യുദ്ധഭീതി, ഡെറിവേറ്റീവ് നിയന്ത്രണം: വിപണിക്കു മേൽ കരിനിഴൽ; ബുള്ളുകൾക്കു തിരിച്ചടി, ക്രൂഡ് ഓയിൽ 75 ഡോളറിനടുത്ത്

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതും ക്രൂഡ് ഓയിൽ വില ഉയരുന്നതും ഇന്നു വിപണിയെ ആശങ്കപ്പെടുത്തുന്നു. ഡെറിവേറ്റീവ് വിപണിയിൽ വ്യാപാരവ്യാപ്തം കുറയ്ക്കുക എന്ന ലക്ഷത്തോടെ സെബി കൊണ്ടുവരുന്ന പുതിയ നിയന്ത്രണങ്ങളും വിപണിയെ താഴോട്ടു വലിക്കുന്നവയാണ്. വിദേശനിക്ഷേപകർ ചൈനീസ് വിപണിയിലേക്കു മാറുന്നതും ഇന്ത്യൻ വിപണിയുടെ കുതിപ്പിനു തടയിടുന്നു.

സെപ്റ്റംബറിൽ ജിഎസ്ടി പിരിവ് ശരാശരിയേക്കാൾ താഴ്ന്ന വളർച്ച മാത്രം കാണിച്ചതും ഫാക്ടറി ഉൽപാദന സൂചിക കുറഞ്ഞതും നല്ല സൂചനകളല്ല നൽകുന്നത്. അക്കാര്യങ്ങളും വിപണിയെ വലിച്ചു താഴ്ത്താം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,801ൽ ക്ലാേസ് ചെയ്തു. ഇന്ന് 25,735 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു വലിയ താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചാെവ്വാഴ്ചയും ബുധനാഴ്ചയും താഴ്ന്നു. യുഎസ് വിപണികൾ ചാെവ്വാഴ്ച ഇടിഞ്ഞു. ബുധനാഴ്ച നാമമാത്രമായി കയറി.

ഡൗ ജോൺസ് സൂചിക ചാെവ്വാഴ്ച 173.18 പോയിൻ്റ് (0.41%) താഴ്ന്ന് 42,156.97 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 53.73 പോയിൻ്റ് (0.93%) നഷ്ടത്തോടെ 5708.75 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 278.81 പോയിൻ്റ് (1.53%) ഇടിഞ്ഞ് 17,910.3 ൽ ക്ലോസ് ചെയ്തു. ബുധനാഴ്ച ഡൗ ജോൺസ് 39.55 പോയിൻ്റ് (0.09%) കയറി 42,196.50 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.79 പോയിൻ്റ് (0.01%) കൂടി 5709.54 ൽ അവസാനിച്ചു. നാസ്ഡാക് 14.76 പോയിൻ്റ് (0.08%) ഉയർന്ന് 17,925.10 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ന്നു. ഡൗ 0.04 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.12 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.79 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. യെൻ ദുർബലമായതിനെ തുടർന്ന് ജാപ്പനീസ് വിപണി രണ്ടര ശതമാനം കുതിച്ചു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ചൊവ്വാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. എങ്കിലും വ്യാപാരം തുടങ്ങിയതിനേക്കാൾ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 25,800 ൻ്റെ പിന്തുണയ്ക്കു താഴെയാണു വ്യാപാരം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ചയും വിദേശ ഫണ്ടുകൾ വിൽപനക്കാരായിരുന്നു. ക്യാഷ് വിപണിയിൽ അവർ 5579.35 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4609.55 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ചൊവ്വാഴ്ച ഉയർന്നു എന്നതു തിങ്കളാഴ്ച അവ നാമമാത്രമായി മാത്രമേ താണിരുന്നുള്ളൂ.

ചൊവ്വാഴ്ച എൻഎസ്ഇയിൽ 1640 ഓഹരികൾ ഉയർന്നപ്പോൾ 1139 ഓഹരികൾ താണു. ബിഎസ്ഇയിൽ 2240 എണ്ണം കയറി, 1743 എണ്ണം താഴ്ന്നു.

ചൊവ്വാഴ്ച സെൻസെക്സ് 33.49 പാേയിൻ്റ് (0.04%) താഴ്ന്ന് 84,266.29 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 13.95 പോയിൻ്റ് (0.05%) കുറഞ്ഞ് 25,796.90 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 55.50 പോയിൻ്റ് (0.10%) നഷ്ടത്തോടെ 52,922.60 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.34 ശതമാനം കയറി 60,358.30 ലും സ്മോൾ ക്യാപ് സൂചിക 0.79% ഉയർന്ന് 19,331.30 ലും വ്യാപാരം അവസാനിപ്പിച്ചു.

