ആകുലതകൾ വീണ്ടും; പലിശപ്പേടിയോടെ വാരാന്ത്യത്തിലേക്ക്; വളർച്ച കുറയുന്നതിലും ആശങ്ക; ഐടി ദൗർബല്യം തുടരുന്നു

ആഗോള ആകുലതകളും സ്വദേശി ആശങ്കകളും ചേർന്നപ്പോൾ ഓഹരികൾക്കു താഴോട്ടു വഴി തുറന്നു. ഒരു ആശ്വാസറാലിക്കു തയാറെടുത്ത വിപണി തുടക്കത്തിലെ നേട്ടങ്ങൾ കൈവിട്ട് താഴ്ചയിലായി. ഇന്ത്യയുടെ വളർച്ചപ്രതീക്ഷ താഴ്ത്തിയ റേറ്റിംഗ് ഏജൻസി റിപ്പോർട്ടും വിദേശത്തെ ആശങ്കകളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും പ്രതിവാര സെറ്റിൽമെൻ്റും വിപണിയെ ബാധിച്ചു. ഇന്നും വിപണി താഴോട്ടു നീങ്ങുമെന്നാണു സൂചന. ക്രൂഡ് ഓയിൽ, സ്വർണം തുടങ്ങിയവയും വിലത്തകർച്ചയിലാണ്.

യൂറാേപ്യൻ വിപണികളും ഇന്നലെ താഴ്ചയിലാണ് അവസാനിച്ചത്. യുഎസ് വിപണി ചാഞ്ചാട്ടങ്ങൾക്കു ശേഷം ഗണ്യമായ താഴ്ചയിൽ അവസാനിച്ചു. തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള അപേക്ഷകൾ പ്രതീക്ഷയിലും കുറവായത് തൊഴിൽ വിപണിയിലെ വളർച്ചയെ കാണിച്ചു. തൊഴിൽ കൂടുന്നു. ഇതു പലിശ വർധനയുടെ തോതു കൂട്ടാൻ യുഎസ് ഫെഡിന് പ്രേരണയാകും.ഈ ചിന്ത ഓഹരികളെ താഴ്ത്തി. ഡൗ ജോൺസ് 0.56 ശതമാനം താണ് 31,000-നു കീഴെയായി. നാസ്ഡാക് 1.43 ശതമാനം ഇടിഞ്ഞു.
യുഎസ് ഫ്യൂച്ചേഴ്സ് കൂടുതൽ താഴ്ചയിലേക്കു വിരൽ ചൂണ്ടി. ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ഡൗ 0.46 ശതമാനവും നാസ്ഡാക് 0.64 ശതമാനവും താഴ്ചയിലാണ്. ഇതാേടെ ഈയാഴ്ച യുഎസ് വിപണി ജൂണിനു ശേഷമുള്ള ഏറ്റവും മോശം തകർച്ചയിലാകും. ഈയാഴ്ച ഇതുവരെ ഡൗ സൂചിക 3.7 ശതമാനവും നാസ്ഡാക് 4.62 ശതമാനവും ഇടിവിലാണ്.
ഇതിൻ്റെ തുടർച്ചയായി ഏഷ്യൻ ഓഹരികളും ഇന്നു താഴോട്ടാണ്. ജപ്പാനിലെ നിക്കൈ ചെറിയ താഴ്ചയിൽ തുടങ്ങിയിട്ട് കൂടുതൽ ഇടിഞ്ഞു. ചൈനീസ് സൂചികകളും രാവിലെ താഴ്ന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,764 വരെ താഴ്ന്നിട്ട് 17,793-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 17,775- ൽ എത്തി. ഇന്ത്യൻ വിപണി താഴ്ചയാേടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
തലേന്നത്തേക്കാൾ ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷമാണ് ഇന്നലെ ഇന്ത്യൻ വിപണി ഇടിഞ്ഞത്. സെൻസെക്സ് തുടക്കത്തിൽ 330 പോയിൻ്റ് കയറി 60,676 വരെ എത്തി. പിന്നീടായിരുന്നു തകർച്ച. സെൻസെക്സ് 412.96 പോയിൻ്റ് (0.68%) ഇടിഞ്ഞ് 59,934.01 ലും നിഫ്റ്റി 126.35 പോയിൻ്റ് (0.7%) താണ് 17,877.4 ലും ക്ലോസ് ചെയ്തു.
