Begin typing your search above and press return to search.
ആശ്വാസറാലിയിലേക്കു വിപണി; ഐടി കമ്പനികൾക്ക് എന്തു പറ്റി? വിദേശികൾ വീണ്ടും വിൽപനയിൽ; മാരുതി എത്ര വരെ കയറും?
വലിയ തകർച്ചയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ആവേശകരമായ ഒരു ക്ലോസിംഗാണു കാഴ്ച വച്ചത്. തുടക്കത്തിൽ സെൻസെക്സ് 1100 പോയിൻ്റ് ഇടിഞ്ഞെങ്കിലും താമസിയാതെ നഷ്ടം ചെറുതാക്കി. ക്ലോസിംഗിന് ഒരു മണിക്കൂർ മുൻപ് വിപണി സൂചികകൾ ചെറിയ നേട്ടത്തിലായി. എങ്കിലും വീണ്ടും താഴ്ന്ന് 0.37 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടക്കത്തിലേക്കാൾ ഗണ്യമായി ഉയർന്ന ക്ലോസിംഗ് എന്ന നിലയിൽ ഇതു വ്യാഴാഴ്ച വിപണിയെ മുന്നേറ്റത്തിനു സഹായിക്കുമെന്നാണു വിലയിരുത്തൽ.
ഇന്നലെ ഏഷ്യൻ വിപണികൾ വലിയ നഷ്ടം കാണിച്ചതിനു പിന്നാലെ യൂറോപ്യൻ സൂചികകൾ ഒന്നര ശതമാനത്തോളം ഇടിഞ്ഞു. വിലക്കയറ്റം പിടിതരാതെ ഉയരുന്നതാണു യൂറോപ്പിൻ്റെ വിഷയം.
യുഎസ് വിപണി പലതവണ കയറിയിറങ്ങിയിട്ട് ഒടുവിൽ ചെറിയ നേട്ടത്തോടെ അവസാനിച്ചു. ഡൗ ജോൺസ് 0.1 ശതമാനം ഉയർന്നു. എസ് ആൻഡ് പി 0.34 ശതമാനവും നാസ്ഡാക് 0.74 ശതമാനവും കയറി. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ ഉയർച്ച കാണിക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ചെറിയ നേട്ടത്തോടെ തുടങ്ങി. എന്നാൽ വ്യാപാരം പുരോഗമിച്ചപ്പോൾ നേട്ടം കുറഞ്ഞു. ചൈനീസ് വിപണിയും അൽപം ഉയർന്ന് വ്യാപാരമാരംഭിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,985-ലേക്കു താഴ്ന്നാണു ക്ലോസ് ചെയ്തത്. ഇന്നു സൂചിക 18,055 ലേക്കു കയറി. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന. ഒരു ചെറിയ ആശ്വാസറാലിയാണു ബ്രോക്കറേജുകൾ പ്രതീക്ഷിക്കുന്നത്.
ഇന്നലെ സെൻസെക്സ് തുടക്കത്തിൽ നിന്ന് 1232 പോയിൻ്റ് ഉയർന്നിട്ടാണ് ചെറിയ നഷ്ടത്തോടെ ക്ലോസ് ചെയ്തത്. നിഫ്റ്റി 320 പോയിൻ്റ് തിരിച്ചു കയറിയ ശേഷം അൽപം താഴ്ന്ന് അവസാനിച്ചു. സെൻസെക്സ് നഷ്ടം 224 പോയിൻ്റ് (0.37%). ക്ലോസിംഗ് 60,346.97 ൽ. നിഫ്റ്റി നഷ്ടം 66.2 പോയിൻ്റ് (0.37%). ക്ലോസിംഗ് 18,003.8 ൽ.
ബാങ്ക്, ധനകാര്യ, മെറ്റൽ, മീഡിയ സൂചികകളാണ് ഇന്നലെ നേട്ടം ഉണ്ടാക്കിയത്. എസ്ബിഐയുടെ വിപണിമൂല്യം അഞ്ചുലക്ഷം കോടി രൂപയ്ക്കു മുകളിലേക്ക് കയറി.