മീഡിയ, ഐടി, വാഹനങ്ങൾ, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ ഉയർന്നു. ഓയിൽ - ഗ്യാസ്, റിയൽറ്റി, എഫ്എംസിജി ബാങ്ക് മേഖലകൾ താഴ്ന്നു.

തുടർച്ചയായ മൂന്നു ദിവസം വിപണി താഴ്ന്നു ക്ലോസ് ചെയ്തതു ബുള്ളിഷ് മനോഭാവത്തിനു കാര്യമായ ആഘാതം ഏൽപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷം വർധിക്കുന്നതും എക്സചഞ്ചുകളിൽ ഡെറിവേറ്റീവ് വ്യാപാരത്തിനു പുതിയ നിയന്ത്രണങ്ങൾ വരുന്നതും ബുള്ളുകൾക്കു തിരിച്ചടിയാണ്.

നിഫ്റ്റിക്ക് 25,700 ലെ പിന്തുണ നഷ്ടമായാൽ 25,500 ആണു പിന്തുണയാകുക.

ഇന്നു നിഫ്റ്റിക്ക് 25,750 ലും 25,700 ലും പിന്തുണ ഉണ്ട്. 25,880 ഉം 25,920 ഉം തടസങ്ങളാകും.

സ്വർണം കയറി

പശ്ചിമേഷ്യൻ സംഘർഷം സ്വർണത്തെ ഉയർത്തി. ചൊവ്വാഴ്ച ഔൺസിന് 2665 ഡോളറിലേക്കു കുതിച്ചു കയറിയ സ്വർണം ഇന്നലെ 2659.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2656.50 ഡോളറിലാണ്.

കേരളത്തിൽ സ്വർണവില ബുധനാഴ്ച 400 രൂപ കൂടി പവന് 56,800 രൂപയിൽ എത്തി.

വെള്ളിവില അൽപം കയറി ഔൺസിന് 31.74 ഡോളർ ആയി.

ഡോളർ വീണ്ടും കയറുകയാണ്. ഡോളർ സൂചിക ബുധനാഴ്ച 101.68 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.75 ലേക്കു കയറി.

ഇന്ത്യൻ രൂപ വീണ്ടും ദുർബലമായി. ചൊവ്വാഴ്ച ഡോളർ മൂന്നു പെെസ കയറി 83.82 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നും ദുർബലമാകാൻ സാധ്യത ഉണ്ട്.

ക്രൂഡ് ഓയിൽ വില ആറു ശതമാനം കുതിച്ചിട്ട് ഇന്നലെ അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം 74.54 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 74.68 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 70.93 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.62 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ ഇടിഞ്ഞു. ബിറ്റ്കോയിൻ 61,000 ഡോളറിനു താഴെയായി. ഈഥർ 2475 ഡോളറിലായി.

വ്യാവസായിക ലോഹങ്ങൾ വീണ്ടും ഉയർന്നു. ചെമ്പ് 1.05 ശതമാനം കയറി ടണ്ണിന് 9943.17 ഡോളറിൽ എത്തി. അലൂമിനിയം 0.56 ശതമാനം ഉയർന്നു ടണ്ണിന് 2659.15 ഡോളർ ആയി. സിങ്ക് 0.73 ഉം ടിൻ 2.16 ഉം നിക്കൽ 2. 38 ഉം ലെഡ് 0.24 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 ഒക്ടോബർ 1, ചൊവ്വ)

സെൻസെക്സ് 30 84,266.21 -0.04%

നിഫ്റ്റി50 25,796.90 -0.05%

ബാങ്ക് നിഫ്റ്റി 52,922.60 -0.10%

മിഡ് ക്യാപ് 100 60,358.30 +0.34%

സ്മോൾ ക്യാപ് 100 19,331.30 +0.79%

ഡൗ ജോൺസ് 30 42,156.97

-0.41%

എസ് ആൻഡ് പി 500 5708.75 -0.93%

നാസ്ഡാക് 17,910.36 -1. 53%

ഡോളർ($) ₹83.82 +₹0.03

ഡോളർ സൂചിക 101.21 +0.43

സ്വർണം (ഔൺസ്) $2665.00 +$30.00

സ്വർണം (പവൻ) ₹56,400 -₹240

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.56 +$01.79

(ഒക്ടോബർ 02, ബുധൻ)

ഡൗ ജോൺസ് 30 42,196.50

+0.09%

എസ് ആൻഡ് പി 500 5709.54 +0.01%

നാസ്ഡാക് 17,925.10 +0.08%

ഡോളർ സൂചിക 101.68 +0.47

സ്വർണം (ഔൺസ്) $2659.50 -$05.50

സ്വർണം (പവൻ) ₹56,800 +₹400

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.54 +$00.98

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it