ഹ്രസ്വകാല മുന്നേറ്റത്തിന് ഒരുങ്ങി വിപണി; വിദേശപണം വീണ്ടും വിപണിയിലേക്ക്; പലിശ കൂട്ടുന്നതിനെതിരേ ധനമന്ത്രി

വിപണി ആവേശകരമായ കുതിപ്പിൻ്റെ തുടർച്ചയ്ക്കായി കാത്തു നിൽക്കുകയാണ്. സാഹചര്യങ്ങളിൽ മാറ്റം ഉണ്ടായിട്ടല്ല. മാറ്റം ഉണ്ടാകില്ല എന്ന തീരുമാനമാണ് ഉണ്ടായ ഏകമാറ്റം. യുഎസിലും യൂറോപ്പിലും പലിശവർധന ഉയർന്ന തോതിൽ തുടരും എന്ന് ഉറപ്പായി. എങ്കിലും യുഎസ് വിപണി 0.6 ശതമാനം നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇന്ത്യൻ വിപണിയും നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് ഒരുങ്ങുന്നത്. വിദേശികൾ നിക്ഷേപം വർധിപ്പിക്കുന്നത് ആവേശം കൂട്ടുന്നു.

പല തവണ ചാഞ്ചാടിയിട്ടാണു യുഎസ് വിപണി ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തത്. യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ 75 ബേസിസ് പോയിൻ്റ് വർധിപ്പിച്ചത് ആദ്യം വിപണിയെ താഴ്ത്തി.

പിന്നീടു തിരിച്ചു കയറി. യുഎസ് ഫെഡ് ചെയർമാൻ പവൽ, ഉയർന്ന പലിശ നീണ്ടു നിൽക്കും എന്നു പ്രഖ്യാപിച്ചപ്പോഴും സൂചികകൾ താണു. വീണ്ടും കയറി. ഡോളർ സൂചിക ഇടിഞ്ഞു. യൂറോയും ബ്രിട്ടീഷ് പൗണ്ടും മറ്റും കയറി. യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ് അവസാനിച്ചത്.

ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ചെറിയ ഉണർവോടെ വ്യാപാരം തുടങ്ങി. പിന്നീട് അൽപം കൂടി ഉയർന്നു. ചൈനയിലും ഓഹരി സൂചികകൾ കയറി.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,880 വരെ കയറിയിട്ട് താഴ്ന്നു. ഇന്നു രാവിലെ വീണ്ടും കയറി - 17,905 ലെത്തി. ഇന്ത്യൻ വിപണി നല്ല ഉണർവോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

ഇന്ത്യൻ വിപണി ഇന്നലെ വലിയ കുതിപ്പ് നടത്തി. വിദേശ നിക്ഷേപകർ വലിയ തോതിൽ വാങ്ങലിനു മുതിർന്നതാണു വിപണിയെ ഉയർത്തിയത്. ബാങ്കിംഗ്, ധനകാര്യ, ഐടി കമ്പനികളുടെ നേട്ടമാണു സൂചികകളെ ഉയരത്തിലേക്കു നയിച്ചത്. ബാങ്ക് നിഫ്റ്റി 1.9 ശതമാനം കുതിച്ചു 40,200-നു മുകളിലെത്തി. മെറ്റൽ, മീഡിയ ഓഹരികൾ ഇടിഞ്ഞു.

സെൻസെക്സ് ഇന്നലെ 659.31 പോയിൻ്റ് (1.12%) കുതിച്ച് 59,688.22 ലും നിഫ്റ്റി 174.35 പോയിൻ്റ് (0.99%) ഉയർന്ന് 17,798.75 ലും ക്ലോസ് ചെയ്തു.

ഇന്നലെ വിദേശ നിക്ഷേപകർ 2913.09 കോടി രൂപ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 212.61 കോടി രൂപയുടെ ഓഹരികൾ വിറ്റു.

