Begin typing your search above and press return to search.
തെരഞ്ഞെടുപ്പ് പ്രധാനം, സ്വന്തമായി ഒരു പോര്‍ട്ട്‌ഫോളിയോ വേണം; ക്രിപ്‌റ്റോയിലെ സാധ്യതകള്‍ എങ്ങനെ ?
കഴിഞ്ഞ കുറച്ചു നാളുകളായി ക്രിപ്‌റ്റോ മേഖല വലിയ അനിശ്ചിതത്ത്വത്തിലൂടെയാണ് കടന്നു പോവുന്നത്. പുതുതായി എത്തുന്നവര്‍ക്ക് നിക്ഷേപം തുടങ്ങാന്‍ അനുയോജ്യമായ സമയമാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍, വലിയ നഷ്ടം നേരിട്ടവരുടെ അശങ്കകള്‍ ആണ് മറുഭാഗത്ത്. ഈ സാഹചര്യത്തില്‍ മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ജിയോറ്റസിന്റെ സിഇഒ വിക്രം സുബ്ബുരാജ് (edited excerpts)
ക്രിപ്‌റ്റോയിലെ നിക്ഷേപം ഇപ്പോള്‍
ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് പറ്റിയ ഒരു സാഹചര്യമല്ല നിലവില്‍. എല്ലാവര്‍ക്കും അറിയാം ക്രിപ്‌റ്റോ മേഖലയില്‍ ഉണ്ടായ തകര്‍ച്ച. അതുകൊണ്ട് തന്നെ ദീര്‍ഘകാല നിക്ഷേപങ്ങളാണ് ഉചിതം. നിങ്ങള്‍ നിക്ഷേപത്തിന് തിരഞ്ഞെടുക്കുന്ന കോയിനുകളും പ്രധാനമാണ്.
ഒരു പോര്‍ട്ട്‌ഫോളിയോ ക്രിയേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഓഹരി വിപണിയില്‍ നിങ്ങള്‍ ഐടി, ഫാര്‍മ, ബാങ്കിംഗ്, ഓട്ടോ തുടങ്ങി വിവിധ മേഖലകള്‍ തിരിച്ചാവും നിക്ഷേപങ്ങള്‍ നടത്തുക. സമാനമായ ഉപ മേഖലകള്‍ ക്രിപ്‌റ്റോയിലുമുണ്ട്. മെറ്റാവേഴ്‌സ്, ലാര്‍ജ് ക്യാപ് കോയിനുകള്‍, ഡിഫൈ തുടങ്ങിയവ ഇത്തരം ഉപ മേഖലകളാണ്. ഓരോ ക്രിപ്‌റ്റോയും വിവിധ പ്രോജക്ടുകളുടെ ഭാഗമാണ്. ഈ പ്രോജക്ടുകളുടെ ലക്ഷ്യമെന്താണെന്നും വായിച്ച് മനസിലാക്കണം.
ആകെ നിക്ഷേപത്തിന്റെ എത്ര ശതമാനം ക്രിപ്‌റ്റോയില്‍
അടുത്ത ആറുമാസത്തിനുള്ളില്‍ വിനിയോഗിക്കേണ്ട പണം ഒരിക്കലും ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കരുത്. മാറ്റിവെയ്ക്കുന്ന ആകെ തുകയില്‍ ഒരു കുറഞ്ഞ വിഹിതം ഉദാഹരണത്തിന് 2 ശതമാനം മാത്രമേ ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കാവു. അതും തുടക്കക്കാര്‍ ആണെങ്കില്‍ ബിറ്റ്‌കോയിന്‍, എഥറിയം പോലുള്ളവ തെരഞ്ഞെടുക്കുകയും വേണം. ഭാവിയിലെ ബിറ്റ്‌കോയിന്‍ ആകുമെന്ന് കരുതി വിലക്കുറവുള്ളവ നോക്കി വാങ്ങിക്കൂട്ടിയിട്ട് കാര്യമില്ല.
തിരിച്ചുവരവ്
ക്രിപ്‌റ്റോ മേഖലയെ സംബന്ധിച്ചിടത്തോളം അടുത്ത രണ്ട് വര്‍ഷം ഏറ്റക്കുറച്ചിലുകളുടേതാവും. ബ്ലോക്ക്‌ചെയിന്‍ രംഗത്ത് വലിയൊരു ഇന്നൊവേഷന്‍ ഉണ്ടാകുന്നത് വരെ ഈ രീതിയില്‍ തുടരും എന്നാണ് കരുതുന്നത്. ഇന്നൊവേഷന് ഉദാഹരണമായി എഥറിയം 2.0 ചൂണ്ടിക്കാട്ടാം.
ബ്ലോക്ക്‌ചെയിന്‍ പ്ലാറ്റ്‌ഫോമുകളെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ വിന്‍ഡോസ് പോലുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി പരിഗണിക്കാം. ആന്‍ഡ്രോയിഡ് പോലൊരു പ്ലാറ്റ്‌ഫോം ഉണ്ടായതുകൊണ്ടാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഇന്ന് കാണുന്ന രീതിയിലേക്ക് എത്തിയത്. മെച്ചപ്പെട്ട ഡീസെന്‍ട്രലൈസഡ് ബ്ലോക്ക്‌ചെയിന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മികച്ച DApps ( Decentralized Applications) വികസിപ്പിക്കാം.
