അന്തരീക്ഷം മാറി; യുഎസ് തകർച്ചയുടെ ആഘാതം ഇന്ത്യയിലും വരാം; പലിശ വർധന ഉയർന്ന തോതിലാകും; രൂപയ്ക്കും ഭീഷണി

വിപണിയിലെ അന്തരീക്ഷം മാറി. കുതിപ്പിനു പകരം തകർച്ചയുടെ ദിനങ്ങൾ മുന്നിൽ.

അമേരിക്കയിലെ ചില്ലറ വിലക്കയറ്റം ഓഗസ്റ്റിൽ അപ്രതീക്ഷിതമായി വർധിച്ചു. ഇതോടെ വിപണികൾ കോളിളക്കത്തിലായി. യുഎസിലെ നിർണായക പലിശ നിരക്കായ ഫെഡ് ഫണ്ട്സ് റേറ്റ് നിലവിലെ 2.25-2.50 ശതമാനത്തിൽ നിന്ന് 3.00- 3.25 ലേക്ക് അടുത്തയാഴ്ച കൂട്ടുമെന്ന് ഉറപ്പായി. ചിലപ്പോൾ അതിലും കൂടിയ വർധന ഉണ്ടാകാനും സാധ്യത എന്നു വിപണി കരുതുന്നു.
ഫലം? യൂറോപ്യൻ വിപണികൾ ഒന്നര ശതമാനം ഇടിഞ്ഞു. യുഎസ് വിപണി അഞ്ചു ശതമാനത്തോളം തകർച്ചയിലായി. കടപ്പത്രപലിശകൾ കൂടുമെന്നു കാണിച്ച് അവയിലെ നിക്ഷേപനേട്ടം (yield) കുതിച്ചുയർന്നു. ഡോളർ സൂചിക വീണ്ടും റിക്കാർഡ് നിലയിലെത്തി. യൂറോ വീണ്ടും ഡോളറിനു താഴെയായി. സ്വർണവും വെള്ളിയും ഇടിഞ്ഞു.
ഇന്നു രാവിലെ ഓസ്ട്രേലിയ മുതൽ ചൈന വരെയുള്ള വിപണികൾ ചോരപ്പുഴയുടെ ആശങ്കയിലാണ്. രണ്ടര ശതമാനം വരെ താഴ്ന്നാണ് ജപ്പാനിൽ വ്യാപാരം തുടങ്ങിയത്. പിന്നീട് താഴ്ച അൽപം കുറഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,138 വരെ കയറിയത് 17,731ലേക്ക് ഇടിഞ്ഞാണു ക്ലോസ് ചെയ്തത്.ഇന്നു രാവിലെ 17,800 ലേക്കു കയറിയിട്ട് 17,750 നു താഴേക്കു വീണു. ഇന്ത്യൻ വിപണി നല്ല താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ വ്യാപാരം തുടങ്ങി കൂടുതൽ ഉയർന്നു ക്ലോസ് ചെയ്ത ഇന്ത്യൻ സൂചികകൾ ഇന്ന് വലിയ തകർച്ചയാണ് അഭിമുഖീകരിക്കുന്നത്. യുഎസ് വിപണിക്കു ശേഷം ബ്രസീലിലെ വിപണി രണ്ടു ശതമാനത്തിലധികം താഴ്ന്നാണു ക്ലോസ് ചെയ്തത്. ഓസ്ട്രേലിയൻ മാർക്കറ്റ് തുടങ്ങിയതു തന്നെ ഒന്നര ശതമാനം തകർച്ചയോടെയാണ്. ജപ്പാനിൽ നിക്കൈ രണ്ടര ശതമാനം താഴ്ന്നു തുടക്കമിട്ടു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക രണ്ടു ശതമാനവും ചൈനയിലെ ഷാങ്ഹായ് സൂചിക ഒരു ശതമാനവും താഴ്ന്നു.
അഞ്ചു ദിവസം തുടർച്ചയായി നേട്ടമുണ്ടാക്കിയ ഇന്ത്യൻ വിപണി ഇന്നലെ ബുളളിഷ് സൂചനകളോടെയാണു ക്ലോസ് ചെയ്തത്. എന്നാൽ മുഖ്യസൂചികകളുടെ കരുത്തു കുറഞ്ഞതിൻ്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. സെൻസെക്സ് 60,600-നു മുകളിൽ എത്തിയിട്ട് താഴ്ന്നാണ് അവസാനിച്ചത്. നിഫ്റ്റി 18,100 ലേക്ക് ഉയരാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ചൊവ്വാഴ്ച നേട്ടത്തോടെ തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു കൂടുതൽ കയറുകയായിരുന്നു. സെൻസെക്സ് 455.95 പോയിൻ്റ് (0.76%) ഉയർന്ന് 60,571.08-ലും നിഫ്റ്റി 133.7 പോയിൻ്റ് (0.75%) ഉയർന്ന് 18,070-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.16% വീതമേ ഉയർന്നുള്ളൂ. വിൽപന സമ്മർദമായിരുന്നു കാരണം.
വിദേശ നിക്ഷേപകർ ഇന്നലെയും ആവേശത്തോടെ പണമിറക്കി. ക്യാഷ് വിപണിയിൽ 1956.98 കോടിയുടെ നിക്ഷേപമാണു വിദേശികൾ നടത്തിയത്. സ്വദേശി ഫണ്ടുകൾ 1268.43 കോടിയുടെ ഓഹരികൾ വിറ്റു.
വിപണി മുന്നേറ്റം തുടരുമെന്നാണ് സാങ്കേതിക വിശകലനക്കാർ ഇന്നലെ വിലയിരുത്തിയത്. നിഫ്റ്റിക്കു 18,100-18,150 മേഖലയിൽ തടസം പ്രതീക്ഷിച്ചു. 18,025 ലും 17,890-ലും സപ്പോർട്ടും കണക്കാക്കി. ഇന്ന് ഈ നിഗമനങ്ങൾ തിരുത്തേണ്ടി വരും.
മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ്, ധനകാര്യ, ബാങ്കിംഗ്, എഫ്എംസിജി മേഖലകൾ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. ഐടി സൂചിക നേരിയ തോതിൽ താണു. റിയൽറ്റിയിലും ക്ഷീണമായിരുന്നു.

