Begin typing your search above and press return to search.
വിപണികൾ ഉത്സാഹത്തിൽ; നല്ല കയറ്റം പ്രതീക്ഷിച്ചു നിക്ഷേപകർ; ഡോളർ ദുർബലം, മറ്റു കറൻസികൾ നേട്ടത്തിൽ; ലോഹങ്ങളും ക്രൂഡും കയറ്റത്തിൽ
വിപണികളിൽ ഉണർവ്, ഒപ്പം ആശങ്കയും. നവംബറിൽ പലിശ വർധിപ്പിച്ച ശേഷം യുഎസ് കേന്ദ്ര ബാങ്ക് ഫെഡ്, പലിശവർധനയുടെ തോതും വേഗവും കുറയ്ക്കും എന്ന് വിപണിയിൽ പൊതുവേ വിലയിരുത്തൽ വന്നു. ഓഹരികളെ ഉയരത്തിലേക്കു നയിക്കുന്ന പ്രധാന വിഷയം അതാണ്. ഒപ്പം ഡോളർ സൂചിക താഴുകയും കടപ്പത്ര വിപണിയിലെ പലിശ പ്രതീക്ഷ കുറയുകയും ചെയ്തു. ബ്രിട്ടീഷ് പൗണ്ട് മുതൽ ജാപ്പനീസ് യെനും ചൈനീസ് യുവാനും വരെയുള്ള കറൻസികൾ ഉയർന്നു. സ്വർണവില കയറി. ബിറ്റ് കോയിൻ അടക്കമുള്ള ഗൂഢ കറൻസികളും നേട്ടത്തിലായി.
ഇന്ത്യൻ വിപണി അവധിയിലായിരുന്ന ഇന്നലെ വിദേശ വിപണികൾ പൊതുവേ നേട്ടത്തിലായിരുന്നു. എന്നാൽ യുഎസ് വിപണിയിൽ ഡൗ ജോൺസ് സൂചിക നാമമാത്രമായി മാത്രം (2.37 പോയിൻ്റ്) കയറുകയും നാസ്ഡാക് സൂചിക രണ്ടു ശതമാനം ഇടിയുകയും ചെയ്തു. ടെക്നോളജി കമ്പനികളുടെ റിസൽട്ട് മോശമായതാണു നാസ്ഡാകിൻ്റെ വീഴ്ചയ്ക്കു കാരണം. വ്യാപാര സമയത്തിനു ശേഷമുള്ള ഇടപാടുകളിൽ മെറ്റാ പ്ലാറ്റ്ഫോംസ് 19 ശതമാനം ഇടിഞ്ഞു. എന്നാൽ യുഎസ് സൂചികകൾ ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ഉയർന്നു.
ഇന്നു രാവിലെ ഓസീസ്, ഏഷ്യൻ വിപണികൾ സമ്മിശ്ര ചിത്രമാണു നൽകുന്നത്. ഓസ്ട്രേലിയയിലെ എഎസ് എക്സ് 0.65 ശതമാനം കയറി. ദക്ഷിണ കൊറിയൻ കോസ്പി 1.25 ശതമാനം കുതിച്ചു. ജപ്പാനിൽ നിക്കെെ തുടക്കം മുതൽ ചെറിയ താഴ്ചയിലാണ്.
ചൈനീസ് വിപണി തുടക്കത്തിലേ കാൽ ശതമാനം ഉയർന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക രാവിലെ മൂന്നു ശതമാനത്തിലധികം കുതിപ്പാേടെയാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,800 മുതൽ 17,950 വരെ കയറിയിറങ്ങിയ ശേഷം 17,867-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 14,900-നു മുകളിലാണു വ്യാപാരം. ഇന്ത്യൻ വിപണി നല്ല ഉയരത്തിൽ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
ചൊവ്വാഴ്ച ഇന്ത്യൻ വിപണിയുടെ മുഖ്യ സൂചികകൾ അര ശതമാനം താഴ്ചയോടെ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകർ അന്നും വിൽപനക്കാരായിരുന്നു.
നിഫ്റ്റി ബുള്ളിഷ് പ്രവണത കൈവിട്ടിട്ടില്ലെന്നു നിക്ഷേപ വിദഗ്ധർ പറയുന്നു. 17,630-ഉം 17,530-ഉം നിഫ്റ്റിക്ക് സപ്പോർട്ട് നൽകും. 17,770- ലും 17,875-ലും തടസം പ്രതീക്ഷിക്കാമെന്നു വിദഗ്ധർ കണക്കാക്കുന്നു.
ക്രൂഡ് 96-നു മുകളിൽ
ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. ഡോളർ സൂചിക താഴ്ന്നതും പലിശവർധന മയപ്പെടുമെന്ന ധാരണയും വില കൂടാൻ സഹായിച്ചു. ബ്രെൻ്റ് ഇനം ഇന്നു രാവിലെ വീപ്പയ്ക്കു 96.2 ഡോളറിൽ എത്തി. ഇന്നലെ 94 ഡോളറിനു താഴെയാണ് വ്യാപാരം ആരംഭിച്ചത്. രാത്രി 95.7 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെയാണ് 96 കടന്നത്. വില കയറുന്നത് ഇന്ത്യക്കു പ്രശ്നമാകും.
