വില്‍പനസമ്മര്‍ദം മറികടക്കാന്‍ ബുള്ളുകള്‍; ജിഎസ്ടി നഷ്ടപരിഹാരത്തില്‍ തര്‍ക്കം; ക്രൂഡ് വീണ്ടും കയറ്റത്തില്‍

ആവേശത്തോടെ പുതിയ ആഴ്ച തുടങ്ങിയ വിപണിക്കു തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനായില്ല. 15,900-നു മുകളില്‍ കയറിയ നിഫ്റ്റിക്ക് അവിടെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. എങ്കിലും 0.85 ശതമാനം നേട്ടത്തോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണി ഉയരത്തില്‍ ക്ലോസ് ചെയ്തു. ലോഹങ്ങളുടെയും ക്രൂഡ് ഓയിലിന്റെയും വില കുറഞ്ഞതു ചൂണ്ടിക്കാട്ടിയാണ് വിപണികള്‍ ഇന്നലെ നേട്ടമുണ്ടാക്കിയത്. വിദേശികളുടെ വില്‍പനസമ്മര്‍ദം അല്‍പം കുറഞ്ഞതും സഹായിച്ചു.

യൂറോപ്യന്‍ സൂചികകളും നേട്ടത്തോടെയാണ് അവസാനിച്ചത്. എന്നാല്‍ അമേരിക്കന്‍ വിപണി ചെറിയ നഷ്ടം കുറിച്ചു. സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വില താഴ്ന്നതും പല വമ്പന്‍ ടെക് കമ്പനികളുടെയും റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തതും ക്രൂഡ് ഓയില്‍ വീണ്ടും ഉയരത്തിലായതുമാണു കാരണം. നാസ്ഡാക് 0.72 ശതമാനം താണപ്പാേള്‍ ഡൗ ജാേണ്‍സ് 0.2 ശതമാനം മാത്രമേ താഴ്ന്നുള്ളു. യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു രാവിലെ ഉയരത്തിലാണ്.

അതേ സമയം ഏഷ്യന്‍ വിപണികള്‍ നേരിയ താഴ്ചയോടെയാണു തുടക്കമിട്ടത്. പിന്നീട് ഉയര്‍ന്നു. എന്നാല്‍ ഹാങ് സെങ് സൂചിക താഴ്ചയില്‍ തുടങ്ങി കൂടുതല്‍ താണു.

സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നലെ 15,834 വരെ ഉയര്‍ന്ന ശേഷം 15,754 ലേക്കു താഴ്ന്നു. ഇന്നു രാവിലെ അല്‍പം ഉയര്‍ന്ന് 15,785 ലെത്തി. കുറേക്കൂടി ഉയരുമെന്നാണു സൂചന. ഇന്ത്യന്‍ വിപണി രാവിലെ ചെറിയ നേട്ടത്തോടെ തുടങ്ങാനാണു സാധ്യത.

സെന്‍സെക്‌സ് ഇന്നലെ 53,510 വരെ ഉയര്‍ന്നെങ്കിലും ഗണ്യമായി താഴ്ന്നാന്നാണു ക്ലോസ് ചെയ്തത്.15,927 വരെ ഉയര്‍ന്ന നിഫ്റ്റി അവിടെ നിന്നു 95 പോയിന്റ് താഴ്ചയിലാണു വ്യാപാരം അവസാനിപ്പിച്ചത്.

ഉയര്‍ന്ന നിലവാരത്തില്‍ വാങ്ങുന്നതിനേക്കാള്‍ വില്‍ക്കുന്നതിനാണു നിക്ഷേപകര്‍ ശ്രമിച്ചത്. ബുള്‍ മുന്നേറ്റത്തിനു കരുത്തു കിട്ടാതായതോടെ തിളക്കമില്ലാത്ത ഉയര്‍ച്ചയുമായി വ്യാപാരം മുന്നോട്ടു പോയി.

15,900 മറികടന്ന നിഫ്റ്റിക്ക് തുടര്‍ന്നു കയറാന്‍ പറ്റാത്തത് ഇപ്പോഴത്തെ റാലിയെപ്പറ്റി സന്ദേഹങ്ങള്‍ ഉണര്‍ത്തുന്നു. ഇന്നും ബുള്ളുകള്‍ വില്‍പന സമ്മര്‍ദത്തെ അതിജീവിക്കാന്‍ ശ്രമിക്കും. നിഫ്റ്റിക്ക് 15,900-നു മുകളില്‍ കരുത്തോടെ കയറാനായാല്‍ 16,200 വരെ മുന്നേറ്റത്തിനു സാധ്യതയുണ്ട്.

