Begin typing your search above and press return to search.
വീണ്ടും ചാഞ്ചാട്ടം, അനിശ്ചിതത്വം; വളർച്ചയിലെ നേട്ടം വിപണിയിൽ ഉണ്ടാകുമോ? വിദേശികൾ ഷോർട്ട് അടിക്കുന്നു; തൊഴിൽ കൂടിയപ്പോൾ പലിശപ്പേടി വർധിച്ചു;
പോയ ആഴ്ചയുടെ അനിശ്ചിതത്വത്തിന് ഈയാഴ്ചയും മാറ്റം കാണുന്നില്ല. തുടക്കത്തിലെ വലിയ വീഴ്ചയിൽ നിന്നു കഴിഞ്ഞയാഴ്ച സൂചികകൾ ഗണ്യമായി തിരിച്ചു കയറിയെങ്കിലും വിപണിയുടെ ക്ലോസിംഗ് സൂചനകൾ ഒട്ടും ആവേശകരമല്ല. ഇന്ത്യയിൽ നിർണായക തീരുമാനങ്ങളോ സാമ്പത്തിക സൂചകങ്ങളോ ഈയാഴ്ച പ്രതീക്ഷിക്കുന്നില്ല. അതു കൊണ്ടു തന്നെ ആഗാേള ചലനങ്ങളാകും വിപണിയെ നയിക്കുക.
വെള്ളിയാഴ്ച വലിയ കയറ്റിറക്കങ്ങൾക്കു ശേഷം യുഎസ് സൂചികകൾ ഒരു ശതമാനത്തിലധികം നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. പലിശപ്പേടിയാണു കാരണം. എന്നാൽ നാസ്ഡാക് ഒഴികെ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേട്ടത്തിലായി.നാസ്ഡാകിലെ ദൗർബല്യം ഐടി കമ്പനികളുടെ വിലയിലും പ്രതിഫലിക്കും. ഇന്നു യുഎസ് വിപണിക്ക് അവധിയാണ്.
ഇന്നു രാവിലെ ആഗോള സൂചനകൾ അത്ര പോസിറ്റീവ് അല്ല. ഓസ്ട്രേലിയൻ വിപണി രാവിലെ നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഏഷ്യൻ വിപണികൾ രാവിലെ സമ്മിശ്ര സൂചനകളാണു നൽകിയത്. ജപ്പാനിൽ ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ദക്ഷിണ കൊറിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ടു വീണ്ടും ഉയർന്നു. ഹോങ് കോങ്, ഷാങ്ഹായ് വിപണികൾ രാവിലെ നഷ്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ശനിയാഴ്ച 17,511-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,490 വരെ താഴ്ന്നിട്ട് തിരിച്ചു കയറി. വീണ്ടും 17,490-ലേക്കു വീണു. രാവിലെ ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിലായിരുന്നു. വിപണിഗതിയെപ്പറ്റിയുള്ള അനിശ്ചിതത്വം പ്രകടമായിരുന്നു. സെൻസെക്സ് 550 പോയിൻ്റ് കയറിയിറങ്ങിയിട്ട് 36.74 പോയിൻ്റ് (0.06%) നേട്ടത്തിൽ 58,803.33 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 167 പോയിൻ്റ് ചാഞ്ചാടിയിട്ട് 3.35 പോയിൻ്റ് ( 0.019%) നഷ്ടത്തിൽ 175,39.45 ൽ ക്ലോസ് ചെയ്തു.
നിഫ്റ്റി 17,700-നു മുകളിൽ കരുത്തോടെ കയറിയാൽ മാത്രമേ ശരിയായ മുന്നേറ്റം ഉണ്ടാകൂ എന്നാണു നിക്ഷേപ വിദഗ്ധർ പറയുന്നത്. ആ കയറ്റത്തിനു സാധ്യത പരിമിതമാണെന്ന് അവർ കരുതുന്നു. നിഫ്റ്റിക്ക് 17,465-ലും 17,385-ലും സപ്പോർട്ട് ഉണ്ട്. 17,630-ലും 17,720-ലും തടസങ്ങൾ പ്രതീക്ഷിക്കാം.
