ആശ്വാസറാലി തുടരുമോ? വിലക്കയറ്റ- വ്യവസായ ഉൽപാദന കണക്കുകളിൽ നിരാശ; വിപണിക്കു പുതിയ ആശങ്കകൾ


ഓഹരിവിപണി ബുധനാഴ്ചത്തെ ആശ്വാസ റാലി തുടരാനാകുമോ എന്ന ചോദ്യവുമായാണ് ഇന്നു തുടങ്ങുന്നത്. വിദേശ സൂചനകൾ അത്ര അനുകൂലമല്ല.

വിപണികളിൽ അനിശ്ചിതത്വം ആശങ്കയ്ക്കു വഴിമാറുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾക്കൊപ്പം ഭൗമ-രാഷ്ട്രീയ വിഷയങ്ങളും ഉയർന്നു വരുന്നു. യുക്രെയ്ൻ യുദ്ധം ഏതു രീതിയിൽ പരിണമിക്കും എന്ന സമസ്യയും യുഎസ് - സൗദി അറേബ്യ ബന്ധത്തിലെ ഉലച്ചിൽ ഇന്ധന വിപണിയെ എങ്ങനെ ബാധിക്കും എന്ന ചോദ്യവും ഉയർന്നു വരുന്നു.

ഇന്ത്യയിൽ ചില്ലറ വിലക്കയറ്റം റിക്കാർഡ് ഉയരത്തിലേക്കു കുതിച്ചതും വ്യവസായ ഉൽപാദനം ചുരുങ്ങിയതും ആശങ്ക വളർത്തുന്ന കാര്യങ്ങളാണ്. രാജ്യത്തിൻ്റെ റേറ്റിംഗ് സംബന്ധിച്ചു സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) സന്ദേഹം പ്രകടിപ്പിച്ചതും ചെറിയ കാര്യമല്ല. ഇപ്പാേൾത്തന്നെ നിക്ഷേപ യോഗ്യതയുടെ ഏറ്റവും താഴ്ന്ന പടിയിലാണ് ഇന്ത്യ. വിദേശ നിക്ഷേപകർ പണം മടക്കിക്കൊണ്ടു പോകുന്നതടക്കം വെല്ലുവിളികൾ പലതാണ്. കറൻ്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ മൂന്നു ശതമാനത്തിനു മുകളിലാകും എന്ന ഭീഷണിയും നിലനിൽക്കുന്നു. ആ കമ്മി നികത്താൻ മാത്രം വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ പറ്റില്ല. അപ്പോൾ കൂടുതൽ വിദേശ കടം എടുക്കേണ്ടി വരും. അതിലുമുണ്ട് അപായങ്ങൾ.

കേന്ദ്ര ബാങ്കുകൾ വിലക്കയറ്റത്തെ പിടിച്ചുകെട്ടാൻ പലിശ വർധിപ്പിച്ചു മുന്നോട്ടു പോകുന്നതിനെതിരെ നിക്ഷേപ ബാങ്കുകളും ബ്രോക്കറേജുകളും പ്രചാരണം ശക്തമാക്കുന്നുണ്ട്. എന്നാൽ കേന്ദ്ര ബാങ്കുകൾ പിന്നോട്ടില്ലെന്ന് ഇന്നലെ പുറത്തു വന്ന യുഎസ് ഫെഡ് കമ്മിറ്റിയുടെ മിനിറ്റ്സ് വ്യക്തമാക്കി. ഇതോടെ വിപണിയിലെ അനിശ്ചിതത്വം വർധിച്ചു. ഇന്നലെ നിരന്തരമായ ചാഞ്ചാട്ടങ്ങൾക്കു ശേഷം യുഎസ് ഓഹരി സൂചികകൾ നാമമാത്ര താഴ്ചയിൽ (0.01 മുതൽ 0.33 ശതമാനം വരെ) ക്ലോസ് ചെയ്തത് അതിൻ്റെ ഫലമാണ്. പിന്നീടു ഫ്യൂച്ചേഴ്സ് വിപണി നേട്ടത്തിലായി. പിന്നീടു ചാഞ്ചാട്ടമായി.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ താഴ്ചയിൽ തുടങ്ങിയിട്ടു കൂടുതൽ താഴോട്ടു നീങ്ങി. ജപ്പാനിലെ നിക്കൈ അര ശതമാനം താഴ്ചയിലാണ്. ചൈനീസ് വിപണി ആദ്യം ഇടിഞ്ഞിട്ടു പിന്നീടു നഷ്ടം കുറച്ചു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,031 വരെ താണു. ഇന്നു രാവിലെ സൂചിക 17,065 വരെ കയറി. പിന്നീടു ചാഞ്ചാടി. ഇന്ത്യൻ വിപണിയുടെ തുടക്കം ചെറിയ താഴ്ചയിലാകും എന്നാണു സൂചന.

