻഡ് വർധിക്കുകയും റിസർവ് ബാങ്കിൻ്റെ ഇടപെടൽ കുറയുകയും ചെയ്തപ്പോൾ ഡോളർ തിരിച്ചു കയറി. ഡോളർ തലേന്നത്തേക്കാൾ ഒരു പൈസ വർധിച്ച് 82.36 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ 112.13 ൽ ക്ലോസ് ചെയ്തു. ഇന്നു സൂചിക 112 നു ചുറ്റുവട്ടത്താണ്..
താങ്ങുവില കൂട്ടി; ഇരട്ടലക്ഷ്യം നേടുമോ
ഗവണ്മെൻ്റ് ഇന്നലെ റാബി വിളകളുടെ താങ്ങുവില (എംഎസ്പി) ഉയർത്തി. മുഖ്യവിളയായ ഗോതമ്പിന് 5.5 ശതമാനം വർധനയോടെ ക്വിൻ്റലിന് 2125 രൂപയായി താങ്ങുവില. ഫുഡ് കോർപറേഷൻ്റെ ഗോതമ്പുശേഖരം അസാധാരണമായി താഴ്ന്ന നിലയിലായ സാഹചര്യത്തിലാണ് ഈ ഉയർന്ന വർധന. കഴിഞ്ഞ വർഷം ഗോതമ്പ്, നെല്ല് സംഭരണം കുറവായിരുന്നു. ഒപ്പം കയറ്റുമതി അസാധാരണമായി കൂടുകയും ചെയ്തു. തുടർന്നു കയറ്റുമതി നിയന്ത്രണവും വിലക്കും പ്രഖ്യാപിക്കേണ്ടി വന്നു. യുക്രെയ്നിലെ റഷ്യൻ ആക്രമണവും ചൈന അടക്കമുള്ള രാജ്യങ്ങളിലെ വരൾച്ചയുമാണ് 2022-ൽ ആഗാേള ഭക്ഷ്യ പ്രതിസന്ധി ഉണ്ടാക്കിയത്. അടുത്ത സീസണിലും ധാന്യക്ഷാമം തുടരുമെന്നാണു സൂചന. എങ്കിലും അമിത വില അൽപം കുറഞ്ഞിട്ടുണ്ട്.
കടുകിൻ്റെ താങ്ങുവില 7.9 ശതമാനവും ചുവന്ന പരിപ്പിൻ്റേത് 9.1 ശതമാനവും വർധിപ്പിച്ചു.ഈ വർധന ഇവയുടെ വിലക്കയറ്റത്തിന് ആനുപാതികമായിട്ടില്ല. തുവരപ്പരിപ്പും മറ്റും നാഫെഡ് വഴി സംഭരിച്ചും ഇറക്കുമതി ചെയ്തും ബഫർ സ്റ്റോക്ക് ഉണ്ടാക്കുന്നുണ്ട്. ലഭ്യത കുറയുന്ന സാഹചര്യത്തിലാണിത്.
ഭക്ഷ്യ വിലക്കയറ്റം ചില്ലറ വിലക്കയറ്റത്തിൻ്റെ മുഖ്യ ഘടകമായ സാഹചര്യത്തിൽ വിലകൾ നിയന്ത്രിക്കാനും കർഷകരെ പ്രസാദിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഒരു ട്രപ്പീസ് അഭ്യാസമാണ് എംഎസ്പി പ്രഖ്യാപനം. ഇതിൽ ഏതെങ്കിലും സാധ്യമാകുമോ എന്നറിയില്ല.