അനിശ്ചിതത്വം തുടരുന്നു; വിദേശ പ്രവണതകൾ സമ്മിശ്രം; വിദേശികൾ വീണ്ടും വിൽപനയിൽ; ഡോളർ കുതിക്കുന്നു

ആഗോള വിപണികൾ അനിശ്ചിതത്വത്തിൽ നിന്നു മാറിയിട്ടില്ല. ഏഷ്യൻ വിപണികൾ ഉയർന്ന ഇന്നലെ യൂറോപ്പ് രണ്ടു ശതമാനത്തോളം താഴുകയായിരുന്നു. യുഎസ് വിപണി തുടക്കത്തിലും ഉച്ചവരെയും താഴ്ചയിലായിരുന്നു. പിന്നീട് ഡൗ ജാേൺസും എസ് ആൻഡ് പിയും നേട്ടത്തിലായി. നാലു ദിവസത്തെ തുടർച്ചയായ നഷ്ടത്തിനു ശേഷം യുഎസ് മുഖ്യ സൂചികകൾ അര ശതമാനം ഉയർന്നു. എന്നാൽ ടെക് ഓഹരികൾ ദുർബലമായതിനാൽ നാസ്ഡാക് നഷ്ടത്തിലായി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നഷ്ടത്തിലാണ്.

യുഎസ് തൊഴിൽ വർധനയുടെയും വേതനത്തിൻ്റെയും കണക്ക് ഇന്നു പുറത്തുവരും. തൊഴിൽ കൂടുകയും വേതനം കുറയാതിരിക്കുകയും ചെയ്താൽ ഉയർന്ന പലിശ വർധന നടപ്പാക്കാൻ യുഎസ് ഫെഡ് മടിക്കില്ല. അതു വിപണികളെ വീണ്ടും താഴ്ത്തും.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ സമ്മിശ്രമായി. ജപ്പാനിലും ഹോങ് കോങ്ങിലും തുടക്കത്തിൽ നഷ്ടത്തിലാണ്. ചൈനയിലും കൊറിയയിലും നേട്ടമാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ് ജി എക്സ് നിഫ്റ്റി ഇന്നു രാവിലെ താഴുകയായിരുന്നു. 17,600-നു മുകളിൽ കയറിയിട്ട് 17,580 നടുത്തേക്കു താണു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.

ചൊവ്വാഴ്ചത്തെ നേട്ടത്തിൻ്റെ പകുതിയോളം നഷ്ടപ്പെടുത്തിയാണ് ഇന്നലെ ഇന്ത്യൻ വിപണി വ്യാപാരം അവസാനിപ്പിച്ചത്. പാശ്ചാത്യ വിപണികളുടെ ചുവടുപിടിച്ച് രാവിലെ ഗണ്യമായ താഴ്ചയിൽ വ്യാപാരം തുടങ്ങി. പിന്നീട് നഷ്ടം കുറച്ചു. തുടക്കത്തിൽ 1.2 ശതമാനത്തിലധികം താഴ്ന്ന മുഖ്യ സൂചികകൾ നഷ്ടം 0.4 ശതമാനമാക്കി ചുരുക്കി. പിന്നീട് നഷ്ടം വർധിപ്പിച്ചു. ഒടുവിൽ തുടക്കത്തിലെ നിലവാരത്തിനടുത്തായി ക്ലോസിംഗ്.

സെൻസെക്സ് 770.48 പോയിൻ്റ് (1.29%) താഴ്ന്ന് 58,766.59 ലും നിഫ്റ്റി 216.5 പോയിൻ്റ് (1.22%) കുറഞ്ഞ് 17,542.8 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.11-ഉം സ്മോൾ ക്യാപ് സൂചിക 0.12 ഉം ശതമാനം താഴ്ന്നു.

ഐടി മേഖലയാണ് ഇന്നലെ ഏറ്റവും ക്ഷീണത്തിലായത്. നിഫ്റ്റി ഐടി സൂചിക 1.98 ശതമാനം ഇടിഞ്ഞു. ഓയിൽ - ഗ്യാസ്, ഹെൽത്ത് കെയർ, ഫാർമസ്യൂട്ടിക്കൽ കമ്പനികളും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്ഷീണത്തിലായി. റിയൽറ്റിയും വാഹന കമ്പനികളും നേട്ടമുണ്ടാക്കി.