ഇന്നലെ സെന്‍സെക്‌സ് 433.3 പോയിന്റ് (0.82%) ഉയര്‍ന്ന് 53,161.28 ലും നിഫ്റ്റി 132.8 പോയിന്റ് (0.85%) കയറി 15,832.05ലും ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക ഒരു ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക രണ്ടു ശതമാനം കുതിച്ചു. ഐടി സൂചിക 2.05 ശതമാനം ഉയര്‍ന്നപ്പോള്‍ മെറ്റലുകള്‍ 1.52 ശതമാനവും വാഹനങ്ങള്‍ 0.89%, റിയല്‍റ്റി 0.86%, എഫ്എംസിജി 0.86% എന്നിങ്ങനെ നേട്ടമുണ്ടാക്കി.

വിദേശ നിക്ഷേപകര്‍ ഇന്നലെ 1278.42 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകള്‍ 1184.42 കോടിയുടെ നിക്ഷേപം നടത്തി. നിഫ്റ്റിക്ക് 15,790 -ലും 15, 750 ലും സപ്പോര്‍ട്ട് ഉണ്ട്. ഉയര്‍ന്നാല്‍ 15,900- വും 15,970- ഉം തടസങ്ങളാകും.

ക്രൂഡ് ഓയില്‍ നാലു ശതമാനം നേട്ടമുണ്ടാക്കി. ഒപെക് പ്ലസ് മന്ത്രിതല യോഗം ഈയാഴ്ച ചേരുന്നുണ്ട്. ഉല്‍പാദനം കൂട്ടുന്നത് യോഗത്തിന്റെ അജണ്ടയിലില്ല. വിപണിയില്‍ ആവശ്യം കുറയുന്നുമില്ല. മാന്ദ്യത്തെപ്പറ്റി ധാരാളം പറയുന്നുണ്ടെങ്കിലും ചൈനയടക്കം ഒരു രാജ്യങ്ങളിലും ഡിമാന്‍ഡ് താഴാേട്ടു നീങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ ബ്രെന്റ് ഇനം ക്രൂഡിന്റെ വില 116.2 ഡോളറിലേക്ക് ഉയര്‍ന്നു.

വ്യാവസായിക ലോഹങ്ങള്‍ കുറേ ദിവസത്തെ താഴ്ചയ്ക്കു ശേഷം ഇന്നലെ ചെറിയ കയറ്റം കാണിച്ചു. ടിന്‍ പത്തു ശതമാനത്തോളം കുതിച്ചു. ലെഡ് വില 4.54 ശതമാനം ഉയര്‍ന്നു. ചെമ്പും അലൂമിനിയവും ഒരു ശതമാനത്തില്‍ താഴെയേ ഉയര്‍ന്നുള്ളു. ഇരുമ്പയിരും അല്‍പം കയറി.

സ്വര്‍ണം ഉയരാനുള്ള ശ്രമത്തില്‍ വീണ്ടും പരാജയപ്പെട്ടു. ഇന്നലെ 1841 ഡോളില്‍ നിന്ന് 1821 ഡോളറിലേക്കു മഞ്ഞലോഹം താണു. ഇന്നു രാവിലെ 1825-1826 ഡോളറിലാണു സ്വര്‍ണം. കേരളത്തില്‍ ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് 38,120 രൂപ ആയി.

രൂപ ഇന്നലെയും ദുര്‍ബലമായി. 78.43 രൂപ വരെ കയറിയ ഡോളര്‍ 78.37 രൂപയില്‍ ക്ലോസ് ചെയ്തു. ഡോളര്‍ സൂചിക ഇന്നലെ 103.93 വരെ താണു. ഇന്നു രാവിലെ 103.94 ലാണു സൂചിക.

ബജാജ് ഓട്ടോ

ബജാജ് ഓട്ടോ 2500 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങല്‍ പ്രഖ്യാപിച്ചു. 4600 രൂപയാണ് ഒരു ഓഹരിക്കു നല്‍കുക. ഇതു പ്രഖ്യാപിക്കുമ്പോള്‍ 3812 രൂപയായിരുന്ന ഓഹരിവില പിന്നീട് ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 3862 രൂപലേക്കു കയറി.

