പ്രതീക്ഷയോടെ ഇന്ത്യൻ ഓഹരി വിപണി
പാശ്ചാത്യ വിപണികളിൽ വീണ്ടും ബാങ്കിംഗിനെപ്പറ്റി ഭീതി. ടെക്നോളജി കമ്പനികളെപ്പറ്റിയുള്ള ഭീതിയിൽ യുഎസ് വിപണി ക്ലോസ് ചെയ്തെങ്കിലും പിന്നീടു റിസൽട്ടുകൾ ആവേശം പകരുന്നതായി. യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിൽ ഉണ്ടാകും. ഏഷ്യൻ വിപണികളെല്ലാം താഴ്ചയിലായത് അന്തരീക്ഷത്തിൽ ആവേശം ഇല്ലാതാക്കും.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി ഒന്നാം സെഷനിൽ 17,786.5 ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 17,733 ലേക്കു താണു. ഇന്നു രാവിലെ സൂചിക 17,724 ലേക്കു താഴ്ന്നിട്ട് 17,755 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു കാര്യമായ നേട്ടമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണു സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ന്നു ക്ലോസ് ചെയ്തു. ബാങ്ക് ഓഹരികളെപ്പറ്റി ആശങ്ക ജനിച്ചതാണു കാരണം.
യുഎസ് വിപണി തുടക്കം മുതലേ താഴ്ചയിലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിലെ നിക്ഷേപങ്ങളിൽ 40 ശതമാനം ജനുവരി - മാർച്ച് പാദത്തിൽ പിൻവലിച്ചു എന്ന അറിയിപ്പ് വലിയ ആശങ്ക ജനിപ്പിച്ചു. എന്നാൽ ബാങ്ക് മേഖലയുടെ പൊതു വിഷയമായി അതു മാറില്ലെന്നും ഒറ്റപ്പെട്ട കാര്യമാണെന്നും പിന്നീടു വിപണി വിലയിരുത്തി.
ഫസ്റ്റ് റിപ്പബ്ലിക് ഓഹരി 50 ശതമാനം ഇടിഞ്ഞു. ബാങ്കിനെ മൊത്തമായോ ആസ്തികളിൽ വലിയ ഭാഗമാേ വിൽക്കേണ്ടി വരും എന്നതാണു നില.
ഡൗ ജോൺസ് 344.57 പോയിന്റ് (1.02 ശതമാനം) താണു. എസ് ആൻഡ് പി 65.41 പോയിന്റ് ഇടിഞ്ഞു.. ടെക് കമ്പനികളുടെ റിസൽട്ടിനെപ്പറ്റിയുളള ആശങ്കയിൽ നാസ്ഡാക് 238 പോയിന്റ് (1.98%) താഴ്ന്നാണു വ്യാപാരം അവസാനിപ്പിച്ചത്.
റിസൽട്ടുകൾ ബാധിച്ചു
രാത്രി മൈക്രോസോഫ്റ്റിന്റെയും ആൽഫബെറ്റിന്റെയും റിസൽട്ട് വന്ന ശേഷം യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലായി. ഡൗ 0.2 ഉം എസ് ആൻഡ് പി 0.52 ഉം ശതമാനം ഉയർന്നപ്പോൾ നാസ്ഡാക് 1.4 ശതമാനം കുതിച്ചു. പ്രതീക്ഷയേക്കാൾ മികച്ചതായി രണ്ടു ടെക് ഭീമന്മാരുടെയും റിസൽട്ടുകൾ. ആൽഫബെറ്റ് ഓഹരികൾ തിരിച്ചു വാങ്ങാൻ 7000 കോടി ഡോളർ നീക്കി വച്ചിട്ടുമുണ്ട്. ഇന്ത്യൻ ഐടി കമ്പനികൾക്ക് ആശ്വാസം പകരുന്നതാണ് ഈ റിസൽട്ടുകൾ.
ജപ്പാനിൽ നിക്കെെ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. കൊറിയ ഒഴികെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ഓഹരികൾ ഇടിവിലാണ്. ചെെനീസ് വിപണി ഇന്ന് നഷ്ടത്താേടെ വ്യാപാരം ആരംഭിച്ചെങ്കിലും പിന്നീടു നേട്ടത്തിലായി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചൊവ്വാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 74.61 പോയിന്റ് (0.12%) കയറി 60,130.71 ലും നിഫ്റ്റി 25.85 പോയിന്റ് (0.15%) ഉയർന്ന് 17,769.25 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.09 ശതമാനം താണപ്പോൾ സ്മോൾ ക്യാപ് സൂചിക 0.51 ശതമാനം ഉയർന്നാണു വ്യാപാരം അവസാനിപ്പിച്ചത്.
