Begin typing your search above and press return to search.
ആശ്വാസം നിഷേധിച്ച് അനിശ്ചിതത്വം; വിപണിയിൽ കരടികൾക്കു മേൽക്കൈ; രൂപയ്ക്കു വീണ്ടും ക്ഷീണം; ബോണ്ട് പ്രതീക്ഷ മങ്ങുന്നു
ആശ്വാസ റാലിയിൽ തുടങ്ങി അനിശ്ചിതത്വത്തിൽ അവസാനിക്കുകയായിരുന്നു ചൊവ്വാഴ്ച ഇന്ത്യയിലും വിദേശത്തും വിപണികൾ. അതിൻ്റെ തുടർച്ചയായി ഇന്നും വിപണിയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. വ്യാവസായിക ലോഹങ്ങളുടെ വില തിരിച്ചു കയറാനുള്ള സാധ്യത പലരും ഇന്നലെ ചൂണ്ടിക്കാണിച്ചത് മെറ്റൽ ഓഹരികളെ ഇന്നു സഹായിച്ചേക്കാം. ബാങ്ക് ഓഹരികൾ കഴിഞ്ഞ ദിവസത്തെ താഴ്ചയിൽ നിന്നു കയറാനുള്ള ശ്രമം ഇന്നു നടത്താതിരിക്കില്ല. പക്ഷേ ഡോളർ സൂചിക വീണ്ടും 114.5 നു മുകളിൽ ഉയർന്നു പോകുന്നതു പ്രതീക്ഷകളെ തകിടം മറിക്കുന്ന കാര്യമാണ്. കറൻസി വിപണിയിലെ കോളിളക്കം ഏഷ്യൻ ഓഹരികൾക്കു തിരിച്ചടിയായി. ജപ്പാൻ ഒഴികെയുള്ള ഏഷ്യൻ വിപണികളുടെ സൂചിക ഒരു ശതമാനം താണ് 2020 ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലായി.
ഓഗസ്റ്റിലെ യുഎസ് പാർപ്പിട വിൽപ്പ ന പ്രതീക്ഷിച്ചതിലും കൂടുതൽ വർധിക്കുകയും പാർപ്പിടവിലയിൽ കാര്യമായ കുറവു വരാതിരിക്കുകയും ചെയ്തതായ കണക്കു യുഎസ് പലിശവർധന ഉയർന്ന തോതിൽ തുടരുന്നതിനു സഹായകരമാകും. മാന്ദ്യത്തിലേക്കു നീങ്ങുകയും തൊഴിലില്ലായ്മ വർധിക്കുകയും ചെയ്താലും പലിശവർധനയിൽ നിന്നു പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് ഫെഡിലെ രണ്ടു ഗവർണർമാർ ഇന്നലെ പറയുകയും ചെയ്തു. ഇതെല്ലാം ഓഹരികളെ താഴ്ത്തി. തുടക്കത്തിൽ 1.7 ശതമാനം ഉയർന്ന ഡൗ ജോൺസ് സൂചിക 0.43 ശതമാനം താഴ്ചയിലാണു ക്ലോസ് ചെയ്തത്.ആദ്യം രണ്ടു ശതമാനത്തിലധികം ഉയർന്ന നാസ്ഡാക് സൂചിക ഒടുവിൽ 0.25 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിൽ തുടങ്ങിയിട്ടു നഷ്ടത്തിലായി. ഡൗ ഫ്യൂച്ചേഴ്‌സ് 81 പോയിൻ്റ് നേട്ടത്തിൽ നിന്ന് 134 പോയിൻ്റ് നഷ്ടത്തിലേക്കു വീണു. 54 പോയിൻ്റ് ഉയർന്ന നാസ്ഡാക് ഫ്യൂച്ചേഴ്സ് പിന്നീട് 68 പോയിൻ്റ് നഷ്ടത്തിലേക്കു മാറി. യൂറോപ്യൻ ഫ്യൂച്ചേഴ്സും ഗണ്യമായ താഴ്ചയിലാണ്.
