വിപണികൾക്ക് ആശ്വാസം അകലെ; വിദേശസൂചനകൾ നെഗറ്റീവ്; ക്രൂഡ് ഓയിൽ താഴാേട്ട്; ഡോളർ കുതിപ്പിൽ കറൻസികൾക്കു ക്ഷീണം

ആഗോള പ്രവണതകൾ ഒട്ടും ആശ്വാസകരമല്ല. പലിശപ്പേടി ഒരു ദിവസം കുറഞ്ഞാൽ അടുത്ത ദിവസം കൂടും. വീണ്ടും പലിശപ്പേടി വർധിച്ച ഒരു ദിവസമാണ് യുഎസ് വിപണിയിൽ കടന്നു പോയത്. അതിൻ്റെ തുടർച്ചയായി ഇന്ന് ഇന്ത്യയടക്കം ഏഷ്യൻ വിപണികൾ ഉലയാം. ഡോളർ സൂചിക പിടിവിട്ടു കയറുന്നത് രൂപ അടക്കം വിവിധ കറൻസികളെ ദുർബലമാക്കും.

ഇന്നലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ശേഷം ഇന്ത്യൻ വിപണി ചാഞ്ചാട്ടത്തിലായി. ഒടുവിൽ നേരിയ താഴ്ചയിൽ ക്ലോസ് ചെയ്തു. എന്നാൽ വിശാലവിപണി നേട്ടത്തിലായിരുന്നു. പിന്നീടു യൂറോപ്യൻ വിപണി ഉയരത്തിൽ ക്ലോസ് ചെയ്തു. പക്ഷേ ഉയർന്നു വ്യാപാരം തുടങ്ങിയ യുഎസ് വിപണി ചാഞ്ചാട്ടത്തിലായിരുന്നു. ഒടുവിൽ ഡൗ ജോൺസ് 0.55 ശതമാനവും നാസ്ഡാക് 0.74 ശതമാനവും നഷ്ടത്തിൽ അവസാനിച്ചു.

യുഎസ് സേവന മേഖലയുടെ വളർച്ച പ്രതീക്ഷയിലും മെച്ചമായത് പലിശവർധനയുടെ തോത് കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കി എന്ന വ്യാഖ്യാനമാണു ക്ഷീണത്തിനു കാരണം. ഇന്നു യുഎസ് ഫ്യൂച്ചേഴ്സും നല്ല താഴ്ചയിലാണ്.

ഓസ്ട്രേലിയൻ, ജാപ്പനീസ് വിപണികൾ ഇന്ന് നല്ല താഴ്ചയിലായി. ജപ്പാനിലെ നിക്കൈയും ദക്ഷിണ കൊറിയയിലെ കോസ്പിയും ഒരു ശതമാനം ഇടിവോടെയാണു വ്യാപാരം തുടങ്ങിയത്. ഹോങ് കോങ്ങിലെ ഹാങ്സെങ് സൂചികയും ഷാങ്ഹായിയിലെ കോംപസിറ്റ് സൂചികയും താഴ്ന്നാണു വ്യാപാരം.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ ഗണ്യമായി ഇടിഞ്ഞു. 17,535 ലാണു സൂചിക ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 17,470-ലെത്തി. പിന്നീട് അൽപം കയറി. ഇന്ത്യൻ വിപണി രാവിലെ വലിയ താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ചൊവ്വാഴ്ച ഇന്ത്യൻ വിപണി ഉയർച്ച പ്രതീക്ഷിച്ചാണു വ്യാപാരം തുടങ്ങിയത്. പക്ഷേ പെട്ടെന്നു തന്നെ വിൽപന സമ്മർദത്തിൽ സൂചികകൾ ഇടിഞ്ഞു. തിരിച്ചു കയറി നേട്ടത്താേടെ മുന്നോട്ടു പോയെങ്കിലും വ്യാപാരം അവസാനിച്ചത് നാമമാത്ര നഷ്ടത്തിലാണ്. സെൻസെക്സ് 48.99 പോയിൻ്റ് (0.08%) താഴ്ന്ന് 59,196.99 ലും നിഫ്റ്റി 10.2 പോയിൻ്റ് (0.06%) താഴ്ന്ന് 17,655.6-ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.58 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.29 ശതമാനവും ഉയർന്നു വ്യാപാരം അവസാനിപ്പിച്ചു.