മൂന്നു ദിവസം താഴാേട്ടു നീങ്ങിയ ശേഷമാണ് ഇന്നലെ ഇന്ത്യൻ വിപണിയിൽ ഒരു ആശ്വാസ റാലി ഉണ്ടായത്. രാവിലെ ചാഞ്ചാടിയ ശേഷം ഉച്ചകഴിഞ്ഞാണു സൂചികകൾ ഉണർവിലേക്കു പ്രവേശിച്ചത്.

സെൻസെക്സ് 478.59 പോയിൻ്റ് (0.84%) ഉയർന്ന് 57,625.91- ലും നിഫ്റ്റി 140.05 പോയിൻ്റ് (0.82%) ഉയർന്ന് 17,123.6 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകളും ഉയർന്നു. മീഡിയ ഒഴികെ എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിലായി. കൺസ്യൂമർ ഡ്യുറബിൾസ്, ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ എന്നിവയുടെ നേട്ടം നാമമാത്രമായിരുന്നു. റിയൽറ്റി, ബാങ്കിംഗ്, ധനകാര്യ സർവീസ്, ഐടി, എഫ്എംസിജി, വാഹന സൂചികകൾ മെച്ചപ്പെട്ട നേട്ടം ഉണ്ടാക്കി.

വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 542.36 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 85.32 കോടിയുടെ ഓഹരികൾ വാങ്ങി.

വിപണി ഹ്രസ്വകാലത്തേക്കു ചെറിയ മേഖലയിൽ ( 16,750-17,450) സമാഹരണം നടത്തുമെന്നാണു നിക്ഷേപ വിദഗ്ധരുടെ വിലയിരുത്തൽ. നിഫ്റ്റിക്ക് 17,000-വും 16,895-ഉം സപ്പോർട്ട് ആകും.14,190-ഉം 17, 250 - ഉം തടസങ്ങളാകാം.

ക്രൂഡ് ഓയിൽ വില താഴ്ന്നു. മാന്ദ്യഭീതിയും അമേരിക്കയിലെ സ്റ്റാേക്ക് നിലയിലെ വലിയ വർധനയുമാണു കാരണം. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 92.64-ലും അബുദാബിയുടെ മർബൻ 93.85 ഡോളറിലുമാണ്.

വ്യാവസായിക ലോഹങ്ങൾ സമ്മിശ്ര ചിത്രമാണു നൽകുന്നത്. ചെമ്പ്, ലെഡ്, സിങ്ക് എന്നിവ ചെറിയ തോതിൽ ഉയർന്നപ്പോൾ അലൂമിനിയവും ടിന്നും നിക്കലും ഒന്നര മുതൽ മൂന്നു ശതമാനം വരെ താഴ്ന്നു.

സ്വർണവിപണി ചാഞ്ചാട്ടത്തിലായിരുന്നു. ഇന്നലെ 1664-1690 ഡോളർ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1672-1673 ഡോളറിലാണു വ്യാപാരം.

രൂപ ഇന്നലെ പിടിച്ചു നിന്നു. റിസർവ് ബാങ്ക് വിപണിയിൽ സജീവമായിരുന്നു. ഡോളർ ഒരു പൈസ വർധിച്ച് 82.32 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ഇന്ന് 113.25 ലാണ്. ഉയർച്ചയ്ക്കുള്ള പ്രവണതയാണു കാണുന്നത്. യൂറോയും ബ്രിട്ടീഷ് പൗണ്ടും ഇന്നു താഴ്ചയിലാണ്.

