സൂചനകള്‍ നെഗറ്റീവ്, വിപണി താഴ്ന്നു വ്യാപാരം തുടങ്ങാം, പണനയ പ്രഖ്യാപനം നിര്‍ണായകം, വളര്‍ച്ച നിഗമനത്തില്‍ ശ്രദ്ധ; യുഎസിലും ഏഷ്യയിലും വിപണിത്തകര്‍ച്ച

ആഗോള സൂചനകള്‍ നെഗറ്റീവ് ആയതോടെ ഇന്ത്യന്‍ വിപണി ഇന്നു താഴ്ച മുന്നില്‍ കാണുന്നു. കറന്‍സി വിപണിയിലെ ചാഞ്ചാട്ടങ്ങളും 'ജപ്പാന്‍ ജ്വര'വും യുഎസ് വിപണിയെ ഇന്നലെ നഷ്ടത്തിലാക്കി. രാവിലെ ഏഷ്യന്‍ വിപണികള്‍ വലിയ താഴ്ചയിലാണ്. ഇന്നലത്തെ ആശ്വാസറാലി തുടരാന്‍ ഇന്നു സാധ്യത കുറവാണ്.

റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന തീരുമാനം രാവിലെ പത്തിനു ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും. റീപോ നിരക്ക് (6.5 ശതമാനം) കുറയ്ക്കാന്‍ സാധ്യതയില്ല എന്നാണു പൊതു നിഗമനം. ഭാവിയില്‍ നിരക്ക് കുറയ്ക്കും എന്ന സമീപനം തുടരുമെന്നാണു പ്രതീക്ഷ. ഈ ധനകാര്യ വര്‍ഷത്തെ വളര്‍ച്ച നിഗമനം ഏഴു ശതമാനം എന്നത് ഉയര്‍ത്തുമോ എന്നതും ശ്രദ്ധേയമാണ്. വിലക്കയറ്റം സംബന്ധിച്ച നിഗമനവും പ്രധാനമാണ്.

അമേരിക്കയില്‍ തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷകളുടെ കണക്ക് ഇന്നു പ്രസിദ്ധീകരിക്കും. പുതിയ അപേക്ഷകള്‍ കുറവാകും എന്നാണു പ്രതീക്ഷ. മറിച്ചായാല്‍ വിപണി ഉലയും.

ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ വസ്ത്ര കയറ്റുമതി വിഹിതം വര്‍ധിക്കാന്‍ വഴി തെളിക്കും. എന്നാല്‍ ബംഗ്ലാദേശില്‍ ഉല്‍പാദനകേന്ദ്രങ്ങള്‍ ഉള്ള മാരികോ, വിഐപി ഇന്‍ഡസ്ട്രീസ്, പിഡിലൈറ്റ് തുടങ്ങിയവയ്ക്കു ചെറുതല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ട്. അവരുടെ ഫാക്ടറികള്‍ അടച്ചിട്ടിരിക്കുകയാണ്.

ബജറ്റിനു മുമ്പ് വാങ്ങിയ റിയല്‍ എസ്റ്റേറ്റ് വില്‍ക്കുമ്പോള്‍ ഇന്‍ഡെക്‌സേഷന്‍ ഉള്ള പഴയ നികുതി രീതി ഓപ്റ്റ് ചെയ്യാന്‍ അനുമതി നല്‍കിയ ബജറ്റ് ഭേദഗതിയെ വിപണി സ്വാഗതം ചെയ്തു.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,140 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,190 ലേക്കു കയറി, പിന്നീട് അല്‍പം താണു. ഇന്ത്യന്‍ വിപണി ഇന്നു നഷ്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച മികച്ച നേട്ടത്തില്‍ അവസാനിച്ചു. ഒന്‍പതു മാസത്തിനിടയിലെ ഏറ്റവും മികച്ച കയറ്റമാണ് സൂചികകള്‍ കാഴ്ചവച്ചത്. ബാങ്കുകള്‍ നേട്ടത്തിനു മുന്നില്‍ നിന്നു.