കഴിഞ്ഞ മൂന്നാഴ്ചയായി നിഫ്റ്റിക്കു ബാലികേറാമലയായിരുന്ന 17,770-നു മുകളിൽ ക്ലോസ് ചെയ്യാൻ കഴിഞ്ഞതു വലിയ മാറ്റമായി സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതു 18,000-18,150 മേഖലയിലേക്കുള്ള ഹ്രസ്വകാല മുന്നേറ്റത്തിനു വഴി തുറക്കുമെന്നാണു പ്രതീക്ഷ. നിഫ്റ്റിക്ക് 17,725-ലും 17,650-ലും സപ്പോർട്ട് കാണുന്നു. 17,840-ലും 17,895-ലും തടസം ഉണ്ടാകാം.

ക്രൂഡ് ഓയിൽ വില 90 ഡോളറിനു താഴെ നിൽക്കുകയാണ്. ബ്രെൻ്റ് ഇനം 88.4 ഡോളറിനും 89.3 ഡോളറിനുമിടയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 89.2 ഡോളറിലാണ്. വിലയിൽ വലിയ കയറ്റമാേ താഴ്ചയോ പ്രതീക്ഷിക്കുന്നില്ല.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ നേട്ടമുണ്ടാക്കി. ചെമ്പ് രണ്ടു ശതമാനത്തിലധികം ഉയർന്ന് 7900 ഡോളറിനു മുകളിലായി. അലൂമിനിയം 2267 ഡോളറിലേക്കു കയറി. ടിൻ അഞ്ചു ശതമാനം കുതിച്ചു.

സ്വർണം ചാഞ്ചാട്ടത്തിലായി. പലിശയെപ്പറ്റിയുള്ള കാഴ്ചപ്പാടിലെ മാറ്റങ്ങളും ഡോളർ സൂചികയിലെ ഇടിവുമാണ് കാരണം. 1703-1730 ഡോളർ മേഖലയിൽ കയറിയിറങ്ങിയ സ്വർണം 1706-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1715-1717 ഡോളറിലേക്ക് ഉയർന്നാന്നു വ്യാപാരം.

കേരളത്തിൽ ഇന്നലെ സ്വർണം പവന് 200 രൂപ വർധിച്ച് 37,320 രൂപയായി. ഡോളർ സൂചിക ഇന്നലെ 110.24 വരെ കയറിയിട്ട് 109.71 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 109.15 ലേക്കു സൂചിക താണു. രൂപ ഇന്നലെ നേട്ടമുണ്ടാക്കി. ഡോളർ 18 പൈസ താണ് 79.72 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നും രൂപ ഉയർന്നേക്കും.

യൂറോപ്പും പലിശ ഉയർത്തി

ഇന്നലെ യൂറാേപ്യൻ കേന്ദ്ര ബാങ്ക് (ഇസിബി) കുറഞ്ഞ പലിശ നിരക്ക് പൂജ്യത്തിൽ നിന്ന് 0.75 ശതമാനമായി ഉയർത്തി. ഇനിയും ഇതേ തോതിൽ ഉയർത്തുമെന്ന മുന്നറിയിപ്പും നൽകി. വിലക്കയറ്റം വരുതിയിലാക്കുന്നതിനാണ് ഇനി മുൻഗണന എന്ന് വ്യക്തമാക്കി.

മറ്റു രാജ്യങ്ങൾ പലിശ വർധിപ്പിച്ചിട്ടും ഇസിബി അതിലേക്കു നീങ്ങിയിരുന്നില്ല. പലിശ കൂട്ടുന്നതിനു വൈകി എന്ന വിമർശനങ്ങളെ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡിന് ഇന്നലെ അഭിമുഖീകരിക്കേണ്ടി വന്നു. വിപണിയിലെ പണലഭ്യത കഴിഞ്ഞ ഡിസംബർ മുതൽ കുറച്ചു പോന്നതും പലിശവർധന പോലെ പ്രധാനപ്പെട്ട കാര്യമാണെന്ന് അവർ ന്യായീകരിച്ചു.

2014 മുതൽ നെഗറ്റീവ് പലിശ നിരക്കാണ് 19 അംഗ രാജ്യങ്ങളുള്ള യൂറോ മേഖലയിലേത്. വിലക്കയറ്റം 41 വർഷത്തെ ഉയർന്ന നിരക്കായ 9.1 ശതമാനത്തിൽ എത്തി. വരും മാസങ്ങളിൽ വിലക്കയറ്റം ഇരട്ടയക്കത്തിൽ എത്തുമെന്നാണ് ഇസിബി വിലയിരുത്തൽ.

യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള ഇന്ധനലഭ്യതയിൽ ഉണ്ടായ പ്രശ്നങ്ങൾ യൂറോപ്പിനെയാണ് ഏറ്റവുമധികം ബാധിച്ചത്. പ്രകൃതിവാതക വില പത്തു മടങ്ങായി. വിലക്കയറ്റ നിയന്ത്രണത്തിന് ഏറ്റവും തടസവും ഇന്ധന-ഊർജ വിലക്കയറ്റമാണ്. 2023 അവസാനത്തോടെയേ വിലക്കയറ്റം വരുതിയിലേക്കു വരൂ എന്നാണ് ഇസിബി വിലയിരുത്തുന്നത്.

മാന്ദ്യത്തിലേക്കാണു യൂറോപ്പ് പോകുന്നതെന്ന വിമർശനങ്ങളെ ലഗാർഡ് നിരാകരിച്ചു. വിലക്കയറ്റം ഉയർന്നു നിൽക്കുകയും ജിഡിപി വളർച്ചത്തോത് കുറയുകയും ചെയ്യുമെങ്കിലും വളർച്ച ഇല്ലാതാവുകയില്ലെന്നാണ് അവരുടെ നിലപാട്. ഇന്നലത്തെ തീരുമാനത്തോടെ യൂറോ മേഖലയിലെ ബാങ്കുകളുടെ പുനർവായ്പാ നിരക്ക് 1.25 ശതമാനമായി. അമേരിക്കയിൽ 2.25-ഉം ഇന്ത്യയിൽ 5.4 - ഉം ശതമാനമാണ് ആ നിരക്ക്.

ഉയർന്ന പലിശ നീണ്ടു നിൽക്കുമെന്നു ഫെഡ്

യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ ഉയർന്ന തോതിലുള്ള നിരക്കു വർധന തുടരുമെന്ന് ആവർത്തിച്ചു. ഇപ്പോൾ 2.25-2.50 ശതമാനത്തിലുള്ള ഫെഡ് നിരക്ക് ഡിസംബറോടെ നാലു ശതമാനത്തിൽ എത്തിക്കും എന്ന് ഫെഡ് ഗവർണർമാരിൽ ഒരാൾ സൂചിപ്പിച്ചു. വോൾ സ്ട്രീറ്റ് ജേർണലിലെ റിപ്പോർട്ട് അവകാശപ്പെടുന്നത് ഈ മാസവും നവംബർ ആദ്യവും 75 ബേസിസ് പോയിൻ്റ് വീതവും ഡിസംബറിൽ 50 ബേസിസ് പോയിൻ്റും ആകും പലിശ നിരക്കിലെ വർധന എന്നാണ്.

പലിശ എന്നത്തേക്കു കുറയും എന്നതിന് വിലക്കയറ്റം ലക്ഷ്യത്തിലേക്കു താഴുന്നതു വരെ എന്നാണു ഫെഡ് ഉന്നതർ മറുപടി നൽകിയത്. 1970-കളിലും മറ്റും ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് നിരക്കുകൾ കുറച്ചതു പോലുള്ള അബദ്ധം ഇത്തവണ ഉണ്ടാകില്ലെന്ന് പവൽ പറയുന്നു. രണ്ടു ശതമാനം വിലക്കയറ്റമാണ് അമേരിക്കയിലും ലക്ഷ്യം.

കഴിഞ്ഞ ദിവസങ്ങളിൽ പലിശ ദീർഘനാളത്തേക്ക് ഉയർന്നു നിൽക്കാനുള്ള സാധ്യതയിൽ താഴോട്ടു പോയിരുന്ന വിപണി ഇന്നലെ മറിച്ചാണു പ്രതികരിച്ചത്. കാഴ്ചപ്പാട് മാറ്റിയതിനു വിപണിയിലെ വലിയ കളിക്കാർ വിശദീകരണമൊന്നും നൽകിയില്ല.

