ലാഭമെടുക്കലിൽ സൂചികകൾ താഴെ; റിലയൻസിനു ക്ഷീണം, പൊതുമേഖലാ ബാങ്കുകൾക്കു തിളക്കം

മുഹൂർത്തവ്യാപാരത്തിലെ നേട്ടങ്ങൾ കുറെയൊക്കെ നഷ്ടമാക്കിയാണ് ചൊവ്വാഴ്ച ഇന്ത്യൻ വിപണി വ്യാപാരം ക്ലോസ് ചെയ്തത്. നേട്ടത്തിൽ ഓപ്പൺ ചെയ്ത ശേഷം ലാഭമെടുക്കലിൻ്റെ തിരക്കായി വിപണിയിൽ. 60,000-നു മുകളിൽ കടന്ന സെൻസെക്സ് അവിടെ നിൽക്കാനാവാതെ താഴോട്ടു നീങ്ങി.

യൂറോപ്യൻ വിപണികൾ ഇന്നലെ സമ്മിശ്രമായിരുന്നു. തലേന്നു നേട്ടത്തിൽ സമാപിച്ച ലണ്ടനിലെ എഫ്ടിഎസ്ഇ ഇന്നലെ നഷ്ടത്തിലായി. പുതിയ പ്രധാനമന്ത്രി ഋഷി സുനകിൻ്റെ മന്ത്രിസഭാ ഘടനയും പ്രഖ്യാപനങ്ങളും വിലയിരുത്തിയ ശേഷമാകും വിപണിയുടെ അടുത്ത നീക്കം.
ബ്രിട്ടീഷ് പൗണ്ട് വില മെച്ചപ്പെടുത്തി 1.1458 ഡോളറിലെത്തി. ഇനിയും ഉയരുമെന്നാണു സൂചന. ജെർമി ഹണ്ടിനെ ധനമന്ത്രി പദത്തിൽ നിലനിർത്തുന്നതു വിപണിക്ക് ഇഷ്ടപ്പെടും. എന്നാൽ യാഥാസ്ഥിതിക പാർട്ടിക്കാരടക്കം വലിയൊരു വിഭാഗം സുനകിനെതിരേ നീങ്ങുന്നുണ്ട്. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ജനകീയ വോട്ട് നേടിയില്ലെന്നു ചൂണ്ടിക്കാണിച്ചാണ് എതിർ നീക്കം. പൊതുതെരഞ്ഞെടുപ് നടത്തണമെന്ന് അക്കൂട്ടർ ആവശ്യപ്പെടുന്നു. രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചിട്ടില്ലെന്നു ചുരുക്കം. ഇന്നലെ വിപണി താഴ്ന്നത് ഇതിൻ്റെ സൂചനയാണ്.
യൂറോ മേഖലയിൽ ഇന്നലെ സൂചികകൾ ഉയർന്നു. തകർച്ചയുടെ വക്കിലെത്തിയ ക്രെഡിറ്റ് സ്വീസിൻ്റെയും ഡോയിച്ച് ബാങ്കിൻ്റെയും പ്രശ്നങ്ങൾക്കു പരിഹാരം ഉരുത്തിരിയുമെന്നാണു സൂചന. ഇരു ബാങ്കുകളുടെയും ഓഹരി വില അൽപം ഉയർന്നു.
യുഎസ് വിപണി താഴ്ചയിൽ തുടങ്ങിയിട്ട് നല്ല നേട്ടത്തിൽ അവസാനിച്ചു. പ്രമുഖ ടെക് കമ്പനികൾ നല്ല റിസൽട്ട് പുറത്തുവിട്ടത് വിപണിക്കു കരുത്തായി. ഗൂഗിളിൻ്റെ റിസൽട്ട് മോശമായത് ആൽഫബറ്റ് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി. എന്നാൽ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഗണ്യമായി താഴ്ന്നിട്ടുണ്ട്.