വ്യവസായ ഉൽപാദനം ചുരുങ്ങി

ഓഗസ്റ്റിലെ വ്യവസായ ഉൽപാദനം 0.8 ശതമാനം കുറഞ്ഞു. ജൂലൈയിൽ 2.2 ശതമാനം വർധിച്ചതാണ്. ഫാക്ടറി ഉൽപാദനത്തിൽ 0.7 ശതമാനം കുറവു വന്നപ്പോൾ ഖനനം 3.9 ശതമാനം ചുരുങ്ങി. ഗൃഹോപകരണങ്ങൾ ഉൾപ്പെട്ട കൺസ്യൂമർ ഡ്യുറബിൾസ് നിർമാണം 2.5 ശതമാനം ഇടിഞ്ഞു. ഏറ്റവും വലിയ തകർച്ച സോപ്പ്, ഷാംപൂ , വാഷിംഗ് പൗഡർ തുടങ്ങിയവ ഉൾപ്പെട്ട കൺസ്യൂമർ നോൺ ഡ്യുറബിൾസ് വിഭാഗത്തിലാണ്. 9.9 ശതമാനം ഇടിവ്. വിലക്കയറ്റം ഡിമാൻഡ് കുറച്ചതിൻ്റെ ഫലമാണിത്. പ്രമുഖ കമ്പനികൾ ഈ മാസം സോപ്പിനും മറ്റും വില കുറച്ചത് ഈ സാഹചര്യത്തിലാണ്.

സെപ്റ്റംബറിൽ വ്യവസായ ഉൽപാദനം ചെറിയ വളർച്ച കാണിച്ചിട്ടുണ്ടാകുമെന്നു റേറ്റിംഗ് ഏജൻസികൾ കണക്കാക്കുന്നു.

ചില്ലറ വിലക്കയറ്റം വീണ്ടും കുതിച്ചു

സെപ്റ്റംബറിലെ ചില്ലറ വിലക്കയറ്റം എല്ലാ നിഗമനങ്ങളും മറികടന്നാണ് 7.41 ശതമാനത്തിലേക്കു കുതിച്ചു കയറിയത്. കഴിഞ്ഞ അഞ്ചു മാസങ്ങളിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഏപ്രിൽ 7.79%, മേയ് 7.04%, ജൂൺ 7.01%, ജൂലൈ 6.71%, ഓഗസ്റ്റ് 7.00% എന്നിങ്ങനെയാണു മുൻ മാസങ്ങളിലെ വിലക്കയറ്റം. ഏപ്രിലിലേത് എട്ടുവർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിലക്കയറ്റമായിരുന്നു.

രാജ്യത്തു കഴിഞ്ഞ 36 മാസമായി നാലു ശതമാനത്തിനു മുകളിലാണു ചില്ലറ വിലക്കയറ്റം. 2016-ൽ പാർലമെൻ്റ് റിസർവ് ബാങ്കിനു നൽകിയിട്ടുള്ള നിർദേശം ചില്ലറ വിലക്കയറ്റം നാലു ശതമാനത്തിൽ നിർത്തണം എന്നാണ്. ഇതിൽ നിന്നു രണ്ടു ശതമാനം കൂടുതലോ കുറവോ (സഹനപരിധി) ആകാം. ജനുവരി മുതൽ ഉയർന്ന സഹന പരിധിയായ ആറു ശതമാനത്തിനു മുകളിലാണ് വിലക്കയറ്റം.

ജൂലൈ - സെപ്റ്റംബർ പാദത്തിലെ ചില്ലറ വിലക്കയറ്റം 7.1 ശതമാനം ആയിരിക്കുമെന്നാണു റിസർവ് ബാങ്ക് കഴിഞ്ഞ മാസം കണക്കാക്കിയത്. ഇപ്പാേൾ കണക്കുകൾ കാണിക്കുന്നത് വിലക്കയറ്റം 7.04 ശതമാനമേ ആയുള്ളു എന്നാണ്. വാർഷിക വിലക്കയറ്റം 6.7 ശതമാനമാകും എന്നാണു റിസർവ് ബാങ്കിൻ്റെ നിഗമനം. ഇനിയുള്ള പാദങ്ങളിൽ വിലക്കയറ്റം യഥാക്രമം 6.5 - ഉം 5.8- ഉം ശതമാനമായി കുറഞ്ഞാലേ അതു സാധ്യമാകൂ.

