നേട്ടം പ്രതീക്ഷിച്ചു നിക്ഷേപകർ; നിഫ്റ്റി 17,000-ലേക്കു തിരിച്ചു കയറുമാേ?പൗണ്ടിനെ രക്ഷിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; സ്വർണത്തിൽ ചാഞ്ചാട്ടം; ക്രൂഡ് ഓയിൽ 90 ഡോളറിലേക്ക്

ആറു ദിവസം തുടർച്ചയായി ഇടിവു നേരിട്ട ഇന്ത്യൻ വിപണി ഇന്ന് ആശ്വാസം പ്രതീക്ഷിക്കുന്നു. രൂപയും ഇന്നു നേട്ടം മുന്നിൽ കാണുന്നു.

ഇന്നലെ ഒരു ശതമാനത്തോളം ഇടിഞ്ഞ ഇന്ത്യൻ വിപണി ഇന്നു വിദേശ കമ്പോളങ്ങളുടെ പിന്നാലെ ഉയരുമെന്നാണു നിഗമനം. യുഎസ് വിപണി ഇന്നലെ രണ്ടു ശതമാനം കുതിച്ചു. ആറു ദിവസത്തിനു ശേഷമാണ് വിപണിയുടെ കരുത്തുറ്റ ഉയർച്ച കണ്ടത്. ഇതേ തുടർന്ന് ഏഷ്യൻ വിപണികളും എസ്ജി എക്സ് നിഫ്റ്റിയും നല്ല നേട്ടത്തിലായി.
കടപ്പത്രവിപണികളെ ഉലയ്ക്കുകയും ബ്രിട്ടീഷ് പൗണ്ടിനെ ഇടിച്ചു വീഴ്ത്തുകയും ചെയ്ത ഒരു വലിയ നികുതിയിളവ് കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. മാർഗരറ്റ് താച്ചറെപ്പോലെ ശക്തയാണു താനെന്ന് അവകാശപ്പെടുന്ന പുതിയ പ്രധാനമന്ത്രി ലിസ് ട്രസിൻ്റെ നടപടിയെ സ്വന്തം കക്ഷിക്കാരും ഐഎംഎഫും വരെ അപലപിച്ചു. വിപണികൾ വിപരീതമായി പ്രതികരിച്ചു. ബ്രിട്ടനിലെ ധനകാര്യ വിപണികളെ തകർക്കാൻ വരെ ശക്തമായ ബോംബായിരുന്നു ട്രസ് മന്ത്രിസഭയുടെ നികുതി കുറയ്ക്കൽ. സർക്കാർ കടപ്പത്രങ്ങൾ ഈടായി കണക്കാക്കി നടത്തി വരുന്ന ധനകാര്യ ഇടപാടുകൾ മുഴുവൻ കുഴപ്പത്തിലാകുമെന്ന നില വന്നപ്പോഴാണു ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നലെ ഇടപെട്ടത്. വിപണിയെ തൽക്കാലത്തേക്കു ശാന്തമാക്കാൻ അതു സഹായിച്ചു. അതേ തുടർന്ന് യുഎസിലെ കടപ്പത്ര വിലകളും മെച്ചപ്പെട്ടു. യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം നാലു ശതമാനത്തിനു മുകളിൽ നിന്ന് 3.7 ശതമാനമായി കുറഞ്ഞു. ഡോളർ സൂചിക 115 - നെ സമീപിച്ചത് 113-നു താഴെ വന്നു. ഡോളർ ഒഴികെയുള്ള കറൻസികൾ അൽപം ഉയർന്നു. സ്വർണവും വ്യാവസായിക ലോഹങ്ങളും നേട്ടത്തിലായി. ഓഹരി വിപണികൾ കുതിച്ചു.