ഐടി സൂചിക 3.36 ശതമാനം ഇടിഞ്ഞു. റിയൽറ്റി, ഫാർമ, ഓയിൽ - ഗ്യാസ്, ഹെൽത്ത്, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹന മേഖലകൾ വലിയ നഷ്ടത്തിലായി.
കുറേ ദിവസങ്ങൾക്കു ശേഷം വിദേശ നിക്ഷേപകർ ഇന്നലെ വിൽപനക്കാരായി. ക്യാഷ് വിപണിയിൽ അവർ 1397.51 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 187.58 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബുളളിഷ് ആണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റിക്ക് 17,825 ലും 17,635 ലും സപ്പോർട്ട് ഉണ്ട്. 18,140-ലും 18,275 ലും തടസം പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയിൽ വില 92 ഡോളറിനു മുകളിൽ കയറിയിറങ്ങുന്നു. ബ്രെൻ്റ് ഇനം ഇന്നലെയും 95 ഡോളർ വരെ ഉയർന്നിട്ടു താഴ്ന്നു. 94.4 ഡോളറിലാണ് ഇന്നു രാവിലെ.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഇടിവിലായിരുന്നു. ചെമ്പുവില നാലര ശതമാനം ഇടിഞ്ഞ് 7862 ഡോളറിലെത്തി. അലൂമിനിയം രണ്ടു ശതമാനം താഴ്ന്നപ്പോൾ ടിന്നും നിക്കലും നാലു ശതമാനത്തോളം ഇടിഞ്ഞു. വിപണി ഇന്നു ചാഞ്ചാടാനാണു സാധ്യത.
സ്വർണം വീണ്ടും താഴ്ചയിലോട്ടു നീങ്ങി. ഇന്നലെ 1693-1707 ഡോളർ മേഖലയിൽ കയറിയിറങ്ങിയ മഞ്ഞലോഹത്തിൻ്റെ വ്യാപാരം ഇന്നു രാവിലെ 1696-1698 ഡോളറിൽ നടക്കുന്നു.
കേരളത്തിൽ സ്വർണം പവന് 280 രൂപ കുറഞ്ഞ് 37,120 രൂപയായി. ഇന്നു വീണ്ടും കുറഞ്ഞേക്കും.
രൂപ ഇന്നലെ ദുർബലമായി. രാവിലെ 79.6 രൂപയിൽ വ്യാപാരം തുടങ്ങിയ ഡോളർ ഒടുവിൽ 79.44 രൂപയിൽ ക്ലോസ് ചെയ്തു. ഡാേളറിനു 30 പൈസ നേട്ടം.
ഡോളർ സൂചിക ഇന്നു രാവിലെ 109.7 ലാണ്. രൂപയുടെ നിരക്കിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല.
മാരുതിക്കു വിലലക്ഷ്യം 10,500 രൂപ
മാരുതി സുസുകിയുടെ വില ലക്ഷ്യം 10,500 രൂപയിലേക്ക് ഉയർത്തിക്കൊണ്ട് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പുതിയ വിശകലന റിപ്പാർട്ട് പുറത്തുവിട്ടു. ഇലക്ട്രിക് വാഹനങ്ങളും എസ് യുവികളും മാരുതിയുടെ വിപണി പങ്കാളിത്തം ആറു ശതമാനത്തോളം കൂട്ടുമെന്ന് അവർ വിലയിരുത്തി.
