Begin typing your search above and press return to search.
പലിശ തീരുമാനം കാത്തു വിപണി; പാശ്ചാത്യ വേവലാതി ഇവിടെ ആവശ്യമോ? അഡാനിയുടെ ബിസിനസ് തന്ത്രം
ആശങ്കയും അനിശ്ചിതത്വവും നിറഞ്ഞു നിൽക്കുകയാണ്. എങ്കിലും നാടകീയമായ ഒന്നും സംഭവിക്കുകയില്ല എന്ന വിശ്വാസത്തിലാണ് ഇന്ത്യൻ വിപണി. ഡോളർ സൂചിക 110- നു മുകളിൽ കയറുകയും ക്രൂഡ് ഓയിൽ 90 ഡോളറിലേക്കു താഴുകയും ചെയ്തു. ഇന്നു രാത്രിയാണ് യുഎസ് ഫെഡിൻ്റെ നിർണായക പലിശ തീരുമാനം വരുന്നത്.
ഇന്നലെ യൂറോപ്പിനു പിന്നാലെ അമേരിക്കയിലും ഓഹരി സൂചികകൾ ശരാശരി ഒരു ശതമാനം താഴ്ന്നു - ഡൗ ജോൺസ് 1.01%, എസ് ആൻഡ് പി 1.13%, നാസ്ഡാക് 0.95% എന്നിങ്ങനെ. പിന്നീടു യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ന്നു.
ഏഷ്യൻ വിപണികൾ രാവിലെ നഷ്ടത്തിലാണു തുടങ്ങിയത്. ജപ്പാനിലെ നിക്കൈ നഷ്ടം ഒരു ശതമാനത്തിലധികമാക്കി. ചൈനയിലും വിപണി നല്ലതാഴ്ചയിലാണു തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,746.5-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 17,681 ലേക്കു താഴ്ന്നിട്ട് 17,710 ലേക്കു കയറി. ഇന്ത്യൻ വിപണി താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഇന്നലെ നല്ല ആവേശത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി അവസാന മണിക്കൂറിൽ നേട്ടങ്ങൾ കുറച്ചു. 60,106 വരെ കയറിയ സെൻസെക്സ് നാനൂറോളം പോയിൻ്റ് താഴ്ന്നിട്ടാണു ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങിയതും യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലായതുമാണു കാരണം.
സെൻസെക്സ് 579 പോയിൻ്റ് (0.98%) ഉയർന്ന് 59,719.74 ലും നിഫ്റ്റി 194 പോയിൻ്റ് (0.98%) ഉയർന്ന് 17,816.25-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.2 ശതമാനം ഉയർന്നു.
ഫാർമ, ഹെൽത്ത് കെയർ കമ്പനികളാണ് ഇന്നലെ വിപണിയെ ഉയർത്തിയത്. എൻഎസ്ഇയിലെ ഫാർമ സൂചിക 3.08 ഉം ഹെൽത്ത് കെയർ സൂചിക 3.44- ഉം ശതമാനം ഉയർന്നു. കൺസ്യൂമർ ഡ്യുറബിൾസ്, ബാങ്കുകൾ, ധനകാര്യ മേഖല, വാഹനങ്ങൾ, റിയൽറ്റി, മെറ്റൽ തുടങ്ങിയവയും നല്ല കയറ്റം കാണിച്ചു. ഐടിയും ഓയിലും ചെറിയ നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകർ ഇന്നലെ 1196.19 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 131.94 കോടിയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റിക്ക് 17,735-ലും 17,650-ലും സപ്പോർട്ട് ഉള്ളതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഉയരുമ്പോൾ 17,910-ഉം 18,000- വും തടസങ്ങളാകും.
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 90.79 ഡോളറിലേക്കു താഴ്ന്നു. ഇന്നു രാവിലെ വീണ്ടും താണ് 90.25 ആയി. മാന്ദ്യം മൂലം ഡിമാൻഡ് കുറയും എന്ന നിഗമനമാണ് കാരണം.