ഓസീസ്, ഏഷ്യൻ ഓഹരികൾ ഇന്നു നേട്ടത്തോടെയാണ് തുടങ്ങിയത്. നിക്കെെ തുടക്കത്തിലെ നേട്ടത്തിൽ നിന്നു വീണ്ടും കയറി. ചൈനീസ് ഓഹരികൾ ഇന്നു നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,847 വരെ കയറിയിട്ട് 17,800-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,800-ൻ്റെ പരിസരത്താണ്.
ചൊവ്വാഴ്ച സെൻസെക്സ് 287.7 പോയിൻ്റ് (0.48%) താഴ്ന്ന് 59,543.96-ലും നിഫ്റ്റി 74.4 പോയിൻ്റ് (0.42%) താഴ്ന്ന് 17,656.35-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.45 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.13% താഴ്ന്നു.
പൊതുമേഖലാ ബാങ്കുകൾ താരങ്ങൾ
പൊതുമേഖലാ ബാങ്കുകളായിരുന്നു ഇന്നലെ താരങ്ങൾ. പല ബാങ്കുകളും ആറു ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക 3.5 ശതമാനം കുതിച്ചു. സ്വകാര്യ ബാങ്ക് സൂചിക 0.84 ശതമാനം താണു. പൊതുമേഖലാ ബാങ്കുകളുടെ ലാഭം കൂടുമെന്നും അവയുടെ മൂലധന നില തൃപ്തികരമാണെന്നുമുള്ള റിപ്പോർട്ട് വിപണിയെ സ്വാധീനിച്ചു.
എഫ്എംസിജി കമ്പനികളുടെ ലാഭക്ഷമത കുറയും എന്ന നിഗമനമാണു വിപണിക്ക്. ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യൂണീലീവർ, നെസ് ലെ തുടങ്ങിയവ മൂന്നു ശതമാനത്തോളം ഇടിഞ്ഞു.
ധനകാര്യ, മീഡിയ, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവയും താഴോട്ടു പോയി.
കേരള ബാങ്കുകൾക്ക് തിരക്കേറിയ ദിവസം
മികച്ച രണ്ടാം ക്വാർട്ടർ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്നലെ 16 ശതമാനം വരെ കുതിച്ചു. ക്ലോസ് ചെയ്തത് 11.4 ശതമാനം നേട്ടത്തോടെ 13.2 രൂപയിൽ. ഒരാഴ്ചയ്ക്കകം 40 ശതമാനം നേട്ടമുണ്ടാക്കി ഓഹരി. വില ഉയർന്നതു പല കിംവദന്തികൾക്കും കാരണമായി.
ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നലെ ഏഴു ശതമാനത്തോളം കയറി. ഒടുവിൽ 4.72% നേട്ടത്തിൽ 12.2 രൂപയിൽ ക്ലോസ് ചെയ്തു. ബാങ്കുമായി ബന്ധപ്പെട്ട ഒരു കേസിൽ മാനേജ്മെൻ്റിന് അനുകൂലമായ വിധിയെ തുടർന്നാണു കയറ്റം.
നിക്ഷേപ ബാങ്കായ നൊമുറ സിംഗപ്പുർ സിഎസ്ബി ബാങ്കിലെ 1.52 ശതമാനം ഓഹരികൾ മേബാങ്ക് സെക്യൂരിറ്റീസിനു കൈമാറി. ഓഹരി ഒന്നിനു 232.3 രൂപ വിലയ്ക്കാണ് കൈമാറ്റം. ഓഹരി ഇന്നലെ 2.42 ശതമാനം താഴ്ന്ന് 228.2 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് ഓഹരികൾ ഇന്നലെ 135.55 രൂപ എന്ന റിക്കാർഡ് നിലയിൽ എത്തിയിട്ട് 133.9 രൂപയിൽ ക്ലോസ് ചെയ്തു.
