ഇന്ത്യന്‍ ഓഹരി വിപണി ഇനിയും ഇടിയും; ഇപ്പോള്‍ നിക്ഷേപിക്കരുത്

ഇന്ത്യന്‍ ഓഹരി അടുത്ത വാരത്തിലും ഇടിവില്‍ നിന്ന് കരകയറാന്‍ സാധ്യതയില്ല. രാജ്യത്തെമ്പാടും കോവിഡ് കേസുകള്‍ അനുദിനം വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ തുടരുന്ന അനിശ്ചിതത്വം വിപണിയെയും കൂടുതല്‍ താഴേയ്ക്ക് വലിച്ചേക്കും.കോവിഡ് ബാധയെ തുടര്‍ന്ന് താറുമാറായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യം ഒറ്റക്കെട്ടായി രോഗത്തെ തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണ്. അതിനായി ലോക്ക് ഡൗണ്‍ കാലാവധി ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇനിയും ഇടിയുക തന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

ആരോഗ്യം നശിച്ച് കമ്പനികള്‍

ഇന്ത്യയിലെ വിരലിലെണ്ണാവുന്ന കമ്പനികള്‍ ഒഴികെ വന്‍കിട കോര്‍പ്പറേറ്റുകളില്‍ പലതും വന്‍ കടക്കെണിയിലാണ്. ബിഗ് ബസാര്‍ ഉള്‍പ്പെടെയുള്ള റീറ്റെയ്ല്‍ ശൃംഖല നടത്തുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സാരഥി കിഷോര്‍ ബിയാനി കമ്പനിക്ക് മേല്‍ തന്റെ നിയന്ത്രണം
നഷ്ടപ്പെടാതിരിക്കാന്‍ ഫണ്ടിനായി നിതാന്തപരിശ്രമത്തിലാണ്. ഇതുതന്നെയാണ് പല കമ്പനികളുടെയും സ്ഥിതി. വന്‍കിട ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഓഹരികള്‍ ഈടുനല്‍കിയാണ് പല കോര്‍പ്പറേറ്റുകളും ഫണ്ട് സമാഹരിച്ചിരിക്കുന്നത്. 100 കോടി രൂപ സമാഹരിക്കാന്‍ പലര്‍ക്കും രണ്ടും മൂന്നും ഇരട്ടി മൂല്യമുള്ള ഓഹരികള്‍ ഈടു നല്‍കണം. അതായത് 100 കോടിക്ക് പകരം 200 - 300 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കണം. ഓഹരി വിപണിയിലെ മാര്‍ച്ചിലെ രക്തച്ചൊരിച്ചിലില്‍ കമ്പനികളുടെ ഓഹരി വിലകള്‍ കുത്തനെ ഇടിഞ്ഞതോടെ ഫണ്ടിനായി ഈട് നല്‍കിയ കമ്പനികളുടെ ഓഹരികളുടെ മൂല്യമിടിഞ്ഞു. ഇതോടെ പല കമ്പനി ഉടമകള്‍ക്കും ടോപ് അപ് ഓഹരികള്‍
നല്‍കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ആഴ്ചയോടെ ഏകദേശം 50ലേറെ കമ്പനികള്‍ ഇത്തരത്തില്‍ ടോപ് അപ് നല്‍കിയതാണ് സൂചന.

ടോപ് അപ് നല്‍കാന്‍ പോലും പറ്റാത്ത കമ്പനികള്‍ ധനകാര്യ സ്ഥാപനങ്ങളുടെ അടുത്ത നടപടികളെ ചെറുക്കാന്‍ നിലവിലുള്ള നിക്ഷേപകരുടെയും ഇതര ഫണ്ട് സ്ഥാപനങ്ങളുടെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ്. വിപണിയില്‍ നിന്ന് ഓഹരികള്‍ ബൈബാക്ക് നടത്തിയ കമ്പനികള്‍ വരെ കൂടുതല്‍ ഓഹരികള്‍ ടോപ് അപ്പിനായി വിനിയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ കടഭാരവും ഫണ്ട് ലഭിക്കാനിടയില്ലാത്ത സാഹചര്യവുമാണ് ഇത് കാണിക്കുന്നത്. അതുകൊണ്ട് വിലകള്‍ താഴ്ന്ന തലത്തിലെത്തിയെന്ന കണക്കുകൂട്ടലില്‍ നിക്ഷേപം നടത്താന്‍ ശ്രമിക്കരുത്. കോവിഡ് കാലത്തിന് ശേഷം എത്ര കമ്പനികള്‍ ആരോഗ്യത്തോടെ കാണുമെന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ പിന്മാറ്റം

ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ തന്നെ ഇത്രമാത്രം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ പിന്മാറിയ കാലഘട്ടമില്ല. ഒരു ലക്ഷം കോടി രൂപയിലേറെ അവര്‍ രാജ്യത്തെ വിപണികളില്‍ നിന്ന് പിന്‍വലിച്ചു കഴിഞ്ഞു. കോവിഡ് ബാധയെ ലോക വിപണികളിലെ തുടര്‍ച്ചയുടെ ചുവടുപിടിച്ചുണ്ടായ പിന്മാറ്റം ഇന്ത്യന്‍ ഓഹരികളെ വന്‍തോതില്‍ താഴേക്ക് പിടിച്ചുവലിച്ചു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വന്‍തോതില്‍ താങ്ങിനിര്‍ത്തിയിരുന്ന ഓഹരികളെല്ലാം തകര്‍ന്ന നിലയിലാണ്. ഇവയുടെ കുറഞ്ഞ മൂല്യം കണ്ട് മോഹിച്ച് ഇപ്പോള്‍ നിക്ഷേപം നടത്തുന്നത് ബുദ്ധിമോശമാണ്. ആ കമ്പനികളുടെ ആന്തരികമായുള്ള ദൗര്‍ബല്യം ശേഷിക്കുന്നതുകൊണ്ട് ഈ ഓഹരികള്‍ അടുത്ത കാലത്ത് വലിയ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാനാകില്ല.

നിക്ഷേപ തീരുമാനങ്ങള്‍ ഇപ്പോഴുണ്ടാവില്ല, വന്‍കിട കരാറുകളും വരാനിടയില്ല

രാജ്യത്തെ വന്‍ കോര്‍പ്പറേറ്റുകള്‍ അവയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൊന്നിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ഗൗരവമായ നിക്ഷേപ തീരുമാനങ്ങളിലൊന്നിലേക്കും അവര്‍ കടന്നേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ മറ്റെല്ലാ ചെലവുകളും വെട്ടിക്കുറച്ച് കോവിഡിനെയും അത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെയും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. പൊതു, സ്വകാര്യ നിക്ഷേപം രാജ്യത്ത് വരും നാളുകളില്‍ വന്‍തോതില്‍ കുറയും. കമ്പനികളുടെ വരുമാനത്തില്‍ വന്‍ നഷ്ടമുണ്ടാകുന്ന പാദങ്ങളാകും വരുന്നത്. അതുകൊണ്ട് ഇപ്പോള്‍ ഓഹരി വിലകള്‍ താഴെയെത്തിയെന്ന് ഉറപ്പിച്ച പറയാനാകില്ല. ഇന്ത്യന്‍ ഓഹരി വിപണി 60 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയാലും ആശ്ചര്യപ്പെടേണ്ടതില്ലെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

ബിസിനസുകളുടെ പ്രസക്തി നഷ്ടമാക്കുന്ന കോവിഡ്

കോവിഡ് ലോകത്തുനിന്ന് പിന്‍വാങ്ങുമ്പോഴേക്കും ചില കമ്പനികളുടെ പ്രസക്തി തന്നെ നഷ്ടമായേക്കും. അത്രമാത്രം ഡിസ്റപ്ഷനാണ് കോവിഡ് നടത്തിയിരിക്കുന്നത്. മാത്രമല്ല, മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗത്തിലെ പല കമ്പനികളും തിരിച്ചുകയറാനാകാത്ത കടഭാരത്തിലാകും. ആ ഘട്ടത്തില്‍ കരുത്തുറ്റ അടിത്തറയുള്ള ലാര്‍ജ് ക്യാപുകള്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനാകൂ. അവയുടെ വിലകളും താഴ്ന്ന തലത്തിലെത്തിയെന്ന് ഇപ്പോള്‍ പറയാനാകില്ല. അതുകൊണ്ട് നിക്ഷേപ തീരുമാനങ്ങള്‍ ഇപ്പോള്‍ വേണ്ട. കൈയിലെ പണം സൂക്ഷിക്കുക. അതാണ് പ്പോഴെടുക്കാവുന്ന മികച്ച തീരുമാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it