വ്യാവസായിക ലോഹങ്ങൾ ചെറിയ ഉയർച്ച കാണിച്ചു. സാങ്കേതിക തിരുത്തലാണെന്നു വിപണി വിലയിരുത്തുന്നു.ചെമ്പ് ടണ്ണിന് 7800 ഡോളറിനടുത്തായി. ടിൻ, സിങ്ക്, നിക്കൽ, ലെഡ് തുടങ്ങിയവ ഉയർന്നപ്പോൾ അലൂമിനിയം നേരിയ തോതിൽ താഴ്ന്നു.
സ്വർണം പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു. ഡോളർ സൂചിക 110 കടന്നിട്ടും 1660 കളിൽ തുടരുകയാണ്. പലിശ വർധനയ്ക്കു ശേഷം സ്വർണം 1600 ഡോളറിനു താഴെയാകുമെന്ന് ഒരുവിഭാഗം വിലയിരുത്തുന്നുണ്ട്. ഇന്നലെ 1677 ഡോളർ വരെ കയറിയ സ്വർണം ഇന്നു രാവിലെ 1663-1665 ഡോളറിലാണ്. ഇനിയും താഴുമെന്നാണു നിഗമനം.
കേരളത്തിൽ ഇന്നലെ പവന് 80 രൂപ വർധിച്ച് 36,760 രൂപയായി.
രൂപ ഇന്നലെ തുടക്കത്തിൽ നല്ല നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് നേരിയ നേട്ടത്തിലൊതുങ്ങി. ഡോളർ 79.75 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നു രാവിലെ 110.3 വരെ കയറി. പലിശ തീരുമാനം വരും മുൻപ് 110.79 എന്ന റിക്കാർഡ് മറികടക്കുമാേ എന്ന് വിപണി ഉറ്റുനോക്കുന്നു.
കമ്പനികൾ വാങ്ങി, ഇരട്ടി വിലയ്ക്കു പണയം വച്ചു -അഡാനിയുടെ ബിസിനസ് തന്ത്രം
എസിസിയും അംബുജയും സ്വന്തമാക്കിയ ഗൗതം അഡാനി അതിനുള്ള പണം സമാഹരിക്കാൻ ആ ഓഹരികൾ മുഴുവനും വിദേശ ബാങ്കിൽ പണയം വച്ചു. ഡോയിച്ച് ബാങ്കിലാണ് ഇടപാട്. ഇതു വഴി 1300 കോടി ഡോളർ (1.03 ലക്ഷം കോടി രൂപ) സമാഹരിച്ചു. ഏറ്റെടുക്കൽ മുഴുവനായും ബാങ്ക് വായ്പ വഴിയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി.
എസിസിയുടെ 56.7 ശതമാനവും അംബുജയുടെ 63.2 ശതമാനവും ഓഹരിയാണു സ്വിസ് കമ്പനി ഹാേൾസിമിൽ നിന്ന് അഡാനി ഗ്രൂപ്പ് വാങ്ങിയത്. ഹോൾസിമിനു നൽകിയത് 650 കോടി ഡോളറാണ് (51,825 കോടി രൂപ). ഇപ്പോൾ പണയപ്പെടുത്തിയത് അതിൻ്റെ ഇരട്ടി തുകയ്ക്കും. ഈ കമ്പനികളിൽ 20,000 കോടി രൂപയുടെ മൂലധന നിക്ഷേപം അഡാനി പ്രഖ്യാപിച്ചിട്ടുണ്ട്. അതു മറ്റു സിമൻ്റ് കമ്പനികളെ കൈയടക്കാൻ വേണ്ടിയാണ്. ആദ്യത്തെ ഏറ്റെടുക്കലിനും ഇനി നടത്താനുള്ള ഏറ്റെടുക്കലിനും വേണ്ട തുക ഇപ്പോൾ ഓഹരികൾ പണയം വച്ചു നേടിക്കഴിഞ്ഞു.
