'ക്രിപ്‌റ്റോ നിയന്ത്രണങ്ങള്‍ നല്ലതിന്, രാജ്യത്തിന് നേട്ടങ്ങളുണ്ടാക്കാം' ; സഹീകോയിന്‍ കോ-ഫൗണ്ടര്‍ മെല്‍ബിന്‍ തോമസ് പറയുന്നു

ക്രിപ്‌റ്റോ കറന്‍സികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐഐടി കാണ്‍പൂരിലെ സഹപാഠികളുമായി ചേര്‍ന്ന് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ മെല്‍ബിന്‍ തോമസ് ആരംഭിച്ച സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ടപ്പ് ആണ് സഹീന്‍കോയിന്‍. അമിത് നായക്, അങ്കുഷ് രാജ്പുത് എന്നിവരാണ് മെല്‍ബിന്റെ ആ സുഹൃത്തുക്കള്‍. 13.10 കോടിയുടെ മൂലധന നിക്ഷേപം ലഭിച്ചതിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ സ്റ്റാര്‍ട്ടപ്പ് വാര്‍ത്തകളില്‍ ഇടം നേടിയത്. ക്രെഡ് സ്ഥാപകന്‍ കുനാല്‍ ഷാ, ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന തുടങ്ങിയവര്‍ സഹീന്‍കോയിനില്‍ നിക്ഷേപം നടത്തിരുന്നു.

കഴിഞ്ഞ വര്‍ഷം യുഎസില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പ്രവര്‍ത്തനം ഗുരുഗ്രാം ആസ്ഥാനമായാണ്. ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് അറിവുകള്‍ പരസ്പരം പങ്കുവെക്കാനും മേഖലയിലെ വിദഗ്ദരെ ഫോളോ ചെയ്യാനുമുള്ള അവസരമാണ് പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുക. തുടക്കക്കരാര്‍ക്ക് പണം മുടക്കാതെ നിക്ഷേപ രീതികള്‍ പഠിക്കാനായി സഹീഫോളിയോ എന്ന വിര്‍ച്വല്‍ പോര്‍ട്ട്‌ഫോളിയോയും ക്രിയേറ്റ് ചെയ്യാം. ലളിതമായി വിവരങ്ങള്‍ ലഭ്യമാക്കി ക്രിപ്‌റ്റോ മേഖലയെ ജനാധിപത്യവത്കരിക്കുകയാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. സഹീകോയന്റെ തുടക്കത്തെക്കുറിച്ചും ക്രിപ്‌റ്റോയുടെ സാധ്യതകളെക്കുറിച്ചും മെല്‍ബിന്‍ തോമസ് പറയുന്നു. (edited excerpts)
ക്രിപ്‌റ്റോയിലേക്ക് കൈപിടിച്ചു കയറ്റുക ലക്ഷ്യം
2017 മുതല്‍ ക്രിപ്‌റ്റോയില്‍ നിക്ഷേപം നടത്തിയിരുന്നു. 2014 മുതല്‍ ക്രിപ്‌റ്റോ കറന്‍സികളെക്കുറിച്ച് അറിയാമായിരുന്നെങ്കിലും സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് നിക്ഷേപം നടത്താനുള്ള ആത്മവിശ്വസം ഉണ്ടായത്. അതിനിടയില്‍ കാനഡയിലെ എംബിഎയുടെ ഭാഗമായി ബ്ലോക്ക് ചെയിന്‍ അധിഷ്ഠിതമായി സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ടെല്ലര്‍ ഫിനാന്‍സില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. ആ സമയത്താണ് ക്രിപ്‌റ്റോയ്ക്ക് പിന്നിലുള്ള ടെക്‌നോളജി ആഗോള സാമ്പത്തിക രംഗത്തെ അത് എങ്ങനെ സ്വാധീനിക്കുമെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചു.