വിദേശികൾ ഷോർട്ട് കളിക്കുന്നു
വിദേശ നിക്ഷേപകർ 8.79 കോടി രൂപയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 668.74 കോടിയുടെ വിൽപന നടത്തി.
വിദേശികൾ സെപ്റ്റംബറിലെ ആദ്യ രണ്ടു ദിവസം കൊണ്ട് ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചത് 1535 കോടി രൂപയാണ്. ഓഗസ്റ്റിൽ അവർ 51,204 കോടി രൂപ ഇന്ത്യയിൽ നിക്ഷേപിച്ചതിനു പിന്നാലെയാണിത്.
വിദേശികൾ കഴിഞ്ഞ ആഴ്ച ഇൻഡെക്സ് ഫ്യൂച്ചേഴ്സിൽ വലിയ തോതിൽ വിൽപനക്കാരായി. നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും ആയി 85,000-ഓളം കോൺട്രാക്ടുകളാണ് ഷോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് തുടങ്ങിയ ശേഷം എടുത്തിട്ടുള്ള നാലാമത്തെ വലിയ ഷോർട്ട് പൊസിഷനാണിത്. വിപണിയെപ്പറ്റി അവർക്കു വിപരീത കാഴ്ചപ്പാടാണ് ഉള്ളതെന്നു സൂചിപ്പിക്കുന്നതാണിത്. നിക്ഷേപകർ വളരെ കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം 2.46 ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശികൾ പിൻവലിച്ചിരുന്നു. ജൂലൈ പകുതിക്കു ശേഷം അവർ തിരിച്ചു വന്നു. ആ തിരിച്ചുവരവ് നീണ്ടു നിൽക്കുമോ എന്ന് ഈ ആഴ്ചകളിൽ അറിയാനായേക്കും. അപ്പോഴേക്കു യുഎസ് പലിശഗതി സംബന്ധിച്ചു വ്യക്തതയും ലഭിക്കും.
ഒപെക് തീരുമാനം കാത്ത്ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുമ്പോഴാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. കോവിഡ് വ്യാപനം ചൈനയിലും മാന്ദ്യഭീതി പാശ്ചാത്യ രാജ്യങ്ങളിലും ഡിമാൻഡ് കുറച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ ഒപെക്, ഒപെക് പ്ലസ് യോഗങ്ങൾ ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കാൻ തീരുമാനിക്കുമോ എന്നാണ് ഇന്നു വിപണി ഉറ്റുനോക്കുന്നത്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 90 ഡോളറിനു താഴോട്ടു വരാത്തത് ഈ തീരുമാനം കാത്തിരിക്കുന്നതു കൊണ്ടാണ്. വെള്ളിയാഴ്ച 93 ഡോളറിലായിരുന്ന ബ്രെൻ്റ് ഇനം ക്രൂഡ് ഇന്ന് 94.6 ഡോളറിലേക്കു കയറിയതും ഇക്കാരണത്താലാണ്. ഒൻപതു ഡോളറിനു താഴോട്ടു വാരാന്ത്യത്തിൽ നീങ്ങിയ പ്രകൃതിവാതകവില തിരിച്ചു കയറി.
വ്യാവസായിക ലോഹങ്ങൾ താഴ്ച തുടരുകയാണ്. അലൂമിനിയം ഒരു വർഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ചെമ്പ് 7500 ഡോളറിനെ സമീപിച്ചു. മറ്റു ലോഹങ്ങളും വലിയ താഴ്ചയിലാണ്. ഇരുമ്പയിര് ടണ്ണിനു 956 ഡോളർ ആയി.
