Begin typing your search above and press return to search.
ആശങ്കയ്ക്കിടയിലും ആവേശം തേടി വിപണി; പലിശ വീണ്ടും ചിന്താവിഷയം; ലിസ്റ്റ് ചെയ്ത സ്റ്റാർട്ടപ്പുകളിൽ നടക്കുന്നത്; ക്രൂഡ് ഓയിൽ താഴ്ചയിൽ
അനിശ്ചിതത്വം മാറുന്നില്ല. ഇന്ത്യൻ വിപണിയിൽ മാത്രമല്ല, പാശ്ചാത്യ വിപണികളിലും ഇതുതന്നെ നില. യൂറോപ്യൻ, യു എസ് വിപണികൾ ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തത് ഈ സാഹചര്യത്തിലാണ്. ഇന്ന് ഏഷ്യൻ വിപണികൾ ഉയർന്നു വ്യാപാരം തുടങ്ങിയത് നിക്ഷേപകരെ ആശ്വസിപ്പിക്കുന്നു. എങ്കിലും വിപണിയുടെ ഹ്രസ്വകാലഗതിയെപ്പറ്റി ആശങ്കകൾ വർധിക്കുകയാണ്. സമീപകാല നേട്ടങ്ങൾ നഷ്ടപ്പെടുത്തുന്ന തിരുത്തലിനെപ്പറ്റി പലരും സൂചിപ്പിക്കുന്നുണ്ട്.
യുഎസ് വിപണിയിൽ ഡൗ ജോൺസ് സൂചിക 0.022 ശതമാനം താഴ്ന്നു. നാസ്ഡാക് 0.35 ശതമാനം കുറഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ നേട്ടത്തിലാണ്.
ജപ്പാനിൽ നിക്കൈ നേരിയ ഉയർച്ചയോടെ വ്യാപാരം തുടങ്ങി പിന്നീടു കൂടുതൽ കയറി. ദക്ഷിണ കൊറിയയിൽ നല്ല നേട്ടത്തോടെയാണു വ്യാപാരമാരംഭിച്ചത്.
ഹോങ് കോങ്ങിൽ ഹാങ് സെങ് സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു വ്യാപാരം തുടങ്ങി.
ഷാങ് ഹായിയിൽ സൂചികകൾ ചെറിയ താഴ്ചയിൽ നിന്നു നേട്ടത്തിലേക്കു കയറി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്ന് 18,383-ൽ ക്ലോസ് ചെയ്തു. 18,279-18,479 മേഖലയിൽ കയറിയിറങ്ങിയ ശേഷമായിരുന്നു ഇത്. ഇന്നു രാവിലെ സൂചിക 18,459 വരെ കയറി. ഇന്ത്യൻ വിപണി രാവിലെ നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ ഇന്ത്യൻ വിപണി തുടക്കം മുതൽ താഴ്ചയിലായിരുന്നു. എന്നാൽ ചെറിയ ഇടിവോടെ നടന്ന വ്യാപാരം ക്ലോസിംഗിനു തൊട്ടു മുൻപാണു കൂടുതൽ താഴ്ചയിലേക്കു വീണത്. സെൻസെക്സ് 230.12 പോയിൻ്റ് (0.37%) താഴ്ന്ന് 61,750.6 ലും നിഫ്റ്റി 65.75 പോയിൻ്റ് (0.36%) താഴ്ന്ന് 18,343.9 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.4% വും സ്മോൾ ക്യാപ് സൂചിക 0.34% വും താണു.
രണ്ടു ദിവസം വിട്ടു നിന്ന വിദേശ നിക്ഷേപകർ ഇന്നലെ വീണ്ടും വാങ്ങലുകാരായി. അവർ 618.37 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 449.22 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
അനിശ്ചിതത്വം കാണിച്ചു കൊണ്ടാണു വിപണികൾ ക്ലാേസ് ചെയ്തതെന്നു നിക്ഷേപ വിദഗ്ധർ പറയുന്നു. 18,250-നു മുകളിൽ ഇന്നു നിലനിൽക്കാൻ കഴിഞ്ഞാൽ നിഫ്റ്റിക്കു ഹ്രസ്വകാല മുന്നേറ്റത്തിലേക്കു തിരിച്ചു വരാൻ കഴിയുമെന്നു വിദഗ്ധർ പറയുന്നു.