ഇത് ആ ബ്ലോക്ക്‌ചെയിന്‍ പ്ലാറ്റ്‌ഫോമുകളുടെയും അതുമായി ബന്ധപ്പെട്ട ക്രിപ്‌റ്റോകളുടെയും ഡിമാന്‍ഡ് ഉയര്‍ത്തും. പുതിയ ഇന്നൊവേഷന്‍ ഉണ്ടാകുമ്പോള്‍ ക്രിപ്‌റ്റോ മേഖല വീണ്ടും അതിന്റെ യഥാര്‍ത്ഥ മൂല്യത്തിന് മുകളിലേക്ക് കുതിക്കാം.
നിക്ഷേപകരുടെ പ്രതികരണം
വില ഇടിഞ്ഞപ്പോള്‍ ആദ്യ പ്രതികരണം വില്‍പ്പന തന്നെയായിരുന്നു. എന്നാല്‍ അത് മാറി, ദീര്‍ഘകാലത്തേക്ക് നിക്ഷേപം സൂക്ഷിക്കാം എന്ന തീരുമാനത്തിലേക്ക് എല്ലാവരും എത്തി. ഇപ്പോഴത്തെ ക്രിപ്‌റ്റോ വിലയിലും ഈ മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്.
ലൂണയും ക്രിപ്‌റ്റോ മേഖലയുടെ തകര്‍ച്ചയും
ടെറ യുഎസ്ഡി (UST)ഒരു അല്‍ഗോരതമിക് സ്‌റ്റേബിള്‍ കോയിനാണ്. മറ്റൊരു ആസ്ഥിയുമായി പെഗ് ചെയ്യുന്നവയാണ് ഈ സ്‌റ്റേബിള്‍ കോയിനുകള്‍. പൊതുവെ ഡോളറുകളുമായാണ് സ്‌റ്റേബിള്‍ കോയിനുകള്‍ പെഗ് ചെയ്യുക. ഇവിടെ ടെറ പെഗ് ചെയ്തിരുന്നത് ലൂണ എന്ന ക്രിപ്‌റ്റോ കറന്‍സിയോടാണ്. ഒരു ടെറ ക്രിയേറ്റ് ചെയ്യപ്പെടുമ്പോള്‍ ഒരു യുഎസ് ഡോളറിന് തുല്യമായ ലൂണ ബേണ്‍ ചെയ്യപ്പെടും (നശിപ്പിക്കപ്പെടും). നേരെ തിരിച്ചും സംഭവിക്കും.
ആങ്കര്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട നിക്ഷേപ പദ്ധതി ടെറ നിക്ഷേപകര്‍ക്ക് 20 ശതമാനം നിരക്കില്‍ പലിശ പ്രഖ്യാപിച്ചതാണ് തുടക്കം. ഒടുക്കം നിക്ഷേപത്തില്‍ നിന്ന് വായ്പ എടുക്കാന്‍ ആളില്ലാതായതോടെ ആളുകള്‍ ടെറ വിറ്റ് ലൂണ കോയിന്‍ വാങ്ങാന്‍ തുടങ്ങി. ഒടുവില്‍ ലൂണയുടെ വിലയും തകര്‍ന്നു. തുടര്‍ന്ന് നിലനില്‍പ്പിനായി ടെറയുടെ പെഗ്ഗിംഗ് പിന്‍വലിക്കപ്പെട്ടു. ലൂണ ഗവേണിംഗ് കൗണ്‍സില്‍ ബിറ്റ്‌കോയിന്‍ റിസര്‍വ് വിറ്റഴിച്ചതോടെ തകര്‍ച്ച ക്രിപ്‌റ്റോ മേഖലയെ മൊത്തം ബാധിക്കുകയായിരുന്നു.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍
ക്രിപ്‌റ്റോയ്ക്ക് കൃത്യമായ നിര്‍വചനം നല്‍കാതെയാണ് കേന്ദ്രം നികുതി ഏര്‍പ്പെടുത്തിയത്. ഒരു നിര്‍വചനം ആവശ്യമായിരുന്നു. കൂടാതെ നികുതി നിരക്ക് 18 ശതമാനമായി ആണ് നിശ്ചയിക്കേണ്ടിയിരുന്നത്. നിലവിലെ ഉയര്‍ന്ന നികുതി മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ ആളുകളെ പ്രേരിപ്പിക്കും. ഇപ്പോഴുള്ള അനിശ്ചിതത്തം മൂലം ബാങ്കുകള്‍ ക്രിപ്‌റ്റോ കമ്പനികളുമായി സഹകരിക്കാന്‍ മടിച്ചു നില്‍ക്കുകയാണ്. യുപിഐ സേവനം ഏര്‍പ്പെടുത്തുന്നതിലെ തടസവും ഇതുതന്നെ.
ക്രിപ്‌റ്റോ മേഖലയിലെ കരിയര്‍
ബ്ലോക്ക്‌ചെയിന്‍ ഡെവലപ്പര്‍മാരില്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും വലിയ അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഇന്നത്തെ ഫിന്‍ടെക്ക് കമ്പനികളുടെ ഭാവി ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയിലാണ്. ക്രിപ്‌റ്റോയെ ഒരു കരിയറായി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ തന്നെ മേഖലയെക്കുറിച്ച് അറിയാന്‍ ശ്രമിക്കുക. പഠിച്ച കോളജോ മാര്‍ക്കോ അല്ല, അഭിരുചിയാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. ബിറ്റ്‌കോയിന്‍ വൈറ്റ് പേപ്പറെങ്കിലും എല്ലാവരും വായിച്ചിരിക്കണം. കൂട്ടത്തില്‍ പോക്കറ്റ്മണിയുടെ ഒരു ചെറിയ ഭാഗം ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ക്കായി മാറ്റിവെക്കാം.
Next Story
Videos