മെറ്റൽ (1.32%), ഓയിൽ - ഗ്യാസ് (1.15%), ഹെൽത്ത് കെയർ (0.54%), കൺസ്യൂമർ ഡ്യുറബിൾസ് (0.47%), റിയൽറ്റി (0.36%) തുടങ്ങിയ മേഖലകൾ നേട്ടമുണ്ടാക്കി. പൊതുമേഖലാ ബാങ്കുകൾ ഉയർന്നപ്പോൾ സ്വകാര്യ ബാങ്കുകൾ താഴ്ചയിലായി. എഫ്എംസിജി, ഐടി, മീഡിയ, ധനകാര്യ കമ്പനികളും വിൽപന സമ്മർദത്തിലായിരുന്നു.

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1144.53 കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശിഫണ്ടുകൾ 632.97 കോടിയുടെ നിക്ഷേപം നടത്തി.

വിപണി വ്യക്തമായ ദിശാബാേധം കാണിക്കാതെയാണു ക്ലോസ് ചെയ്തിരിക്കുന്നതെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 17,700-നു മുകളിലേക്ക് ശക്തമായി കടക്കുകയും തുടർന്ന് 17,900-ൽ എത്തുകയും ചെയ്താലേ ഒരു ബുൾ മുന്നേറ്റത്തിൻ്റെ തുടക്കമാകൂ എന്നാണ് അവരുടെ വിലയിരുത്തൽ. നിഫ്റ്റിക്ക് ഇന്ന് 17,575-ലും 17,495-ലും സപ്പോർട്ട് ഉണ്ടാകും. 17,750-ഉം 17, 845-ഉം തടസ മേഖലകളാണ്.

ക്രൂഡ് ഓയിൽ താഴുന്നു

ക്രൂഡ് ഓയിൽ വില ഒപെക് ഭീഷണിയെ അവഗണിച്ചു താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം നാലു ശതമാനം താഴ്ന്ന് 91.89 ഡോളറിലെത്തി. ഇനിയും താഴുമെന്നാണു സൂചന. പ്രതിദിന ക്രൂഡ് ഉൽപാദനം ഒരു ലക്ഷം വീപ്പ കുറയ്ക്കുമെന്നാണ് ഒപെക് തീരുമാനിച്ചത്. ഇതിനു നേതൃത്വം നൽകിയ സൗദി അറേബ്യ ഏഷ്യൻ രാജ്യങ്ങൾക്ക് ഒക്ടോബറിലെ ക്രൂഡിനു വില കുറച്ചിട്ടുമുണ്ട്. യുഎസ് ഉൽപാദനം ഉയർന്നത് പ്രകൃതിവാതക വില അൽപം കുറച്ചു.

വ്യാവസായിക ലോഹങ്ങൾ ഭിന്ന പ്രവണതകൾ കാണിച്ചു. അലൂമിനിയം വീണ്ടും താഴ്ന്ന് 2259.82 ഡോളർ ആയി. ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. അതേ സമയം ചെമ്പ് ഉയർന്ന് 7700-നു മുകളിലെത്തി.

ഡോളറിൻ്റെ കയറ്റവും പലിശപ്പേടിയും സ്വർണത്തെ വീണ്ടും വലിച്ചു താഴ്ത്തി. ഇന്നലെ 1700-1721 ഡോളർ മേഖലയിൽ കയറിയിറങ്ങിയ സ്വർണം ഇന്നു രാവിലെ 1692 ഡോളർ വരെ ഇടിഞ്ഞു. പിന്നീട് 1696-1698 ഡോളറിലായി വ്യാപാരം.

ഇന്നലെ കേരളത്തിൽ സ്വർണം പവന് 120 രൂപ വർധിച്ച് 37,520 രൂപ ആയിരുന്നു. ഇന്നു വില അൽപം കുറയും.