വില്ലൻ ഭക്ഷ്യവില

സെപ്റ്റംബറിൽ വിലക്കയറ്റം വർധിച്ചതിൽ പ്രധാന പങ്ക് ഭക്ഷ്യവസ്തുക്കൾക്കാണ്. ഭക്ഷ്യ വിലക്കയറ്റം 8.41 ശതമാനമായി. ജൂലെെയിൽ 6.69-ഉം ഓഗസ്റ്റിൽ 7.62-ഉം ശതമാനമായിരുന്നു ഇത്. പ്രതിമാസ വർധന 8.6 ശതമാനമായിട്ടുണ്ട്. പച്ചക്കറികൾക്കു 18.05-ഉം സുഗന്ധവ്യഞ്ജനങ്ങൾക്ക് 16.88-ഉം ധാന്യങ്ങൾക്കും ധാന്യ ഉൽപന്നങ്ങൾക്കും 11.53 - ഉം ശതമാനം വിലക്കയറ്റമുണ്ട്. ഇന്ധനം - വൈദ്യുതി വിഭാഗം 10.39% വും വസ്ത്ര-പാദരക്ഷ വിഭാഗം 10.17% വും വില വർധന രേഖപ്പെടുത്തി.

കോവിഡ്, യുക്രെയ്നിലെ റഷ്യൻ ആക്രമണം, കാലവർഷപ്പിഴവ് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഭക്ഷ്യവില പിടിവിട്ടു പായാൻ കാരണമായി. ഈയിടത്തെ അമിതമഴ പലേടത്തും നെല്ല് അടക്കമുള്ള ഖാരിഫ് വിളകളുടെ ഉൽപാദനം കുറയാൻ നിമിത്തമായി. ഭക്ഷ്യ എണ്ണകളുടെ വില ഗണ്യമായി താണെങ്കിലും പയറുവർഗങ്ങളുടെ വില ഉയർന്നു തന്നെ നിൽക്കുന്നു.

പലിശവർധനയിൽ മയം ഉണ്ടാകില്ല

ചില്ലറ വിലക്കയറ്റം ഉയർന്നു പോകുന്നത് റിസർവ് ബാങ്കിൻ്റെ പലിശ കൂട്ടൽ നടപടി തുടരാൻ പ്രേരകമാകും. കഴിഞ്ഞ അഞ്ചു മാസം റിസർവ് ബാങ്ക് എടുത്ത നടപടികൾ പോരാ എന്ന് വിലവർധന കാണിച്ചു. ഡിസംബറിലെ പണനയ കമ്മിറ്റി യോഗം റീപോ നിരക്ക് 5.9-ൽ നിന്ന് 6.4 ശതമാനത്തിലേക്കു വർധിപ്പിക്കാനുള്ള തീരുമാനമാകും എടുക്കുക. അതിനകം ഒക്ടോബറിലെ വിലക്കയറ്റ കണക്കും രണ്ടാം പാദത്തിലെ ജിഡിപി വളർച്ചക്കണക്കും പുറത്തു വരും.

ഇന്ത്യയിലെ മൊത്ത വിലക്കയറ്റ കണക്ക് നാളെ വൈകുന്നേരം പുറത്തുവിടും.

യുഎസ് മൊത്തവില വീണ്ടും കൂടി; പലിശവർധന ഉറപ്പ്

യുഎസിലെ മൊത്ത വിലക്കയറ്റ കണക്ക് ഇന്നലെ പുറത്തു വന്നു. സെപ്റ്റംബറിലെ മൊത്ത വില 0.4 ശതമാനം വർധിച്ചു. ഓഗസ്റ്റിൽ 0.1 ശതമാനമായിരുന്നു വർധന. 0.2 ശതമാനം വർധനയായിരുന്നു പ്രതീക്ഷ. വാർഷികാടിസ്ഥാനത്തിൽ

മൊത്ത വിലകൾ 8.5 ശതമാനം വർധിച്ചു. ഓഗസ്റ്റിൽ 8.7% ആയിരുന്നു. ഇത് 8.4% ആയി താഴുമെന്നു പ്രതീക്ഷിച്ചതാണ്. കാതൽ വിലക്കയറ്റം 7.2 ശതമാനം ഉണ്ട്.

