അനിശ്ചിതത്വം നീങ്ങി;വിപണികളിൽ തിരുത്തൽ സാധ്യത വർധിച്ചു; ഡോളർ കരുത്തിൽ കറൻസികൾ ഉലയുന്നു

യുഎസ് കേന്ദ്ര ബാങ്ക് കുറഞ്ഞ പലിശ 0.75 ശതമാനം (75 ബേസിസ് പോയിൻ്റ് ) വർധിപ്പിച്ചു. വർഷാവസാനത്തേക്കുള്ള പലിശലക്ഷ്യം 4.4 ശതമാനത്തിലേക്ക് ഉയർത്തി. 2023 മുഴുവനും ഉയർന്ന പലിശ തുടരുമെന്നു മുന്നറിയിപ്പ് നൽകി. ഓഹരികൾ ഇടിഞ്ഞു; ഡോളർ കയറി; മറ്റു കറൻസികൾ ഉലഞ്ഞു. ക്രൂഡ് ഓയിൽ താഴ്ന്നു. ഇതിനിടെ യുക്രെയ്ൻ യുദ്ധം കടുപ്പിക്കാനുള്ള റഷ്യൻ നീക്കം ആശങ്ക പരത്തുന്നുണ്ട്.

ഇതിൻ്റെ ദൗർബല്യം ഇന്ന് ഇന്ത്യൻ വിപണിയിൽ ഉണ്ടാകും. ഏഷ്യൻ രാജ്യങ്ങളിൽ നഷ്ടത്തോടെയാണു വിപണികൾ തുറന്നത്. ഇന്ത്യയിലും തുടക്കം താഴ്ചയിലാകും. ഫെഡ് നയപ്രഖ്യാപനങ്ങളുടെ പിറ്റേന്നു വിപണി ചെറിയ തിരിച്ചു കയറ്റം നടത്താറുണ്ട്. ഇത്തവണയും അത് ഉണ്ടാകാം. എങ്കിലും അതു തുടർ ദിവസങ്ങളിൽ നഷ്ടപ്പെടുമെന്നും വിപണി കുറേക്കൂടി താഴേക്കു വീഴുന്ന തിരുത്തലിനു തുടക്കമായി എന്നും ചിലർ കരുതുന്നു. എന്തായാലും നിക്ഷേപകർ കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു. ക്ഷമയോടെ കാത്തു നിന്നാൽ നല്ല ബ്ലൂ ചിപ് ഓഹരികൾ ചുളുവിലയ്ക്കു വാങ്ങാനുള്ള അവസരം ഒരുങ്ങും.
ഇന്നലെ യൂറോപ്യൻ വിപണികൾ ഉയർന്നാണു ക്ലോസ് ചെയ്തത്. യുഎസ് വിപണിയും തുടക്കത്തിൽ നേട്ടത്തിലായിരുന്നു. നഷ്ടത്തിൽ ക്ലോസ് ചെയ്ത ശേഷം ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ വീണ്ടും ഇടിവിലായി. 0.35 മുതൽ 0.67 വരെ ശതമാനം താഴ്ചയിലാണു ബുധനാഴ്ച രാത്രി യുഎസ് ഫ്യൂച്ചേഴ്സ്.
ഇന്നു രാവിലെ ഓസ്ട്രേലിയയിലും ഏഷ്യൻ രാജ്യങ്ങളിലും സൂചികകൾ ഇടിവോടെയാണു വ്യാപാരം തുടങ്ങിയത്. ഓസ്ട്രേലിയയിൽ എഎസ്എക്സ് 200 സൂചിക ഒന്നര ശതമാനം താണു. ജപ്പാനിലെ നിക്കൈ രാവിലെ ഒരു ശതമാനം താഴ്ന്നു. ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്കിൽ മാറ്റം പ്രഖ്യാപിക്കാത്തതു വിപണി പ്രതീക്ഷിച്ച കാര്യമായിരുന്നതിനാൽ അതു വിപണിയെ ബാധിച്ചില്ല. ചൈനീസ് സൂചികകളും രാവിലെ നല്ല ഇടിവോടെ തുടങ്ങി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി രാത്രി 17,600 വരെ താഴ്ന്നിട്ട് 17,628-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക വീണ്ടും താഴ്ന്ന് 17,565 ലെത്തിയിട്ട് അൽപം കയറി. ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിൻ്റെ സൂചന.
