വീണ്ടും താഴ്ചയിലേക്ക്; പലിശക്കയറ്റവും മാന്ദ്യവും ഉറപ്പെന്നു നിരീക്ഷണം; ലോഹങ്ങളും ക്രൂഡ് ഓയിലും ഇടിവിൽ; സ്വർണം താഴോട്ട്

ചൊവ്വാഴ്ചത്തെ കുതിപ്പിനെ അപ്രസക്തമാക്കുന്ന സൂചനകളോടെയാണ് ഇന്ന് ഇന്ത്യൻ വിപണി തുടങ്ങുന്നത്. ഓഹരികൾക്കൊപ്പം ക്രൂഡ് ഓയിലും വ്യാവസായിക ലോഹങ്ങളും സ്വർണവും താഴോട്ടാണ്. ഡോളർ വീണ്ടും കുതിക്കുന്നു.

തിങ്കളാഴ്ചത്തെ വീഴ്ചയെ മറികടന്ന് ചൊവ്വാഴ്ച ഇന്ത്യയിലെ മുഖ്യ ഓഹരിസൂചികകൾ കുതിച്ചു കയറി. എന്നാൽ അന്നും പിറ്റേന്നും പാശ്ചാത്യ വിപണികൾ താഴോട്ടു നീങ്ങി. നാടകീയ ഇടിവ് ഉണ്ടായില്ലെങ്കിലും ക്രമമായ പതനം ദൃശ്യമായി. ഡൗ ജോൺസ് 32,000-നും സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് 500 സൂചിക 4000-നും നാസ്ഡാക് 12,000-നും താഴെയായി. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തോളം ഇടിവിലാണ്.
ഇന്നു രാവിലെ ഓസ്ട്രേലിയ മുതൽ ചൈന വരെയുള്ള വിപണികൾ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ഏഷ്യൻ വിപണി സൂചികകൾ രണ്ടു ശതമാനത്തോളം താഴ്ന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,520-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 17,430-ലേക്കു വീണിട്ട് 17,470- ലേക്ക് കയറി. ഇന്ത്യൻ വിപണി വലിയ താഴ്ചയോടെയാകും വ്യാപാരം തുടങ്ങുക എന്നാണ് ഇതിലെ സൂചന.
പലിശ വർധനയും സാമ്പത്തിക മാന്ദ്യവും തന്നെയാണു വിപണികളെ വലിച്ചു താഴ്ത്തുന്നത്. രണ്ടും അനിവാര്യമാണെന്നു വിപണി ഇപ്പോൾ അംഗീകരിക്കുന്നു. ഓഹരികൾ കാര്യമായ തിരുത്തലിനു വിധേയമാകേണ്ടി വരും. കോവിഡ് കഴിഞ്ഞ ശേഷം വിപണി കൈവരിച്ച നേട്ടത്തിൽ എത്രമാത്രം നഷ്ടപ്പെടുത്തേണ്ടി വരും എന്നേ അറിയാനുള്ളു. യുഎസിലെ കുറഞ്ഞ പലിശ നിരക്ക് ഇപ്പോഴത്തെ 2.25-2.50 ശതമാനത്തിൽ നിന്ന് 2023 ആദ്യം നാലു ശതമാനത്തിലെങ്കിലും എത്തുമെന്നാണു പൊതു നിഗമനം. ഇന്ത്യയിൽ റിസർവ് ബാങ്കിൻ്റെ റീപോ നിരക്ക് ഇപ്പോഴത്തെ 5.4 ശതമാനത്തിൽ നിന്ന് ആറു ശതമാനത്തിനു മുകളിലെത്തും എന്നാണു വിലയിരുത്തൽ.
തിങ്കളാഴ്ചത്തെ തകർച്ചയ്ക്കു പകരം വീട്ടുന്നു എന്നു തോന്നിക്കുന്ന ആവേശത്തോടെയാണു ചൊവ്വാഴ്ച ഇന്ത്യൻ വിപണി കുതിച്ചു കയറിയത്. ചെറിയ നേട്ടത്തോടെ തുടങ്ങിയിട്ടു മൂന്നു ശതമാനത്തിനടുത്തേക്കു കയറി. ഏഷ്യയിലെ മറ്റു വിപണികളും ഉയർന്നെങ്കിലും ഇന്ത്യയിലെ അത്ര നേട്ടം ഉണ്ടാക്കിയില്ല.
ചൊവ്വാഴ്ച സെൻസെക്സ് 1564.45 പോയിൻ്റ് (2.7%) കുതിച്ച് 59,500.09 ലും നിഫ്റ്റി 446.4 പോയിൻ്റ് (2.58%) ഉയർന്ന് 17,759.3ലും ക്ലോസ് ചെയ്തു. റിയൽറ്റി, ഓട്ടോമൊബൈൽ, ബാങ്കിംഗ്, ധനകാര്യ, ഐടി കമ്പനികൾ മികച്ച നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകർ കുറേ ദിവസങ്ങൾക്കു ശേഷം വലിയ അളവിൽ വാങ്ങലുകാരായതാണു വിപണിയെ അത്രയും ഉയർത്തിയത്. 4165.86 കോടി രൂപയാണ് അവർ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ 656.72 കോടിയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി ഈ ദിവസങ്ങളിൽ 17,580-17,400 മേഖലയ്ക്കു താഴെ പോകാതിരുന്നാലാണ് കൂടുതൽ ഉയരത്തിലേക്കു കയറാൻ പറ്റൂ എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. നിഫ്റ്റിക്ക് 17,520-ലും 17,270- ലും സപ്പോർട്ട് ഉണ്ട്. ഉയരുംമ്പാൾ 17,850-ലും 17,990-ലും തടസങ്ങൾ പ്രതീക്ഷിക്കാം.