മൊത്തവിലക്കയറ്റം അൽപം കുറഞ്ഞു
മൊത്തവില സൂചിക ആധാരമാക്കിയുള്ള ഓഗസ്റ്റിലെ വിലക്കയറ്റം 12.4 ശതമാനമാണെന്ന് ഇന്നലെ പുറത്തിറക്കിയ കണക്കുകൾ കാണിക്കുന്നു.11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ജൂലൈയിൽ 13.93 ശതമാനമായിരുന്നു. എങ്കിലും തുടർച്ചയായ 17-ാം മാസവും ഇരട്ടയക്കത്തിലാണു വിലക്കയറ്റം എന്നത് ആശ്വാസം ഇല്ലാതാക്കുന്നു. പ്രധാനമായും ഭക്ഷ്യ- കാർഷിക വസ്തുക്കളുടെ വിലക്കുറവാണു മൊത്തവിലകളെ താഴ്ത്തിയത്. എങ്കിലും ഭക്ഷ്യ വിലക്കയറ്റം 12.37 ശതമാനമായി കൂടി. ഫാക്ടറി ഉൽപന്നങ്ങൾ അടക്കമുള്ളവയുടെ വിലക്കയറ്റത്തിൽ ആശ്വാസകരമായ മാറ്റം ഉണ്ട്. അതു തുടരുമോ എന്നു വ്യക്തമല്ല..
അമേരിക്കയിലെ മൊത്ത വിലക്കയറ്റം ഓഗസ്റ്റിൽ 8.7 ശതമാനമായി കുറഞ്ഞു. പക്ഷേ, ഇതിൽ ആശ്വാസകരമായ കാര്യങ്ങൾ കുറവാണ്. ഭക്ഷ്യ- ഇന്ധന വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 7.3 ശതമാനമായി വർധിച്ചു. ഇതു ചില്ലറ വിലക്കയറ്റത്തിൽ വർധനയ്ക്കു കാരണമാകും.
കയറ്റുമതി വളർച്ച വീണ്ടും കുറയുന്നു
ഓഗസ്റ്റിലെ കയറ്റുമതിവർധന കുറഞ്ഞു. ഉൽപന്ന കയറ്റുമതിലെ വർധന (3392 കോടി ഡോളർ) 1.62 ശതമാനം മാത്രം. ഇറക്കുമതി 37.3 ശതമാനം കുതിച്ച് 6190 കോടി ഡോളർ ആയി. ഇതോടെ വാണിജ്യ കമ്മി (2798 കോടി ഡോളർ) ഇരട്ടിയിലേറെയായി.
ജൂലൈയിൽ ഉൽപന്ന കയറ്റുമതി 2.14 ശതമാനം വർധിച്ചതാണ്. ഏപ്രിൽ- ഓഗസ്റ്റ് കാലയളവിലെ വർധന 17.68 ശതമാനം വരും. അടുത്ത മാസങ്ങളിൽ കയറ്റുമതിവർധനയുടെ തോതു കൂടാൻ സാധ്യത കുറവാണ്. കയറ്റുമതി സംഘടനകളുടെ ഫെഡറേഷൻ (ഫീയോ) 2022-23 ലെ കയറ്റുമതി വളർച്ച 12 ശതമാനമാകുമെന്നാണു കണക്കാക്കുന്നത്. ആഗാേള വാണിജ്യ വളർച്ചയിൽ വരുന്ന ഇടിവാണു കാരണം.
പാശ്ചാത്യ മാന്ദ്യവും ഇന്ത്യൻ ഐടി യും
ആഗോള വിപണികളിൽ നിന്നു വേറിട്ടാണ് ഇന്ത്യൻ വിപണി നീങ്ങുന്നത് എന്നു തോന്നിക്കുന്ന വിധമാണ് ഇന്നലെ ഇന്ത്യൻ വിപണി പ്രവർത്തിച്ചത്. അമേരിക്കയിലും പല ഏഷ്യൻ രാജ്യങ്ങളിലും കണ്ടതുപോലുള്ള തകർച്ച ഇന്ത്യൻ വിപണിയിൽ ഉണ്ടായില്ല. എങ്കിലും വിദേശ വിപണികളുടെ സ്വാധീനം തീരെ കുറഞ്ഞു എന്നു പറയാനുമാവില്ല. ഐടി അടക്കം വിദേശ ഫണ്ടുകൾ തഴയുന്ന മേഖലകൾ വലിയ തകർച്ചയിലാണ്. അതേ സമയം ബിസിനസിനു പാശ്ചാത്യ വിപണിയെ ആശ്രയിക്കാത്ത മേഖലകളിൽ സ്വതന്ത്രമായ പ്രവർത്തനവും കാണാം. ബാങ്കുകളും ധനകാര്യ കമ്പനികളും മെറ്റൽ കമ്പനികളും ഉദാഹരണം.