ഐടി യിൽ ആശങ്ക

ഇന്നലെ നാസ്ഡാക് സൂചിക തകർന്നത് ഇന്ന് ഇന്ത്യൻ ഐടി കമ്പനികളെയും വലിച്ചു താഴ്ത്തിയേക്കാം. സാമ്പത്തികമാന്ദ്യം ഏറ്റവും കൂടുതൽ ബാധിക്കുക ഐടി മേഖലയെ ആണെന്നാണു ചിലരുടെ വിലയിരുത്തൽ. ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികൾ പോലും ജോലിക്കാരെ കുറയ്ക്കുകയും ശമ്പളച്ചെലവ് കുറയ്ക്കാൻ നടപടികൾ എടുക്കുകയും ചെയ്യുന്നുണ്ട്. എൻഎസ്ഇയിലെ ഐടി സൂചിക 2022-ൽ ഇതുവരെ 24 ശതമാനം താഴ്ന്നാണു നിൽക്കുന്നത്.

ക്രൂഡ് ചാഞ്ചാടി

ക്രൂഡ് ഓയിൽ വില ഇന്നലെയും ചാഞ്ചാടി. ഡോളറിൻ്റെ കയറ്റിറക്കങ്ങൾ മുതൽ പലിശ നിരക്കു സംബന്ധിച്ച ആശങ്ക വരെ പല കാരണങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ ബ്രെൻ്റ് ഇനം ക്രൂഡ് 95.3 ഡോളർ വരെ ഉയർന്നിട്ടു താണു. ഇന്ന് 93.24 ഡോളറിലാണ് ബ്രെൻ്റ് ക്രൂഡ്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഉയർന്നു. ഡോളർ ഇന്നലെ ദുർബലമായിരുന്നതും ചൈനീസ് പാർപ്പിട മേഖലയിൽ ചില്ലറ ഉണർവ് കണ്ടതും കാരണമായി. ചെമ്പ് ടണ്ണിന് 8230 ഡോളറിലേക്കു കയറി -വർധന 2.55 ശതമാനം. അലൂമിനിയം ഒരു ശതമാനം ഉയർന്ന് 2313 ഡോളറിലെത്തി. സിങ്ക്, നിക്കൽ, ടിൻ തുടങ്ങിയവ രണ്ടര മുതൽ ആറുവരെ ശതമാനം കയറി. ഉയർന്ന വിലകൾ ഇന്നു സമ്മർദത്തിലായേക്കും.