മൗറീഷ്യസിലുള്ള എൻഡീവർ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെൻ്റ് എന്ന കമ്പനി വഴിയായിരുന്നു കമ്പനി വാങ്ങലും ഓഹരികൾ പണയപ്പെടുത്തലും. അഡാനി ഗ്രൂപ്പിൻ്റെ കടബാധ്യത സംബന്ധിച്ചു പല കേന്ദ്രങ്ങളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ വേവലാതി ഇവിടെ ഇല്ല
പലിശവർധന എത്രയായാലും വിപണിയിൽ അത്ര വലിയ തകർച്ചയ്ക്കു കാര്യമില്ലെന്ന കാഴ്ചപ്പാടാണ് ഇന്ത്യൻ വിപണിയിൽ കാണാനാവുന്നത്. കഴിഞ്ഞ രണ്ടു തവണയും യുഎസ് ഫെഡ് പലിശ നിരക്ക് 0.75 ശതമാനം (75 ബേസിസ് പോയിൻ്റ് ) വീതം വർധിപ്പിച്ചതാണ്. അന്നില്ലാത്ത വേവലാതി ഇപ്പോൾ വേണ്ടല്ലോ എന്ന് നിക്ഷേപകർ കരുതുന്നു.
പാശ്ചാത്യ രാജ്യങ്ങളിൽ സാമ്പത്തികമാന്ദ്യ ഭീതി വലുതാണ്. യൂറോപ്യൻ യൂണിയനിൽ ഈ വർഷം ആദ്യ രണ്ടു പാദങ്ങളിൽ വളർച്ച 0.7-ഉം 0.8-ഉം ശതമാനം മാത്രമായിരുന്നു. തൊഴിൽ വർധന 04 ശതമാനവും. എപ്പോൾ വേണമെങ്കിലും ജിഡിപി ചുരുങ്ങാം എന്ന അവസ്ഥ.. അമേരിക്കയിലാകട്ടെ ഒന്നാം പാദത്തിൽ 1.6 ശതമാനവും രണ്ടാം പാദത്തിൽ 0.6 ശതമാനവും വീതം ജിഡിപി ചുരുങ്ങിയതാണ്. മാന്ദ്യം പ്രഖ്യാപിക്കുന്ന നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് (എൻബിഇആർ) അതു ചെയ്തിട്ടില്ല എന്നു മാത്രം. തൊഴിൽ വർധിക്കുന്നതും ശരാശരി വേതനം ഉയരുന്നതും പോലുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ആ പ്രഖ്യാപനം നടത്താത്തത്. എന്നാൽ ഉപഭോക്താക്കളുടെ ചെലവിടൽ ചുരുങ്ങിയത് ജനജീവിതത്തിൽ മാന്ദ്യം പിടിമുറുക്കുന്നു എന്നു കാണിക്കുന്നു. റീട്ടെയിൽ വ്യാപാരത്തിലും മറ്റും വന്നിട്ടുള്ള ഇടിവ് അതിൻ്റെ ഫലമാണ്. അതുകൊണ്ടാണു പലിശ വർധനയെ അവിടങ്ങളിൽ കൂടുതൽ ആശങ്കയോടെ കാണുന്നത്.
ഇന്ത്യയിൽ റിസർവ് ബാങ്ക് ഈ മാസം 30 നാണ് അടുത്ത പലിശ തീരുമാനം പ്രഖ്യാപിക്കുക. ഏപ്രിൽ മുതൽ മൂന്നു തവണയായി പലിശ നാലു ശതമാനത്തിൽ നിന്ന് 5.4 ശതമാനത്തിലേക്കു വർധിപ്പിച്ചിരുന്നു. ഇത്തവണ 5.75% ലേക്കാണോ 5.9% ലേക്കാണോ വർധന എന്നാണു വിപണി നോക്കുന്നത്. യുഎസ് ഫെഡിൻ്റെ തീരുമാനം കൂടി ആശ്രയിച്ചിരിക്കും റിസർവ് ബാങ്ക് നിലപാട്. ഇന്നു രാത്രി 11.30 നാണു യുഎസ് തീരുമാനം അറിവാകുക.
Next Story
Videos