ഓഹരികളില്‍ ഇന്ന് വൊഡാഫോണ്‍-ഐഡിയത്തിളക്കം; മിന്നിച്ച് അദാനി വില്‍മറും, നിരാശരാക്കി യെസ് ബാങ്കും ഫാക്ടും

നഷ്ടത്തില്‍ തുടങ്ങി ഉണര്‍വിന്റെ ട്രാക്കിലേക്ക് ഇന്നലെ ഇരച്ചുകയറിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് വൈകിട്ടോടെ ആ 'കലമുടച്ചു'. നേട്ടത്തിലാണ് ഇന്നും സെന്‍സെക്‌സും നിഫ്റ്റിയും കച്ചവടം ആരംഭിച്ചതെങ്കിലും വൈകിട്ടോടെ ലാഭമെടുപ്പിന്റെ കാറ്റടിക്കുകയായിരുന്നു. ഫലമോ, നേട്ടങ്ങളെല്ലാം കൈവിട്ട് നേരിയ ഇടിവോടെ വിപണിക്കിന്ന് 'ഓഹരിക്കട' അടയ്‌ക്കേണ്ടി വന്നു.
15.44 പോയിന്റ് (-0.02%) താഴ്ന്ന് 73,142.80ലാണ് സെന്‍സെക്‌സ് വ്യാപാരാന്ത്യത്തിലുള്ളത്. നിഫ്റ്റി 4.75 പോയിന്റ് (-0.02%) നഷ്ടവുമായി 22,212.70ലും. ഇന്നൊരുവേള നിഫ്റ്റി 22,297 വരെ ആദ്യ മണിക്കൂറില്‍ തന്നെ കയറിയിരുന്നു. പിന്നെയായിരുന്നു ചാഞ്ചാട്ടവും വീഴ്ചയും. 73,413 വരെ കയറിയ ശേഷം സെന്‍സെക്‌സും താഴോട്ടിറങ്ങി.
എന്താണ് വിപണിക്ക് പറ്റിയത്?
പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വീഡിയ (Nvidia) കാഴ്ചവച്ച കുതിപ്പിന്റെ കരുത്തില്‍ യു.എസ് ഓഹരി വിപണികള്‍ മികച്ച നേട്ടത്തിലാണുള്ളത്. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളാകട്ടെ നേട്ടത്തിലും നഷ്ടത്തിലുമായി സമ്മിശ്ര പ്രകടനവും നടത്തി.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം

ഏകദേശം 21 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം. എന്‍വീഡിയ ഓഹരികളുടെ ഇന്നലെ ഒറ്റദിവസത്തെ മാത്രം നേട്ടം റിലയന്‍സിന്റെ മുഴുവന്‍ വിപണിമൂല്യത്തേക്കാള്‍ കൂടുതലാണെന്നതാണ് കൗതുകം. മികച്ച ഡിസംബര്‍പാദ പ്രവര്‍ത്തനഫലം, 17 ബ്രോക്കറേജുകള്‍ കൂട്ടത്തോടെ ലക്ഷ്യവില ഉയര്‍ത്തിയ നടപടി എന്നിവയാണ് എന്‍വീഡിയയെ നേട്ടത്തിലേക്ക് ഉയര്‍ത്തിയത്.
അതേസമയം, അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് 4 ശതമാനത്തിന് മുകളില്‍ ശക്തമായി തുടരുന്നത് വിദേശ നിക്ഷേപത്തിലെ കൊഴിവിന് വകവയ്ക്കുകയും ചെയ്യുന്നു. എന്‍വീഡിയ തൊടുത്തുവിട്ട ആവേശം അമേരിക്കന്‍ ടെക് ഓഹരികളെ ഉഷാറാക്കിയെങ്കിലും വരുമാനത്തിന്റെ മുഖ്യപങ്കും അമേരിക്കയില്‍ നിന്ന് കൊയ്യുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കത് ആവേശമായില്ല. ടി.സി.എസ് അടക്കമുള്ള ഓഹരികള്‍ ഇന്ന് നിരാശപ്പെടുത്തിയതും ഇന്ത്യന്‍ ഓഹരി വിപണികളെ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചു.
പുറമേ ഗോള്‍ഡ്മാന്‍ സാച്‌സ് എസ്.ബി.ഐ അടക്കം നിരവധി ബാങ്കുകളുടെ റേറ്റിംഗ് കുറച്ചതും തിരിച്ചടിയായി.