ക്രൂഡും ലോഹങ്ങളും വലിയ താഴ്ചയിൽ

ക്രൂഡ് ഓയിൽ വില ചൊവ്വാഴ്ചയും ഇന്നലെയും ഇടിഞ്ഞു. ചൊവ്വാഴ്ച രാവിലെ 105 ഡോളറിലായിരുന്ന ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില അന്നു 101 ഡോളറിലേക്കും ഇന്നലെ 95.6 ഡോളറിലേക്കും ഇടിഞ്ഞു. പത്തു ശതമാനം തകർച്ചയാണു രണ്ടു ദിവസം കൊണ്ടുണ്ടായത്. സാമ്പത്തികമാന്ദ്യം ഉറപ്പാണെന്ന വിപണിയുടെ വിലയിരുത്തലാണ് വിലത്തകർച്ചയ്ക്കു കാരണം. ഉൽപാദനം കുറയ്ക്കുമെന്ന ഭീഷണി നടപ്പാക്കാൻ എളുപ്പമല്ലെന്നും വ്യാപാരികൾ കരുതുന്നു.
വ്യാവസായിക ലോഹങ്ങളും ക്രൂഡിൻ്റെ വഴിയേ നീങ്ങി. ചെമ്പും അലൂമിനിയവും അഞ്ചു ശതമാനം വീതം ഇടിഞ്ഞു. ചെമ്പ് 8000 ഡോളർ വിട്ട് ടണ്ണിന് 7719 ഡോളറിലായി. അലൂമിനിയം 2370 ഡോളറിലും. ഇരുമ്പയിരു വില ചൈനയിൽ 100 ഡോളറിനു താഴെ എത്തി. പലിശ നിരക്ക് ഈ മാസം അവസാനം ഉയരുന്നതോടെ വീണ്ടും വിലയിടിവ് പ്രതീക്ഷിക്കാം.