വിപണി ബുള്ളിഷ് ആണ്. നിഫ്റ്റി 17,800 ലെ തടസം കടന്നാൽ 18,000 ലക്ഷ്യമാക്കും എന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. നിഫ്റ്റിക്കു 17,730 ലും 17,675 ലും സപ്പോർട്ട് ഉണ്ട്. 17,800 ലും 17,855 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ ചൊവ്വാഴ്ച 407.35 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 563.61 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് ഓയിലും സ്വർണവും
ക്രൂഡ് ഓയിൽ വില താഴ്ചയിലായി. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 80.77 ഡോളറിൽ ക്ലോസ് ചെയ്തു. 2.2 ശതമാനം ഇടിവ്. ഇന്നു രാവിലെ 80.91 ലേക്കു കയറി.
സ്വർണവില വീണ്ടും 2000 ഡോളറിനു മുകളിൽ കയറി. ഡോളറിനു കരുത്തു കുറഞ്ഞതാണു കാരണം. സ്വർണം 2001.6 ഡോളറിൽ ക്ലോസ് ചെയ്തു. പക്ഷേ ഇന്നു രാവിലെ സ്വർണം 1997-1999 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ പവൻവില 160 രൂപ കയറി 44,680 രൂപയിലെത്തി.
പ്രധാന വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഇടിഞ്ഞു. ചൈനീസ് ഡിമാൻഡ് ഉയർന്നു കാണാത്തതാണു കാരണം. ചെമ്പ് 2.17 ശതമാനം താണ് ടണ്ണിന് 8520 ഡോളറിലായി.
അലൂമിനിയം 1.61 ശതമാനം കുറഞ്ഞ് 2334 ഡോളറിൽ ക്ലാേസ് ചെയ്തു. നിക്കൽ, ടിൻ, സിങ്ക്, ലെഡ് തുടങ്ങിയവ ഒന്നു മുതൽ നാലു വരെ ശതമാനം താഴ്ന്നു. ഇരുമ്പയിരും താഴ്ചയിലാണ്.
ക്രിപ്റ്റോ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ 28,500 ഡോളറിലേക്കു കയറി. ഡോളർ വെള്ളിയാഴ്ച 19 പെെസ താണ് 81.91 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക അൽപം കയറി 101.84ൽ അവസാനിച്ചു. ഇന്നു രാവിലെ 101.81 ലേക്കു താണു.
ഏറ്റെടുക്കലിൽ നേട്ടമില്ല, ഇപ്ക ഓഹരി ഇടിഞ്ഞു
ഇപ്കാ ലബാേറട്ടറീസ് 1800 കോടിയിൽ പരം രൂപയ്ക്ക് യൂണികെം ലബാേറട്ടറീസിനെ വാങ്ങുന്നതിൽ വിപണി സന്തുഷ്ടമല്ല. വിപണി വിലയേക്കാൾ 13 ശതമാനം അധികം നൽകിയുള്ള വാങ്ങൽ നേട്ടമല്ലെന്നാണു വിലയിരുത്തൽ. കമ്പനി മറിച്ചു വാദിക്കുന്നു. ഓഹരി വില 12 ശതമാനത്തോളം ഇടിഞ്ഞു. യൂണികെമിന്റെ പല മരുന്നുകളുടെയും അപേക്ഷ യുഎസ് എഫ്ഡിഎയുടെ പരിഗണനയിലാണെന്നതാണ് ഇപ്കാ മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നത്.
ബാബാ ഫൈൻ കെമിക്കൽസിനെ 68 കോടി രൂപയ്ക്കു വാങ്ങുന്ന അമി ഓർഗാനിക്സിനോടു വിപണി കുറേക്കൂടി കരുണ കാണിച്ചു. അമി ഓഹരി മൂന്നു ശതമാനമേ താഴ്ന്നുള്ളു. സെമി കണ്ടക്ടർ ചിപ്പുകൾക്ക് ആവശ്യമായ പ്രത്യേക തരം രാസവസ്തുക്കൾ നിർമിച്ചു നൽകുന്ന കമ്പനിയാണ് ബാബാ ഫെെൻ കെമിക്കൽസ്.
ക്രോംപ്ടൺ അഴിച്ചുപണിയിൽ വിപണിക്കു വിയാേജിപ്പ്
ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസിന്റെ ഉന്നത മാനേജ്മെൻറിൽ നടത്തിയ അഴിച്ചുപണി വിപണിക്കു ഹിതകരമായില്ല. ഓഹരി 13 ശതമാനം വരെ താണു. ഗൗതം ഥാപ്പർ ഗ്രൂപ്പിലെ കമ്പനി സിഇഒ ആയിരുന്ന മാത്യു ജോബ് കമ്പനി വിട്ടു പോകുന്നു. എംഡി ആയിരുന്ന ശന്തനു ഖാേസ്ല വെെസ് ചെയർമാനാകും. പ്രമീത് ഘോഷ് പുതിയ എംഡിയും സിഇഒയുമാകും.