ഐടി, മെറ്റൽ ഓഹരികൾ ഇന്നലെ വലിയ താഴ്ചയിലായി. ഐടിയിൽ നിന്നു പിൻവലിക്കുന്ന പണം ബാങ്ക് ഓഹരികളിലേക്കാണു പലരും മാറ്റുന്നത്. റബർ വിലയിലെ ഇടിവും യൂറോപ്പിൽ നിന്നു ടയർ ഡിമാൻഡ് കൂടിയതും ടയർ കമ്പനികളുടെ ലാഭം വർധിപ്പിക്കുമെന്ന വിലയിരുത്തലിലാണു നിക്ഷേപകർ. അപ്പോളോ ടയേഴ്സ് ആറര ശതമാനവും എംആർഎഫ് എട്ടു ശതമാനവും ഉയർന്ന് 52 ആഴ്ചയിലെ കൂടിയ നിലയിലായി. എംആർഎഫ് 93,887 രൂപ വരെ കയറി. സിയറ്റ് 20 ശതമാനവും ജെകെ ടയർ 17.5 ശതമാനവും ഉയർന്നു.
ഈ ദിവസങ്ങളിൽ വിപണി 17,700-18,100 മേഖലയിൽ കയറിയിറങ്ങുമെന്നു ചാർട്ടുകൾ വിശകലനം ചെയ്യുന്നവർ കണക്കാക്കുന്നു. നിഫ്റ്റിക്ക് 17,795-ലും 17,710-ലും ഇന്നു സപ്പോർട്ട് ഉണ്ടാകും. ഉയരുമ്പോൾ 18,025 -ലും 18,180-ലും തടസം പ്രതീക്ഷിക്കുന്നു.
വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ ഇന്നലെ 1270.68 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും വലിയ വിൽപനക്കാരായി. 928.86 കോടിയുടെ ഓഹരികളാണ് അവർ വിറ്റത്.
ക്രൂഡ് ഓയിൽ ഡിമാൻഡ് അടുത്ത മാസം മുതൽ കുറയുമെന്ന് അന്താരാഷ്ട്ര എനർജി ഏജൻസി (ഐഇഎ) റിപ്പോർട്ട് ചെയ്തത് വിലയിടിച്ചു. ബ്രെൻ്റ് ക്രൂഡ് നാലു ശതമാനത്തോളം താണ് 90.8 ഡോളറിൽ എത്തി. ഇന്നു രാവിലെ 91.05 ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ സമ്മിശ്ര ചിത്രമാണു നൽകിയത്. ചെമ്പ്, ടിൻ, നിക്കൽ തുടങ്ങിയവ ഒന്നു മുതൽ രണ്ടു വരെ ശതമാനം താഴ്ന്നു. അലൂമിനിയം രണ്ടു ശതമാനത്തോളം ഉയർന്നു.
പലിശ വർധനയെപ്പറ്റിയുള്ള ആശങ്കയിൽ സ്വർണം വലിയ തകർച്ചയിലായി. 1660 ഡോളർ വരെ താഴ്ന്നു. ഇന്നു രാവിലെ 1664- 1665 ഡോളറിലാണു വ്യാപാരം. വില ഇനിയും താഴാമെന്നാണ് അഭ്യൂഹം.
കേരളത്തിൽ ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 36,960 രൂപയായി. ഇന്നു വിലയിൽ ഗണ്യമായ ഇടിവ് പ്രതീക്ഷിക്കാം.
രൂപയ്ക്ക് ഇന്നലെ ക്ഷീണമായിരുന്നു. ഡോളർ 26 പൈസ നേട്ടത്തിൽ 79.70 രൂപയിൽ ക്ലോസ് ചെയ്തു.
ഇന്നലെ ഡോളർ സൂചിക ചെറിയ കയറ്റിറക്കങ്ങൾ മാത്രമേ നടത്തിയുള്ളു. ഇന്നു രാവിലെ സൂചിക വീണ്ടും കയറ്റത്തിലായി. കയറ്റം തുടർന്നാൽ രൂപക്ഷീണത്തിലാകും.

