സൂചനകൾ പോസിറ്റീവ്; വളർച്ചയുടെ ആവേശം നീണ്ടു നിൽക്കുമോ? ഇന്ധന-ഊർജ വിപണികൾ ശ്രദ്ധാകേന്ദ്രം; പലിശപ്പേടി മാറുമോ?

ഏതാനും ദിവസങ്ങൾക്കു ശേഷം ഡോളർ സൂചിക താഴുകയും സ്വർണവില കയറുകയും ചെയ്യുന്ന ദിവസമാണിത്. യുഎസ് ഫെഡ് പലിശവർധനയുടെ കാര്യത്തിൽ കടുംപിടുത്തം കാണിക്കില്ലെന്ന സൂചനകളാണു കാരണം. ഈ ചിന്ത ഓഹരി വിപണിയിലേക്കു വ്യാപിച്ചാൽ ഓഹരികളിൽ വലിയ കുതിച്ചു കയറ്റം പ്രതീക്ഷിക്കാം.

ഇന്ധനവിലക്കയറ്റം വർധിപ്പിക്കുന്ന നടപടികൾ ഇന്നു പാശ്ചാത്യവിപണികളെ സ്വാധീനിക്കും. യൂറോപ്പിനുള്ള പ്രകൃതിവാതക വിതരണം പുനരാരംഭിക്കണമെങ്കിൽ ഉപരോധം നീക്കണമെന്ന റഷ്യൻ പ്രഖ്യാപനവും ഉൽപാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനവും സംബന്ധിച്ച പ്രതികരണം വിപണികളിൽ ഉണ്ടാകും. എങ്കിലും ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിലകളിൽ വലിയ കോളിളക്കം ഇന്നു പ്രതീക്ഷിക്കാനില്ല. യൂറോപ്പിൽ വാതകവില ഒരു മാസം കൊണ്ട് ഇരട്ടിയിലധികമായി.
ഇന്നലെ ഇന്ത്യൻ വിപണി വലിയ നേട്ടമുണ്ടാക്കി. സെൻസെക്സ് 59,000-നും നിഫ്റ്റി 17,600 നും മുകളിൽ കയറി. യൂറോപ്യൻ വിപണികൾ ഇന്നലെ രണ്ടു ശതമാനം ഇടിഞ്ഞു. യുറോ നിരക്ക് താഴ്ന്നു. പ്രകൃതിവാതക വിഷയമാണ് യൂറോപ്പിനെ അലട്ടിയത്. എന്നാൽ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയെ ലഭിച്ച ബ്രിട്ടനിൽ ഓഹരികൾ തിരിച്ചു കയറി. യുഎസ് വിപണി ഇന്നലെ അവധിയിലായിരുന്നു. ഇന്നു യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്.
ഓസ്ട്രേലിയൻ ഓഹരികളും ജപ്പാനിലേതടക്കം ഏഷ്യൻ രാജ്യങ്ങളിലെ ഓഹരികളും ഇന്നു രാവിലെ നേട്ടത്തിലാണ്. ചൈനീസ്, ഹോങ് കോങ് ഓഹരി വിപണികളും ഉയർച്ചയോടെ വ്യാപാരം തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,673-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,738-ലേക്കു കയറിയിട്ട് 17,710 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
സെൻസെക്സും നിഫ്റ്റിയും ഇന്നലെ നേട്ടത്തോടെ തുടങ്ങിയിട്ട് ക്രമമായി ഉയർന്നു. സെൻസെക്സ് 442.65 പോയിൻ്റ് (0.75%) ഉയർന്ന് 59,245.98 -ലും നിഫ്റ്റി 126.35 പോയിൻ്റ് (0.72%) ഉയർന്ന് 17,665.8 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.4 ശതമാനം മാത്രം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 1.2 ശതമാനം കയറി. മെറ്റൽ (1.67%), മീഡിയ (2.75%), ബാങ്ക് (0.98%), റിയൽറ്റി (0.89%) തുടങ്ങിയ മേഖലകൾ നല്ല ഉയർച്ച കാണിച്ചു.