പിഎസ് യു ബാങ്കുകളും റിയൽറ്റിയും മാത്രമാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. വാഹനങ്ങൾ, മീഡിയ, ഐടി, കൺസ്യൂമർ ഡ്യുറബിൾസ്, ഹെൽത്ത് കെയർ, ഫാർമ, ഓയിൽ -ഗ്യാസ് തുടങ്ങിയവ താഴ്ചയിലായി.
ക്രൂഡ് ഓയിൽ വില താഴാേട്ടാണ്. ചൈനയിൽ കോവിഡ് നിയന്ത്രണത്തിലെ പ്രതീക്ഷിച്ച ഇളവ് സംഭരിക്കാത്തതു ക്രൂഡ് ഡിമാൻഡ് താഴ്ത്തി. സാമ്പത്തിക മാന്ദ്യം വരുന്നതും ക്രൂഡിനു ക്ഷീണമായി. ബ്രെൻ്റ് ഇനം ക്രൂഡ് 90 ഡോളറിനു താഴെയായി. ഇന്നലെ മൂന്നര ശതമാനം ഇടിഞ്ഞ വില ഇന്ന് 89.78 ഡോളർ വരെ താഴ്ന്നു. പിന്നീട് അൽപം കയറി.
വ്യാവസായിക ലോഹങ്ങൾ പിന്നോട്ടു നീങ്ങി. ചെമ്പ് രണ്ടും അലൂമിനിയം 1.15-ഉം ശതമാനം താഴ്ന്നു.നിക്കൽ വില 8.75 ശതമാനം ഇടിഞ്ഞു. എന്നാൽ ഇരുമ്പയിര് ഗണ്യമായി ഉയർന്നു.
സ്വർണം 1780-നു മുകളിലേക്കു കയറാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. ഇന്നലെ 1755 ഡോളർ വരെ താഴ്ന്നു. ഇന്നു രാവിലെ അൽപം ഉയർന്ന് 1764-1766 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ സ്വർണം പവന് ഇന്നലെ 600 രൂപ വർധിച്ച് 39,000 രൂപയായി. ഏപ്രിൽ 25-നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. രൂപയുടെ നിരക്കു താഴ്ന്നതാണ് ഇത്രയും കയറാൻ കാരണം.
ഡോളർ സൂചിക ഇന്നലെ 106.69-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 106.55 ലേക്കു താണു.
രൂപ ഇന്നലെയും ദുർബലമായി. ഡോളർ 36 പൈസ നേട്ടത്തിൽ 81.65 രൂപയിലാണു ക്ലോസ് ചെയ്തത്. ഒക്ടോബറിൽ കയറ്റുമതി ഇടിഞ്ഞതും വാണിജ്യകമ്മി കൂടിയതും രൂപയെ ദുർബലമാക്കുന്ന ഘടകങ്ങളാണ്. ചൈനീസ് യുവാനും ജാപ്പനീസ് യെനും ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ താഴോട്ടു പോയി.
സ്റ്റാർട്ടപ്പുകളിൽ നിന്നു പിന്മാറ്റം
കഴിഞ്ഞ വർഷം വലിയ ഘോഷത്തോടെ ഐപിഒ നടത്തി ലിസ്റ്റ് ചെയ്ത പല ടെക് സ്റ്റാർട്ടപ്പുകളും താഴോട്ടു പോകുകയാണ്. പ്രാരംഭ നിക്ഷേപകരുടെ ഓഹരി വിൽപനയ്ക്ക് ഉണ്ടായിരുന്ന ലോക്ക് ഇൻ കാലാവധി കഴിഞ്ഞപ്പോൾ അവർ വിൽപന തുടങ്ങിയതാണു കാരണം. പേയ്ടിഎമ്മിലെ (വൺ 97 കമ്യൂണിക്കേഷൻസ്) 4.5 ശതമാനം ഓഹരി സോഫ്റ്റ് ബാങ്ക് ഇന്നലെ വിറ്റതാേടെ ഓഹരിവില 10.25 ശതമാനം ഇടിഞ്ഞു. സോഫ്റ്റ് ബാങ്കിനു ഗണ്യമായ നിക്ഷേപമുള്ള പോളിസി ബസാർ, സൊമാറ്റോ, ഡെൽഹിവെറി തുടങ്ങിയ ഓഹരികളും ഇടിവിലാണ്. സൊമാറ്റോ, നൈകാ, പേയ്ടിഎം, പോളിസി ബസാർ, ഡെൽഹിവെറി എന്നീ അഞ്ചു കമ്പനികളുടെ മൊത്തം വിപണിമൂല്യം ലിസ്റ്റിംഗിനു ശേഷം 3.1 ലക്ഷം കോടി രൂപ ഇടിഞ്ഞു.