റിലയൻസിനു മങ്ങൽ
രണ്ടാം പാദ റിസൽട്ട് റിലയൻസിനെ താഴോട്ടു വലിക്കുകയാണ്. സർക്കാരിൻ്റെ അമിതലാഭ നികുതി (വിൻഡ്ഫോൾ ടാക്സ്) പെട്രോ കെമിക്കൽ ബിസിനസിലെ ലാഭം കുത്തനെ ഇടിച്ചു. ഫിനാൻഷ്യൽ സർവീസസ് നടത്തുന്ന ഉപകമ്പനിയെ വേർപെടുത്തി ലിസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനം വിപണിയെ ഒട്ടും രസിപ്പിച്ചില്ല. റീട്ടെയിലും ഡിജിറ്റലും പ്രത്യേകം പ്രത്യേകം ലിസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനം ഇതുവരെയും നടപ്പാക്കിയിട്ടില്ല. ആദായകരമായ വില ഈടാക്കാവുന്ന സമയം കാത്താണ് റിലയൻസ് ഐപിഒകൾ താമസിപ്പിക്കുന്നത്.
വിലക്ക് മാറുന്നു, വിലയിടിഞ്ഞു
നൈകാ ബ്രാൻഡിൽ ഫാഷൻ ഉൽപന്നങ്ങൾ വിൽക്കുന്ന എഫ് എസ്എൻ ഇ കൊമേഴ്സ് വെഞ്ചേഴ്സിൻ്റെ ഓഹരിവില ഐപിഒ വിലയിലും താഴെയായി. ഐപിഒയ്ക്കു മുമ്പു നിക്ഷേപകരായിരുന്നവരുടെ ഓഹരികൾ വിൽക്കുന്നതിനുള്ള വിലക്ക് നവംബർ 10-നു തീരുന്ന സാഹചര്യത്തിലാണു വിലയിടിവ്.
വിലക്ക് മാറുമ്പോൾ വിപണിയിലേക്കു കൂടുതൽ ഓഹരികൾ എത്തും. പേയ്ടിഎം, ഡെൽഹിവെറി, പിബി ഫിൻടെക് തുടങ്ങിയവയുടെ ഓഹരികളിലും അടുത്ത മാസം വിലക്ക് കാലാവധി തീരുകയാണ്.
ക്രൂഡ് വീണ്ടും താണു
ക്രൂഡ് ഓയിൽ വില താഴോട്ടാണ്. മാന്ദ്യം വന്നാൽ ഡിമാൻഡ് കുറയുമെന്ന ധാരണയിലാണിത്. ബ്രെൻ്റ് ഇനം ക്രൂഡ് 92.4 ഡോളറിലേക്കു താഴ്ന്നു. യൂറോപ്പിൽ പ്രകൃതി വാതക സ്റ്റോക്ക് പതിവിലും കൂടുതലായതോടെ പ്രകൃതി വാതക വില ഇടിഞ്ഞു.
വ്യാവസായിക ലോഹങ്ങൾ മിക്കതും താഴ്ചയിലാണ്. ലഭ്യത കുറയുമെന്ന നിഗമനത്തെ തുടർന്ന് അലൂമിനിയം മാത്രം അൽപം ഉയർന്നു. സ്വർണം വീണ്ടും താഴ്ചയിലായി. ഇന്നലെ 1664 ഡോളർ വരെ കയറിയിട്ട് തിരിച്ചിറങ്ങി. 1650- 1652 ഡോളറിലാണ് ഇന്നു രാവിലെ വ്യാപാരം. ഇന്നു ഡോളർ സൂചിക ഉയരുന്നതു സ്വർണത്തെ താഴ്ത്തും. കേരളത്തിൽ പവൻവില ഇന്നലെ 120 രൂപ കുറഞ്ഞ് 37,480 രൂപയായി.
രൂപ ഇന്നലെ ചെറിയ മാറ്റത്തോടെ ക്ലോസ് ചെയ്തു. ഡോളർ അഞ്ചു പൈസ നേട്ടത്തിൽ 82.73 രൂപയിലായി. ഡോളർ സൂചിക ഇന്നലെ 110.98 വരെ താഴ്ന്നു. ഇന്നു രാവിലെ വീണ്ടും 111-നു മുകളിലേക്കു കയറി.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it