ഉയർന്ന പലിശ ദീർഘകാലം തുടരുമെന്ന് ഭീതി

പലിശ സംബന്ധിച്ച തീരുമാനത്തിൻ്റെ തീയതി അടുത്തു വരുംതോറും വിപണികളിൽ ആശങ്ക വളരുകയാണ്. പലിശ കൂടുമെന്നു മാത്രമല്ല ദീർഘനാളത്തേക്ക് ഉയർന്നു നിൽക്കുകയും ചെയ്യും എന്ന തിരിച്ചറിവ് കൂടുതൽ ആശങ്കാജനകമായി. അടുത്ത ബുധനാഴ്ച യുഎസ് ഫെഡ് കുറഞ്ഞ പലിശ മൂന്നോ മൂന്നേകാലോ ശതമാനമാക്കും എന്നതു വിപണി ഉൾക്കൊണ്ടു കഴിഞ്ഞു. പക്ഷേ, നവംബർ ആദ്യവും ഡിസംബറിലും ഉയർന്ന തോതിൽ നിരക്കു വർധന പ്രതീക്ഷിക്കാം എന്നതാണു വിഷമം കൂട്ടുന്നത്. 2023 ആദ്യം നാലു ശതമാനം എന്നായിരുന്ന കണക്കുകൂട്ടൽ ഇപ്പോൾ നാലര ശതമാനത്തിലേക്കു വർധിച്ചു. അടുത്ത വർഷം നിരക്കു കുറയുന്ന കാര്യം പ്രതീക്ഷിക്കേണ്ട എന്നാണു ഫെഡ് നൽകുന്ന സൂചന. വിലക്കയറ്റം രണ്ടു ശതമാനത്തിലേക്കു താഴ്ത്തുന്നതു വരെ അയവില്ലെന്നാണ് ഫെഡ് ചെയർമാൻ ജെറോം പവൽ പറയുന്നത്. 1970 കളിൽ വിലകൾ താഴും മുമ്പ് പലിശ നിരക്കു താഴ്ത്തിയത് വിലക്കയറ്റം കുതിച്ചുയരാൻ കാരണമായതു ഫെഡ് അധികൃതർ ഒന്നിലധികം തവണ ഓർമിപ്പിച്ചത് വെറുതേയല്ല.
ഇന്ത്യയിൽ റിസർവ് ബാങ്കിൻ്റെ പലിശ തീരുമാനം ഈ മാസം 30-നാണ്. ഇപ്പോൾ 5.4 ശതമാനമാണു റീപോ നിരക്ക്. നേരത്തേ നാലു ശതമാനമായിരുന്നു. വർഷാവസാനത്തോടെ ഇത് ആറു ശതമാനമാക്കും എന്നാണ് ഇപ്പോഴത്തെ നിഗമനം.എന്നാൽ യുഎസ് നിരക്കു വർധന ഉയർന്ന തോതിലാകുമ്പോൾ റിസർവ് ബാങ്കിനും ആ വഴി പോകേണ്ടി വരും എന്നു പലരും കരുതുന്നു. അതായതു റീപോ നിരക്ക് ആറു ശതമാനത്തേക്കാൾ കൂടുതലാകും.
വാണിജ്യ ബാങ്കുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ റിസർവ് ബാങ്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശയാണ് റീപോ നിരക്ക്. അതിലെ മാറ്റം ബാങ്കിംഗിലെ മറ്റു നിരക്കുകളെയെല്ലാം ബാധിക്കും.
പലിശ നിരക്ക് കൂടുമ്പാേൾ സംരംഭങ്ങൾക്കു ലാഭക്ഷമത കുറയും. ഉയർന്ന പലിശയിൽ മൂലധന നിക്ഷേപവും കുറയും. പലിശ കൂടുമ്പോൾ ജനങ്ങൾ ഉപഭോഗവും കുറയ്ക്കും. ഇങ്ങനെ പല തരത്തിൽ സമ്പദ്ഘടന ക്ഷീണത്തിലാകും. ജിഡിപി വളർച്ച കുറയും.

വളർച്ച നിഗമനം താഴ്ത്തി ഫിച്ച്

2022-23ലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച റേറ്റിംഗ് ഏജൻസി ഫിച്ചിൻ്റെ വിലയിരുത്തൽ പ്രതീക്ഷിച്ചതു പോലെ തന്നെ വന്നു. 7.8 ശതമാനമായിരുന്ന ജിഡിപി വളർച്ച പ്രതീക്ഷ ഏഴു ശതമാനമാക്കി. 2023-24 ലെ ജിഡിപി വളർച്ച നിഗമനം 7.4 ൽ നിന്ന് 6.7 ശതമാനമായും താഴ്ത്തി.
ഏപ്രിൽ-ജൂൺ പാദത്തിലെ വളർച്ചയുടെ കണക്ക് പുറത്തു വന്നപ്പോൾ മുതൽ വിവിധ ഏജൻസികൾ നിരക്കു പ്രതീക്ഷ താഴ്ത്തുന്നതാണ്.
അടുത്ത മാസമാണ് ഐഎംഎഫും ലോകബാങ്കും പുതിയ അർധവാർഷിക വിലയിരുത്തൽ പുറത്തുവിടുക. നവംബർ അവസാനം രണ്ടാം പാദ ജിഡിപിയുടെ കണക്കുകൾ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിടും.അതിനു ശേഷം വിവിധ ഏജൻസികൾ തങ്ങളുടെ വിലയിരുത്തൽ പരിഷ്കരിക്കും.
വിവിധ ഏജൻസികൾ 2022-23 ലെ വളർച്ചയെപ്പറ്റി നടത്തിയിട്ടുള്ള നിഗമനങ്ങൾ ഇങ്ങനെ. ബ്രായ്ക്കറ്റിൽ മുൻ നിഗമനം. എല്ലാം ശതമാനത്തിൽ.
റിസർവ് ബാങ്ക് 7.2 (7.8)
ഐഎംഎഫ് 7.4 (8.2)
ലോകബാങ്ക് 7.5 (8.0)
എസ് ആൻഡ് പി 7.3 (7.8)
ഫിച്ച് 7.0 (7.8)
മൂഡീസ് (2022വർഷം)7.7 (8.8)
വളർച്ച നിരക്ക് 7.5 ശതമാനത്തിനു മുകളിലാകുമെന്നാണു ഗവണ്മെൻ്റ് പ്രകടിപ്പിച്ചിരുന്ന പ്രതീക്ഷ. അതു സാധ്യമാകില്ലെന്നാണ് ഈ നിഗമനങ്ങളെല്ലാം കാണിക്കുന്നത്.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it