ഏഷ്യൻ വിപണികൾ രാവിലെ നഷ്ടത്തിലാണു വ്യാപാരം തുടങ്ങിയത്. ജാപ്പനീസ് സൂചിക നിക്കെെ അര ശതമാനം താഴ്ന്നു. വ്യാപാരത്തിനിടെ കൂടുതൽ താഴ്ചയിലായി. ചൈനയിൽ ഷാങ്ഹായ് സൂചിക തുടക്കത്തിൽ 0.6 ശതമാനം നഷ്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 16,878 വരെ താഴ്ന്നിട്ട് 16,922.5ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 16,950 വരെ കയറിയ സൂചിക പിന്നീട് 16,872 ലേക്കു വീണു. ഇന്ത്യൻ വിപണി വലിയ താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വലിയ ചാഞ്ചാട്ടങ്ങൾ കണ്ട ചൊവ്വാഴ്ച ഇന്ത്യൻ വിപണിയിലെ മുഖ്യസൂചികകൾ നേരിയ താഴ്ചയിലാണ് ക്ലാേസ് ചെയ്തത്. സെൻസെക്സ് 37.76 പോയിൻ്റ് (0.07%) താണ് 57,107.52 ലും നിഫ്റ്റി 8.96 പോയിൻ്റ് (0.05%) കുറഞ്ഞ് 17,007.4-ലും വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ സെൻസെക്സ് 57,704.57 വരെയും നിഫ്റ്റി 17,176.45 വരെയും കയറിയിരുന്നു. സ്മോൾ ക്യാപ് സൂചിക 0.49 ശതമാനം ഉയർന്നാണു ക്ലോസ് ചെയ്തത്. മിഡ് ക്യാപ് സൂചിക 0.01 ശതമാനം ഉയർന്നു.
വിപണി സൂചികകൾ ഹ്രസ്വകാല താഴ്ചയാണു കാണിക്കുന്നതെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. കരടികൾക്കാണ് ഇപ്പോൾ മേൽക്കൈ. നിഫ്റ്റിക്ക് 16,905-ലും 16,810- ലുമാണു സപ്പോർട്ട്. 17,145 ലും 17, 275 ലും തടസം പ്രതീക്ഷിക്കുന്നു.
ഐടി തിരിച്ചു വരുന്നു?
യുഎസ് ഡോളർ കരുത്താർജിക്കുന്നതും യുഎസ് വിപണിയിൽ ടെക് കമ്പനികൾ വീണ്ടും ഉയർന്നു തുടങ്ങിയതും ഇവിടെയും ഐടി കമ്പനികൾക്കു പ്രിയമുണ്ടാക്കി. ഇപ്പാേൾ ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരിവില സ്വീകാര്യമായ നിലവാരത്തിലേക്കു താഴ്ന്നെന്നും ഇപ്പോൾ അവ വാങ്ങിക്കൂട്ടാവുന്ന നിലയിലാണെന്നും ചില ഓഹരി വിശകലനക്കാർ പറയുന്നുണ്ട്. ഏതായാലും എൻഎസ്ഇയിലെ ഐടി സൂചിക 0.97 ശതമാനം ഉയർന്നു. രാവിലെ സൂചിക 1.4 ശതമാനം വരെ കയറിയതാണ്.
ഓയിൽ - ഗ്യാസ്, ഫാർമ, ഹെൽത്ത് കെയർ, എഫ്എംസിജി, മീഡിയ തുടങ്ങിയ മേഖലകൾ ഇന്നലെ നേട്ടത്തിൽ അവസാനിച്ചു. ബാങ്ക്, ധനകാര്യ, വാഹന, മെറ്റൽ, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾ കമ്പനികൾ താഴ്ചയിലായിരുന്നു.
വിദേശ നിക്ഷേപകർ ഇന്നലെ 2823.96 കോടി രൂപയുടെ ഓഹരികളാണു ക്യാഷ് വിപണിയിൽ വിറ്റത്. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും 3504.76 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് കയറിയിറങ്ങി
ക്രൂഡ് ഓയിൽ വില കയറിയിറങ്ങുകയാണ്. വില കയറ്റാനായി ഉത്പാദനം കുറയ്ക്കണമെന്ന് ഒപെക് പ്ലസ് യോഗത്തിൽ ആവശ്യപ്പെടാൻ റഷ്യ തീരുമാനിച്ചിട്ടുണ്ട്. സൗദിയും ഇതേ നിലപാടിലാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 86.27 ഡോളർ വരെ കയറിയത് ഈ പശ്ചാത്തലത്തിലാണ്. ഒക്ടോബർ അഞ്ചിന് ഒപെക്, ഒപെക് പ്ലസ് യോഗങ്ങൾ നടക്കും. ഇന്നു രാവിലെ 85.95 ഡോളറിലാണു ക്രൂഡ് ഓയിൽ.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴാേട്ടു നീങ്ങി. ചെമ്പ് 7400 ഡോളറിനു താഴെ എത്തിയ ശേഷം അൽപം കയറി ക്ലോസ് ചെയ്തു. അലൂമിനിയം 18 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 2111 ഡോളറിലേക്കു വീണു. ലെഡ്, നിക്കൽ, സിങ്ക് തുടങ്ങിയവയും ഇന്നലെ താഴ്ചയിലായി. ഇന്നു ലോഹങ്ങൾ കയറുമെന്ന സൂചനയാണു ചൈനീസ് വ്യാപാരം നൽകുന്നത്.
