Begin typing your search above and press return to search.
എന്താണ് ഒരു കമ്പനിയുടെ എബിറ്റ്ഡ? അറിയാം ഒ.എഫ്.എസും ഐ.പി.ഒയും തമ്മിലെ വ്യത്യാസവും
കമ്പനികള്‍ പ്രവര്‍ത്തനഫലം പുറത്തുവിടുമ്പോള്‍ വരുമാനം, ലാഭം എന്നിവയ്ക്ക് പുറമേ എബിറ്റ്ഡ കണക്കും പറയാറുണ്ട്. എന്താണ് എബിറ്റ്ഡ?
കമ്പനികളുടെ പ്രവര്‍ത്തനത്തിലെ നിര്‍ണായക സൂചകങ്ങളാണ് വരുമാനം (Revenue), ലാഭം (അറ്റാദായം/Net Profit), എബിറ്റ്ഡ (EBITDA) എന്നിവ. ഇവ മൂന്നും പരസ്പര ബന്ധിതമാണെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനമികവ് വിലയിരുത്തുന്ന മൂന്ന് വ്യത്യസ്ത ഘടകങ്ങളാണ്.
വരുമാനം: ഒരു കമ്പനി അതിന്റെ ഉത്പന്നങ്ങള്‍/സേവനങ്ങള്‍ വില്‍ക്കുന്നതിലൂടെ നേടുന്ന തുകയാണ് വരുമാനം.
എബിറ്റ്ഡ: കമ്പനിയുടെ നികുതി (Tax), പലിശ (Interest), ഡിപ്രീസിയേഷന്‍ (Depreciation), അമോര്‍ട്ടൈസേഷന്‍ (Amortization) എന്നീ ബാദ്ധ്യതകള്‍ക്ക് മുമ്പുള്ള ലാഭമാണ് (Earnings) എബിറ്റ്ഡ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മൊത്തം വരുമാനത്തില്‍ നിന്ന് പ്രവര്‍ത്തനച്ചെലവ് മാത്രം കിഴിക്കുമ്പോള്‍ കിട്ടുന്ന തുകയാണിത്. കമ്പനിയുടെ പ്രവര്‍ത്തനമികവ്, ലാഭക്ഷമത എന്നിവയുടെ ചൂണ്ടുപലകയെന്ന് എബിറ്റ്ഡയെ വിശേഷിപ്പിക്കാം.
ലാഭം: കമ്പനിയുടെ പ്രവര്‍ത്തനച്ചെലവ്, നികുതി, പലിശ തുടങ്ങി എല്ലാ ബാദ്ധ്യതകള്‍ക്കും ശേഷമുള്ള തുകയാണ് ലാഭം (അറ്റാദായം).
നമുക്ക് ഒരു ഉദാഹരണം നോക്കാം: (ചിത്രം കാണുക)
ഒരു കമ്പനി ഉത്പന്ന വില്‍പനയിലൂടെ 500 രൂപ വരുമാനം നേടി.
ഉത്പാദനച്ചെലവ് - 220 രൂപയെന്ന് കരുതുക
ജീവനക്കാര്‍ക്കുള്ള ചെലവും ആനുകൂല്യങ്ങളും - 20 രൂപ
മറ്റ് ചെലവുകള്‍ - 30 രൂപ
ആകെ - 270 രൂപ.
ഇവിടെ കമ്പനിയുടെ എബിറ്റ്ഡ 500 രൂപ വരുമാനത്തില്‍ നിന്ന് പ്രവര്‍ത്തനച്ചെലവായ 270 രൂപ കുറച്ചാല്‍ കിട്ടുന്ന 230 രൂപയാണ്.
ഇനി നമുക്ക് ലാഭം നോക്കാം. (ഇവിടെ എബിറ്റ്ഡയില്‍ നിന്ന് പ്രവര്‍ത്തനേതര ചെലവ് കുറയ്ക്കണം).
ഡിപ്രീസിയേഷന്‍ - 60 രൂപ
പലിശച്ചെലവ് - 40 രൂപ
നികുതി ബാദ്ധ്യത - 30 രൂപ
ആകെ - 130 രൂപ.
എബിറ്റ്ഡയില്‍ നിന്ന് ഈ പ്രവര്‍ത്തനേതര ബാദ്ധ്യതയായ 130 രൂപ കുറയ്ക്കുമ്പോള്‍ കിട്ടുന്നത് 100 രൂപ.
അതായത്, ഈ 100 രൂപയാണ് കമ്പനിയുടെ ലാഭം.
എന്താണ് ഐ.പി.ഒയും ഓഫര്‍ ഫോര്‍ സെയിലും തമ്മിലെ വ്യത്യാസം?
ഒരു സ്വകാര്യ കമ്പനി, അതിന്റെ ഓഹരികള്‍ ആദ്യമായി പൊതുവിപണിയില്‍ വിറ്റഴിക്കുന്ന നടപടിയാണ് പ്രാരംഭ ഓഹരി വില്പന അഥവാ ഐ.പി.ഒ (IPO/Initial Public Offer). മൂലധന സമാഹരണം, പ്രവര്‍ത്തന വിപുലീകരണം, കടം വീട്ടല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാകും ഇത്തരത്തില്‍ ഓഹരിവിറ്റ് പണം സമാഹരിക്കുക. തുടര്‍ന്ന് കമ്പനി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യും.
ഓഫര്‍ ഫോര്‍ സെയില്‍ (OFS/Offer For Sale) എന്നത് ഒരു ലിസ്റ്റഡ് കമ്പനിയുടെ പ്രൊമോട്ടര്‍മാരോ മുൻകാല നിക്ഷേപകരോ കൈവശമുള്ള ഓഹരികളില്‍ നിശ്ചിതയളവ് വിറ്റഴിച്ച് നേടുന്ന പണസമാഹരണമാണ്. ഇത് കമ്പനിയുടെ ആദ്യ ഓഹരിവില്‍പനയല്ല. പുതിയ (Fresh) ഓഹരി ഇതിലുള്‍പ്പെടുന്നുമില്ല. നിലവിലുള്ള ഓഹരികളാണ് ഒ.എഫ്.എസ് വഴി വിറ്റഴിക്കുക. ഒരു പ്രമോട്ടറില്‍ നിന്ന് മറ്റൊരാളിലേക്ക് കമ്പനിയുടെ ഓഹരികള്‍ കൈമാറാനും ഒ.എഫ്.എസ് പ്രയോജനപ്പെടുത്താറുണ്ട്. ഇത്, കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ യാതൊരുവിധ മാറ്റങ്ങളും വരുത്തുകയുമില്ല.
Next Story
Videos