പൊറിഞ്ചു വെളിയത്തിന്റെ 'ട്വീറ്റ്' നൽകിയത് 6 മടങ്ങ് നേട്ടം, കോളടിച്ച് നിക്ഷേപകർ

2022ലാണ് ഓഹരിയുടെ സാധ്യത തിരിച്ചറിഞ്ഞ പൊറിഞ്ചു വെളിയത്ത് നിക്ഷേപകർക്കു സൂചന നൽകിയത്
Porinju Veliyath, Equity Intelligence
Image Courtesy : Porinju Veliyath/FB
Published on

റെയ്മണ്ട് ലിമിറ്റഡിൽ നിന്ന് വേര്‍പെടുത്തിയ റെയ്മണ്ട് ലൈഫ്‌സ്റ്റൈല്‍ ഇന്നലെ (സെപ്റ്റംബര്‍ 5) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയതു. എന്‍.എസ്.ഇയില്‍ 3,020 രൂപയിലും ബി.എസ്.ഇയില്‍ 3,000 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. ലിസ്റ്റിംഗിനെ തുടര്‍ന്ന് കമ്പനിയുടെ വിപണി മൂല്യം 18,300 കോടി രൂപയായി. മാതൃകമ്പനിയായ റെയ്മണ്ട് ലിമിറ്റഡിന്റെ നിലവിലെ വിപണി മൂല്യം 13,314 കോടിയാണ്. ഇതോടെ ഇരു കമ്പനികളുടെയും സംയോജിത വിപണി മൂല്യം 30,000 കോടി കടന്നു.

റെയ്മണ്ട് ഓഹരി ഉടമകൾക്ക് മികച്ച നേട്ടം നൽകിയെങ്കിലും കുറച്ച് കാലം മുൻപ് വരെ നിക്ഷേപകർക്കിടെ അത്ര പ്രിയമുണ്ടായിരുന്നില്ല ഓഹരിക്ക്. പൊറിഞ്ചു വെളിയത്ത്‌ പക്ഷെ ഓഹരിയുടെ വളർച്ചാ സാധ്യത മുൻകൂട്ടി കണ്ടു.

വാല്യൂവേഷനിലെ അന്തരം

ഐ.പി.ഒകളുടെ ഒരു കുത്തൊഴുക്കു തന്നെ ഉണ്ടായ 2022ലാണ് ഒരു ഓഹരിയുടെ അമിത വാല്യൂവേഷൻ പൊറിഞ്ചു വെളിയത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. മാന്യവർ ബ്രാൻഡിന്റെ മാതൃ കമ്പനി ആയ വേദാന്ത്‌ ഫാഷൻസ് ആയിരുന്നു അത്. വെറും 800 കോടി വരുമാനമുള്ള കമ്പനിയുടെ വിപണി മൂല്യം 23,000 കോടി രൂപയാണെന്നത് അദ്ദേഹത്തെ അമ്പരപ്പിച്ചു.

ഇതിന് നേരെ വിപരീതമായി നൂറ്റാണ്ടോളം പഴക്കമുള്ള, മഹാരാഷ്ട്രയിലടക്കം വന്‍ ഭൂസ്വത്തും 5,000 കോടി രൂപ വരുമാനവുമുള്ള റെയ്മണ്ടിന്റെ മൂല്യം വെറും 5,000 കോടിയായിരുന്നു എന്നതാണ്‌ അമ്പരപ്പിന് കാരണം

ഈ ഓഹരി വാങ്ങിയാല്‍ ഭാവിയില്‍ ഗുണം ചെയ്തേക്കുമെന്ന ധ്വനി നൽകിക്കൊണ്ട് അദ്ദേഹം ഓഹരി വാല്യൂവേഷനിലെ ഈ അന്തരത്തെ കുറിച്ച് ദശലക്ഷത്തിലധികം വരുന്ന ഫോളോവേഴ്‌സുമായി ട്വിറ്ററിൽ പങ്കു വച്ചു.