സ്വർണം വീണ്ടും താഴെ
സ്വർണം വീണ്ടും ചാഞ്ചാട്ടത്തിലാണ്. ഫെഡ് പലിശ കൂട്ടിക്കൂട്ടി പോയാലും വിലക്കയറ്റം രണ്ടു ശതമാനത്തിനു താഴെയാക്കാൻ പറ്റില്ലെന്നും അപ്പോൾ സ്വർണം വീണ്ടും 1900 ഡോളറിലേക്കു കയറുമെന്നും വിശ്രുത നിക്ഷേപകൻ ജോൺ പോൾസൺ ഇന്നലെ പറഞ്ഞു. യുഎസ് പാർപ്പിട വിൽപന വർധിച്ചതും ഡോളർ സൂചിക വീണ്ടും കയറിയതും സ്വർണത്തെ ഔൺസിന് 1624 ഡോളർ വരെ താഴ്ത്തി. ഇന്നു രാവിലെ 1625-1627 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ ഇന്നലെ പവൻ വില 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഇന്നു വീണ്ടും കുറയാൻ സാധ്യതയുണ്ട്.
രൂപ കയറി, താണു, ഇനിയും താഴും
ഡോളർ സൂചിക ഇന്നലെ രാവിലെ താഴ്ന്നു നിന്നതു രൂപയ്ക്കു തിരിച്ചു കയറാൻ സഹായമായി. രാവിലെ 13 പൈസ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഡോളർ 32 പൈസ താഴ്ന്ന് 81.3 രൂപ വരെ എത്തി. പിന്നീടു കയറി 81.58 രൂപയിൽ ക്ലോസ് ചെയ്തു.
ഇന്നലെ 114.11 ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക ഇന്നു രാവിലെ 114.53 എന്ന റിക്കാർഡ് നില വരെ കയറി. രൂപ ഇന്നു താഴ്ന്നു തുടങ്ങും എന്നാണു സൂചന. ഡോളർ ഈയാഴ്ചകളിൽ 85 രൂപ വരെ എത്തും എന്നു കണക്കാക്കുന്നവർ ഉണ്ട്.
വിദേശനാണ്യ ശേഖരം കൂട്ടാൻ നടപടി വരും
വിദേശനാണ്യശേഖരം വർധിപ്പിക്കാൻ റിസർവ് ബാങ്ക് പുതിയ നടപടികൾ പ്രഖ്യാപിക്കും എന്നു റിപ്പോർട്ടുകൾ ഉണ്ട്. പ്രവാസികൾക്കു കൂടുതൽ ആകർഷകമായ നിക്ഷേപ പദ്ധതികൾ ഉണ്ടായേക്കാം.
ഈ വർഷമാദ്യം 13 മാസത്തെ ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യം ഇന്ത്യയുടെ ശേഖരത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് ഒൻപതു മാസത്തെ ഇറക്കുമതിക്കു മാത്രമേ തികയൂ. ഒരു വർഷം മുമ്പ് 64,240 കോടി ഡോളർ ഉണ്ടായിരുന്ന ശേഖരം ഇപ്പാേൾ 54,565 കോടി ഡോളറായി കുറഞ്ഞു.