സ്വർണം ഇടിവിൽ; പക്ഷേ...

സ്വർണം വീണ്ടും തകർച്ചയിലായി. 1733 ഡോളറിലായിരുന്ന സ്വർണം യുഎസിലെ ചില്ലറ വിലക്കയറ്റം ഉയർന്നതായ റിപ്പോർട്ടിനെ തുടർന്നു കുത്തനേ ഇടിയുകയായിരുന്നു. 1696 ഡോളർ വരെ താഴ്ന്നിട്ട് 1706 ൽ ഇന്നലെ വ്യാപാരം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 1698- 1700 ഡോളറിലായി വ്യാപാരം.
കേരളത്തിൽ സ്വർണവില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടർന്നു. പവന് 37,400 രൂപ.ഈ ദിവസങ്ങളിൽ ഡോളർ താഴ്ന്നതും സ്വർണത്തിൻ്റെ രാജ്യാന്തരവില ചെറിയ മേഖലയിൽ കറങ്ങിയതുമാണു കാരണം. ഇന്നു വിലയിൽ മാറ്റം പ്രതീക്ഷിക്കാം. ഡോളർ കയറുന്നതിനാൽ വിദേശത്തെ തോതിൽ ഇവിടെ സ്വർണവില കുറയാനിടയില്ല.
ഡോളർ സൂചിക ഇന്നലെ 107.68 വരെ താഴ്ന്നതും വിദേശ നിക്ഷേപകർ രാജ്യത്തു പണം നിക്ഷേപിക്കുന്നതും രൂപയെ ബലപ്പെടുത്തി. ഡോളർ ഇന്നലെ 79.03 രൂപ വരെ താഴ്ന്നിട്ട് 79.14 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു ഡോളർ സൂചിക ഗണ്യമായി ഉയർന്നിട്ടുള്ളതു രൂപയ്ക്കു ക്ഷീണമാകാനാണു സാധ്യത. രാവിലെ 110 വരെ കയറിയ സൂചിക പിന്നീടു 109.82 ആയി.

വിലക്കയറ്റത്തിൽ പ്രതീക്ഷകൾ തെറ്റി

അമേരിക്കയിലെ ചില്ലറ വിലക്കയറ്റം ഓഗസ്റ്റിൽ അൽപം കുറയും എന്നാണു വിപണി പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അൽപം കൂടുകയാണു ചെയ്തത്. ഓഗസ്റ്റിലെ വിലക്കയറ്റം വാർഷികാടിസ്ഥാനത്തിൽ 8.3 ശതമാനം. ഇതു ജൂലൈയിൽ 8.5 ശതമാനമായിരുന്നു. ജൂണിൽ 9.1-ഉം. ഓഗസ്റ്റിലെ നിരക്ക് 8.1 ശതമാനമായി കുറയുമെന്ന കണക്കുകൂട്ടലാണു തെറ്റിയത്. മാത്രമല്ല, ജൂലൈയെ അപേക്ഷിച്ചു വിലകളിൽ 0.1 ശതമാനം കയറ്റം ഉണ്ടാകുകയും ചെയ്തു.
വിലക്കയറ്റ പ്രവണതയിൽ മാറ്റമില്ലെന്നാണ് ഇതിൻ്റെ അർഥം. ഭക്ഷ്യവിലക്കയറ്റം 1979- നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 11.4 ശതമാനത്തിൽ എത്തി. വൈദ്യുതി വിലക്കയറ്റം 1981-നു ശേഷമുള്ള റിക്കാർഡായ 15.8 ശതമാനത്തിലും. ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 6.3 ശതമാനത്തിലേക്കു കയറി.

പലിശവർധന എത്രയാകും?