ലയന റിപ്പോർട്ട് നിഷേധിച്ചു ഫെഡറൽ ബാങ്ക്

ഫെഡറൽ ബാങ്കിനെ കൊട്ടക് മഹീന്ദ്ര ബാങ്കിൽ ലയിപ്പിക്കാൻ ചർച്ച നടന്നെന്ന് സിഎൻബിസി ആവാസ് ചാനൽ റിപ്പോർട്ട് ചെയ്തത് ഇന്നലെ വിപണിയിൽ വലിയ ചലനമുണ്ടാക്കി. ഫെഡറൽ ബാങ്ക് ഓഹരി എട്ടു ശതമാനത്തിലേറെ ഉയർന്ന് 129.75 രൂപ വരെ എത്തി. ഫെഡറൽ ബാങ്ക് അധികൃതർ റിപ്പോർട്ട് നിഷേധിച്ച് കുറിപ്പ് ഇറക്കി. ഊഹാധിഷ്ഠിതമാണു റിപ്പോർട്ട് എന്നു പറഞ്ഞു. അതിനു ശേഷം വില 123.7 രൂപയിലേക്കു താഴ്ന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് പ്രതികരിച്ചില്ല. കൊട്ടകിൻ്റെ ഓഹരികൾ ആദ്യം രണ്ടു ശതമാനം ഉയർന്നിട്ട് താഴ്ന്നു. ക്ലോസിംഗ് നേട്ടം 0.83 ശതമാനം. 1300-ഓളം ശാഖകൾ ഉള്ള ഫെഡറൽ ബാങ്കിൽ പല സ്വകാര്യ ബാങ്കുകളും കണ്ണു വച്ചിട്ടുള്ളതാണ്. ബാങ്ക് ഓഹരി ഈ വർഷം 42 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.
വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 811.25 കോടിയുടെ വിൽപനക്കാരായി. സ്വദേശി ഫണ്ടുകൾ 533.77 കോടിയുടെ നിക്ഷേപം നടത്തി.
ഓഹരികൾ മുന്നേറ്റത്തിന് ഒരുങ്ങിയാണു നിൽക്കുന്നതെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 17,575-ലും 17,490-ലും സപ്പോർട്ട് ഉണ്ട്. 17,720-ലും 17,775- ലും തടസം പ്രതീക്ഷിക്കാം.
ക്രൂഡ് ഓയിൽ വില ഇന്നലെ ഉയർന്നു നിന്നു. ബ്രെൻ്റ് ഇനം 95.5 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ സമ്മിശ്ര ചിത്രമാണു നൽകിയത്. അലൂമിനിയം വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ (ടണ്ണിന് 2289 ഡോളർ) എത്തി. ചെമ്പ് ഈ വർഷത്തെ താഴ്ന്ന നിലയിൽ നിന്ന് ഒരു ശതമാനം കയറി 7652 ഡോളർ ആയി. ലെഡും 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്കു നീങ്ങി.
സ്വർണം ഇന്നലെ 1710-1717 ഡോളറിൽ കയറിയിറങ്ങി. ഇന്നു രാവിലെ ഡോളർ സൂചിക താഴ്ന്നപ്പോൾ സ്വർണം 1728 ഡോളർ വരെ ഉയർന്നു. പിന്നീട് 1719-1720 മേഖലയിലേക്കു താഴ്ന്നു. വില ചാഞ്ചാട്ടം തുടരുമെന്നാണു സൂചന.
രൂപ ഇന്നലെ അൽപം താണു. ഡോളർ 79.84 രൂപയിലേക്കു കയറി ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ 110.2 വരെ ഉയർന്നിട്ട് 109.53 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ തുടക്കത്തിൽ കയറിയെങ്കിലും പിന്നീടു 109.4 ലേക്കു താഴ്ന്നു.

