ചാഞ്ചാട്ടത്തിനു ശേഷം വിപണികളിൽ നേട്ടം; പലിശയിലെ അനിശ്ചിതത്വം മാറുന്നില്ല; സിമൻ്റിൽ തേരോട്ടത്തിന് അഡാനി; ബിർല വിയർക്കും

ആഗാേള വിപണികളിൽ വലിയ കയറ്റിറക്കങ്ങൾ നടന്ന ഇന്നലെ പൊതുവേ നേട്ടത്തോടെയാണു സൂചികകൾ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വിപണികൾ നല്ല ആവേശത്തോടെ വ്യാപാരം തുടങ്ങുകയും ചെയ്തു. പലിശ വിഷയത്തിലെ വലിയ ആശങ്കകൾക്കു വിപണി അവധി നൽകുന്നു എന്നു വേണം കരുതാൻ.

എങ്കിലും വിപണി അനിശ്ചിതത്വം കൈവിട്ടിട്ടില്ല. യുഎസ് ഫെഡിൻ്റെ പലിശ തീരുമാനം നാളെ രാത്രി വരും വരെ അതു തുടരും.
യൂറോപ്യൻ വിപണികൾ ഇന്നലെ കയറിയിറങ്ങിയ ശേഷം ചെറിയ നേട്ടത്തിലാണു ക്ലോസ് ചെയ്തത്. യുഎസ് വിപണി താഴ്ചയിലോട്ടു പോയിട്ട് വ്യാപാരത്തിൻ്റെ അവസാന മണിക്കൂറിലാണു നേട്ടത്തിലായത്. ഡൗ ജോൺസ് സൂചിക 0.64 ശതമാനം ഉയർന്നു 31,000-നു മുകളിലെത്തി. എസ് ആൻഡ് പി ഉയർന്നെങ്കിലും 3900-ലേക്കു കയറി ക്ലോസ് ചെയ്യാനായില്ല. നാസ്ഡാക് 0.76 ശതമാനം ഉയർന്നു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഓസ്ട്രേലിയയിലും ജപ്പാനിലും സൂചികകൾ ഒരു ശതമാനത്തിലധികം ഉയരത്തിലാണു വ്യാപാരം തുടങ്ങിയത്. പക്ഷേ, പിന്നീടു നേട്ടം കുറഞ്ഞു. നിക്കൈ സൂചിക അര ശതമാനത്തിൽ താഴെ മാത്രം നേട്ടത്തിലായി. ചൈനീസ് വിപണിയും ചെറിയ ഉയർച്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,745-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,764 ലേക്കു കയറി. പിന്നീടു താണു. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വിദേശ പ്രവണതകൾക്കു വിപരീതമായാണ് ഇന്നലെ ഇന്ത്യൻ വിപണി നീങ്ങിയത്. ജപ്പാനിലും ചൈനയിലുമെല്ലാം ഓഹരി സൂചികകൾ താഴ്ന്നപ്പോൾ ഇന്ത്യൻ സൂചികകൾ ഉയർന്നു. സെൻസെക്സ് 300 പോയിൻ്റ് (0.51%) ഉയർന്ന് 59,141.25 ലും നിഫ്റ്റി 91.5 പോയിൻ്റ് (0.52%) ഉയർന്ന് 17,622-ലും ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകൾ, വാഹന -എഫ്എംസിജി കമ്പനികൾ തുടങ്ങിയവയാണ് ഇന്നലെ നേട്ടത്തിനു മുന്നിൽ നിന്നത്. റിയൽറ്റിയും മെറ്റൽ കമ്പനികളും ഇടിഞ്ഞു.
വിദേശ നിക്ഷേപകർ വിൽപനത്തിരക്കിൽ നിന്നു മാറി ചെറിയ തോതിൽ വാങ്ങലുകാരായി. 312.31 കോടി രൂപയുടെ ഓഹരികൾ അവർ വാങ്ങി.സ്വദേശി ഫണ്ടുകൾ 94.68 കോടിയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റിക്ക് 17,480- ലും 17,330-ലും സപ്പോർട്ട് ഉണ്ടെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഉയരുമ്പോൾ 17,710-ലും 17,810-ലും തടസം പ്രതീക്ഷിക്കാം. നിഫ്റ്റി 17,450-നു താഴോട്ടു നീങ്ങിയാൽ 17,100- 17,000 മേഖല വരെ പോകുമെന്നാണു വിലയിരുത്തൽ.
ക്രൂഡ് ഓയിൽ ഇന്നലെ ഗണ്യമായി താഴ്ന്നിട്ടു തിരിച്ചു കയറി. ബ്രെൻ്റ് ഇനം 89.8 ഡോളർ വരെ താഴ്ന്നതാണ്. ഇന്നു രാവിലെ തിരികെ 92.3 ഡോളറിൽ എത്തി. കയറ്റം താൽക്കാലികമാണെന്നാണു നിഗമനം.
വ്യാവസായിക ലോഹങ്ങൾ പൊതുവേ താഴോട്ടാണ്. ചെമ്പും അലൂമിനിയവും ടിന്നും ഒന്നു മുതൽ നാലുവരെ ശതമാനം താഴ്ന്നു.
സ്വർണം വീണ്ടും കയറി. ഡോളർ സൂചിക താഴാേട്ടു നീങ്ങിയതാണു കാരണം. ഇന്നലെ 1659 ഡോളർ വരെ കുറഞ്ഞ സ്വർണ വില ഇന്നു രാവിലെ 1680 വരെ കയറിയിട്ടു താഴ്ന്നു. 1674-1676 ഡോളറിലാണ് രാവിലെ വ്യാപാരം.
കേരളത്തിൽ ഇന്നലെ സ്വർണം പവന് 80 രൂപ കുറഞ്ഞ് 36,680 രൂപയായി. ഇന്നു വില ഉയരും.
രൂപ ഇന്നലെ ചാഞ്ചാടി. തുടക്കത്തിൽ താഴ്ന്ന രൂപ പിന്നീട് ഉയർന്നു. പക്ഷേ ഒടുവിൽ ചെറിയ നഷ്ടത്തിലായി. ഡോളർ 79.77 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നലെ 110.18 വരെ ഉയർന്ന ഡോളർ സൂചിക ഇന്നു രാവിലെ 109.55 ലാണ്.