ഇന്നലെ ഇന്ത്യൻ വിപണി തുടക്കത്തിലെ കുറച്ചു സമയം കഴിഞ്ഞാൽ മിക്കവാറും സമയം നഷ്ടത്തിലായിരുന്നു. വ്യാപാരത്തിനിടെ എത്തിയ താഴ്ചയിൽ നിന്നു ഗണ്യമായി കയറിയാണു ക്ലോസ് ചെയ്തത് എന്ന ആശ്വാസമാണുള്ളത്. സെൻസെക്സ് 262.96 പോയിൻ്റ് (0.44%) താഴ്ന്ന് 59,456.78 ലും നിഫ്റ്റി 97.9 പോയിൻ്റ് (0.55%) താഴ്ന്ന് 17,718.35 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.74 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.03 ശതമാനവും ഇടിഞ്ഞു. എഫ്എംസിജി മാത്രമാണ് ഇന്നലെ മുന്നേറിയ വ്യവസായ മേഖല. എഫ്എംസിജി സൂചിക 1.18 ശതമാനം ഉയർന്നു. മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി, ഓയിൽ - ഗ്യാസ് തുടങ്ങിയ മേഖലാ സൂചികകളെല്ലാം ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ബാങ്ക്, ധനകാര്യ, ഐടി, വാഹനസൂചികകൾ വലിയ താഴ്ചയിൽ നിന്ന് കയറി ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ ഇന്നലെ 461.04 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 538.53 കോടിയുടെ ഓഹരികൾ വാങ്ങി. പുതിയ സാഹചര്യത്തിൽ വിദേശികളുടെ നിക്ഷേപ നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിഫ്റ്റിക്ക് 17,640-ലും 17,565-ലും സപ്പോർട്ട് ഉണ്ട്. 17,820- ലും 17,915-ലും തടസം പ്രതീക്ഷിക്കുന്നു.
ക്രൂഡ് ഓയിൽ ഇന്നലെ ചാഞ്ചാടി. 90 ഡോളർ വരെ താണ ശേഷം ബ്രെൻ്റ് ഇനം ക്രൂഡ് 93- നടുത്തേക്കു കയറി. എന്നാൽ യുഎസ് നിരക്കുവർധന വന്നതോടെ വിലയിടിഞ്ഞു. ഇന്നു രാവിലെ 89.54 ഡോളറിലേക്കു താണിട്ട് അൽപം കയറി. ഡോളറിൻ്റെ കരുത്തു കൂടിയതാണു കാരണം.
ചെമ്പ് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ താഴേക്കു നീങ്ങി. ചെമ്പ് ലഭ്യതയിലെ തടസങ്ങൾ മൂലം ഉയർന്നു നിന്നു. അലൂമിനിയം മുതൽ ടിൻ വരെയുള്ള ലോഹങ്ങൾ ഒന്നുമുതൽ മൂന്നര വരെ ശതമാനം താഴ്ചയിലായി.

സ്വർണം താഴോട്ട്

പലിശ വർധനയെ തുടർന്ന് 1690 ഡോളർ വരെ ഉയർന്ന സ്വർണം ഇന്നു രാവിലെ കുത്തനേ ഇടിഞ്ഞു. 1659- 1660 ഡോളറിലാണു രാവിലെ വ്യാപാരം. വില ഇനിയും താഴുമെന്നാണു നിഗമനം. ഡോളർ സൂചിക 20 വർഷത്തെ റിക്കാർഡ് മറികടന്ന് കുതിക്കുന്നതു സ്വർണത്തെ വലിച്ചു താഴ്ത്തുകയാണ്.
കേരളത്തിൽ ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 36,640 രൂപയായി. ഇന്നു രാജ്യാന്തര വിപണിയിലെ വിലയിടിവ് കേരളത്തിൽ അതേപടി ഉണ്ടാകാനിടയില്ല. ഡോളർ നിരക്ക് ഉയർന്നാൽ അതനുസരിച്ചുള്ള മാറ്റം വരും.