രൂപയെ താങ്ങി നിർത്താനുള്ള വിൽപന മാത്രമല്ല ശേഖരം കുറയാൻ കാരണം. ഡോളറിലല്ലാത്ത നിക്ഷേപങ്ങളുടെയും സ്വർണത്തിൻ്റെയും ഡോളർമൂല്യം കുറഞ്ഞതും വലിയ നഷ്ടം വരുത്തി. ഡോളർ സൂചിക ഈ വർഷം 21 ശതമാനത്തോളം ഉയർന്നു. യൂറോയും ജാപ്പനീസ് യെനും ഒക്കെ വലിയ താഴ്ചയിലായപ്പോൾ അവയിലെ നിക്ഷേപങ്ങളുടെ വില (ഡോളറിൽ) ഇടിഞ്ഞു. ഡോളറിനോട് ഇക്കൊല്ലം ഇതു വരെ യൂറോ 17.45 ശതമാനവും യെൻ 25.7 ശതമാനവും താഴ്ന്നു. ഇന്ത്യൻ രൂപയുടെ താഴ്ച 9.5 ശതമാനം മാത്രം.
ഇന്ത്യൻ കടപ്പത്രങ്ങൾ ആഗോള സൂചികയിൽ എത്താൻ വൈകും
ഇന്ത്യയുടെ സർക്കാർ കടപ്പത്രങ്ങൾ ആഗാേള ബോണ്ട് സൂചികകളിൽ പെടുത്തുന്നതു നീണ്ടു പോകും. ജെപി മോർഗൻ, ബ്ലൂംബെർഗ് - ബാർക്ലേയ്സ്, എഫ്ടിഎസ്ഇ - റസൽ എന്നിവ തയാറാക്കുന്ന സൂചികകളിൽ ഇന്ത്യൻ ബോണ്ടുകൾ പെടുത്താൻ ഗവണ്മെൻ്റ് രണ്ടു മൂന്നു വർഷമായി ശ്രമിക്കുകയാണ്. ബോണ്ട് വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഓരോന്നായി പരിഹരിച്ചു പോന്നതാണ്. ഈ വർഷം തന്നെ സൂചികയിൽ ഇടം പിടിക്കുമെന്ന സൂചനയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത് ഇന്ത്യയെ ഉൾപെടുത്തുന്ന കാര്യം അടുത്ത വർഷം പകുതിയോടെയേ തീരുമാനിക്കൂ എന്നാണ്.
ഇവയിൽ പെട്ടാൽ വിദേശികൾ പ്രതിവർഷം 3000 കോടി ഡോളർ ഇന്ത്യൻ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കും എന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ ധനകമ്മി നികത്താൻ വിദേശികളുടെ സമ്പാദ്യം ഉപയോഗപ്പെടുത്താനുള്ള അവസരമാണിത്. അമേരിക്കയുടെയും മറ്റും കമ്മി നികത്താൻ ഇന്ത്യയുടെ സമ്പാദ്യം ഉപയോഗിക്കുന്നതാണ് ഇതു വരെയുള്ള രീതി. അതിൽ നിന്നൊരു മാറ്റം ഇതുവഴി പ്രതീക്ഷിക്കാം. എന്നാൽ വിദേശികൾ ഇന്ത്യൻ കടപ്പത്രങ്ങൾ വാങ്ങുമ്പോൾ അവരുടെ പ്രശ്നങ്ങൾ നമ്മുടെയും പ്രശ്നങ്ങളായി മാറും. അന്നാട്ടിലെ വിഷയങ്ങൾ നമ്മുടെ കടപ്പത്രങ്ങളുടെ വിലയെയും അതുവഴി രാജ്യത്തെ പലിശ നിരക്കിനെയും സ്വാധീനിക്കുന്ന സാഹചര്യമുണ്ടാകും.
കടപ്പത്രങ്ങൾ വിദേശ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതും അവയ്ക്കു മൂലധനാദായ (കാപ്പിറ്റൽ ഗെയിൻസ്) നികുതി ഒഴിവാക്കുന്നതുമാണ് പ്രധാന വിഷയം. നിലവിൽ ഇന്ത്യൻ എക്സ്ചേഞ്ചുകളിൽ വിദേശികൾക്കു പരിമിത അളവിൽ സർക്കാർ കടപ്പത്രങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം. അതിനു മൂലധനാദായ നികുതി നൽകണം. പുതിയ വിദേശ ഇടപാടുകാർക്കു നികുതി ഒഴിവാക്കി നൽകാൻ പറ്റില്ലെന്നാണു ഗവണ്മെൻ്റ് നിലപാട്.
Next Story
Videos