പലിശഗതിയും അഭ്യൂഹങ്ങളും

പലിശഗതി സംബന്ധിച്ച അഭ്യൂഹങ്ങളാണ് ഇപ്പോൾ വിപണിയെ നയിക്കുന്നത്. യുഎസ് ഫെഡ് ഫണ്ട്സ് റേറ്റ് എന്ന താക്കോൽ നിരക്ക് 3.8 ശതമാനം വരെ കുറയുമെന്നാണു ജൂണിൽ ഫെഡ് സൂചിപ്പിച്ചത്. ഇപ്പോൾ വിപണിയുടെ നിഗമനം ആ നിരക്ക് 4.5 ശതമാനമാകും എന്നാണ്. അതിൻ്റെ ആശങ്ക ഇന്ത്യൻ വിപണിയിലേക്കു വരാനിരിക്കുന്നതേ ഉള്ളൂ. മാർച്ച് വരെ 0.0- 0.25 ശതമാനമായിരുന്നു ഫെഡ് ഫണ്ട്സ് റേറ്റ്. നാലു തവണയായി അതു 2.25-2.50 ശതമാനമാക്കി. നാളെ ഇതു 3.00- 3.25 ശതമാനത്തിലേക്ക് ഉയർത്തും എന്നാണു പൊതു നിഗമനം. 3.25-3.50 ലേക്കു നിരക്കു കയറ്റിയാൽ വിപണിയിൽ വലിയ പ്രത്യാഘാതം പ്രതീക്ഷിക്കാം. നാളെ ഇന്ത്യൻ സമയം രാത്രി 11.30നാണ് ഫെഡ് ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്ഒഎംസി) യുടെ തീരുമാനം പ്രഖ്യാപിക്കുക.
യുഎസിലും യൂറോപ്പിലും മറ്റു രാജ്യങ്ങളിലും ഏകോപിച്ചു നടത്തുന്ന പലിശ വർധന സാമ്പത്തിക മാന്ദ്യത്തിലേക്കു ലോകത്തെ നയിക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകി. ഡിമാൻഡ് കുറയ്ക്കാൻ പലിശ നിരക്ക് കൂട്ടുകയല്ല ഉൽപാദനം വർധിപ്പിച്ചു വില കുറയ്ക്കാൻ ശ്രമിക്കുകയാണു വേണ്ടതെന്ന് ബാങ്ക് പ്രസിഡൻ്റ് ഡേവിഡ് മൽപാസ് പറഞ്ഞു.

