വീണ്ടും ആവേശം; വിപണികൾ വലിയ കുതിപ്പിൽ; പലിശപ്പേടി മാറുന്നു; ഡോളർ താണു; രൂപ തിരിച്ചു കയറും; സ്വർണം ഉയരുന്നു

ചെറിയ മാറ്റങ്ങൾ വലിയ ചലനങ്ങൾ ഉണ്ടാക്കുന്നു; അതും യഥാർഥ മാറ്റം തുടങ്ങും മുൻപേ. ഇന്നലെ അമേരിക്കൻ വിപണിയിൽ അതാണു സംഭവിച്ചത്. ഇന്ന് ഇന്ത്യയിലടക്കം ലോകമെങ്ങും വിപണികൾ കുതിച്ചു പായാൻ അതു പ്രേരിപ്പിക്കും. ഡോളർ താണു. രൂപ അടക്കം മറ്റു കറൻസികൾ ഉയരും. കടപ്പത്ര വിലകൾ കൂടി.


അമേരിക്കയിൽ ഒക്ടോബറിലെ ചില്ലറ വിലക്കയറ്റം പ്രതീക്ഷിച്ചതിലും അൽപം താഴെ വന്നു. അതോടെയാണു വിപണികൾ കാഴ്ചപ്പാടു മാറ്റിയത്. അടുത്ത മാസം 13-14 തീയതികളിലെ ഫെഡ് കമ്മിറ്റി യോഗം പലിശ വർധനയുടെ തോതും വേഗവും കുറയ്ക്കാൻ തീരുമാനിക്കും എന്ന നിഗമനത്തിലേക്കു വിപണികൾ മാറി. അതാണ് യുഎസ് ഓഹരികളിലെ കുതിപ്പിൽ കണ്ടത്. ഫെഡ് സമീപനം മാറ്റുമെന്നോ പലിശവർധനയുടെ വഴിയിൽ നിന്നു മാറുമെന്നോ ആരും പറഞ്ഞിട്ടില്ല. എങ്കിലും വിപണി അങ്ങനെ കണക്കാക്കി. രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പിലേക്കു യുഎസ് വിപണി സൂചികകൾ ഉയർന്നു. സൂചികകൾ ഏഴര ശതമാനം വരെ കയറി.

ഓസ്ടേലിയയിലെ എഎസ്എക്സ് സൂചിക രാവിലെ മൂന്നു ശതമാനം ഉയർന്നു. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ 2.7 ശതമാനം കയറി. ദക്ഷിണ കൊറിയയിലെ കോസ്പി രണ്ടര ശതമാനം നേട്ടത്തിലാണ്. ഹോങ് കോങ്ങിലെ ഹാങ് സെങ് അഞ്ചും ഷാങ്ഹായിയിലെ കോംപസിറ്റ് സൂചിക 1.65 -ഉം ശതമാനംകയറ്റത്തിലാണ്.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,433 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും കയറി 18,449 ലെത്തിയിട്ടു 18,385-ലേക്കു താണു. വീണ്ടും 18,400 നു മുകളിലായി. ഇന്ത്യൻ വിപണി നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

വ്യാഴാഴ്ച ഇന്ത്യൻ വിപണി താഴ്ന്നു തുടങ്ങിയിട്ടു വീണ്ടും താഴുകയായിരുന്നു. തലേന്നത്തെ യുഎസ് വിപണി ഇടിവിൻ്റെ തുടർച്ചയായിരുന്നു ഇവിടെ കണ്ടത്. യുഎസ് ചില്ലറ വിലക്കയറ്റം കാര്യമായി കുറയില്ല എന്നായിരുന്നു ആശങ്ക.സെൻസെക്സ് 60,500-നും നിഫ്റ്റി 18,000 നും താഴെ ഏറെ സമയം ചെലവഴിച്ചു. മുഖ്യസൂചികകൾ ഒന്നര ശതമാനത്തോളം താഴ്ന്ന ശേഷം ക്ലോസിംഗിനു മുമ്പ് ഗണ്യമായി തിരിച്ചു കയറി. സെൻസെക്സ് 419.85 പോയിൻ്റ് (0.69%) താണ് 60,613.7 ലും നിഫ്റ്റി 128.8 പോയിൻ്റ് (0.71%) താണ് 18,028.2 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

വിപണി താണെങ്കിലും നിഫ്റ്റി 18,000-നു മുകളിൽ ക്ലോസ് ചെയ്തതു പ്രതീക്ഷ പകരുന്ന ഘടകമായി സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നു. നിഫ്റ്റിക്ക് 17,980- ലും 17,900-ലും സപ്പോർട്ട് ഉണ്ട്. 18,085-ഉം 18,170-ഉം തടസങ്ങളാകാം.

