ആശ്വാസറാലി പ്രതീക്ഷിച്ചു വിപണി; വിദേശ സൂചനകൾ പോസിറ്റീവ്; രൂപയും താൽക്കാലിക ആശ്വാസത്തിലേക്ക്; വിദേശികൾ വിൽപനയിൽ

നാലു ദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷം ഒരാശ്വാസ റാലി ആഗ്രഹിച്ചാണ് ഇന്ത്യൻ വിപണി ഇന്നു തുടങ്ങുക. എന്നാൽ ദീർഘകാല ആശ്വാസത്തിന് അന്തരീക്ഷം ഒരുങ്ങിയിട്ടില്ല. ഓഹരി വിപണി നാലു ശതമാനത്തിലധികം താഴ്ചയാണ് ഈ ദിവസങ്ങളിൽ അഭിമുഖീകരിച്ചത്. വിദേശ വിപണികളെ അപേക്ഷിച്ച് ഇതു കുറവാണ്. വിദേശ നിക്ഷേപകരാണെങ്കിൽ രൂപയുടെ ഇടിവ് മൂലം തങ്ങളുടെ നഷ്ടം വർധിക്കുന്ന സാഹചര്യത്തിൽ വിറ്റൊഴിയാൻ ധൃതി കൂട്ടുന്നുമുണ്ട്. വിപണി സൂചികകൾ ശക്തമായ തിരിച്ചുവരവിൻ്റെ സൂചനകൾ നൽകുന്നില്ലെന്നാണ് ചാർട്ടുകൾ വിശകലനം ചെയ്യുന്നവർ പറയുന്നത്. എങ്കിലും ഇന്നു നിക്ഷേപകർക്ക് ആശ്വാസത്തിനു വക ഉണ്ടാകുമെന്നു തന്നെയാണു സൂചനകൾ. രൂപയുടെ ഇടിവിനും ഇന്നു ചെറിയ ആശ്വാസം പ്രതീക്ഷിക്കുന്നുണ്ട്.

ഇന്നലെ യൂറോപ്യൻ വിപണി നഷ്ടത്തോത് കുറച്ചത് പ്രതീക്ഷ പകരുന്നതായിരുന്നു. യുഎസ് വിപണിയുടെ തുടക്കവും പ്രതീക്ഷ നൽകി. പക്ഷേ പിന്നീടു യുഎസ് സൂചികകൾ താഴ്ചയിലായി. ഡൗ ജോൺസ് സൂചിക 1.11 ശതമാനം താഴ്ന്ന് ബെയർ മേഖലയിലായി. എസ് ആൻഡ് പിയും നാസ്ഡാകും നേരത്തേ തന്നെ കരടി വലയത്തിലായിരുന്നു. യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇന്നു നല്ല നേട്ടത്തിലേക്കു കയറിയത് ഏഷ്യൻ വിപണികൾക്ക് ഉണർവ് നൽകി.

ഓസ്ടേലിയൻ, ഏഷ്യൻ വിപണികൾ രാവിലെ ഉയർന്ന തോതിലാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കൈ തുടക്കത്തിൽ അര ശതമാനം ഉയർന്നു. പിന്നീട് ഒരു ശതമാനത്തിലധികം നേട്ടത്തിലായി. ചൈനയിലെ ഷാങ്ഹായ് സൂചിക 0.4 ശതമാനം നേട്ടത്താേടെയാണു വ്യാപാരം ആരംഭിച്ചത്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,941 വരെ താഴ്ന്നിട്ട് 16,971-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക ഉയർന്ന് 17,095-ലെത്തി. ഇന്ത്യൻ വിപണി ഉണർവോടെ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതു നൽകുന്നത്.

തിങ്കളാഴ്ച ഇന്ത്യൻ വിപണി തുടക്കം മുതൽ താഴ്ചയിലായിരുന്നു. വ്യാപാരം തുടങ്ങി കുറച്ചു സമയത്തിനുള്ളിൽ സെൻസെക്സ് 1000 പോയിൻ്റിലേറെ ഇടിഞ്ഞെങ്കിലും പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു. എന്നാൽ അവസാന മണിക്കൂറിൽ വീണ്ടും വലിയ തോതിൽ ഇടിഞ്ഞു.

സെൻസെക്സ് 953.7 പോയിൻ്റ് (1.64%) നഷ്ടത്തിൽ 57,145.22 -ലും നിഫ്റ്റി 311.05 പോയിൻ്റ് (1.8%) ഇടിഞ്ഞ് 17,016.3-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 3.11 ശതമാനവും സ്മോൾ ക്യാപ് സൂചിക 3.41 ശതമാനവും ഇടിവിലായി.