സ്വർണം വെള്ളിയാഴ്ച തിരിച്ചു കയറി. വ്യാപാരത്തിൻ്റെ ആദ്യ ഘട്ടത്തിൽ യുഎസ് പലിശയെ സംബന്ധിച്ചു ലഭിച്ച ആശ്വാസ സൂചന 1718 ഡോളറിലേക്കു സ്വർണവില ഉയർത്തി. പിന്നീട് 1712-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1708.5 ഡോളർ വരെ താഴ്ന്നിട്ട് 17 12-1714 ഡോളറിലേക്കു സ്വർണം കയറി. ഡോളർ സൂചിക ഉയർന്നു നിൽക്കുന്നതു സ്വർണത്തിൻ്റെ കയറ്റത്തിനു തടസമാണ്.
കേരളത്തിൽ ശനിയാഴ്ച സ്വർണം പവന് 200 രൂപ വർധിച്ച് 37,320 രൂപയായി.
രൂപ വെള്ളിയാഴ്ച ദുർബലമായി. 79.8 രൂപയിലേക്കു ഡോളർ കയറി.
ഇന്നു ഡോളർ സൂചിക 110.03 വരെ കയറിയിട്ട് താഴ്ന്ന് 109.89 ലാണ്.
സാമ്പത്തിക ശക്തി
ഇന്ത്യ യുകെയെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തി ആയതായി ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്തത് വിപണിയിൽ ഇന്നു ചെറിയ സന്തോഷം പകരാം. 2029 ൽ ഇന്ത്യയുടേതു മൂന്നാമത്തെ വലിയ ജിഡിപി ആകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണ വിഭാഗം കണക്കാക്കുന്നു. 2027-ൽ ജർമനിയെയും 2029 -ൽ ജപ്പാനെയും പിന്തള്ളിയാണ് ഈ നേട്ടം കൈവരിക്കുക.
ചൈനീസ് വായ്പാ ആപ്പുകൾക്കെതിരായ നീക്കത്തിൽ ചില പേയ്ടിഎം അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന റിപ്പോർട്ടുകൾ ഇന്നു വിപണിയെ ബാധിക്കാം.
തൊഴിൽ കൂടി, ആശങ്കയും
വെള്ളിയാഴ്ച അമേരിക്ക ഓഗസ്റ്റിലെ തൊഴിൽ കണക്കുകൾ പുറത്തുവിട്ടു. തുടർച്ചയായ 20-ാം മാസവും തൊഴിൽ സംഖ്യ കൂടി. കാർഷികേതര തൊഴിലുകളിലെ വർധന 3.15 ലക്ഷം. ഇതു പ്രതീക്ഷയേക്കാൾ കൂടുതലായി. തൊഴിലില്ലായ്മ 3.7 ശതമാനമായി. ഈ വർഷം ഇതുവരെ ജിഡിപി കുറയുകയാണെങ്കിലും തൊഴിൽ സംഖ്യ കൂടുന്നത് സമ്പദ്ഘടനയിൽ വളർച്ച ഉണ്ടെന്നു കാണിക്കുന്നു. ഇതു നൽകുന്ന സൂചന യുഎസ് ഫെഡ് ഈ മാസം 21-നു പലിശ നിരക്ക് 75 ബേസിസ് പോയിൻ്റ് കൂട്ടും എന്നാണ്. കുറഞ്ഞ പലിശ 2.25-2.50 ശതമാനത്തിൽ നിന്ന് 3.0- 3.25 ശതമാനമാക്കും എന്ന ആശങ്ക പ്രബലമായി. വെള്ളിയാഴ്ച തുടക്കത്തിൽ നേട്ടമുണ്ടാക്കിയ യുഎസ് ഓഹരി സൂചികകൾ പിന്നീട് രണ്ടര ശതമാനം ഇടിഞ്ഞത് ഇതിൻ്റെ ഫലമാണ്. ഒരു ശതമാനത്തിലധികം നഷ്ടത്തിലാണു യുഎസ് സൂചികകൾ ക്ലോസ് ചെയ്തത്. യുഎസ് ഡോളർ സൂചിക 109.6 ഡോളറിലേക്കു കയറുകയും ചെയ്തു.