ഇന്നലെ ഡൗ ജോൺസ് 1.88 ശതമാനവും എസ് ആൻഡ് പി 1.97 ശതമാനവും നാസ്ഡാക് 2.1 ശതമാനവും ഉയർന്നാണു ക്ലോസ് ചെയ്തത്. ഇവയുടെ ഫ്യൂച്ചേഴ്സ് ഇന്ന് ചെറിയ താഴ്ചയിലാണ്.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ നല്ല നേട്ടത്തിലാണ് തുടങ്ങിയത്. ജപ്പാനിലെ നിക്കൈ രാവിലെ ഒരു ശതമാനത്തോളം ഉയർന്നു. ദക്ഷിണ കൊറിയൻ സൂചിക 1.6 ശതമാനം കുതിച്ചു. ഓസ്ട്രേലിയൻ വിപണിയും രണ്ടു ശതമാനത്തോളം കയറി.പിന്നീടു സൂചികകൾ നേട്ടം കുറച്ചു. യുഎസ് ഫ്യൂച്ചേഴ്സ് താഴുന്നതും ഡോളർ സൂചിക വീണ്ടും കയറുന്നതുമാണു താഴാനുള്ള കാരണങ്ങൾ. ചൈനയിൽ ഷാങ്ഹായ് സൂചിക തുടക്കത്തിൽ മുക്കാൽ ശതമാനം നേട്ടം കാണിച്ചു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 16,889-ൽ നിന്നു കയറി 17,075 ൽ എത്തി. ഇന്നു രാവിലെ 17,058 ലാണു സൂചിക. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ രാവിലെ താഴ്ചയോടെ തുടങ്ങിയ ശേഷം ഇന്ത്യൻ വിപണി സൂചികകൾ നേട്ടത്തിലേക്കു നീങ്ങി. എന്നാൽ അവസാന മണിക്കൂറിൽ വിൽപന സമ്മർദം സൂചികകളെ ഒരു ശതമാനത്തോളം താഴ്ത്തി. സെൻസെക്സ് 509.24 പോയിൻ്റ് (0.89%) താഴ്ന്ന് 56,598.28-ലും നിഫ്റ്റി 148.8 പോയിൻ്റ് (0.87%) താഴ്ന്ന് 16,858.6-ലും ക്ലോസ് ചെയ്തു. എന്നാൽ മിഡ് ക്യാപ് സൂചിക 0.47 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.43 ശതമാനവും മാത്രമേ താഴ്ന്നുളളു.
മെറ്റൽ സൂചിക 2.32 ശതമാനം ഇടിഞ്ഞപ്പോൾ ബാങ്ക് സൂചിക 1.56 ശതമാനം താഴ്ന്നു. ധനകാര്യ, മീഡിയ, റിയൽറ്റി, ഓയിൽ - ഗ്യാസ്, എഫ്എംസിജി കമ്പനികളും താഴ്ചയിലായി. ഫാർമ, ഹെൽത്ത് കെയർ, ഐടി മേഖലകൾ നല്ല നേട്ടത്തിലായി.
വിദേശനിക്ഷേപകർ ഇന്നലെയും വലിയ തോതിൽ വിൽപനക്കാരായിരുന്നു. 2772.49 കോടി രൂപയുടെ ഓഹരികൾ അവർ ക്യാഷ് വിപണിയിൽ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 2544.17 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണികൾ അനിശ്ചിതത്വമാണു കാണിക്കുന്നതെന്നു ചാർട്ടുകൾ വിശകലനം ചെയ്യുന്നവർ പറയുന്നു. ഇന്നു നിഫ്റ്റിക്ക് 16,775- ലും 16,690-ലും സപ്പോർട്ട് ഉണ്ട്. 16,990-ഉം 17,125-ഉം തടസങ്ങളാകും.