ഒരു ഓഹരി ഉയർന്നപ്പോൾ 11 ഓഹരികൾ താഴുന്നതായിരുന്നു ഇന്നലെ വിപണിയുടെ ചിത്രം.

എൻഎസ്ഇയിൽ 0.57 ശതമാനം ഉയർന്ന ഐടി ഒഴികെ ഒരു വ്യവസായ മേഖലയും ഇന്നലെ ഉയർന്നില്ല. റിയൽറ്റി (4.25 ശതമാനം), മെറ്റൽ (4.13), വാഹനങ്ങൾ (3.81), ഓയിൽ - ഗ്യാസ് (3.24) മീഡിയ (3.05), ബാങ്കിംഗ് (2.35), ധനകാര്യം (2.13), എഫ്എംസിജി (2.04 ശതമാനം) എന്നിങ്ങനെ വിവിധ മേഖലകൾ താഴ്ചയിലായി.

മാരുതി, ടാറ്റാ മോട്ടോഴ്സ്, ഹിൻഡാൽകോ, അഡാനി പോർട്സ്, ഐഷർ ടാറ്റാ സ്റ്റീൽ, ഐടിസി തുടങ്ങിയവയൊക്കെ ഇന്നലെ വലിയ നഷ്ടത്തിലായി.ആർബിഎൽബാങ്ക്, ഇന്ത്യാ സിമൻ്റ്സ്, പിരമൾ എൻ്റർപ്രൈസസ് തുടങ്ങിയവ കനത്ത നഷ്ടത്തിലാണ്.

എംഡിയുടെ അപ്രതീക്ഷിത രാജിയെ തുടർന്നു ദിവസങ്ങളായി താഴോട്ടു നീങ്ങുന്ന കാൻ ഫിൻ ഹോംസ് ഇന്നലെ 7.61 ശതമാനം ഇടിഞ്ഞു. ഒരു മാസത്തിനകം ഓഹരി 30 ശതമാനത്തോളം നഷ്ടത്തിലായി. കമ്പനിയുടെ കണക്കുകളെപ്പറ്റി വിപണിയിൽ പല കിംവദന്തികളുമുണ്ട്.

വിദേശ നിക്ഷേപകർ ഇന്നലെ 5101.3 കോടി രൂപയുടെ ഓഹരികളാണു ക്യാഷ് വിപണിയിൽ വിറ്റത്. സമീപകാലത്തൊന്നും അവരുടെ ഏകദിന വിൽപന ഇത്രയും വർധിച്ചിട്ടില്ല. സെപ്റ്റംബറിലെ വിദേശിനിക്ഷേപം മൈനസിലേക്കാണു നീങ്ങുന്നത്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും ചേർന്ന് 3532.18 കോടിയുടെ ഓഹരികൾ വാങ്ങി.

ചാർട്ടുകൾ ബെയറിഷ് സൂചനയാണു നൽകുന്നതെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. മധ്യകാല കുതിപ്പിന് 16,800 മേഖലയിൽ നിന്നുള്ള കുതിപ്പാണു വേണ്ടതെന്ന് അവർ കണക്കാക്കുന്നു. നിഫ്റ്റിക്ക് ഇന്നു 16,930-ലും 16,845-ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,150-ലും 17,280-ലും തടസങ്ങൾ ഉണ്ടാകാം.

ക്രൂഡ് ഇടിവ് തുടരുമോ?

ക്രൂഡ് ഓയിൽ വീണ്ടും താഴ്ചയിലാണ്. ബ്രെൻ്റ് ഇനം ഇന്നലെ 83.7 ഡോളർ വരര താഴ്ന്നു. ഇന്നു രാവിലെ 84.7 ഡോളറിലേക്കു കയറി. മാന്ദ്യഭീതിയിലാണ് ഈ ഇടിവ്. എന്നാൽ ഒപെക് ഉൽപാദനം കുറവാകുന്നതും ശീതകാല ഡിമാൻഡ് വർധിക്കുന്നതും വില കൂട്ടുമെന്ന ധാരണയും ബലപ്പെട്ടു വരുന്നുണ്ട്.

വ്യാവസായിക ലോഹങ്ങൾ ഇന്നലെയും താഴോട്ടായിരുന്നു. ചെമ്പ് 7300 ഡോളറിനു താഴെ വരെ എത്തിയ ശേഷം തിരിച്ചു കയറി തലേന്നത്തെ നിലവാരത്തിൽ ക്ലോസ് ചെയ്തു. അലൂമിനിയം 1.2 ശതമാനം താഴ്ന്ന് 2139 ഡോളറിലായി. നിക്കൽ, സിങ്ക്, ലെഡ് തുടങ്ങിയവയും ഇടിഞ്ഞു. ടിൻ അൽപം ഉയർന്നു.