വിപണി ഒരു കുമിള, അതു പൊട്ടും, മാന്ദ്യം കടുപ്പമാകും: വിദഗ്ധർ
ഓഹരിവിപണി ഒരു മഹാ കുമിളയിലാണെന്നും കുമിള പൊട്ടാറായെന്നും വിശ്രുത നിക്ഷേപകൻ ജെറെമി ഗ്രന്താം മുന്നറിയിപ്പ് നൽകുന്നു. ഈയിടെ വിപണിയിലുണ്ടായ കയറ്റം കരടിവിപണികളിൽ പതിവുള്ള റാലി മാത്രമാണ്. അതിൽ പ്രതീക്ഷയർപ്പിക്കരുത്. ഓഹരികൾ മുതൽ റിയൽ എസ്റ്റേറ്റ് വരെ കുമിളയിലാണെന്നും വലിയ തകർച്ച അനിവാര്യമാണെന്നും ഗ്രന്താം പറയുന്നു.
ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ധനശാസ്ത്ര പ്രഫസറായ നൂറിയൽ റൂബീനി കരുതുന്നത് കുറഞ്ഞ പലിശ അഞ്ചു ശതമാനത്തിലേക്ക് ഉയർത്തിയാലേ യുഎസ് വിലക്കയറ്റം താഴ്ത്തിയെടുക്കാനാവൂ എന്നാണ്. യുഎസ് ഫെഡ് നിരക്ക് അത്രയുമാക്കിയാൽ വിപണികൾ തകരും.കാരണം ഓഹരി - കടപ്പത്ര-പാർപ്പിട വിപണികളെല്ലാം കുറഞ്ഞ പലിശയ്ക്കു കിട്ടിയ വായ്പയുടെ മേലാണ് ഉയർന്നു നിൽക്കുന്നത്. അവ തകരുമ്പോൾ യുഎസ് സമ്പദ്ഘടന വേദനിപ്പിക്കുന്ന മാന്ദ്യത്തിലാകും. ഓഹരി വിപണി 35 ശതമാനം ഇടിയുമെന്നാണ് റൂബീനി പറയുന്നത്. സ്വർണവും റിയൽ എസ്റ്റേറ്റും പോലുള്ള ബദൽ ആസ്തികളിലേക്കു മാറാൻ അദ്ദേഹം നിർദേശിക്കുന്നു.
'റിച്ച് ഡാഡ്, പുവർ ഡാഡ് ' ഗ്രന്ഥകർത്താവ് റോബർട്ട് കിയോസാകിയുടെ വിലയിരുത്തലിൽ വിപണികൾ ചരിത്രത്തിലെ ഏറ്റവും വലിയ കുമിളയിലാണ്. അതിൻ്റെ അന്ത്യം അത്ര തന്നെ വലിയ തകർച്ചയിലാകും. ഓഹരികൾക്കൊപ്പം സ്വർണം, വെള്ളി, ബിറ്റ് കോയിൻ, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയും തകരുമെന്ന് കിയോസാകി പറയുന്നു. തകർച്ച തുടങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്. ഈ തകർച്ച നല്ല ഓഹരികളിൽ നിക്ഷേപം നടത്താൻ അവസരമായി ഉപയോഗിക്കാം. 2007-09 മഹാമാന്ദ്യ കാലത്ത് കടം വാങ്ങി റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചവർ വൻ നേട്ടമുണ്ടാക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസ് ഓഹരി വിപണി അടിത്തട്ടിൽ എത്തിയില്ലെന്നും ഈയിടത്തെ കയറ്റം മുന്നോട്ടു പോകാൻ കരുത്തുള്ളതല്ലെന്നും ബാങ്ക് ഓഫ് അമേരിക്ക റിസർച്ച് വിലയിരുത്തി. അവർ തയാറാക്കിയ ഒരു സൂചികയിലെ പത്തിൽ ആറു ഘടകങ്ങളും താഴ്ച ആയില്ലെന്നാണു കാണിച്ചത്. 2022 തുടങ്ങിയ ശേഷം നാസ്ഡാക് 25.7-ഉം എസ് ആൻഡ് പി 17.7 - ഉം ഡൗ ജോൺസ് 13.8 - ഉം ശതമാനം താഴ്ന്നിട്ടുണ്ട്. വിപണി ഇനിയും കാര്യമായി താഴേണ്ടതുണ്ടെന്നും അതിനു ശേഷമേ ശരിയായ ബുൾ മുന്നേറ്റം പ്രതീക്ഷിക്കാനുള്ളൂ എന്നും ബാങ്ക് ഓഫ് അമേരിക്ക പറയുന്നു.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ് ഇക്കണാേമിക്സ് പ്രഫസർ സ്റ്റീവ് ഹാങ്കെ പറയുന്നത് 2023-ൽ യുഎസ് കടുത്ത മാന്ദ്യത്തിൽ ആകും എന്നാണ്. വിലക്കയറ്റം 2023 കഴിഞ്ഞേ രണ്ടു ശതമാനത്തിലേക്കു താഴുകയുള്ളു എന്നും ഹാങ്കെ കരുതുന്നു.