വിദേശ നിക്ഷേപകർ ഇന്നലെ 36.06 കോടി രൂപയേ ഓഹരികളിൽ നിക്ഷേപിച്ചുള്ളു.മുൻ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറവാണിത്. അവരുടെ മറ്റ് ഇടപാടുകളും കുറവായിരുന്നു. സ്വദേശി ഫണ്ടുകൾ 967.13 കോടിയുടെ ഓഹരികൾ വിറ്റു.

ക്രൂഡ് ഓയിൽ വിപണി ഡോളർ താഴ്ചയെ തുടർന്ന് അൽപം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില 93.5 ഡോളറിലേക്കു കയറി. യുക്രെയ്ൻ യുദ്ധഗതി മാറുന്നത് ക്രൂഡ് വിപണിയെ എങ്ങനെ ബാധിക്കും എന്നാണു നിരീക്ഷകർ ശ്രദ്ധിക്കുന്നത്.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ നേട്ടം കുറിച്ചു. ചെമ്പും അലൂമിനിയവും ഉയർന്നു. ചൈനീസ് വിപണിയുടെ നീക്കത്തിലേക്കാണു വ്യാപാരികളുടെ കണ്ണ്.

ഡോളർ താഴോട്ടു നീങ്ങിയതു സ്വർണത്തിനു വലിയ നേട്ടമായി. 1700 ഡോളറിനടുത്തായിരുന്ന സ്വർണം 1759 വരെ കയറി. ഇന്നു രാവിലെ 1704-1705 ഡോളറിലാണു വ്യാപാരം.

കേരളത്തിൽ ഇന്നലെ പവൻ വില മാറ്റമില്ലാതെ തുടർന്നു. ഇന്നു വില ഗണ്യമായി കയറും. എന്നാൽ ഡോളറിൻ്റെ വിനിമയ നിരക്ക് കുറയും എന്നതിനാൽ ആഗാേള വിപണിയിലെ ഉയർച്ച അതേ തോതിൽ ഇവിടെ ഉണ്ടാകണമെന്നില്ല.

കുറേ ദിവസങ്ങൾക്കു ശേഷം രൂപയ്ക്ക് ഇന്നലെ തിരിച്ചടി നേരിട്ടു. 81.44 രൂപയിൽ നിന്നു ഡോളർ 81.81 രൂപയിലേക്കു കയറി.

ഡോളർ സൂചിക 110 നു മുകളിലായിരുന്നപ്പോഴാണ് ഇന്ത്യയിലെ വ്യാപാരം ക്ലോസ് ചെയ്തത്. ഇന്നലെ ഡോളർ സൂചിക 108- ലേക്കു താണു. ഇന്ത്യൻ രൂപയ്ക്ക് ഇന്നു ഗണ്യമായ നേട്ടം ഉണ്ടാകും. ഡോളർ 81 രൂപയ്ക്കു താഴെയാകും. രാവിലെ വിദേശത്തെ വിനിമയ എക്സ്ചേഞ്ചുകളിൽ ഡോളർ 80.65 രൂപ വരെ താഴ്ന്നു.

അത്രയുമൊക്കെ സംഭവിച്ചോ?

അമേരിക്കയിൽ പലിശ കുതിച്ചു കയറുന്ന നാളുകൾക്ക് അന്ത്യമായി എന്ന് ആരും പറഞ്ഞില്ല. പക്ഷേ വിപണി അങ്ങനെ നിഗമിച്ചു. അതനുസരിച്ചു വിപണിയിൽ ഇടപെട്ടു. ഇന്നലെ യുഎസ് വിപണി സൂചികകൾ സമീപകാലത്തെ റിക്കാർഡ് നേട്ടം കുറിച്ചു. ഡൗ ജോൺസ് 1201.43 പോയിൻ്റ് (3.7%) നേട്ടത്തിൽ 33,715.37 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 7.35 ശതമാനം (760.97) കുതിച്ചു കയറി 11,114.15 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 5.54 ശതമാനം കുതിച്ച് 3956.37-ൽ അവസാനിച്ചു.