പൊറിഞ്ചു വെളിയത്തിന്റെ ഈ ട്വീറ്റ് പിന്നീട് ഒരു പ്രവചനം പോലെയായി. ആ ട്വീറ്റിനു ശേഷം സുസ്ഥിരമായ വളര്‍ച്ച കാഴ്ചവച്ച റെയ്മണ്ട് ഓഹരികള്‍ നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടവും നല്‍കി. അന്ന് ഈ ട്വീറ്റ് കണ്ട് ഓഹരിയിൽ നിക്ഷേപിച്ചവർക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ആറ് മടങ്ങ് നേട്ടമാണ്.

അതായത് അന്ന് 10,000 രൂപ നിക്ഷേപിച്ചവർക്ക് തിരിച്ച് കിട്ടിയത് 60,000 രൂപ.

റെയ്മണ്ട് ലൈഫ് സ്റ്റൈല്‍ ലിസ്റ്റ് ചെയ്തപ്പോള്‍ നിക്ഷേപകർക്ക്‌ രണ്ട് കമ്പനികളിലും ഓഹരി പങ്കാളിത്തമായി. ഇത് നിക്ഷേപകരുടെ പോർട്ട്‌ ഫോളിയോ മൂല്യം വീണ്ടും ഉയർത്തി. പൊറിഞ്ചു വെളിയത്തിന്റെ കണക്കുകൂട്ടൽ പോലെ റെയ്മണ്ടിന്റെ രണ്ട് ലിസ്റ്റഡ് കമ്പനികളുടേയും സംയോജിത വിപണി മൂല്യം മാന്യവറിന്റെ ഒപ്പത്തിന് എത്തുകയും ചെയ്തു.

തന്റെ മികച്ച നിക്ഷേപ തീരുമാനങ്ങളിലൊന്നാണ് റെയ്മണ്ട് ഓഹരികളിലെ നിക്ഷേപമെന്നാണ് അദ്ദേഹം പോസ്റ്റ് റിട്വീറ്റ് ചെയ്തുകൊണ്ട് ഇന്നലെ കുറിച്ചത്.

ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ വ്യക്തിഗതമായ പഠനത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നാണ് ഈ കഥ ഓർമിപ്പിക്കുന്നുത്. എല്ലായ്പോഴും കണ്ണും കാതും തുറന്നു വയ്ക്കേണ്ടത് പ്രധാനമാണ്. ആശയം വരുന്നത് എവിടെ നിന്നെന്നു പറയാനാകില്ല.

റെയ്മണ്ട് ഓഹരിയിലെ നിക്ഷേപം

പൊറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ് 2021 മുതല്‍ ഇടപാടുകാര്‍ക്കു വേണ്ടി റെയ്മണ്ടിന്റെ ഓഹരികള്‍ വാങ്ങുന്നുണ്ട്. അന്ന് വെറും 2,500 കോടി രൂപ വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില 375 രൂപയായിരുന്നു. ഇപ്പോള്‍ വില 2,700 രൂപയ്ക്ക് മുകളിലാണ്. ജൂലൈയില്‍ റെയ്മണ്ട് ഓഹരി വില 3,100 രൂപ വരെ എത്തിയിരുന്നതാണ്.

ലിസ്റ്റിംഗിനു ശേഷം താഴേക്ക്

ഇന്നലെ 3,000 രൂപയ്ക്കാണ് റെയ്മണ്ട് ലൈഫ്‌സ്റ്റൈല്‍ ഓഹരി ലിസ്റ്റ് ചെയ്തതെങ്കിലും തുടര്‍ന്ന് ഓഹരി അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ടിലേക്ക് നീങ്ങി. ഇന്നും രാവിലത്തെ വ്യാപാരത്തിനിടെ തന്നെ ഓഹരി അഞ്ച് ശതമാനം ലോവര്‍ സര്‍ക്യൂട്ടടിച്ചു. മാതൃകമ്പനിയായ റെയ്മണ്ട് ഓഹരികളും ഇന്നലെ നാല് ശതമാനം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നും ഒരു ശതമാനത്തിലധികം ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്.

വസ്ത്ര മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് റെയ്മണ്ട് ലൈഫ്‌സ്റ്റൈല്‍. റെയ്മണ്ടിൽ നിന്ന് വേര്‍പെടുത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസും അടുത്ത വര്‍ഷം വിപണിയില്‍ ലിസ്റ്റ് ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com