കമ്പനികൾ

അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഇന്നലെയും താഴ്ചയിലായിരുന്നു. താഴ്ചയുടെ കാരണങ്ങൾ വിശകലനം ചെയ്യേണ്ടതാണ്.
നേരത്തേ അഡാനിയുടെ നോട്ടത്തിൽ പെട്ടത് എന്ന പേരിൽ വില ഉയരുകയും പിന്നീട് ഇടിയുകയും ചെയ്ത ഇന്ത്യാ സിമൻ്റ്സ് ഇന്നലെ 10 ശതമാനത്തോളം കുതിച്ചു. സ്റ്റാർ, രാംകോ എന്നിവയും നല്ല നേട്ടമുണ്ടാക്കി. അതേ സമയം വലിയ സിമൻ്റ് കമ്പനികൾക്കു വില താണു.
നൈകാ (എഫ്എസ്എൻ ഇ കൊമേഴ്സ് ) ബോണസ് ഇഷ്യുവിന് ഒരുങ്ങുന്നു. ഒക്‌ടോബർ മൂന്നിനു ചേരുന്ന ഡയറക്ടർ ബോർഡ് അനുപാതവും തീയതിയും പ്രഖ്യാപിക്കും. 2000 രൂപയ്ക്കു മുകളിൽ ലിസ്റ്റ് ചെയ്ത ശേഷം നിരന്തരം താഴോട്ടു പോന്ന ഓഹരി ഇപ്പോൾ 1278 രൂപയിലാണ്.

ക്രൂഡ് ഉയർന്നു

ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. ബ്രെൻ്റ് ഇനം 89.42 ഡോളറിലേക്കു കയറി. അമേരിക്കയിലെ എണ്ണ വ്യവസായ മേഖലയായ ഫ്ലോറിഡയിലും മെക്സിക്കൻ ഗൾഫിലും ഇയാൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതാണു പ്രധാന കാരണം. ഡിമാൻഡ് കൂടുന്ന ശീതകാലത്ത് ഒപെക് രാജ്യങ്ങളും റഷ്യയും ഉൽപാദനം കുറയ്ക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നു. സ്റ്റാേക്ക് നില കുറവായതും വിലയെ സ്വാധീനിച്ചു.
പ്രധാന വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ നേട്ടം ഉണ്ടാക്കി. ചെമ്പ് ഒന്നര ശതമാനത്തോളം ഉയർന്ന് 7500 ഡോളറിനു മുകളിലായി. അലൂമിനിയം ചെറിയ നേട്ടത്തോടെ 2116 ഡോളറിലേക്കു കയറി.

സ്വർണം കുതിച്ചു

സ്വർണം ഇന്നലെ വലിയ ചാഞ്ചാട്ടം കാണിച്ചു. 1614 ഡോളർ വരെ താഴ്ന്ന ശേഷം 1660 ഡോളറിനു മുകളിലേക്ക് കുതിച്ചു. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്ന സാഹചര്യം വീണ്ടും ഉണ്ടായതാണ് കാരണം. കടപ്പത്ര വിപണിയെ ഉലച്ച ബ്രിട്ടീഷ് നികുതിയിളവിനു ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചില പരിഹാര നടപടികൾ പ്രഖ്യാപിച്ചതും നിക്ഷേപകരിൽ സ്വർണത്തോടുള്ള വിമുഖത മാറ്റി. 1664 ഡോളർ വരെ കയറിയ സ്വർണം ഇന്നു രാവിലെ 1657-1659 ഡോളറിലാണു വ്യാപാരം.
ഇന്നലെ കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ തുടർന്നു - പവനു 36,640 രൂപ. ഇന്നു ഡോളർ നിരക്ക് താഴുകയാണെങ്കിൽ ലോക വിപണിയിലെ വർധന അതേ തോതിൽ കേരളത്തിൽ ഉണ്ടാവുകയില്ല.

രൂപ തിരിച്ചുകയറുമോ?

രൂപ ഇന്നലെയും ദുർബലമായി. ഒരവസരത്തിൽ ഡോളർ 82 രൂപയ്ക്കു മുകളിൽ കയറുമാേ എന്നു തോന്നുന്ന വിധം വിപണി നീങ്ങി. എങ്കിലും റിസർവ് ബാങ്കിൻ്റെ ഇടപെടലിനെ തുടർന്നു ഡോളർ 81.93-ൽ നിന്ന് 81.6 വരെ താണു. പിന്നീടു കയറി 81.94 രൂപയിൽ ക്ലോസ് ചെയ്തു. 114- നു മുകളിലായിരുന്നു ഇന്നലെ ഇന്ത്യൻ വിപണി പ്രവർത്തിക്കുമ്പോൾ ഡോളർ സൂചിക. പിന്നീടു 112.75 വരെ താണു. ഇന്നു 113.28 ലേക്കു കയറി. ഡോളർ അൽപം താഴ്ന്ന നിലവാരത്തിൽ വ്യാപാരം തുടങ്ങുമെന്നാണു സൂചന. ?