യുഎസ് വിപണി ബുധനാഴ്ച രാവിലെ നല്ല കയറ്റം നടത്തിയിട്ട് ഉച്ചയ്ക്കു ശേഷം താഴ്ന്ന് അവസാനിച്ചു. ഡൗ നാനൂറിലധികം പോയിന്റ് കയറിയ ശേഷമാണ് ഗണ്യമായ നഷ്ടത്തിലേക്കു വീണു ക്ലോസ് ചെയ്തത്. ഫ്യൂച്ചേഴ്‌സില്‍ ഓഹരികള്‍ വീണ്ടും താഴ്ന്നു.

ജപ്പാനില്‍ നിന്നു കുറഞ്ഞ പലിശയ്ക്കു വായ്പ എടുത്ത് പുറം വിപണികളില്‍ നിക്ഷേപിക്കുന്ന യെന്‍ കാരി ട്രേഡ് ജപ്പാനില്‍ പലിശ കൂട്ടിയപ്പോള്‍ ലാഭകരമല്ലാതായി. അത്തരം വ്യാപാരങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ കോളിളക്കമാണ് യുഎസ് വിപണിയെ ഉലയ്ക്കുന്നത്. ഇനി പലിശ വര്‍ധിപ്പിക്കില്ല എന്നു ബാങ്ക് ഓഫ് ജപ്പാന്‍ മേധാവി ഇന്നലെ വൈകുന്നേരം പ്രഖ്യാപിച്ചത് ഇന്നു വിപണിയെ ആശ്വസിപ്പിച്ചേക്കാം. ജാപ്പനീസ് കറന്‍സി യെന്‍ ഇന്നലെ ദുര്‍ബലമായി.

യുഎസില്‍ പലിശ ഉടനേ കുറയില്ല എന്നു വ്യക്തമായതോടെ കടപ്പത്ര വിലകള്‍ കുറഞ്ഞു. അവയിലെ നിക്ഷേപ നേട്ടം കഴിഞ്ഞ വ്യാഴാഴ്ചത്തെ നിലയിലേക്കു കയറി 3.91 ശതമാനമായി.

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 234.21 പോയിന്റ് (0.60%) താഴ്ന്ന് 38,763.40ല്‍ അവസാനിച്ചു. എസ്ആന്‍ഡ്പി 40.53 പോയിന്റ് (0.77%) കുറഞ്ഞ് 5199.50ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 171.05 പോയിന്റ് (1.05%) നഷ്ടത്തില്‍ 16,195.80ല്‍ വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.15 ഉം എസ്ആന്‍ഡ്പി 0.18 ഉം നാസ്ഡാക് 0.10 ഉം ശതമാനം താഴ്ന്നു നില്‍ക്കുന്നു.

ബുധനാഴ്ചയും ഏഷ്യന്‍ വിപണികള്‍ മികച്ച നേട്ടം ഉണ്ടാക്കി. എന്നാല്‍ ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞു. ജപ്പാനിലും കൊറിയയിലും വിപണികള്‍ രണ്ടു ശതമാനത്തോളം താഴ്ന്നു.

ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി ബുധനാഴ്ച ഉയര്‍ന്നു വ്യാപാരം തുടങ്ങി, കൂടുതല്‍ ഉയര്‍ന്ന് ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 79,639.20 ഉം നിഫ്റ്റി 24,337.70ഉം വരെ ഉയര്‍ന്നിട്ടാണ് അല്‍പം താഴ്ന്ന് അവസാനിച്ചത്. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികള്‍ വലിയ കുതിപ്പ് നടത്തി. എല്ലാ മേഖലകളും ഉയര്‍ന്നു. ഓയില്‍-ഗ്യാസ്, മെറ്റല്‍, മീഡിയ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, റിയല്‍റ്റി, വാഹന, ഐടി മേഖലകള്‍ നല്ല നേട്ടം ഉണ്ടാക്കി.

ബുധനാഴ്ച സെന്‍സെക്‌സ് 874.94 പാേയിന്റ് (1.11%) കുതിച്ച് 79,468.01ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 304.95 പോയിന്റ് (1.27%) നേട്ടത്തോടെ 24,297.50ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.75% (370.70 പോയിന്റ്) കയറി 50,119.00ല്‍ അവസാനിച്ചു.