രൂപ -ഡോളർ നിരക്ക് ഇന്നലെ ചെറിയ കയറ്റിറക്കങ്ങൾ കാണിച്ചു. ഡോളർ 79.82 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക ഇന്നലെ 110.21 ലേക്കു കയറിയാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 110.51 വരെ എത്തി. യുഎസ് പലിശ ഉയരുന്നതും കടപ്പത്ര വിലകൾ ഇടിയുന്നതും ഡോളറിനെ പുതിയ റിക്കാർഡുകളിലേക്കു നയിക്കുകയാണ്. യൂറോയുടെ നിരക്ക് 0.9885 ഡോളറിലേക്കും പൗണ്ടിൻ്റേത് 1.1476 ഡോളറിലേക്കും താണു. ഒരു ഡോളറിനു 143.24 യെൻ എന്ന നിലയായി.

ലയനത്തിനില്ലെന്നു ഫെഡറൽ ബാങ്ക് വീണ്ടും

ലയന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെ ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 1.74 ശതമാനം താഴ്ന്ന് 121.4 രൂപയായി. കോട്ടക് മഹീന്ദ്ര ബാങ്ക് ഓഹരിയും ഒരു ശതമാനത്തിലേറെ താഴ്ന്നു. ഫെഡറൽ ബാങ്ക് സാരഥി ശ്യാം ശ്രീനിവാസൻ യേന റിപ്പോർട്ടുകൾ വീണ്ടും നിഷേധിച്ചിട്ടുണ്ട്.

തങ്ങൾ എവിടെയെങ്കിലും ലയിക്കാനല്ല, മറ്റു ബാങ്കുകളെ ഏറ്റെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നു ശ്രീനിവാസൻ പറഞ്ഞു. എന്നാൽ കൊട്ടക് മഹീന്ദ്ര ബാങ്ക് ഒന്നും പ്രതികരിച്ചിട്ടില്ല. ഫെഡറലിനെ ഏറ്റെടുക്കുന്നത് കൊട്ടക് മഹീന്ദ്രയുടെ ഇപിഎസ് 12-13 ശതമാനം വർധിപ്പിക്കുമെന്ന് ഒരു ബ്രോക്കറേജ് വിശകലന റിപ്പോർട്ടിൽ പറഞ്ഞു. എച്ച്ഡിഎഫ്സി ദ്വയങ്ങളുടെ ലയനം വലുപ്പവും വിപണിയിലെ പങ്കാളിത്തവും വർധിപ്പിക്കാൻ മറ്റു സ്വകാര്യ മേഖലാ ബാങ്കുകളെ നിർബന്ധിതമാക്കുന്ന സാഹചര്യമുണ്ട്.

താഴ്ച എവിടം വരെ?

ആഗോള പ്രവണതയിൽ നിന്നു വിട്ടുമാറി മുന്നോട്ടു കുതിക്കാനാണു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ വിപണി ശ്രമിച്ചത്. പക്ഷേ അത് അത്ര വിജയകരമല്ലെന്ന് ഓരോ ദിവസവും തെളിഞ്ഞു. ആഗോള വിപണികൾ ഒരു വലിയ തിരുത്തലിൻ്റെ ശേഷിക്കുന്ന ഭാഗം നടത്താൻ ഒരുങ്ങുകയാണ്. അതിനു നിമിത്തമാകുന്നത് യുഎസ് ഫെഡിൻ്റെ പലിശവർധനയും. വർധനയുടെ തോത് കുറയും എന്നു വ്യാഖ്യാനിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും വിപണി പ്രവർത്തകർ പാഴാക്കുന്നില്ല. പക്ഷേ മണിക്കൂറുകൾക്കകം അതു തിരുത്തേണ്ടിയും വരുന്നു.

അനിവാര്യമായ തിരുത്തൽ എസ് ആൻഡ് പി 500 സൂചികയിൽ 23 ശതമാനം വരെ ഇടിവ് വരുത്തുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ. ഇപ്പോൾ 3900-നു മുകളിലാണ് എസ് ആൻഡ് പി സൂചിക. സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ വർഷാവസാനം സൂചിക 3000-ലും അല്ലെങ്കിൽ 3400 ലും എത്തുമെന്നാണു മോർഗൻ സ്റ്റാൻലി പ്രവചനം. അടുത്ത വർഷം പകുതിയോടെ 15 ശതമാനം വരെ തിരിച്ചു കയറ്റവും അവർ കണക്കാക്കുന്നു.

This Section is Powered by Muthoot Finance

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it