1979-87-ൽ ഫെഡ് ചെയർമാൻ ആയിരുന്ന പോൾ വോൾക്കർ ചെയ്തതുപോലെ പലിശ വർധിപ്പിച്ചു കൊണ്ടേ ഇപ്പോഴത്തെ ചെയർമാൻ ജെറോം പവലിനു വിലക്കയറ്റം നിയന്ത്രിക്കാൻ പറ്റൂ എന്ന് മോർഗൻ സ്റ്റാൻലി ഏഷ്യയുടെ മുൻ ചെയർമാൻ സ്റ്റീഫൻ റോച്ച് പറഞ്ഞു. വോൾക്കർ വിലക്കയറ്റം താഴ്ത്തി. പക്ഷേ തൊഴിലില്ലായ്മ 10 ശതമാനത്തിലധികമായി. തുടർച്ചയായി രണ്ടു സാമ്പത്തിക മാന്ദ്യങ്ങൾ വന്നു. ഓഹരി വിപണി വലിയ തകർച്ചയിലായി. ഇപ്പോൾ തൊഴിലില്ലായ്മ മഹാമാരിക്കു മുമ്പുള്ള നിലയിലാണ്. തൊഴിൽ വർധന തുടരുന്നു. ഇതു മാറുമെന്നാണ് റോച്ച് വിലയിരുത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെൻ്റ് കമ്പനിയായ ബ്ലായ്ക്ക് റോക്കിൻ്റെ ചീഫ് ഇൻവെസ്മെൻ്റ് ഓഫീസർ റിക്ക് റീഡർ പറയുന്നത്, ഈ വർഷം കൊണ്ടു യുഎസ് ഫെഡ് നിരക്കുവർധന അവസാനിപ്പിക്കണം എന്നാണ്. ഇപ്പോൾ 2.25 -2.50 ശതമാനമാണു ഫെഡ് ഫണ്ട്സ് റേറ്റ്. ഇത് 3.50- 3.75 ശതമാനമാകുമ്പോൾ വർധന അവസാനിപ്പിക്കണം എന്ന് ചുരുക്കം. വിലക്കയറ്റം രണ്ടു ശതമാനത്തിലേക്കു താഴ്ത്താൻ ആ നിരക്ക് മതി എന്നു റീഡർ കരുതുന്നു. 2.4 ലക്ഷം കോടി ഡോളർ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് ബ്ലായ്ക്ക് റോക്ക്.
ഈ വിദഗ്ധരും മറ്റും മുമ്പു വിപണിഗതി ശരിയായി പ്രവചിച്ചു ശ്രദ്ധ നേടിയിട്ടുള്ളവരാണ്. എല്ലാവരുടെയും എല്ലാ പ്രവചനങ്ങളും ശരിയാകാറില്ല. എങ്കിലും ഈ ദിവസങ്ങളിൽ പല തരക്കാരായ ഈ വിദഗ്ധർ ഒരേ പോലെ പ്രവചിക്കുന്നതു കൊണ്ട് നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമായി തോന്നുന്നു. തകർച്ച പ്രവചിക്കുന്നതു ചിലർക്കു ഹരമാണ് എന്നും ഓർക്കുക.
Next Story
Videos