ലോഹങ്ങളും സ്വർണവും കയറ്റത്തിൽ
വ്യാവസായിക ലോഹങ്ങൾ ഇന്നലെ നല്ല കുതിപ്പിലായിരുന്നു. ചെമ്പുവില മൂന്നു ശതമാനം ഉയർന്ന് ടണ്ണിന് 7762 ഡോളറായി. അലൂമിനിയം അഞ്ചു ശതമാനം കയറി 2330 ഡോളറിലെത്തി. ലെഡ്, നിക്കൽ, സിങ്ക്, ടിൻ തുടങ്ങിയവയും ഉയർന്നു. ഇരുമ്പയിര് വില അൽപം ഉയർന്നു.
ഡോളറിൻ്റെ താഴ്ചയിൽ സ്വർണം കയറി. ഇന്നലെ 1655 ഡോളറിൽ നിന്ന് 1675 വരെ ഉയർന്നു. ഇന്നു രാവിലെ 1668-1669 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ ഇന്നലെ പവന് 120 രൂപ കൂടി 37,600 രൂപയായി.
രൂപ ഉയർന്നേക്കാം
കഴിഞ്ഞ ദിവസം 82.73 രൂപയായി ഉയർന്ന ഡോളർ ഇന്ന് 82 രൂപയ്ക്കു താഴോട്ടു നീങ്ങുമെന്നു ഡീലർമാർ കരുതുന്നു. ഡോളർ സൂചിക 112-ൻ്റെ പരിസരത്തു നിന്ന് 110- നു താഴെയായതാണു കാരണം. ഇന്നു രാവിലെ ഡോളർ സൂചിക 109.55 വരെ താഴ്ന്നിട്ട് അൽപം കയറി.
ചൈനയുടെ യുവാൻ കഴിഞ്ഞ ദിവസം ഡോളറിന് 7.31 ആയി താണ സ്ഥാനത്ത് ഇന്ന് 7.17 ആയി ഉയർന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 150-ൽ നിന്ന് 146 ആയി കയറി. ബ്രിട്ടീഷ് പൗണ്ട് 1.16 ഡോളറിലേക്കും ക്യൂറാ 1.008 ഡോളറിലേക്കും ഉയർന്നു.
പുതിയ വ്യാഖ്യാനം നൽകി വിപണികളെ വലിച്ചു കയറ്റുന്നു
സംഭവങ്ങൾക്കു ശേഷം പ്രതികരിക്കുന്നതല്ല ഇപ്പാേഴത്തെ രീതി. ഇങ്ങനെ സംഭവിക്കാം എന്നു മുൻപേ കണക്കു കൂട്ടിയിട്ട് അതിനനുസരിച്ചു പ്രതികരിക്കുന്നു. പ്രതീക്ഷ പോലെ നടന്നില്ലെങ്കിൽ വലിയ തോതിൽ വിപരീത പ്രതികരണം ഉണ്ടാകുന്നു.ഇപ്പോൾ കണക്കുകൂട്ടലുകൾ യുഎസ് ഫെഡ് പലിശവർധനയുടെ വഴിയിൽ നിന്നു മാറുന്നതിനെപ്പറ്റിയാണ്. നവംബർ 1-2 തീയതികളിൽ നടക്കുന്ന ഫെഡ് കമ്മിറ്റി യോഗം ദിശമാറ്റം പ്രഖ്യാപിക്കുമെന്നാണു നിഗമനം.
ആ യോഗം കുറഞ്ഞ പലിശ 3.00- 3.25 ശതമാനത്തിൽ നിന്ന് 3.75-4.00 ശതമാനമാക്കും എന്ന മുൻ നിഗമനം നിലനിൽക്കുന്നു. എന്നാൽ തുടർന്നുള്ള വർധനയുടെ തോതും വേഗവും മാറുമെന്നാണു പുതിയ നിഗമനം. ഡിസംബറിലെ വർധന 50 ബേസിസ് പോയിൻ്റിൽ ഒതുങ്ങും, പിന്നീടുള്ള വർധന കുറേ വൈകും എന്നും വിലയിരുത്തുന്നു. ഇതു ദിശ മാറ്റമാണെന്ന് അവകാശപ്പെട്ടു വിപണിയെ ഉയർത്തുകയാണ് ഒരു വിഭാഗം.
ഈ നിഗമനങ്ങളിൽ പുതുമ ഇല്ലെന്നതു വേറേ കാര്യം. ഫെഡ് കഴിഞ്ഞ യോഗശേഷം പറഞ്ഞത് വർഷാവസാനത്തോടെ ഫെഡ് നിരക്ക് 4.4 ശതമാനത്തിനടുത്താകും എന്നാണ്. അതു തന്നെയാണ് ഡിസംബറിലെ 50 ബേസിസ് പോയിൻ്റ് വർധന വഴി സംഭവിക്കുന്നത്.
പിന്നീടുള്ള വർധന സാഹചര്യം വിലയിരുത്തി എന്നും സൂചിപ്പിച്ചിരുന്നു. ഫെഡ് കർശനമായി പറഞ്ഞത് വിലക്കയറ്റം പരിധിയിലാകും വരെ പലിശവർധന തുടരും എന്നാണ്. പുതിയ വ്യാഖ്യാനത്തിലും അതു മാറുന്നില്ല. എങ്കിലും ഫെഡ് ഗതി തിരിച്ചുവിടുന്നു എന്ന വ്യാഖ്യാനത്തോടെ ഓഹരികൾ ഉയർത്തുന്നവർ സജീവമായി രംഗത്തുണ്ട്. ഡിസംബറിനു ശേഷം പലിശവർധനയുടെ തോതും വേഗവും കുറയുന്നില്ലെങ്കിൽ ഇവരുടെ കണക്കുകൂട്ടലുകൾ അമ്പേ തെറ്റും.
Next Story
Videos