ഇവര്‍ ഇന്നത്തെ താരങ്ങള്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ് എന്നിവ നേട്ടത്തിലേറിയതാണ് ഇന്ന് വലിയ നഷ്ടത്തിലേക്ക് വീഴുന്നതില്‍ നിന്ന് സെന്‍സെക്‌സിനെ പിടിച്ചുനിറുത്തിയത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില ഇന്ന് 2,995 രൂപയെന്ന റെക്കോഡ് ഉയരം താണ്ടിയിരുന്നു. വിപണിമൂല്യം 20.21 ലക്ഷം കോടി രൂപയാണ്. ഉപകമ്പനിയായ ജിയോഫിന്‍ ഓഹരി ഇന്ന് 10 ശതമാനം കുതിച്ചു. വിപണിമൂല്യം ആദ്യമായി രണ്ടുലക്ഷം കോടി രൂപയും ഭേദിച്ചു. മ്യൂച്വല്‍ഫണ്ടിലേക്ക് ചുവടുവയ്ക്കാനുള്ള നീക്കങ്ങളും പേയ്ടിഎമ്മിന്റെ ബിസിനസ് ഏറ്റെടുക്കാനില്ലെന്ന പ്രഖ്യാപനവും ജിയോഫിന്‍ ഓഹരികളെ ഉഷാറാക്കി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

വിപണിയിലെ ഇന്നത്തെ മറ്റൊരു താരം വോഡഫോണ്‍ ഐഡിയയാണ്. ഓഹരിവില 7.67 ശതമാനം മുന്നേറി. മൂലധന സമാഹരണം നടത്തുന്നത് ആലോചിക്കാന്‍ ഫെബ്രുവരി 27ന് യോഗം ചേരുമെന്ന കമ്പനിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓഹരിക്കുതിപ്പ്. ഓഹരി വില്‍പന, പ്രൈവറ്റ് പ്ലേസ്‌മെന്റ്, ക്യു.ഐ.പി., അവകാശ ഓഹരി വില്‍പന, വിദേശ കറന്‍സിയില്‍ ബോണ്ടിറക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളൊക്കെ ചിന്തയിലുണ്ട്. പുതിയ നിക്ഷേപകരെ കണ്ടെത്തുമെന്ന് പ്രൊമോട്ടര്‍മാരിലൊരാളും ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവിയുമായ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞതും വീ (Vi) ഓഹരികള്‍ക്ക് കരുത്തുപകര്‍ന്നു.
വൊഡാഫോണ്‍ ഐഡിയക്ക് 21 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള ഇന്‍ഡസ് ടവേഴ്‌സിനും ഇത് നേട്ടമായി; ഓഹരിവില ഇന്ന് 6.8 ശതമാനം കയറി. വീയില്‍ നിന്ന് 2,000 കോടി രൂപയില്‍ കുറയാത്ത ധനപിന്തുണ കിട്ടുമെന്ന വിലയിരുത്തലാണ് നേട്ടമായത്.
അദാനി വില്‍മര്‍ ഓഹരി ഇന്ന് 7.61 ശതമാനം ഉയര്‍ന്നു. ഓഹരി വില്‍പന, മൂലധന സമാഹരണം എന്നിങ്ങനെ അദാനി ഗ്രൂപ്പ് നടത്തുന്ന നീക്കങ്ങളുടെ ചുവടുപിടിച്ചാണ് നേട്ടം.
സോന ബി.എല്‍.ഡബ്ല്യു ഓഹരി ഇന്ന് 5.88 ശതമാനം നേട്ടമുണ്ടാക്കി. കേന്ദ്രത്തില്‍ നിന്ന് വാഹനാധിഷ്ഠിത പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമില്‍ (PLI Scheme) കയറിപ്പറ്റുന്ന ആദ്യ വാഹനാനുബന്ധ കമ്പനിയായതിന്റെ പിന്നാലെയാണ് ഓഹരിക്കുതിപ്പ്. വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍മ്മാണഘടകങ്ങള്‍ നല്‍കുന്ന കമ്പനിയാണ് സോന ബി.എല്‍.ഡബ്ല്യു പ്രെസിഷന്‍ ഫോര്‍ജിംഗ്‌സ്.
ആസ്ട്രല്‍ ആണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നേട്ടം കുറിച്ച (5.7%) മറ്റൊരു ഓഹരി. ബ്ലോക്ക് ഡീലാണ് വഴിവച്ചതെന്ന് കരുതുന്നു. സാധാരണ ശരാശരി 7 ലക്ഷം ഓഹരികളാണ് ആസ്ട്രലിന്റെ കൈമാറ്റം ചെയ്യപ്പെടുന്നതെങ്കില്‍ ഇന്നത് 30 ലക്ഷം ഓഹരികളായിരുന്നു.
നിരാശപ്പെടുത്തിയവര്‍
സെന്‍സെക്‌സില്‍ മാരുതി സുസുക്കി, ഏഷ്യന്‍ പെയിന്റ്‌സ്, ടി.സി.എസ്., ഭാരതി എയര്‍ടെല്‍, എച്ച്.സി.എല്‍ ടെക് എന്നിവ നിരാശപ്പെടുത്തിയവരില്‍ മുന്നിലെത്തി.
കേരളം ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണശാലയായ ഫാക്ട്, യെസ് ബാങ്ക്, എന്‍.എച്ച്.പി.സി., ബാങ്ക് ഓഫ് ബറോഡ, ദേവയാനി ഇന്റര്‍നാഷണല്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തിയത്.
ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

വളം നിര്‍മ്മാണക്കമ്പനികള്‍ക്ക് പോട്ടാഷ് അധിഷ്ഠിതമായ അസംസ്‌കൃത വസ്തു (PDM) വില്‍ക്കാന്‍ പഞ്ചാസര കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതുവഴി പഞ്ചസാര കമ്പനികള്‍ക്ക് സബ്‌സിഡിയും ആവശ്യപ്പെടാം. ഇതുവരെ പി.ഡി.എം ഇറക്കുമതിയാണ് ചെയ്തിരുന്നത്. ഇതൊഴിവാക്കാനാണ് കേന്ദ്രനീക്കം.
ഗോള്‍ഡ്മാന്‍ സാച്‌സ് ന്യൂട്രലില്‍ നിന്ന് സെല്ലിലേക്ക് (Sell) റേറ്റിംഗ് താഴ്ത്തിയത് യെസ് ബാങ്കിന് തിരിച്ചടിയായി. ഓഹരിയുടെ ലക്ഷ്യവില 16 രൂപയിലേക്ക് താഴ്ത്തിയതും വലച്ചു. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ റേറ്റിംഗും താഴ്ത്തിയിട്ടുണ്ട്.
വിപണിയുടെ ട്രെന്‍ഡ്
വിശാല വിപണിയില്‍ ഇന്ന് ബാങ്ക് നിഫ്റ്റി 0.23 ശതമാനവും നിഫ്റ്റി പി.എസ്.യു ബാങ്ക് 1.15 ശതമാനവും താഴേക്കുപതിച്ചു. എസ്.ബി.ഐ., ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് ഓഹരികളുടെ വീഴ്ച തിരിച്ചടിയായി.
നിഫ്റ്റി എഫ്.എം.സി.ജി., ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ.ടി., മെറ്റല്‍ സൂചികകളും നഷ്ടം കുറിച്ചു. നിഫ്റ്റി മീഡിയ, റിയല്‍റ്റി എന്നിവ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. റിയല്‍ എസ്‌റേറ്റ് രംഗത്തെ ഉണര്‍വും കൂടുതല്‍ നിക്ഷേപമെത്തുന്നതും ഈ വിഭാഗം ഓഹരികളില്‍ ഊര്‍ജമായിട്ടുണ്ട്.
നിഫ്റ്റി 50ല്‍ ഇന്ന് 20 ഓഹരികള്‍ നേട്ടത്തിലും 30 എണ്ണം താഴ്ചയിലുമായിരുന്നു. ബജാജ് ഫിന്‍സെര്‍വ്, എസ്.ബി.ഐ ലൈഫ്, എച്ച്.ഡി.എഫ്.സി ലൈഫ് എന്നിവ നേട്ടത്തില്‍ മുന്നില്‍ നിന്നപ്പോള്‍ നഷ്ടത്തിന് നേതൃത്വം നല്‍കി ബി.പി.സി.എല്‍., എച്ച്.സി.എല്‍ ടെക്, മാരുതി സുസുക്കി, ഏഷ്യന്‍ പെയിന്റ്‌സ്, ഒ.എന്‍.ജി.സി എന്നിവയുണ്ടായിരുന്നു.
ബി.എസ്.ഇയില്‍ 3,936 കമ്പനികളുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടതില്‍ 2,005 ഓഹരികള്‍ നേട്ടവും 1,833 എണ്ണം നഷ്ടവും കുറിച്ചു. 98 ഓഹരികളുടെ വില മാറിയില്ല.
355 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരം കണ്ടു; 9 ഓഹരികള്‍ താഴ്ചയും. അപ്പര്‍-സര്‍കീട്ട് കാലിയായിരുന്നു. ഒരു ഓഹരി ലോവര്‍-സര്‍കീട്ടിലുണ്ടായിരുന്നു. സൂചിക നഷ്ടത്തിലായിരുന്നെങ്കിലും ബി.എസ്.ഇയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെയും സംയുക്ത നിക്ഷേപക സമ്പത്ത് ഇന്ന് 86,100 കോടിയോളം രൂപ വര്‍ധിച്ച് 393.04 ലക്ഷം കോടി രൂപയായി.
കേരള കമ്പനികളുടെ സമ്മിശ്ര പ്രകടനം
കേരളത്തില്‍ നിന്നുള്ള കമ്പനികളില്‍ സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് ഇന്ന് 7.66 ശതമാനം നേട്ടവുമായി തിളങ്ങി. ടി.സി.എം (6.75%), പാറ്റ്‌സ്പിന്‍ (6.10%), സ്‌കൂബിഡേ (5%) എന്നിവയും മികച്ച പ്രകടനം നടത്തി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 2.75 ശതമാനവും കേരള ആയുര്‍വേദ 1.98 ശതമാനവും ഉയര്‍ന്നു. അതേസമയം ഫാക്ട് 4.35 ശതമാനം താഴേക്കുപോയി. ഹാരിസണ്‍സ് മലയാളം 4.73 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ഈസ്റ്റേണ്‍ 2.51 ശതമാനം, മുത്തൂറ്റ് ഫിനാന്‍സ് 1.32 ശതമാനം, പ്രൈമ അഗ്രോ 3.46 ശതമാനം, വെര്‍ട്ടെക്‌സ് 4.87 ശതമാനം എന്നിങ്ങനെയും നഷ്ടത്തിലാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it