മൊത്തം 1.88 ശതമാനം (54.35 ലക്ഷം) ഓഹരികളാണു തിരിച്ചു വാങ്ങുക. ഇത്തരം എന്തെങ്കിലും ഉണ്ടാകുമെന്നു നേരത്തേ സൂചന ഉണ്ടായിരുന്നു. ആറു മാസം കൊണ്ട് ഓഹരിവില 20 ശതമാനത്തോളം കയറിയത് ഇതു കൊണ്ടാണ്.

ജിഎസ്ടി നഷ്ടപരിഹാരം തുടരുമോ?

ജിഎസ്ടി ഘടനയില്‍ ചില്ലറ മാറ്റങ്ങള്‍ നിര്‍ദേശിച്ച ഉപസമിതി റിപ്പോര്‍ട്ട് ഇന്നു തുടങ്ങുന്ന ദ്വിദിന ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ചില ഇനങ്ങളുടെ നികുതി നിരക്കില്‍ മാറ്റവും നിര്‍ദേശിച്ചിട്ടുണ്ട്.

ഏറ്റവും പ്രധാന കാര്യം ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ചതാണ്. പ്രതിവര്‍ഷം 14 ശതമാനം നികുതി വരുമാന വര്‍ധന ഉണ്ടായില്ലെങ്കില്‍ അഞ്ചു വര്‍ഷത്തേക്ക് കുറവ് കേന്ദ്രം നികത്തുമെന്ന കരാറോടെയാണു 2017 ജൂലൈയില്‍ രാജ്യമാകെ ജിഎസ്ടി നടപ്പാക്കിയത്. പക്ഷേ വരുമാനം അതനുസരിച്ചു വര്‍ധിച്ചില്ല.

നഷ്ടപരിഹാരം നല്‍കാന്‍ കുറേ ഉല്‍പന്നങ്ങള്‍ക്കു അധിക സെസ് ചുമത്തിയിരുന്നു. വാഹനങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍, കോളകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് സെസ് ചുമത്തിയത്. നഷ്ടപരിഹാരം നല്‍കല്‍ ഈ മാസം കൊണ്ട് നിര്‍ത്തും. എന്നാല്‍ അധിക സെസ് മൂന്നു വര്‍ഷം കൂടി തുടരും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ നഷ്ട പരിഹാരത്തിനു വേണ്ട തുക സെസ് വഴി കിട്ടിയിട്ടില്ല, അതിനാല്‍ സെസ് നീട്ടി കുറവ് നികത്തും എന്നാണു കേന്ദ്ര നിലപാട്. കമ്പനികള്‍ ഇതു പ്രതീക്ഷിച്ചതായതിനാല്‍ വിപണിയില്‍ പ്രത്യാഘാതം ഉണ്ടാകേണ്ടതില്ല.

സംസ്ഥാനങ്ങളാകട്ടെ നഷ്ടപരിഹാരം കുറേ വര്‍ഷം കൂടി തുടരണമെന്ന് ആവശ്യപ്പെടുന്നു. മിക്ക സംസ്ഥാനങ്ങള്‍ക്കും നികുതി വരുമാനം മുമ്പു കണക്കാക്കിയതുപോലെ വര്‍ധിച്ചിട്ടില്ല. നഷ്ടപരിഹാരം നിലച്ചാല്‍ കേരളത്തിനു പ്രതിമാസം 1200 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. ചുരുക്കം സംസ്ഥാനങ്ങള്‍ക്കു മാത്രമേ നഷ്ടപരിഹാരം കൂടാതെ പിടിച്ചു നില്‍ക്കാന്‍ പറ്റൂ.

ഈ സാഹചര്യത്തില്‍ കേന്ദ്രം അനുഭാവ നിലപാട് എടുക്കുമോ എന്നാണറിയേണ്ടത്. സംസ്ഥാനങ്ങള്‍ക്കു വരുമാനം കുറഞ്ഞാല്‍ അവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല ദൈനംദിന കാര്യങ്ങള്‍ വരെ അവതാളത്തിലാകും.

This section is powered by Muthoot Finance

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it