സ്വർണവും വെള്ളിയും ഇടിവിൽ; രൂപ കയറി

സ്വർണം വീണ്ടും താഴോട്ടായി. രണ്ടാഴ്ച മുൻപ് 1804 ഡോളറിലെത്തിയ മഞ്ഞലോഹം ഇന്നലെ ഔൺസിന് 1706 ഡോളർ വരെ താഴ്ന്നു. ഇന്നു വീണ്ടും താഴ്ചയിലായി. രാവിലെ 1708-1709 ഡോളറിൽ തുടങ്ങിയ വ്യാപാരം 1702-1703 ലേക്കു താഴ്ന്നു. ഡോളർ സൂചിക വീണ്ടും 109 നു മുകളിൽ കയറുന്നത് സ്വർണത്തെ കൂടുതൽ ദുർബലമാക്കുന്നുണ്ട്. 1700 ഡോളറിനു താഴോട്ടു സ്വർണം നീങ്ങുമോ എന്നാണ് ഈ ദിവസങ്ങളിൽ അറിയേണ്ടത്.
വെള്ളി വില 18 ഡോളറിനു താഴെയായി. മാർച്ചിൽ 26 ഡോളറിനു മുകളിലായിരുന്നു ഒരൗൺസ് വെള്ളിയുടെ വില. ആറു മാസം കൊണ്ടു 30 ശതമാനം ഇടിവാണു വെള്ളിയുടെ രാജ്യാന്തര വിലയിൽ ഉണ്ടായത്. ഇതേ കാലയളവിൽ സ്വർണത്തിൻ്റെ വിലയിൽ 20 ശതമാനം താഴ്ചയേ ഉണ്ടായുള്ളു.
കേരളത്തിൽ സ്വർണം പവന് ബുധനാഴ്ച 200 രൂപ കുറഞ്ഞ് 37,600 രൂപയായി. കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണത്. രാവിലെ അന്താരാഷ്ട്ര വിലയിൽ നാടകീയ കയറ്റം ഉണ്ടായില്ലെങ്കിൽ കേരളത്തിൽ വില വീണ്ടും കുറയും. ഡോളർ നിരക്കും ശ്രദ്ധിക്കേണ്ടതാണ്.
ചൊവ്വാഴ്ച ഇന്ത്യൻ രൂപ നല്ല നേട്ടമുണ്ടാക്കി. ഡോളർ 51 പൈസ ഇടിഞ്ഞ് 79.45 രൂപയിലെത്തി. ക്രൂഡ് ഓയിൽ വില താഴ്ന്നതും വിദേശ നിക്ഷേപകർ കൂടുതൽ പണം നിക്ഷേപിക്കാൻ തുനിഞ്ഞതുമാണു രൂപയ്ക്കു കരുത്തായത്. ക്രൂഡ് വീണ്ടും താഴുന്നതു രൂപയെ ഇന്നും സഹായിക്കേണ്ടതാണ്. എന്നാൽ ഡോളർ സൂചിക വീണ്ടും 109 -നു മുകളിൽ എത്തിയതു രൂപയെ ദുർബലമാക്കും.