സ്വർണം ചാഞ്ചാട്ടത്തിലാണ്. ഇന്നലെ 1651.3 ഡോളർ വരെ ഉയർന്ന സ്വർണം പിന്നീട് 1621.4 ഡോളറിലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 1631-1633 ഡോളറിലാണു വ്യാപാരം. സ്വർണത്തിൻ്റെ ഹ്രസ്വകാല ഗതി താഴോട്ടാണെന്നു വിപണി കണക്കാക്കുന്നു.

കേരളത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം പവനു 160 രൂപ വർധിച്ച് 36,960 രൂപയായി. ഡോളർ അധികം ഉയരുന്നില്ലെങ്കിൽ പവന് ഇന്നു വില താഴാനാണു സാധ്യത.

രൂപ കയറുമോ?

രൂപ ഇന്നലെയും വലിയ താഴ്ചയിലായി. എന്നാൽ വെള്ളിയാഴ്ചത്തേതു പോലെ റിസർവ് ബാങ്ക് വലിയ ഇടപെടൽ നടത്തിയില്ല. രാവിലെ 81.54 രൂപയിൽ വ്യാപാരം ആരംഭിച്ച ഡോളർ 81.62 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു രൂപ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഡോളർ സൂചിക 114- നു താഴോട്ടു നീങ്ങിയതാണു കാരണം. രാവിലെ രൂപ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നു പലരും കരുതുന്നു.

ഇന്നലെ ഇന്ത്യയിൽ വ്യാപാരം നടക്കുമ്പോൾ ഡോളർ സൂചിക 114- നു താഴെയായിരുന്നു. പിന്നീടു കയറി ക്ലാേസിംഗ് 114.12 ലായി. ഇന്നു രാവിലെ സൂചിക 113.66 വരെ താഴ്ന്നിട്ട് അൽപം കയറി.

ഡോളറിൻ്റെ തേരോട്ടം തടയാൻ വിഫലശ്രമങ്ങൾ

ഏഷ്യൻ രാജ്യങ്ങൾ ഈ ദിവസങ്ങളിൽ ഡോളറിൻ്റെ തേരോട്ടം തടയാനും സ്വന്തം കറൻസികളെ താങ്ങി നിർത്താനും ശ്രമിച്ചിരുന്നു. പക്ഷേവിജയിച്ചില്ല.

ചൈന കറൻസിയെ പിടിച്ചു നിർത്താൻ വിദേശനാണ്യ ബാധ്യതകളിലെ നഷ്ടസാധ്യതയ്ക്കുള്ള വകയിരുത്തൽ വർധിപ്പിച്ചു. ഡോളർ 7.15 യുവാനിലേക്ക് ഇന്നലെ ഉയർന്നിരുന്നു. ജനുവരി ഒന്നിൽ നിന്ന്.12.2 ശതമാനം താഴ്ചയിലാണു യുവാൻ. കറൻസിയെ താങ്ങി നിർത്താനുള്ള ശ്രമങ്ങൾ വേണ്ടത്ര വിജയകരമായിട്ടില്ല. ഇന്നു രാവിലെ ഡോളർ 7.1651 യുവാനിലേക്കു കയറി.

ജാപ്പനീസ് കറൻസി യെൻ കൂടുതൽ വലിയ താഴ്ചയിലാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 26-ന് ഡോളർ 110.76 യെനിൽ ആയിരുന്നു. ഇന്നലെ 144.58 യെൻ. 30.56 ശതമാനം ഇടിവ്. കഴിഞ്ഞയാഴ്ച ബാങ്ക് ഓഫ് ജപ്പാൻ ഡോളർ വിറ്റ് കാൻസിയെ ഉയർത്താൻ ശ്രമിച്ചു. 30 വർഷത്തിനു ശേഷമാണു ബാങ്ക് ഡോളർ വിറ്റത്. വ്യാഴാഴ്ച നടത്തിയ വിൽപന ഡോളറിനെ 140.69 യെൻ വരെ താഴ്ത്തിയെങ്കിലും പിറ്റേന്നു തന്നെ ഡോളർ തിരിച്ചു കയറി. ഡോളർ വിൽപനയ്ക്കു തൊട്ടു മുൻപ് ഊഹക്കച്ചവടക്കാർ ഡോളറിനെ 145.74 യെൻ വരെ കയറ്റി ലാഭം കൊയ്തതു മിച്ചം.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it