ബാങ്ക് ഓഫ് ഇംഗ്ലണ്ട് രക്ഷകരായി

ബാങ്ക് ഓഫ് ഇംഗ്ലണ്ട് കടപ്പത്ര വിപണിയെ സ്ഥിരപ്പെടുത്താൻ നടപടികൾ എടുത്തതാണു ഡോളറിൻ്റെ കുതിപ്പിനു വിരാമമിട്ടത്., ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ വർഷങ്ങളിൽ വാങ്ങിവച്ച കടപ്പത്രങ്ങളുടെ വിൽപന അടുത്തയാഴ്ച തുടങ്ങാനിരുന്നതു നീട്ടിവച്ചതും വിപണിയിൽ നിന്നു കടപ്പത്രങ്ങൾ വാങ്ങാൻ തീരുമാനിച്ചതും അതിൻ്റെ ഭാഗമാണ്. ഇതോടെ ബ്രിട്ടീഷ് കടപ്പത്രങ്ങളുടെ വിൽപ്പന സമ്മർദം മാറി, കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം തലേന്ന് അഞ്ചു ശതമാനത്തിനടുത്തായത് ഒരു ശതമാനം ഇടിഞ്ഞു. യുകെയിലെ കടപ്പത്ര വിപണി ഒട്ടൊന്നു ശാന്തമായി.
സർക്കാരിൻ്റെ വരുമാനത്തിൽ 4500 കോടി പൗണ്ടിൻ്റെ കുറവു വരുത്തുന്ന നികുതിയിളവുകൾ പുതിയ പ്രധാനമന്ത്രി ലിസ് ട്രസിൻ്റെ മന്ത്രിസഭ പ്രഖ്യാപിച്ചതോടെയാണു കുഴപ്പങ്ങൾ ആരംഭിച്ചത്. സർക്കാരിൻ്റെ കമ്മി കുത്തനേ കൂട്ടുന്നതാണു നികുതിയിളവ്. കമ്മി നികത്താൻ കൂടുതൽ കടപ്പത്രം ഇറക്കുമെന്നു വന്നു. പലിശ പരിധിയില്ലാതെ കൂടാൻ ഇതു കാരണമാകുമെന്നു വിപണി ഭയന്നു. ഇതു സർക്കാർ കടപ്പത്രങ്ങളുടെ വിലയിടിച്ചു. അവയിലെ നിക്ഷേപത്തിനു കിട്ടുന്ന ആദായം (yield) അഞ്ചു ശതമാനത്തിനടുത്തു വരുന്ന വിധം വില താണു. ബ്രിട്ടീഷ് പൗണ്ടിൻ്റെ വില രണ്ടു ദിവസം കൊണ്ട് ഏഴു ശതമാനം ഇടിഞ്ഞു. ഒരു പൗണ്ടിന് 1.03 ഡോളർ വരെയായി. ഇതു തുടർന്നാൽ പൗണ്ട് ഡോളറിനു താഴെയാകുമെന്ന ധാരണ ജനിച്ചു. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ഇടപെടൽ. ഗവർണർ ആൻഡ്രൂ ബെയ്ലിയുടെ നടപടികൾ പ്രഖ്യാപിച്ചതോടെ പൗണ്ട് 1.08 ഡോളറിലേക്കു കയറി. കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം ഒരു ശതമാനം കുറഞ്ഞു. ഡോളർ സൂചിക 114.78-ൽ നിന്ന് 112.75 ലേക്കു വീണു. ഇതു മറ്റു കറൻസികൾക്കും ആശ്വാസമായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it