ജിഡിപി വളർച്ച നിരാശാജനകം

ഏപ്രിൽ - ജൂൺ ഒന്നാം പാദത്തിലെ ജിഡിപി വളർച്ച പ്രതീക്ഷയിലും താഴെയായി. റിസർവ് ബാങ്ക് 16.2 ശതമാനവും വിവിധ റേറ്റിംഗ് ഏജൻസികളും ഗവേഷണ സ്ഥാപനങ്ങളും ശരാശരി 15 ശതമാനവും വളർച്ച പ്രതീക്ഷിച്ചതാണ്. പക്ഷേ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ (എൻഎസ്ഒ) കണക്ക് 13.5 ശതമാനം വളർച്ചയേ കാണിക്കുന്നുള്ളു.
ഇതു വലിയ നേട്ടമായി അവതരിപ്പിക്കാൻ ഔദ്യോഗിക കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. ഇക്കഴിഞ്ഞ നാലു പാദങ്ങളിലെ ഏറ്റവും കൂടിയ വളർച്ച; വലിയ രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ച; അത്യപൂർവമായ ഇരട്ടയക്ക വളർച്ച തുടങ്ങിയ വിശേഷണങ്ങൾ ധാരാളമായി ഉപയാേഗിക്കുന്നു. കഴിഞ്ഞ ധനകാര്യ വർഷം ഒന്നാം പാദത്തിൽ 20.3 (ആദ്യ എസ്മേറ്റിൽ കണ്ട 20.1 ആണ് ഇന്നലെ ഔദ്യോഗിക റിലീസിൽ ഉപയോഗിച്ചത്.ആ എസ്റ്റിമേറ്റ് പിന്നീട് 20.3 ശതമാനം ആയി ഉയർത്തിയിരുന്നു.) ശതമാനം വളർന്നതാണ്. ആ നിലയ്ക്ക് ഈ ഇരട്ടയക്ക വളർച്ച അത്ര വലിയ കാര്യമല്ല.
പ്രതീക്ഷയാേളം വന്നില്ലെങ്കിലും 2022-23 ധനകാര്യ വർഷത്തെ ജിഡിപി വളർച്ച ഏഴു ശതമാനത്തിനു മുകളിലാകും എന്നാണു ഗവണ്മെൻ്റ് കണക്കാക്കുന്നത്. പക്ഷേ റിസർവ് ബാങ്കിൻ്റെ പ്രവചനവുമായി ഇതു പൊരുത്തപ്പെടുന്നില്ല.
അടുത്ത പാദങ്ങളിൽ വളർച്ച നിരക്ക് ഗണ്യമായി കുറയും എന്നാണു റിസർവ് ബാങ്ക് കണക്കാക്കിയിട്ടുള്ളത്. രണ്ടാം പാദത്തിൽ 6.2%, മൂന്നിൽ 4.1%, നാലിൽ 4.0% എന്നിങ്ങനെ. ഒന്നാം പാദത്തിൽ 16.2 ശതമാനം വളർന്നാൽ വാർഷിക വളർച്ച 7.2 ശതമാനം എന്നായിരുന്നു നിഗമനം. അതു സാധിക്കാത്തതിനാൽ വാർഷിക വളർച്ച ഏഴിൽ താഴെയാകുമെന്നു പലരും നിഗമിക്കുന്നു.

യഥാർഥത്തിൽ ഇടിവ്

ഇന്ത്യയിൽ ഒന്നാം പാദ ജിഡിപി പൊതുവേ കുറഞ്ഞ തോതിലേ വളരാറുള്ളു. തലേ പാദത്തെ (ജനുവരി-മാർച്ച്) അപേക്ഷിച്ച് ശരാശരി 3.2 ശതമാനം കുറഞ്ഞ വളർച്ചയാണ് കോവിഡിനു മുൻപുള്ള നാലു വർഷം ഒന്നാം പാദ വളർച്ചയിൽ കണ്ടിട്ടുള്ളത്. എന്നാൽ ഇത്തവണ 9.6 ശതമാനം കുറവാണ് ഉണ്ടായത്. ജനുവരി-മാർച്ചിലെ ജിഡിപി (സ്ഥിരവിലയിൽ) 40.78 ലക്ഷം കോടി രൂപ. ഏപ്രിൽ-ജൂണിലേത് 36.85 ലക്ഷം കോടി. കുറവ് ശരാശരിയേക്കാൾ മൂന്നു മടങ്ങ്. മറ്റൊരർഥത്തിൽ വളർച്ച യഥാർഥത്തിൽ കുറഞ്ഞു.
കോവിഡിനു മുൻപുള്ള ജിഡിപിയേക്കാൾ 3.3 ശതമാനം മാത്രം അധികമേ ഉള്ളൂ ഇപ്പോഴത്തെ ജിഡിപി. 2019 ഏപ്രിൽ-ജൂണിൽ 35.67 ലക്ഷം കോടി രൂപയായിരുന്നു ജിഡിപി. മൂന്നുവർഷത്തിനു ശേഷം അത് 36.85 ലക്ഷം കോടിയിലേക്കു മാത്രമാണു വളർന്നത്.
ചുരുക്കം ഇതാണ്: കൊട്ടിഘോഷിക്കാൻ തക്ക വളർച്ച ഉണ്ടായിട്ടില്ല. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഉണ്ടായ തകർച്ചയിൽ നിന്നു കരകയറാൻ തുടങ്ങുന്നതേ ഉള്ളൂ.
കോവിഡിൻ്റെ വ്യാപനം മൂലം കഴിഞ്ഞ വർഷം ഒന്നാം പാദത്തിലെ ഉൽപാദനം വളരെ കുറവായി. അത് അടിസ്ഥാനമായി കണക്കാക്കിയപ്പോൾ ഉള്ള മിഥ്യാ ദൃശ്യം മാത്രമാണ് ഇരട്ടയക്ക കുതിപ്പ്. അതു കൊണ്ടു തന്നെ ഇന്ന് ഓഹരി വിപണി ജിഡിപി വളർച്ചയെ കുതിപ്പിനു കാരണമായി കണക്കാക്കില്ല. പ്രത്യേകിച്ചും ഫാക്ടറി ഉൽപാദന വളർച്ച തീരെ കുറവായത് വിപണിയുടെ പ്രതീക്ഷകൾക്കു നിരക്കുന്നതായില്ല.