ദീർഘകാലം ധനകാര്യ - നിക്ഷേപ കമ്പനികളിൽ മാത്രം പ്രവർത്തിച്ചിട്ടുള്ള ആളാണ് ഘാേഷ്. നിക്ഷേപ നിധിയായ ടെമാസെക് ക്രോംപ്ടണിൽ ഓഹരി വാങ്ങിയ ശേഷം കമ്പനിയിൽ ഡയറക്ടറായിരുന്നു
ഘോഷ്. 5000 കോടിയിൽ നിന്നു 18,600 കോടി രൂപയിലേക്ക് ക്രോംപ്ടന്റെ വിപണിമൂല്യം വളർത്തിയ ടീമിനെയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഗൃഹാേപകരണ നിർമാതാക്കളായ ബട്ടർഫ്ലൈ -
ഗാന്ധിമതിയെ വാങ്ങിയതും ഈ ടീമാണ്. ഓഹരിയുടെ ഇടിവ് അമിതമാണെന്നു പല വിശകലന വിദഗ്ധരും കരുതുന്നു.
ഫാഷൻ വസ്ത്ര വിപണിയിലുള്ള നൈകായിലും ഉന്നത മാനേജ്മെൻറിൽ അഴിച്ചുപണി നടന്നു. നൈകായുടെ ഓഹരിയും താണു.
റെയിൽവേ കമ്പനികൾ ഇന്നലെയും കുതിച്ചു. ആർവിഎൻഎൽ 20 ശതമാനം കയറി.
മാൻകൈൻഡ് ഐപിഒ തുടക്കം മന്ദഗതിയിൽ
മാൻകൈൻഡ് ഫാർമയുടെ ഐപിഒ തുടങ്ങി. ആദ്യ ദിവസം റീട്ടെയിൽ നിക്ഷേപകരുടെ ഭാഗത്ത് 14 ശതമാനം അപേക്ഷയേ ഉണ്ടായുള്ളൂ. 4326 കാേടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. കമ്പനിയുടെ പ്രൊമാേട്ടറായ രാമശ് ജുനേജായും കുടുംബവും ആണു പ്രധാനമായും ഓഹരി വിൽക്കുന്നത്. അവരുടെ ഓഹരി 79 ശതമാനത്തിൽ നിന്ന് 76.5 ശതമാനമായി കുറയും. കമ്പനിയിൽ നിക്ഷേപമുള്ള രണ്ടു വിദേശ ഫണ്ടുകളും ഓഹരി വിൽക്കുന്നുണ്ട്. 1026 - 1080 രൂപയാണു വില നിലവാരം. വിൽപനത്തുകയിൽ നിന്നു കമ്പനിക്ക് ഒന്നും ലഭിക്കില്ല.
മാൻഫോഴ്സ് ഗർഭനിരോധന ഉറകളും പ്രെഗാ ന്യൂസ് എന്ന പ്രെഗ്നൻസി കിറ്റും ആണു കമ്പനിയുടെ പ്രമുഖ ബ്രാൻഡുകൾ. രാജ്യത്തെ ഫാർമ രംഗത്ത് വരുമാനത്തിൽ അഞ്ചാം സ്ഥാനമുണ്ട് കമ്പനിക്ക്.
വിപണി സൂചനകൾ
(2023 ഏപ്രിൽ 25, ചൊവ്വ)
സെൻസെക്സ് 30 60,130.71 +0.12%
നിഫ്റ്റി 50 17,769.25 +0.15%
ബാങ്ക് നിഫ്റ്റി 42,678.50 +0.10%
മിഡ് ക്യാപ് 100 31,180.60 -0.09%
സ്മോൾക്യാപ് 100 9472.85 +0.51%
ഡൗ ജോൺസ്30 33,530.83 -1.02%
എസ് ആൻഡ് പി500 4071.63 -1.58%
നാസ്ഡാക് 11,799.16 -1.98%
ഡോളർ ($) ₹81.92 +01 പൈസ
ഡോളർ സൂചിക 101.84 +0.54
സ്വർണം(ഔൺസ്) $2001.60 +$08.00
സ്വർണം(പവൻ ) ₹44,680 +₹160.00
ക്രൂഡ്(ബ്രെന്റ്)ഓയിൽ $80.77 -$01.96