യുഎസ് ഫെഡ് അടുത്ത മാസവും പലിശ 75 ബേസിസ് പോയിൻ്റ് (മൂന്നിൽ നിന്ന് 3.75 ശതമാനത്തിലേക്ക്) വർധിപ്പിക്കാനുള്ള സാധ്യത നിലനിർത്തുന്നതാണ് ഈ കണക്കുകൾ. പലിശ ആ നിരക്കിൽ വർധിക്കാൻ 83 ശതമാനം സാധ്യതയാണ് ഇപ്പോൾ കണക്കാക്കുന്നത്. നിർണായകമായ ചില്ലറ വിലക്കയറ്റ കണക്കു യുഎസ് ഗവണ്മെൻ്റ് നാളെ പുറത്തുവിടും.

വിപ്രോയ്ക്കു ക്ഷീണം, എച്ച്സിഎലിനു മികവ്

രണ്ടു കമ്പനികളും രണ്ടാം പാദ ഫലങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചു. വിപ്രോയുടെ വളർച്ചയും ലാഭമാർജിനും മോശമായപ്പോൾ എച്ച്സിഎൽ ആശ്വാസകരമായ ഫലം പുറത്തുവിട്ടു.

വിപ്രോയുടെ വിറ്റുവരവ് (22,540 കോടി രൂപ) വാർഷികാടിസ്ഥാനത്തിൽ 14.6 ശതമാനവും പാദ അടിസ്ഥാനത്തിൽ 4.69 ശതമാനവും വളർച്ച കാണിച്ചു. ഇതു മറ്റു കമ്പനികളുടേതിലും കുറവായി. അറ്റാദായം (2659 കോടി രൂപ) ആകട്ടെ കഴിഞ്ഞ വർഷത്തേക്കാൾ 9.2 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ പാദത്തിൽ നിന്ന് 3.7 ശതമാനമേ കൂടിയുള്ളു. ലാഭ മാർജിൻ 15.1 ശതമാനം മാത്രം.

കമ്പനിയിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നാമമാത്രമായി കുറഞ്ഞ് 23 ശതമാനമായി.

അടുത്ത പാദത്തിലെ വരുമാനം പരമാവധി രണ്ടു ശതമാനമേ വളരൂ എന്നാണു മാനേജ്മെൻ്റ് ഇന്നലെ പറഞ്ഞത്. ഇതും വിപണി പ്രതീക്ഷയേക്കാൾ മോശമാണ്. രണ്ടാം പാദ വളർച്ചയേക്കാൾ വളരെ കുറവാകും അടുത്ത പാദത്തിലെ വളർച്ച.

അതേ സമയം എച്ച്സിഎൽ ടെക്നോളജീസ് ഈ ധനകാര്യ വർഷത്തെ വളർച്ച പ്രതീക്ഷ ഉയർത്തി. ഡോളർ വരുമാന വളർച്ച 12-14 ശതമാനത്തിൽ നിന്ന് 13.5 - 14.5 ശതമാനത്തിലേക്ക് വർധിപ്പിച്ചു.

കമ്പനിക്കു രണ്ടാം പാദ വരുമാനം 19.5% കൂടി 24,686 കോടി രൂപയായി. കഴിഞ്ഞ പാദത്തേക്കാൾ 5.2% അധികം. അറ്റാദായം ഏഴു ശതമാനം വർധിച്ച് 3489 കോടിയായി. ലാഭ മാർജിൻ അൽപം വർധിച്ച് 18.2 ശതമാനമായി.

കൊഴിഞ്ഞുപോക്ക് 23.8 ശതമാനം. ഇപ്പാേൾ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 2,19,325. കഴിഞ്ഞ പാദത്തേക്കാൾ 8359 അധികം.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it