കറൻസികൾ ദുർബലം

രൂപ ഇന്നലെ ദുർബലമായി. വിദേശത്തു ഡോളർ കരുത്തു നേടിയതാണു കാരണം. 79.97 രൂപയിൽ ഡോളർ ക്ലോസ് ചെയ്തു. ഇന്നു ഡോളർ സൂചിക കൂടുതൽ ഉയർന്നതിനാൽ രൂപ വീണ്ടും താഴുമെന്നു കരുതപ്പെടുന്നു.
യൂറോ 0.9820 ഡോളറിലേക്കും ബ്രിട്ടീഷ് പൗണ്ട് 1.1234 ഡോളറിലേക്കും ഇടിഞ്ഞു. ചൈനീസ് യുവൻ ഒരു ഡോളറിന് 7.0886 യുവാൻ എന്ന നിലയിലേക്കു താണു.
ക്രിപ്റ്റോ കറൻസികളും ഇടിവിലായി. ബിറ്റ് കോയിൻ 18,500 ഡോളറിനു താഴെയായി.

അഡാനി ഗ്രൂപ്പിനും സിമൻ്റ്കമ്പനികൾക്കും ഇടിവ്

അഡാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം തന്നെ ഇന്നലെ ഇടിവ് കാണിച്ചു. അഡാനി വിൽമർ മാത്രമാണ് ഉയർന്നത്. അംബുജ, എസിസി എന്നിവയിലെ തങ്ങളുടെ ഓഹരി മുഴുവൻ അഡാനി പണയപ്പെടുത്തി എന്ന റിപ്പോർട്ടാണ് ഇതിനു കാരണം. ഗ്രൂപ്പിൻ്റെ വിപണിമൂല്യത്തിൽ ഒരു ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി.
അഡാനി ഏറ്റെടുത്തവയടക്കം സിമൻ്റ് മേഖലയിലെ കമ്പനികളുടെയെല്ലാം ഓഹരിവില ഇന്നലെ താഴാേട്ടായിരുന്നു. എസിസിയും അംബുജയും അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. ഹൈഡൽബർഗ്, ഓറിയൻ്റ്, സാംഘി, ഇന്ത്യ, ഡാൽമിയ ഭാരത് , ജെകെ ലക്ഷ്മി, നുവാേകോ തുടങ്ങിയവയും നല്ല താഴ്ചയിലായി. അഡാനി വാങ്ങുമെന്നു കരുതി വില ഉയർന്ന ഇവയിൽ ലാഭമെടുക്കലാണു നടന്നത്.

ഫെഡ് നടപടിയിൽ അപ്രതീക്ഷിതമായ ഒന്നുമില്ല; പക്ഷേ...