ഇന്ത്യാ സിമൻ്റ്സിലും നുവോകോയിലും കണ്ണുവച്ച് അഡാനി

എസിസിയും അംബുജയും ഏറ്റെടുത്തു കൊണ്ട് സിമൻ്റ് ബിസിനസിൽ പ്രവേശിച്ച ഗൗതം അഡാനി ആ മേഖലയിൽ ഒന്നാം സ്ഥാനം കൈയടക്കാൻ നീക്കം തുടങ്ങി. ഇപ്പോൾ കുമാർ മംഗളം ബിർലയുടെ അൾട്രാടെക് ആണ് സിമൻ്റ് ബിസിനസിൽ ഒന്നാമത്. ശേഷി വർഷം 12 കോടി ടൺ. എസിസിക്കും അംബുജയ്ക്കും കൂടി ശേഷി 6.7 കോടി ടൺ. അഞ്ചു വർഷം കൊണ്ട് ഗ്രൂപ്പിൻ്റെ സിമൻ്റ് ശേഷി ഇരട്ടിപ്പിക്കാൻ 20,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് അഡാനി ഉദ്ദേശിക്കുന്നത്. വായ്പ കൂടി ചേർത്താൽ ആ തുക 60,000 കോടി ആകും. അതു കൊണ്ടു കമ്പനികൾ പിടിച്ചടക്കാം. ഇന്ത്യാ സിമൻ്റസ് (ശേഷി ഒന്നര കോടി ടൺ), നുവോകോ (2.5 കോടി ടൺ), സാംഘി എൻ്റർപ്രൈസസ് (60 ലക്ഷം ടൺ) എന്നിവ സ്വന്തമാക്കാൻ അഡാനി ശ്രമിക്കും എന്നാണു വിപണി കരുതുന്നത്. ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തേക്കാൾ ആദായകരം കമ്പനികളെ ഏറ്റെടുക്കലാണെന്ന് അഡാനി കണക്കാക്കുന്നു.
ഏതായാലും ഈ മൂന്നു കമ്പനികളുടെയും എസിസി, അംബുജ എന്നിവയുടെയും ഓഹരിവില ഈ ദിവസങ്ങളിൽ ഗണ്യമായി വർധിച്ചു. ഇന്ത്യാ സിമൻ്റ്സ് വില ഇന്നലെ 10 ശതമാനം ഉയർന്നു. അഞ്ചു ദിവസം കൊണ്ട് 20 ശതമാനവും ഒരു മാസം കൊണ്ട് 45 ശതമാനവും കുതിപ്പാണ് ഇന്ത്യാ സിമൻറ്സിനുണ്ടായത്. സാംഘി ഓഹരി ഇന്നലെ അഞ്ചു ശതമാനം കയറി. നുവോകോ വിസ്താസ് ഇന്നലെ 13.42 ശതമാനം കുതിച്ചു. അഞ്ചു ദിവസം കൊണ്ടു 19.6 ശതമാനവും ഒരു മാസം കൊണ്ട് 36 ശതമാനവും ഉയർന്നതാണ് ഈ ഓഹരി.
മറ്റു സിമൻ്റ് കമ്പനികളുടെയും വില ഉയർന്നിട്ടുണ്ട്. കേസാേറാം, മംഗളം തുടങ്ങിയവയും ഏറ്റെടുക്കൽ ലക്ഷ്യമാകാൻ സാധ്യതയുണ്ട്. വിപണിയിലെ ഒന്നാം സ്ഥാനം നിലനിർത്താൻ കുമാർ മംഗളം ബിർല ഏറെ വിയർപ്പൊഴുക്കേണ്ടി വരും.