ആ സമയത്താണ് ക്രിപ്‌റ്റോയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് എന്ന ആശയവുമായി അമത്തിന്റെ വിളി എത്തുന്നത്. ആലോചിച്ചപ്പോ ആ സമയത്ത് കണ്ട പ്രശ്‌നം ക്രിപ്‌റ്റോ എന്താണെന്ന് ആളുകള്‍ക്ക് മനസിലാകുന്നില്ല എന്നതായിരുന്നു. വില വലിയ തോതില്‍ കൂടുന്നു എന്നു പറഞ്ഞാണ് ആളുകള്‍ വരുന്നത്. ഇതിനെപ്പറ്റി കേള്‍ക്കുന്ന വലിയൊരു വിഭാഗം ക്രിപ്‌റ്റോ നിക്ഷേപത്തിന് തയ്യാറാവുന്നില്ല. തങ്ങള്‍ക്ക് വിശ്വസമുള്ള ആളുകള്‍ പറഞ്ഞാലെ പലരും നിക്ഷേപത്തിന് മുതിരുകയുള്ളു. ഇത്തരത്തിലുള്ളവരെ ക്രിപ്‌റ്റോ ഇക്കോ സിസ്റ്റത്തിലേക്ക് കൈപിടിച്ചു കയറ്റുകയാണ് ലക്ഷ്യം.
സഹികോയിന്‍
തുടക്കത്തില്‍ സുഹൃത്തുക്കള്‍ വഴി ഇന്‍വിറ്റേഷന്‍ ലഭിച്ച് സഹികോയിനില്‍ ആളുകള്‍ എത്തുന്ന രീതിയാണ് തെരഞ്ഞെടുത്തത്. ഞങ്ങള്‍ തന്നെ ക്രിപ്‌റ്റോയിലെത്തിയത് സുഹൃത്തുക്കള്‍ പറഞ്ഞതു കേട്ടാണ്. സഹികോയിന്‍ ഒരു വെബ്3 ഉല്‍പ്പന്നമാണ്. ഇന്ന് നമ്മള്‍ കാണുന്ന സോഷ്യല്‍ മീഡിയകള്‍ വെബ്2 ആണ്. ഉദാഹരണത്തിന് ഫേസ്ബുക്കില്‍ നമ്മളുടെ ഡാറ്റയും മറ്റും കൈകാര്യം ചെയ്യുന്നത് ഫേസ്ബുക്ക് ആണ്. എന്നാല്‍ വെബ്3യില്‍ വിവരങ്ങള്‍ പൂര്‍ണമായും നിങ്ങളുടെ ഉടമസ്ഥതയില്‍ അയിരിക്കും. സഹികോയിനില്‍ നിങ്ങളിടുന്ന ഒരു കമന്റിന് പോലും റിവാര്‍ഡ് ലഭിക്കും. ഇതിനായി സഹികോയിന്‍ എന്ന ടോക്കണും വികസിപ്പിക്കുന്നുണ്ട്. ഏത് സമയത്ത് നിക്ഷേപങ്ങള്‍ നടത്തണം, എപ്പോള്‍ വില്‍ക്കണം തുടങ്ങിയ വിവരങ്ങളാവും ഉപഭോക്താക്കള്‍ക്ക് സഹീകോയിനിലൂടെ ലഭിക്കുക.
ആദ്യമായി ക്രിപ്‌റ്റോയില്‍ എത്തുന്നവരോട്
ഏതെങ്കിലും ഒരു കോയിനില്‍ കൊണ്ടിട്ടതുകൊണ്ട് നിക്ഷേപം ഇരട്ടിയാകണമെന്ന് നിര്‍ബന്ധമില്ല. ക്രിപ്‌റ്റോ കറന്‍സിയുടെ പിന്നിലെ ടെക്‌നോളജി എന്താണ്, എന്തുകൊണ്ട് അത് ഭേദപ്പെട്ട ടെക്‌നോളജി ആകുന്നു എന്ന ധാരണ വരുത്തിയ ശേഷമേ നിക്ഷേപിക്കാവു. ക്രിപ്‌റ്റോയെക്കുറിച്ച് പഠിക്കുക, എക്‌സ്പീരിയന്‍സ് ചെയ്യുക. ആദ്യം തന്നെ നിക്ഷേപം നടത്താതെ വെര്‍ച്വല്‍ പോര്‍ട്ട്‌ഫോളിയോ ഉപയോഗിച്ച് പരിശീലിക്കാം. തുടക്ക സമയത്ത് ക്രിപ്‌റ്റോയെ പറ്റിയുള്ള വിവരങ്ങളൊന്നും പലയിടത്തും ലഭ്യമല്ലായിരുന്നു. റെഡ്ഡിറ്റില്‍ കയറി മറ്റുള്ളവര്‍ എഴുതിയതൊക്കെ വായിച്ച് മനസിലാക്കുകയായിരുന്നു.