പലിശ കൂട്ടലിന് എതിരേ നിർമല

ഇന്ത്യയിൽ പലിശവർധനയുടെ തോത് കുറയുമെന്ന സൂചനകളാണുള്ളത്. വിലക്കയറ്റം അടുത്ത വർഷം അഞ്ചു ശതമാനത്തിലേക്കു താഴുമെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഈയിടെ ആവർത്തിച്ചു പറയുന്നുണ്ട്. രാജ്യത്തു വിലക്കയറ്റം നിയന്ത്രിക്കാവുന്ന നിലയിലേക്കു താണു എന്ന് ധനമന്ത്രി നിർമല സീതാരാമനും ഈ ദിവസങ്ങളിൽ പറഞ്ഞു. വിലക്കയറ്റമല്ല, സാമ്പത്തിക വളർച്ചയും തൊഴിൽ സൃഷ്ടിയുമാണു പ്രധാന കാര്യങ്ങൾ എന്നും മന്ത്രി അവകാശപ്പെട്ടു.

ചില്ലറ വിലക്കയറ്റം ജൂണിൽ 7.01 ശതമാനവും ജൂലൈയിൽ 6.71 ശതമാനവും ആയിരുന്നു. ഓഗസ്റ്റിലെ നിരക്ക് തിങ്കളാഴ്ച അറിയാം. 6.5 ശതമാനമായി കുറയും എന്നാണു നിഗമനം. രാജ്യത്തു വിലക്കയറ്റം നാലു ശതമാനത്തിൽ (താഴ്ന്ന പരിധി രണ്ടും ഉയർന്നത് ആറും ശതമാനം) നിർത്തണമെന്നാണു റിസർവ് ബാങ്കിനു നൽകിയിട്ടുള്ള നിർദേശം. എന്നാൽ ജനുവരി മുതൽ ആറു ശതമാനത്തിനു മുകളിലാണ് വിലക്കയറ്റം. ഏപ്രിൽ-ജൂൺ കാലത്ത് ഏഴിനും മുകളിലെത്തി.

ഇന്ധന, ഭക്ഷ്യ വിലകളാണ് ഇന്ത്യയിലെ വിലക്കയറ്റത്തെ പ്രധാനമായി സ്വാധീനിക്കുന്നത് എന്നും പണ നയത്തിനു വികസിത രാജ്യങ്ങളിൽ ഉള്ളത്ര പ്രാധാന്യം ഇല്ലെന്നും ഗവണ്മെൻ്റ് ഈ ദിവസങ്ങളിൽ വിശദീകരിക്കുന്നുണ്ട്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിലക്കയറ്റം കുറവായതും ഗവണ്മെൻ്റ് ചൂണ്ടിക്കാട്ടുന്നു.

റിസർവ് ബാങ്ക് റീപോ നിരക്കു വർധന മെല്ലെയാക്കണമെന്ന അഭിപ്രായമാണു ഗവണ്മെൻ്റിനുള്ളതെന്നാണ് നിരീക്ഷകർ ഇതിൽ നിന്ന് അനുമാനിക്കുന്നത്. മൂന്നു തവണയായി റീപോ നിരക്ക് നാലിൽ നിന്ന് 5.4 ശതമാനമായി വർധിപ്പിച്ചിരുന്നു. ഇതു ബാങ്കുകളുടെ വായ്പാപലിശ നിരക്കു കൂടാൻ കാരണമായി.

പലിശനിരക്കു കൂടുന്നത് മൂലധന നിക്ഷേപവും ജനങ്ങളുടെ ഉപഭോഗവും വർധിക്കുന്നതിനു തടസമാണ്. അതു വളർച്ച കുറയ്ക്കും. അതാണു സർക്കാരിൻ്റെ നിലപാട്. പലിശ കൂട്ടാതെ വിലക്കയറ്റം കുറയ്ക്കാൻ വഴികൾ തേടണമെന്നാണു നിർമല സീതാരാമനും പറഞ്ഞത്. ഈ മാസാവസാനം റീപോ നിരക്ക് 50 ബേസിസ് പോയിൻ്റ് കൂട്ടുമെന്നാണു പൊതു നിഗമനം. ഗവണ്മെൻ്റിൻ്റെ നിലപാടിലേക്കു റിസർവ് ബാങ്ക് മാറിയാൽ ചിലപ്പോൾ വർധന നാമമാത്രമാക്കുകയാേ ഒഴിവാക്കുകയോ ചെയ്യാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it