മക് ലിയോഡ് റസലിനെ ഏറ്റെടുക്കാൻ നീക്കം

പ്രമുഖ തേയില ഉൽപാദകരായ മക് ലിയാേഡ് റസൽ കമ്പനി ഏറ്റെടുക്കൽ ഭീഷണിയിൽ. കാർബൺ റിസോഴ്സസ് എന്ന കമ്പനിയാണ് അപ്രതീക്ഷിത നീക്കം തുടങ്ങിയത്. ഗ്രാഫൈറ്റ് ഇലക്ട്രോഡ് പേസ്റ്റ്, കാൽസൈൻഡ് പെട്രോളിയം കോക്ക് തുടങ്ങി ലോഹ വ്യവസായങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നിർമിക്കുന്ന കമ്പനിയാണ് കാർബൺ റിസാേഴ്സസ്. രാജ്യത്തെ ഏറ്റവും വലിയ തേയില ഉൽപാദകരാണ് ഖേതാൻ ഗ്രൂപ്പിലെ മക് ലിയോഡ് റസൽ. വിപണിയിൽ നിന്ന് അഞ്ചു ശതമാനത്തിലധികം ഓഹരി വാങ്ങിയ കാർബൺ റിസാേഴ്സസ് കൂടുതൽ ഓഹരിക്കായി ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു. കമ്പനിയുടെ ഓഹരി രണ്ടു ദിവസം കൊണ്ട് 44 ശതമാനം ഉയർന്നു 34 രൂപയിലായി..
ഖേതാൻമാർക്ക് കമ്പനിയിൽ 6.25 ശതമാനം ഓഹരിയേ ഉള്ളു. 67 ശതമാനം റീട്ടെയിൽ നിക്ഷേപകരുടെ പക്കലാണ്. കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും ഗണ്യമായ ഓഹരി കൈയാളുന്നുണ്ട്. ബംഗാളിലും ആസാമിലുമാണ് മക് ലിയോഡിൻ്റെ തേയിലത്തോട്ടങ്ങൾ. കമ്പനി വർഷങ്ങളായി നഷ്ടത്തിലാണ്.
ജാർഖണ്ഡിലാണ് കാർബൺ റിസോഴ്സസിൻ്റെ ഫക്ടറികൾ. ഇപ്പോൾ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനിയാണിത്. ജലാൻ കുടുംബം ആണു സാരഥികൾ.
കൊൽക്കത്തയാണ് കമ്പനി ആസ്ഥാനം. 2500 കോടി രൂപ വിറ്റുവരവുള്ള കാർബൺ റിസോഴ്സസ് ഏറ്റെടുക്കലിനു പിന്തുണ കിട്ടാൻ മക് ലിയാേഡിൻ്റെ വായ്പാ ദാതാക്കളുമായി ചർച്ചയിലാണ്. 1700 കോടിയിൽപരം രൂപയുടെ കടമുണ്ട്. ഈടുള്ള വായ്പകൾ 100 ശതമാനവും അല്ലാത്ത വായ്പകളുടെ 55 ശതമാനവും നൽകാമെന്നാണ് ഓഫർ 1250 കോടി രൂപ ഇതിനായി ചെലവാക്കും.
ഖേതാൻമാരുടെ ബിസിനസുകൾ ഇപ്പോൾ അസ്തമയ ദശയിലാണ്. വില്യംസൺ മേജർ എന്നറിയപ്പെട്ടിരുന്ന ഈ ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ എവറെഡി ഈയിടെ ബർമൻ കുടുംബത്തിനു വിറ്റു. മറ്റൊരു കമ്പനിയായ മക്നല്ലി ഭാരത് പാപ്പർ നടപടികളിലാണ്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it