നിരോധനം സാധ്യമല്ല, പക്ഷെ നിയന്ത്രണങ്ങള്‍ ഗുണം ചെയ്യും
ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കുക സാധ്യമല്ല. ബ്ലോക്ക് ചെയിന്‍/ ക്രിപ്‌റ്റോ ട്രാന്‍സാക്ഷന്‍ നിര്‍ത്തണമെങ്കില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായും ഷട്ട്ഡൗണ്‍ ചെയ്യേണ്ടി വരും. പക്ഷെ സര്‍ക്കാര്‍ ക്രിപ്‌റ്റോയെ നിയന്ത്രിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍, ക്രിപ്‌റ്റോ എന്തൊക്കെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം അല്ലെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതിന് വ്യക്തത വരും. ഉപയോഗിക്കാന്‍ പറ്റുന്ന മേഖലകളില്‍ പരമാവധി നേട്ടമുണ്ടാക്കാം. അവിടെ ക്രിപ്‌റ്റോയ്ക്ക് ഒരു നിയമ സാധ്യത വരുകയാണ്. നിയമങ്ങളിലൂടെ ഒരു ക്രിപ്‌റ്റോ ഇക്കോ സിസ്റ്റം വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ വളരെ വേഗം ക്രിപ്‌റ്റോ വിപണിയില്‍ ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കും.
ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി
സ്വന്തം ഡിജിറ്റല്‍കറന്‍സിയിലൂടെ സര്‍ക്കാരിന് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കാം. ഇപ്പോഴത്തെ ഇന്ത്യന്‍ രൂപ പ്രോഗ്രാമബിള്‍ അല്ല. ഇപ്പോള്‍ നമ്മള്‍ ബാങ്കിൽ പണം നിക്ഷേപിക്കുമ്പോള്‍ അതിന്റെ പലിശയും മറ്റും കണക്കുകൂട്ടാന്‍ ഒരു പ്രത്യേക പ്രോഗ്രാമും അത് പരിശോധിക്കാന്‍ ജീവനക്കാരും ഉണ്ട്. എന്നാല്‍ ഡിജിറ്റല്‍ കറന്‍സിയില്‍ ഈ ഇടനിലക്കാരുടെ ആവശ്യമുണ്ടാകില്ല. പണം തന്നെ പ്രോഗ്രാമബിള്‍ ആയിരിക്കും.
ക്രിപ്‌റ്റോ/ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി തുറന്നിടുന്ന സാധ്യതകള്‍
നിരവധി തൊഴിലവസരങ്ങള്‍ ഈ മേഖലയിലുണ്ട്. പ്രത്യേകിച്ച് ഇത്രയും ഡെവലപ്പര്‍മാരുടെ നെറ്റ് വര്‍ക്ക് ഉള്ള ഒരു രാജ്യത്ത്. അടുത്തിലെ വന്ന ഒരു റിപ്പോര്‍ട്ടില്‍ ലോകത്ത് 18500 പേരേ മികച്ച ഡെവലപ്പര്‍മാരായി ബ്ലോക്ക് ചെയിന്‍ രംഗത്ത് ഉള്ളൂ. അത്രയും ഡിമാന്‍ഡ് ഈ മേഖലയില്‍ ഉണ്ട്. നിലവില്‍ 30 കോടി ക്രിപ്‌റ്റോ ഉപഭോക്താക്കളാണ് ലോകത്ത് ഉള്ളത്. ഭാവിയില്‍ 2-3 വര്‍ഷത്തിനുള്ളില്‍ ക്രിപ്‌റ്റോ ഉപയോഗിക്കുന്നവരുടെ എണ്ണം 100-150 കോടിയായി ഉയരും.


Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it