റഷ്യ യൂറോപ്പിനു വാതകം നൽകില്ല; ഒപെക് ക്രൂഡ് ഉൽപാദനം കുറയ്ക്കും

അത്ര നല്ലതല്ലാത്ത ആഗാേള സൂചനകളാണ് ഇന്ന് ഊർജ - ഇന്ധന വിപണികളെ കാത്തിരിക്കുന്നത്. യൂറോപ്പിനുള്ള പ്രകൃതി വാതക വിതരണം നിർത്തിവച്ചതു മനഃപൂർവമാണെന്നു റഷ്യ വ്യക്തമാക്കി. തങ്ങൾക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കും വരെ വാതകം നൽകില്ലെന്നും റഷ്യ പറയുന്നു. ഇതേ തുടർന്നു യൂറോപ്പിൽ പ്രകൃതിവാതക വില അൽപം ഉയർന്നു. ജർമനി അടക്കം പല യൂറോപ്യൻ രാജ്യങ്ങളും വാതക റേഷനിംഗ് ആലാേചിക്കുന്നുണ്ട്. യുഎസിലും പശ്ചിമേഷ്യയിലും നിന്നു കൂടുതൽ പ്രകൃതിവാതകം എത്തിക്കാൻ യൂറോപ്പിനു കഴിയും. റഷ്യയിൽ നിന്നു വാങ്ങുന്ന വാതകത്തിൽ കുറേ ഭാഗം ചൈന യൂറോപ്പിനു നൽകുന്നുമുണ്ട്. റഷ്യൻ തീരുമാനത്തെ തുടർന്നു വലിയ ചലനങ്ങൾ ഉണ്ടാകാത്തതിനു കാരണം ഇതാണ്. യൂറോപ്പിലെ വാതകവില ഒരു മാസം കൊണ്ടു 150 ശതമാനം വർധിച്ചതാണ്.
ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഉൽപാദനം കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു. പ്രതിദിന ഉൽപാദനത്തിൽ ഒരു ലക്ഷം വീപ്പയുടെ കുറവാണു പ്രഖ്യാപിച്ചത്. റഷ്യയുടെ എതിർപ്പാണ് കുറയ്ക്കലിൻ്റെ തോതു ചെറുതാക്കാൻ കാരണം. വില ഉയർത്തി നിർത്തുക എന്നതാണു ലക്ഷ്യം. ഇതോടെ ബ്രെൻ്റ് ഇനം ക്രൂഡ് വില വീപ്പയ്ക്കു 96 ഡോളറിലേക്ക് കുതിച്ചു.
ഒപെകിൻ്റെ തീരുമാനം വിപണി ആശങ്കപ്പെട്ടിടത്തോളം വന്നില്ല. പ്രതിദിന ഉൽപാദനത്തിൽ നാലു ലക്ഷം വീപ്പയുടെ കുറവു വരെയാണു വിപണി ശങ്കിച്ചത്. ഒരു ലക്ഷം വീപ്പ ഒരു പ്രതീകാത്മക കുറയ്ക്കൽ മാത്രമായി കരുതാനാണു വിപണി ഉദ്ദേശിക്കുന്നത്.

വളർച്ചയുടെ കരുത്തു കാണിച്ച് ഇന്ത്യ സ്വന്തം വഴിയേ

ആഗോള പ്രവണതകളിൽ നിന്നു വിട്ടുമാറി സ്വന്തം വഴി തെളിക്കുകയായിരുന്നു ഇന്നലെ ഇന്ത്യൻ വിപണി. ചൈന ഒഴികെ മിക്ക വിദേശ വിപണികളും താഴ്ന്നപ്പോൾ ഇന്ത്യൻ വിപണി കുതിച്ചു - വിദേശ ഫണ്ടുകൾ വിൽപനക്കാരായിരുന്നിട്ടും.
യുകെയെ മറികടന്ന് ജിഡിപി വലുപ്പത്തിൽ അഞ്ചാം സ്ഥാനത്തായതും 2029-ൽ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടന ആകും എന്നതും ആഘോഷിക്കുകയായിരുന്നു വിപണി. ഇന്ത്യൻ വളർച്ചയിലെ ആഘാേഷത്തിന് ധനകാര്യ സ്ഥാപനങ്ങളും പിൻബലം നൽകി. ഈ കുതിപ്പ് തുടരാനാകുമോ എന്നതു തൽക്കാലം ചോദ്യമല്ല. ആഗോളതലത്തിൽ വിപണികൾ വലിയ തിരുത്തലിനു നീങ്ങുമ്പോൾ ഇന്ത്യക്കു മാത്രമായി വിട്ടു നിൽക്കാനാവില്ലെന്നു കരുതുന്നവർ ഏറെയുണ്ട്. മറിച്ച് വിദേശികൾ രണ്ടു ലക്ഷം കോടിയിൽ പരം രൂപ പിൻവലിച്ചപ്പോഴും വിപണിയെ ഉലയാതെ രക്ഷിക്കാൻ റീട്ടെയിൽ നിക്ഷേപകരും സ്വദേശി ഫണ്ടുകളും ഉണ്ടായിരുന്നു. അതു ചൂണ്ടിക്കാണിച്ച് ഈ വിപരീത നീക്കത്തിന് ഇനിയും തുടരാനാകുമെന്നു വിശദീകരിക്കുന്നവരും ഉണ്ട്.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



T C Mathew
T C Mathew  
Related Articles
Next Story
Videos
Share it