വിലക്കയറ്റം കുറഞ്ഞതിലെ ആവേശം ആവിയായി
കഴിഞ്ഞ മാസത്തെ ചില്ലറ വിലക്കയറ്റ കണക്കിൽ ആവേശം കൊണ്ടതിൻ്റെ നേട്ടം നഷ്ടപ്പെടുകയാണ്. യുഎസിലും ഇന്ത്യയിലും ചില്ലറ വിലക്കയറ്റം കുറഞ്ഞത് പലിശ വർധനകൾ ഫലം കണ്ടതിൻ്റെ തെളിവായി വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ അതിനു ശേഷം വന്ന സൂചകങ്ങളെല്ലാം വിപരീത ദിശയിലായി. യുഎസിൽ പണിനഷ്ടത്തിൻ്റെ പേരിൽ കൂടുതൽ പേർ ആനുകൂല്യത്തിനു രജിസ്റ്റർ ചെയ്യുമെന്നു കരുതിയതു സംഭവിച്ചില്ല. ആനുകൂല്യം തേടിയവർ കുറഞ്ഞു. പലിശ ഇത്രയും കൂട്ടിയിട്ടും തൊഴിൽ വിപണിയിൽ ക്ഷീണമില്ല. വലിയ കമ്പനികൾ പിരിച്ചുവിടീൽ പ്രഖ്യാപിച്ചതു യഥാർഥ തൊഴിൽ വിപണിയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കിയതായി കാണുന്നില്ല.
അതു കൊണ്ടാണു യുഎസ് ഫെഡിലെ സ്വാധീനമുള്ള അംഗങ്ങൾ പലിശ ഇനിയും ഗണ്യമായി കൂട്ടണം എന്ന് പരസ്യമായി ആവശ്യപ്പെടുന്നത്. പലിശ കൂട്ടിയാൽ കടുത്ത സാമ്പത്തിക മാന്ദ്യം വരും എന്നു നിക്ഷേപ വിപണികളുമായി അടുപ്പമുള്ള ധന ശാസ്ത്രജ്ഞർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ഫെഡ് സാരഥികൾ അതു വകവയ്ക്കുന്ന സൂചനയില്ല. നേരത്തേ ഫെഡ് സൂചിപ്പിച്ചിരുന്നത് 4.5 - 4.75 ശതമാനം നിരക്കിൽ പലിശ എത്തിക്കും എന്നാണ്. ഇപ്പോഴത്തെ സൂചന 5.00-7.00 ശതമാനത്തിലേക്കു പലിശ ഉയർത്തേണ്ടി വരും എന്നാണ്.
ഈ മാസമാദ്യം ഫെഡ് 3.75-4.00 ശതമാനത്തിലേക്കു നിരക്ക് കൂട്ടിയിരുന്നു. ഡിസംബറിൽ 4.25-4.50 നിരക്കിലേക്ക് ഉയർത്തിയാൽ പിന്നീടു വളരെ സാവധാനമേ നിരക്കു കൂട്ടേണ്ടി വരൂ എന്നു കരുതപ്പെട്ടിരുന്നതാണ്. പുതിയ സൂചനകളാകട്ടെ മാർച്ച് വരെ ഇപ്പാേഴത്തെ തോതിൽ നിരക്ക് കൂട്ടും എന്നാണ്. വിപണി നീണ്ടതും ആഴമേറിയതുമായ മാന്ദ്യത്തെപ്പറ്റി ആശങ്കപ്പെടുന്നത് അതു കൊണ്ടാണ്.
Next Story
Videos