വിദേശ നിക്ഷേപകർ ഇന്നലെ വിൽപനക്കാരായി. 2290.31 കോടി രൂപയുടെ ഓഹരികൾ അവർ ക്യാഷ് വിപണിയിൽ വിറ്റു. സ്വദേശി ഫണ്ടുകൾ 951.13 കോടിയുടെ ഓഹരികൾ വാങ്ങി.

നിഫ്റ്റിക്കു 17,440-ലും 17,340 ലും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഉയരുമ്പാേൾ 17,670-ഉം 17,795-ഉം തടസങ്ങളാകാം.

മാന്ദ്യഭീതിയിൽ ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങുകയാണ്. ഇന്നലെ ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില 92.36 ഡോളർ വരെ എത്തി. ഇന്നു രാവിലെ 93.5 ഡോളറിലേക്കു കയറി. വാരാന്ത്യത്തിൽ തുടങ്ങുന്ന ഒപെക് മന്ത്രിതല യോഗം ഉൽപാദന ക്വോട്ടയിൽ മാറ്റം വരുത്താനിടയില്ലന്നാണു പുതിയ റിപ്പോർട്ടുകൾ.

വ്യാവസായിക ലോഹങ്ങളുടെ വില വീണ്ടും താഴാേട്ടു നീങ്ങി. ചൈന വൻനഗരമായ ചെംഗ്ഡു അടച്ചിട്ടു. കോവിഡ് നിയന്ത്രണമാണു ലക്ഷ്യം. ഇതു കുറേ ലോഹ സംസ്കരണ ഫാക്ടറികളെ നിശ്ചലമാക്കി. ചൈനയിൽ ലോഹലഭ്യത കുറഞ്ഞതിനൊപ്പം ആവശ്യവും കുറഞ്ഞു. ചെമ്പുവില ടണ്ണിന് 7701 ഡോളറിലേക്കു താഴ്ന്നു. അലൂമിനിയം ഇന്നലെ 2300 ഡോളറായി ഇടിഞ്ഞു. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 2290- നു തൊട്ടു മുകളിലാണ് ഇപ്പോൾ വില. ടിൻ വില ഇന്നലെ എട്ടര ശതമാനം ഇടിഞ്ഞ് 21,600 ഡോളർ ആയി. ടിന്നും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയ്ക്കു തൊട്ടടുത്താണ്.

സ്വർണം 1700 ഡോളറിനു താഴാേട്ടു വീണു. ഇന്നലെ 1688-1710 ഡോളർ മേഖലയിലാണ് സ്വർണം കയറിയിറങ്ങിയത്. ഇന്നു രാവിലെ 1696-1698 ഡോളറിൽ വ്യാപാരം നടക്കുന്നു. പലിശ വർധനയുടെ സാധ്യത കൂടുമ്പോൾ സ്വർണം വീണ്ടും താഴും. ഡോളർ സൂചിക 20 വർഷത്തെ റിക്കാർഡിനു മുകളിൽ എത്തിയതും സ്വർണത്തെ ദുർബലമാക്കി.

കേരളത്തിൽ സ്വർണം പവന് ഇന്നലെ 400 രൂപ കുറഞ്ഞ് 37,200 രൂപയായി. ഇന്നും വില കുറയാനാണു സാധ്യത.

ഇന്നലെ രാവിലെ ഡോളർ ഉയർന്നെങ്കിലും മിനിറ്റുകൾക്കകം രൂപ തിരിച്ചു കയറി. 79.66 രൂപ വരെ ഉയർന്ന ഡോളർ പിന്നീട് 79.35 രൂപ വരെ ഇടിഞ്ഞു. വിദേശ നിക്ഷേപകർ തിരിച്ചു വന്നതും ക്രൂഡ് ഓയിൽ വില ഗണ്യമായി ഇടിഞ്ഞതുമാണ് രൂപയ്ക്കു കരുത്തായത്. പിന്നീടു വിദേശികൾ വിൽപന കൂട്ടിയതും ഡോളർ സൂചിക കയറിയതും ഡോളറിനെ79.51 രൂപയിലേക്ക് ഉയർത്തി ക്ലോസ് ചെയ്യിച്ചു. യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ തുടങ്ങിയ കറൻസികളെല്ലാം ഇന്നലെ ഡോളറിനു മുന്നിൽ ദുർബലമായി.