മിഡ് ക്യാപ് സൂചിക 2.45 ശതമാനം (1358.25 പോയിന്റ്) ഉയര്‍ന്ന് 56,873.80ലും സ്‌മോള്‍ ക്യാപ് സൂചിക 2.86% (511.95 പോയിന്റ്) കുതിച്ച് 18,383.80ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപകര്‍ ബുധനാഴ്ച ക്യാഷ് വിപണിയില്‍ 3314.76 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3801.21 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,215ലും 24,180ലും പിന്തുണ ഉണ്ട്. 24,310ലും 24,370ലും തടസം ഉണ്ടാകാം.

സ്വര്‍ണം താഴ്ന്നു

സ്വര്‍ണം വീണ്ടും താഴ്ന്നു. ബുധനാഴ്ച ഔണ്‍സിന് 2384.40 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2388 ഡോളറിലേക്കു കയറി. പലിശ കുറയ്ക്കല്‍ സെപ്റ്റംബറിലേ ഉണ്ടാകൂ എന്ന ധാരണയാണു വിപണിയെ നയിക്കുന്നത്. ഡോളറിന്റെ കരുത്തും വിലയെ പിടിച്ചു നിര്‍ത്തുന്നു.

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ പവന് 320 രൂപ കുറഞ്ഞ് 50,800 രൂപയായി. വെള്ളിവില ഔണ്‍സിന് 26.61 ഡോളറിലേക്കു താഴ്ന്നു. ഡോളര്‍ സൂചിക ഇന്നലെ 103.19 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.10 ലേക്കു കയറി.

രൂപ ഇന്നലെയും വലിയ സമ്മര്‍ദത്തിലായിരുന്നു. ഡോളര്‍ 83.975 രൂപ വരെ കയറിയെങ്കിലും റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ ഇറക്കിയതോടെ 83.95 രൂപയില്‍ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയില്‍ വില ഇന്നലെ തിരിച്ചു കയറി. യുഎസ് സ്റ്റോക്ക് അപ്രതീക്ഷിതമായി കുറഞ്ഞതാണു വില രണ്ടര ശതമാനം കയറാന്‍ കാരണം. ബ്രെന്റ് ഇനം ഇന്നലെ 78.33 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 78.30 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 75.30 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 77.17 ഉം ഡോളറിലാണ്.

മാന്ദ്യഭീതി മാറിയതോടെ വ്യാവസായിക ലോഹങ്ങള്‍ കയറി. ചെമ്പ് 0.85 ശതമാനം താഴ്ന്നു ടണ്ണിന് 8640.78 ഡോളറില്‍ എത്തി. അലൂമിനിയം 0.63 ശതമാനം കുറഞ്ഞ് ടണ്ണിന് 2288.30 ഡോളറായി. നിക്കല്‍, സിങ്ക് എന്നിവ ഒരു ശതമാനത്തിലധികം താഴ്ന്നു.

ക്രിപ്‌റ്റോ കറന്‍സികള്‍ ചെറിയ മേഖലയില്‍ കയറിയിറങ്ങി. ബിറ്റ് കോയിന്‍ 55,300 ഡോളറിനു താഴെയാണ്. ഈഥര്‍ 2360 ഡോളറിലാണ്.

വിപണിസൂചനകള്‍
(2024 ഓഗസ്റ്റ് 7, ബുധന്‍)

സെന്‍സെക്‌സ് 30 79,468.01 +1.11%

നിഫ്റ്റി50 24,297.50 +1.27%

ബാങ്ക് നിഫ്റ്റി 50,119.00 +0.75%

മിഡ് ക്യാപ് 100 56,873.80 +2.45%

സ്‌മോള്‍ ക്യാപ് 100 18,383.80 +2.86%

ഡൗ ജോണ്‍സ് 30 38,763.40 -0.60%

എസ് ആന്‍ഡ് പി 500 5199.50 -0.77%

നാസ്ഡാക് 16,195.80 -1.05%

ഡോളര്‍($) ?83.95 -?0.01

ഡോളര്‍ സൂചിക 103.19 +0.22

സ്വര്‍ണം (ഔണ്‍സ്) $2384.40 -$07. 30

സ്വര്‍ണം (പവന്‍) ? 50,800 -?320

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $78.33 +$01.85







T C Mathew
T C Mathew  
Related Articles
Next Story
Videos
Share it