യുഎസ് ഫെഡ് അപ്രതീക്ഷിതമായ ഒന്നും ചെയ്തില്ല. ഫെഡ് ചെയർമാൻ മുമ്പു പറയാത്തതൊന്നും പറഞ്ഞതുമില്ല. പക്ഷേ വിപണി ഇടിഞ്ഞു. പലിശക്കാര്യം പ്രഖ്യാപിച്ച ശേഷവും വിപണി ഉയർന്നതാണ്. ഫെഡ് ചെയർമാൻ്റെ വിശദീകരണത്തോടെ നഷ്ടത്തിലായി. ആദ്യത്തെ ഉയരത്തിൽ നിന്ന് 839 പോയിൻ്റ് നഷ്ടപ്പെടുത്തിയാണു ഡൗ ജോൺസ് ക്ലോസ് ചെയ്തത്. തലേന്നത്തെ ക്ലോസിംഗിനെക്കാൾ 522 പോയിൻ്റ് (1.7%) കുറവ്. നാസ്ഡാക് 1.79 ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു.
ഫെഡ് തീരുമാനവും ചെയർമാൻ ജെറോം പവലിൻ്റെ വിശദീകരണവും കഴിഞ്ഞപ്പോൾ കാര്യങ്ങളുടെ ഗതി ഇതാണ്: യുഎസ് ഫെഡിൻ്റെ കുറഞ്ഞ നിരക്ക് 2.25-2.50 ശതമാനത്തിൽ നിന്ന് 3.00- 3.25 ശതമാനമായി. നവംബറിൽ 3.75-4.00 ആയി ഉയർത്തും. ഡിസംബർ ഒടുവിൽ 4.25-4.50 ലേക്കു നിരക്ക് കൂട്ടും. അടുത്ത വർഷം രണ്ടു തവണയെങ്കിലും 25 ബേസിസ് പോയിൻ്റ് വീതം നിരക്ക് കൂട്ടും. 2023-ൽ നിരക്ക് കുറയാൻ സാധ്യത ഇല്ല.
2022-ലെ അവസാന പാദത്തിൽ യുഎസ് വളർച്ച 0.2 ശതമാനം മാത്രമായിരിക്കും. 2023-ൽ അത് 1.2 ശതമാനമായി കൂടും. അതു സമ്പദ്ഘടനയ്ക്കു സാധ്യമായതിലും കുറവായിരിക്കും.
തൊഴിലില്ലായ്മ ഈ വർഷം 3.8 ശതമാനത്തിലേക്ക് ഉയരും. അടുത്ത വർഷം 4.4 ശതമാനമാകും. വിലക്കയറ്റം 2025-ലേ ഫെഡിൻ്റെ ലക്ഷ്യ നിരക്കായ രണ്ടു ശതമാനത്തിലേക്കു താഴൂ. ഇതിനിടെ യുഎസ് സാമ്പത്തിക മാന്ദ്യത്തിലാകാനുള്ള സാധ്യത പവൽ തള്ളിക്കളഞ്ഞില്ല.

വളർച്ചനിഗമനം കുറച്ച് എഡിബി

ഇന്ത്യയുടെ ഈ ധനകാര്യ വർഷത്തെ ജിഡിപി വളർച്ച ഏഴു ശതമാനം മാത്രമായിരിക്കുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എഡിബി) വിലയിരുത്തി. നേരത്തേ പ്രതീക്ഷിച്ചിരുന്നത് 7.5 ശതമാനം വളർച്ചയാണ്. ഒന്നാം പാദ വളർച്ച 13.5 ശതമാനം മാത്രമായതോടെ വിവിധ ഏജൻസികൾ വാർഷിക വളർച്ച നിഗമനം താഴ്ത്തി വരികയാണ്. നേരത്തേ 7.5 ശതമാനമോ അതിലധികമോ വളർച്ച കണക്കാക്കിയവർ ഇപ്പോൾ ഏഴിനു താഴെയുള്ള വളർച്ചയാണു പറയുന്നത്. 2023-24 ലെ വളർച്ചപ്രതീക്ഷ എഡിബി 7.8 ശതമാനത്തിൽ നിന്ന് 7.2 ശതമാനത്തിലേക്കു താഴ്ത്തി.
ചൈന ഇക്കൊല്ലം 3.3 ശതമാനമേ വളരൂ എന്നാണ് എഡിബി നിഗമനം. കഴിഞ്ഞ വർഷം 8.1 ശതമാനം വളർന്ന ചൈന ഇക്കൊല്ലം 5 ശതമാനം വളരുമെന്നായിരുന്നു മുൻ നിഗമനം. ശ്രീലങ്കയുടെ ജിഡിപി ഈ വർഷം 8.8 ശതമാനം ചുരുങ്ങും എന്നാണ് എഡിബി കണക്കാക്കുന്നത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it