താഴെത്തട്ടിൽ ഉപഭോഗം വർധിക്കുന്നില്ല

സ്വകാര്യ ഉപഭോഗത്തിലെ 25.9 ശതമാനം വളർച്ചയാണ് ജിഡിപി കണക്കിൽ എടുത്തു പറയാവുന്ന കാര്യം. പക്ഷേ മുമ്പത്തെ രണ്ടു വർഷങ്ങളിലെ കുറവുമായി നോക്കുമ്പോൾ മതിയായ തോതിലായിട്ടില്ല. താഴേത്തട്ടിൽ (കുറഞ്ഞ വരുമാനക്കാരിൽ) ഉപഭോഗം കൂടുന്നില്ല. വിലക്കയറ്റം മൂലം അവരുടെ ഉപഭോഗം നിത്യോപയോഗ സാധനങ്ങളിൽ ഒതുങ്ങുകയാണ്. ഗൃഹാേപകരണങ്ങളുടെയും ടൂ വീലറുകളുടെയും കുറഞ്ഞ വിലയുള്ള കാറുകളുടെയും വിൽപനയിലെ ഇടിവ് കാണിക്കുന്നത് അതാണ്. പിരമിഡിൻ്റെ അടിത്തട്ടിൽ വരുമാനം കൂടിയിട്ടില്ല, അവർക്കു കൂടുതൽ ചെലവാക്കാൻ പറ്റുന്നില്ല.
ഇതിനിടെ രാജ്യത്തെ തൊഴിലില്ലായ്മ ഏപ്രിൽ - ജൂണിൽ 7.6 ശതമാനമായി കുറഞ്ഞെന്ന് എൻഎസ്ഒ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലത്ത് 12.6 ശതമാനമായിരുന്നു. ആനുകാലിക തൊഴിൽ സേനാ സർവേ (പിഎൽഎഫ്എസ്) പ്രകാരമുള്ളതാണു കണക്ക്.

കാതൽ മേഖലയിൽ ദൗർബല്യം

ജൂലൈയിൽ എട്ടു കാതൽ മേഖലകളിലെ ഉൽപാദന വളർച്ച ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്നതായി. 4.5 ശതമാനം. ജൂണിൽ 13.2 ശതമാനം വളർച്ച ഉണ്ടായിരുന്നു.
ജൂണിനെ അപേക്ഷിച്ച് സ്റ്റീൽ ഉൽപാദനം മാത്രമേ വർധിച്ചുള്ളു. ക്രൂഡ് ഓയിൽ, പ്രകൃതി വാതക ഉൽപാദനം തലേ വർഷത്തേതിലും കുറവായി. വ്യവസായ ഉൽപാദന സൂചികയിൽ 40.2 ശതമാനം പങ്കാണു കാതൽ മേഖലയ്ക്ക് ഉള്ളത്.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it