ഇന്നലെ ഡോളർ സൂചിക 109.98 എത്തി പുതിയ റിക്കാർഡ് കുറിച്ചു. ഇന്നു രാവിലെ 109.63 ലാണു സൂചിക. രൂപ കൂടുതൽ ദുർബലമാകാനാണു സാധ്യത.

വളർച്ച നിഗമനം താഴ്ത്തുന്നു

ഒന്നാം പാദത്തിലെ ജിഡിപി വളർച്ച പ്രതീക്ഷയിലും കുറവായത് 2022-23 ലെ വാർഷിക വളർച്ചയുടെ പ്രതീക്ഷ താഴ്ത്താൻ റേറ്റിംഗ് ഏജൻസികളെയും ബാങ്കുകളെയും പ്രേരിപ്പിച്ചു. റിസർവ് ബാങ്ക് 16.2 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്തു 13.5 ശതമാനമാണ് ഒന്നാം പാദ വളർച്ച. റിസർവ് ബാങ്ക് കണക്കാക്കിയ 7.2 ശതമാനം വാർഷിക വളർച്ച ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വളർച്ച നിഗമനം 7.5 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായിട്ടാണു കുറച്ചത്. രണ്ടാം പാദത്തിൽ 6.9%, മൂന്നിൽ 4.1%, നാലിൽ 4% എന്നിങ്ങനെയാണ് എസ്ബിഐയുടെ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് കണക്കാക്കുന്ന വളർച്ച. അമേരിക്കൻ ബാങ്കിംഗ് ഗ്രൂപ്പ് സിറ്റി എട്ടു ശതമാനത്തിൽ നിന്ന് 6.7 ശതമാനത്തിലേക്കു വളർച്ച നിഗമനം താഴ്ത്തി. ഗോൾഡ്മാൻ സാക്സ് 7.2 ൽ നിന്ന് ഏഴ് ആക്കിയപ്പോൾ റേറ്റിംഗ് ഏജൻസി മൂഡീസ് 8.8% -ൽ നിന്ന് 7.7 ശതമാനമായാണു വളർച്ച പ്രതീക്ഷ കുറച്ചത്.

നികുതിപിരിവിൽ വർധന, ബജറ്റിന് ആശ്വാസം

ജിഎസ്ടിയിലും പ്രത്യക്ഷ നികുതിയിലും ആശ്വാസകരമായ വിവരങ്ങളാണ് പുറത്തു വരുന്നത്. ബജറ്റിലെ കമ്മി പ്രതീക്ഷയിൽ ഒതുക്കാനോ അൽപം കുറയ്ക്കാനോ ഇതു സഹായമായേക്കും.

ഓഗസ്റ്റിലെ ജിഎസ്ടി പിരിവ് 28 ശതമാനം വർധിച്ച് 1.43 ലക്ഷം കോടി രൂപയായി. തുടർച്ചയായ ആറാം മാസമാണ് ജിഎസ്ടി 1.4 ലക്ഷം കോടിക്കു മുകളിലാകുന്നത്. ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും രൂക്ഷമായ വിലക്കയറ്റം ആണ് നികുതി പിരിവ് വർധിച്ചതിനു മുഖ്യ കാരണം. നികുതി അടയ്ക്കാൻ കൂടുതൽ നികുതിദായകർ തയാറാകുന്നതും കാരണമാണ്.

ജൂലൈയിലെ 1.49 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഓഗസ്റ്റിലെ പിരിവ് കുറഞ്ഞു. പായ്ക്കു ചെയ്ത ഭക്ഷ്യവസ്തുക്കൾക്കു നികുതി ചുമത്തിയിട്ടും പിരിവ് കുറവായതു സർക്കാരിൻ്റെ കണക്കുകൂട്ടലിനു വിപരീതമായി. ജനങ്ങളുടെ ഉപഭോഗം പ്രതീക്ഷയോളം വളർന്നില്ലെന്നാണ് ഇതു കാണിക്കുന്നത്.

ഓഗസ്റ്റ് 30 വരെയുള്ള പ്രത്യക്ഷനികുതി പിരിവ് 33 ശതമാനം വർധിച്ച് 4.8 ലക്ഷം കോടിയായി. ഈ പ്രവണത തുടർന്നാൽ ബജറ്റ് ലക്ഷ്യത്തേക്കാൾ കൂടുതൽ നികുതി പിരിവുണ്ടാകും.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel




T C Mathew
T C Mathew  
Related Articles
Next Story
Videos
Share it