ഇതെല്ലാം സൂചിപ്പിക്കുന്നത് യുഎസ് കേന്ദ്ര ബാങ്ക് (ഫെഡ്) ഉയർന്ന തോതിൽ പലിശ നിരക്കു വർധിപ്പിക്കും എന്നാണ്. അടുത്തയാഴ്ച ഫെഡ് കുറഞ്ഞ പലിശ നിരക്ക് 75 ബേസിസ് പോയിൻ്റ് വർധിപ്പിച്ച് 2.25% ൽ നിന്ന് മൂന്നു ശതമാനമാക്കും എന്ന കാര്യത്തിൽ വിപണിക്ക് ഇപ്പോൾ സംശയമില്ല. മാത്രമല്ല ഒരു പക്ഷേ വർധന 100 ബേസിസ് പോയിൻ്റ് ആക്കുമാേ എന്നും വിപണി സംശയിക്കുന്നു. നവംബറിലും ഡിസംബറിലും കൂടി പലിശ വർധന ഉണ്ടാകും എന്നതും ഇപ്പോൾ ഉറപ്പായി.
പലിശ കൂടുന്നതു സാമ്പത്തിക മാന്ദ്യത്തിലേക്കു യുഎസിനെ തള്ളിവിടും എന്നു ഫെഡ് മേധാവികളും സമ്മതിക്കുന്നുണ്ട്. കുറേ കാലത്തേക്കു വേദന സഹിക്കാതെ തരമില്ലെന്നാണ് ഏതാനും ദിവസം മുമ്പ് ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞത്. വിലക്കയറ്റം രണ്ടു ശതമാനം എന്ന ലക്ഷ്യത്തിൽ എത്തുംവരെ പലിശനിരക്ക് ഉയർത്തി നിർത്തും എന്നും പവൽ പറഞ്ഞിരുന്നു. 1970-കളിൽ വിലക്കയറ്റം വേണ്ടത്ര താഴും മുൻപ് പലിശനിരക്ക് താഴ്ത്തിയതു മൂലം ഉണ്ടായ ദുരിതം പവൽ ചൂണ്ടിക്കാട്ടി.

ഇന്ത്യക്കും വെല്ലുവിളി

അമേരിക്ക പലിശനിരക്ക് വീണ്ടും കൂട്ടുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു വെല്ലുവിളിയാകും. പലിശ നിരക്കിൽ വലിയ അന്തരം വരുന്നത് വിദേശനിക്ഷേപം മടങ്ങിപ്പോകാനും രൂപയുടെ വില താഴാനും കാരണമാകാം. അതൊഴിവാക്കാൻ സമാന്തരമായി നിരക്കു കൂട്ടാൻ മറ്റു രാജ്യങ്ങൾ നിർബന്ധിതമാകും.
ഇന്ത്യ നിരക്കുവർധനയുടെ തോത് കുറയ്ക്കാൻ ആലോചിക്കുന്ന സമയമാണിത്. ധനമന്ത്രിയും മറ്റും നിരക്ക് വർധന മിതപ്പെടുത്തണമെന്നു പരസ്യമായിത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ച ഇടിയാതിരിക്കാനാണ് ഗവണ്മെൻ്റ് ശ്രമിക്കുന്നത്. പക്ഷേ ആ വഴിക്കു നീങ്ങുമ്പോൾ വേറേ പ്രശ്നങ്ങൾ ഉണ്ടാകും. അതിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് യുഎസ് ഫെഡിൻ്റെ നീക്കം.

വളർച്ച കുറയും

പലിശനിരക്കു കൂടുന്നതു സാമ്പത്തിക വളർച്ചയെ ബാധിക്കും എന്ന ഭീതിയാണ് യുഎസിലും മറ്റു രാജ്യങ്ങളിലും ഓഹരികളെ ഇടിവിലാക്കുന്നത്. ഈ ഇടിവ് ഒറ്റ ദിവസം കൊണ്ടു തീരുന്നതല്ല എന്നു വിപണി ഭയപ്പെടുന്നു. പല നിക്ഷേപ വിദഗ്ധരും വലിയ തിരുത്തൽ വരാനിരിക്കുന്നു എന്ന മുന്നറിയിപ്പ് ഈയിടെ ആവർത്തിച്ചിരുന്നു.
ഇന്നലെ ഡൗ ജോൺസ് സൂചിക 1276 പോയിൻ്റ് (3.94%) ഇടിഞ്ഞ് 31,105 ലും നാസ്ഡാക് സൂചിക 633 പോയിൻ്റ് (5.16%) തകർന്ന് 11,634 ലും ക്ലോസ് ചെയ്തു. എസ് ആൻഡ് പി 178 പോയിൻ്റ് (4.32%) ഇ ടിങ്ങ് 3933 ലെത്തി. 2020 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണു യുഎസ് സൂചികകൾക്ക് ഉണ്ടായത്. ഇന്ത്യൻ വിപണി ഇതേ തോതിലുള്ള വീഴ്ച പ്രതീക്ഷിക്കുന്നില്ല.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it