പലിശവർധന മന്ദഗതിയിലാകുമെന്ന സൂചനയിൽ യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ വില കൂടി. അവയിലെ നിക്ഷേപനേട്ടം (yield) കുത്തനേ താണു. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 7.76 ശതമാനം കുറഞ്ഞ് 3.829 ശതമാനമായി.

ഡോളർ ഇടിഞ്ഞു. ഡോളർ സൂചിക 110-ൽ നിന്ന് 108-ലെത്തി. വിദേശ കറൻസികൾ നേട്ടത്തിലായി. പൗണ്ടും യുറോയും യെനും മൂന്നു ശതമാനത്തിലധികം ഉയർന്നു.

വിലക്കയറ്റം കുറഞ്ഞത് ഇത്രമാത്രം

ഇതിനെല്ലാം നിമിത്തമായ യുഎസ് ചില്ലറ വിലക്കയറ്റത്തിൻ്റെ കണക്ക് ഒക്ടോബറിൽ 7.7 ശതമാനമായി. 7.9 ശതമാനം ആകും എന്നായിരുന്നു പ്രതീക്ഷ. സെപ്റ്റംബറിൽ 8.2 ശതമാനമായിരുന്നു. ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 6.3 ശതമാനമാണ്. ഇത് 6.5 ശതമാനം പ്രതീക്ഷിച്ചതാണ്. സെപ്റ്റംബറിൽ 6.6-ഉം ഓഗസ്റ്റിൽ 6.3 -ഉം ജൂലൈയിൽ 5.9-ഉം ആയിരുന്നു ഇത്. കാതൽ വിലക്കയറ്റം നോക്കിയാണു യുഎസ് ഫെഡ് പലിശ തീരുമാനം എടുക്കുന്നത്. പ്രതീക്ഷയിലും കുറഞ്ഞ വിലക്കയറ്റമാണ് പലിശക്കാര്യത്തിൽ ഫെഡ് നയം തിരുത്തും എന്ന നിഗമനത്തിനു വിപണി പ്രവർത്തകരെ പ്രേരിപ്പിച്ചത്.

ഉൽപന്ന വിലക്കയറ്റത്തിൽ ചെറിയ ആശ്വാസമുണ്ടെങ്കിലും സേവന മേഖലയിൽ അങ്ങനെ ആശ്വാസത്തിൻ്റെ വക കണ്ടിട്ടില്ല. ഫെഡ് ഇതു കൂടി കണക്കിലെടുത്താകും ഡിസംബർ 14-നു ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കുക. അതിനു തൊട്ടു മുൻപ് നവംബറിലെ വിലക്കയറ്റ കണക്ക് വരുന്നുണ്ട്.

സമയമായില്ലെന്ന് ഫെഡ് അംഗങ്ങൾ

വിലക്കയറ്റം കുറഞ്ഞു കാണുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച ഫെഡ് അംഗങ്ങൾ പക്ഷേ പലിശ വർധന നിർത്താൻ സമയമായിട്ടില്ല എന്നാണു പ്രഥമ പ്രതികരണമായി പറഞ്ഞത്. വിലക്കയറ്റ പ്രവണത ഇനിയും കാര്യമായി താഴേണ്ടതുണ്ടെന്ന് അവർ പറയുന്നു. ഡാളസ് ഫെഡ് പ്രസിഡൻ്റ് ലോറീ ലോഗാൻ, ക്ലീവ് ലൻഡ് ഫെഡ് പ്രസിഡൻ്റ് ലൊറേറ്റാ മെസ്റ്റർ, സാൻഫ്രാൻസിസ്കോ ഫെഡ് പ്രസിഡൻ്റ് മേരി ഡാലി എന്നിവർ ഈ അഭിപ്രായമാണു പറഞ്ഞത്. പലിശ കൂട്ടലിൻ്റെ വേഗം താമസിയാതെ കുറയുമെന്നു പറഞ്ഞത് ഫിലാഡെൽഫിയ ഫെഡ് പ്രസിഡൻ്റ് പാട്രിക് ഹാർകർ മാത്രമാണ്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it