ഐടി കമ്പനികൾ ബിസിനസിനും വരുമാനത്തിനും യുഎസ്, യൂറോപ്യൻ വിപണികളെയാണു പ്രധാനമായി ആശ്രയിക്കുന്നത്. ഇൻഫോസിസ് ടെക്നോളജീസിൻ്റെ വരുമാനത്തിൽ 61 ശതമാനം വടക്കേ അമേരിക്കയിലും 25 ശതമാനം യൂറോപ്പിലും നിന്നാണ്. ടിസിഎസിന് വടക്കും തെക്കും അമേരിക്കകൾ വരുമാനത്തിൻ്റെ 55 ശതമാനം നൽകുന്നു. യൂറോപ്പിൽ നിന്നാണു 30 ശതമാനം വരുമാനം. അമേരിക്കയിലും യൂറോപ്പിലും മാന്ദ്യമുണ്ടായാൽ ഈ കമ്പനികളുടെ വരുമാനം ഇടിയും.
പാശ്ചാത്യ രാജ്യങ്ങൾ മാന്ദ്യത്തിലേക്കോ വളർച്ച മുരടിപ്പിലേക്കോ ആണു നീങ്ങുന്നതെന്ന് മാസങ്ങളായി വ്യക്തമായിരുന്നു. ഐടി കമ്പനികൾ തന്നെ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വൈകിച്ചും റിക്രൂട്ട്മെൻ്റ് കുറച്ചും ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിച്ചത് ഭാവിയെപ്പറ്റി സൂചന നൽകുന്നതായിരുന്നു. 2022-ൽ പ്രമുഖ ഐടി കമ്പനി ഓഹരികൾക്കുണ്ടായ ക്ഷീണവും മറ്റൊന്നല്ല സൂചിപ്പിച്ചത്. എൻഎസ്ഇയുടെ ഐടി സൂചിക ജനുവരി മുതൽ ഈ മാസം വരെ 27.3 ശതമാനം ഇടിഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. ഡിസംബർ 31-ന് 38,701ലായിരുന്ന സൂചിക ഇന്നലെ 28,137.7 ആയി.
പ്രമുഖ ഐടി ഓഹരികൾ ഇന്നലെയും ഈ വർഷവും കണ്ട ഇടിവ് ശതമാനത്തിൽ:
കമ്പനി ഇന്നലെ ഈ വർഷം
ഇൻഫോസിസ് 4.5 21.6
എൽ ആൻഡ് ടി ടെക് 4.3 34.2
കോഫോർജ് 3.8 38.8
ടിസിഎസ് 3.4 16.6
എൽ ആൻഡ് ടി ഇൻഫോടെക് 3.3 37
എംഫസിസ് 2.9 38.1
ടെക് മഹീന്ദ്ര 2.9 37.7
മൈൻഡ് ട്രീ 2.8 31.4
എച്ച്സിഎൽ ടെക് 2.4 29
വിപ്രോ 1.5 41.4
ഗോൾഡ്മാൻ സാക്സ് പ്രമുഖ ഐടി കമ്പനികളുടെ വിലലക്ഷ്യം താഴ്ത്തിയും ചിലവയെ വിൽപന പട്ടികയിലേക്കു മാറ്റിയും വിശകലന റിപ്പോർട്ട് പുറത്തിറക്കിയതും ഇന്നലെ വിപണിയെ സ്വാധീനിച്ചു. നേരത്തേ ജെപി മോർഗനും ഇന്ത്യൻ ഐടിയെ താഴ്ത്തിയാണു റിപ്പോർട്ട് തയാറാക്കിയത്. ഓഗസ്റ്റിൽ 640 കോടി ഡോളർ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിച്ച വിദേശികൾ ഐടി കമ്പനികളിൽ മുടക്കിയത് അഞ്ചു കോടി ഡോളർ മാത്രമായിരുന്നു.
Next Story
Videos