റെക്കോഡ് തിരുത്തി സെന്‍സെക്‌സും നിഫ്റ്റിയും, 19% കുതിച്ച് ഹഡ്‌കോ, ജി.എസ്.ടി നോട്ടീസില്‍ തട്ടി വീണ്‌ സൊമാറ്റോ

കാളകള്‍ അരങ്ങുവാണതോടെ ഈ വര്‍ഷത്തെ അവസാന വ്യാപാരദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ വീണ്ടും പുതിയ റെക്കോഡ് കുറിച്ച് സൂചികകള്‍. തുടര്‍ച്ചയായ അഞ്ചാം വ്യാപാര ദിനമാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടം നിലനിര്‍ത്തുന്നത്. ആഗോള വിപണികളില്‍ നിന്നുള്ള സമ്മിശ്ര വാര്‍ത്തകള്‍ക്കിടയിലും പരക്കെ വാങ്ങലുണ്ടായത് സൂചികകളെ മുന്നേറ്റത്തിലേക്ക് നയിക്കുകയായിരുന്നു.

സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് പുതിയ ഉയരം കീഴടക്കിയെങ്കിലും വ്യാപാരാന്ത്യത്തില്‍ അത് നിലനിര്‍ത്താനായില്ല. ഇന്ന് ഒരു വേള 21801.45 പോയിന്റു വരെ ഉയര്‍ന്ന നിഫ്റ്റി വ്യാപാരാന്ത്യം 124 പോയിന്റുയര്‍ന്ന് 21,778.70ത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 72,484.34 പോയിന്റിലെത്തി റെക്കോര്‍ഡ് പിന്നിട്ടശേഷം 372 പോയിന്റുയര്‍ന്ന് 72,410.38ലും വ്യാപാരം അവസാനിപ്പിച്ചു.

രാജ്യത്തിന്റെ ശക്തമായ വളര്‍ച്ചയും യു.എസിലെ പലിശ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകളുമെല്ലാം ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ പണമൊഴുക്ക് കൂട്ടി. ഇത് രൂപയ്‌ക്കെതിരെ ഡോളറിന്റെ മൂല്യമിടിച്ചതും ബുള്ളിഷ് സെന്റിമെന്റ്‌സിനിടയാക്കി.




ബി.എസ്.ഇ മിഡ് ക്യാപ് സൂചികയും ഇന്ന് പുതിയ ഉയരം തൊട്ടു. വ്യാപാരത്തിനിടെ ഒരുവേള 36,556.64 പോയിന്റു വരെ ഉയര്‍ന്ന സൂചിക 36,528.19ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.സ്‌മോള്‍ ക്യാപ് സൂചിക 0.23 ശതമാനം ഉയര്‍ന്ന് 42,382.30ലെത്തി.

നിക്ഷേപകമൂല്യം 363 ലക്ഷം കോടി

ബി.എസ്.ഇയിലെ കമ്പനികളുടെ മൊത്തം വിപണി മൂല്യം ഇന്ന് ഒറ്റ ദിവസം കൊണ്ട് 1.7 ലക്ഷം കോടി രൂപ ഉയര്‍ന്ന് 363 ലക്ഷം കോടി രൂപയിലെത്തി. പക്ഷെ സൂചികകള്‍ സര്‍വകാല നേട്ടത്തിലെത്തിയപ്പോഴും മുന്നേറ്റത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു ബി.എസ്.ഇയിലെ ഭൂരിഭാഗം ഓഹരികളുമെന്നതാണ് വിരോധാഭാസം. മൊത്തം 3,920 കമ്പനികള്‍ വ്യാപാരം നടത്തിയതില്‍ 1,815 എണ്ണത്തിന്റെ വില മാത്രമാണ് ഉയര്‍ന്നത്. 1,973 ഓഹരികളുടെ വില ഇടിഞ്ഞു. 132 ഓഹരികളുടെ വില മാറിയില്ല. 21 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ താഴ്ചയും കണ്ടു.

എല്‍ ആന്‍ഡ് ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍, വിപ്രോ, അള്‍ട്രാ ടെക് സിമന്റ്, പവര്‍ ഗ്രിഡ്, എന്‍.ടി.പി.സി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, നെസ്‌ലെ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ ഉള്‍പ്പെടെ 360 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. അഞ്ച് വീതം കമ്പനികളാണ് ഇന്ന് അപ്പര്‍ സര്‍കീട്ടിലും ലോവര്‍ സര്‍കീട്ടിലുമുണ്ടായിരുന്നത്.

മുന്നിലിവര്‍

മീഡിയ, റിയല്‍റ്റി ഒഴികെയുള്ള എല്ലാ മേഖലകളിലും ഇന്ന് പരക്കെ വാങ്ങല്‍ ദൃശ്യമായി. ലാര്‍ജ് ക്യാപ് ഓഹരികളാണ് ഇന്ന് റാലിയെ മുന്നില്‍ നിന്ന് നയിച്ചത്. നിഫ്റ്റിയിലിന്ന് 13 ഓഹരികള്‍ മാത്രമാണ് ചുവപ്പണിഞ്ഞത്.

കോള്‍ ഇന്ത്യ, ഡോ. റെഡ്ഡീസ് ലാബ്‌സ്, ടാറ്റ മോട്ടോഴസ്, എന്‍.ടി.പി.സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബി.പി.സി.എല്‍, പവര്‍ ഗ്രിഡ്, ഹീറോ മോട്ടോ കോര്‍പ്, നെസ്‌ലെ ഇന്ത്യ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, സിപ്ല, ഐ.ടി.സി, കോട്ടക് ബാങ്ക്, ഒ.എന്‍.ജി.സി എന്നിവയാണ് സെന്‍സെക്‌സിന് കരുത്ത് പകര്‍ന്നത്.

എന്‍.ടി.പി.സിയില്‍ നിന്ന് 10.47 കോടിയുടെ ഓര്‍ഡറുകള്‍ ലഭിച്ചെന്ന് വാര്‍ത്ത ജി.ഇ പവര്‍ ഓഹരികളെ ഇന്ന് നാല് ശതമാനത്തോളം ഉയര്‍ത്തി. ഇതുകൂടാതെ ബൊക്കാറോ പവര്‍ സപ്ലൈ കമ്പനിയില്‍ നിന്ന 9.91 കോടിയുടെ ഓര്‍ഡറും കമ്പനിക്ക് ലഭിച്ചു. ഒറ്റ ദിവസത്തെ ഏറ്റവും വലിയ ഉയര്‍ച്ചയും ഓഹരി ഇന്ന് രേഖപ്പെടുത്തി.

ഗുജറാത്ത് സര്‍ക്കാരുമായി 14,500 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചതോടെ ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ഹഡ്‌കോ) ഓഹരികള്‍ ഇന്ന് 19 ശതമാനം കുതിച്ചുയര്‍ന്നു.

തിരഞ്ഞെടുത്ത നിക്ഷേപകര്‍ക്ക് ഷെയര്‍ വാറന്റുകള്‍ അനുവദിക്കുമെന്ന ബോര്‍ഡ് തീരുമാനം ഇന്ന് മഫിന്‍ ഗ്രീന്‍ ഓഹരികളെ 5 ശതമാനം ഉയര്‍ത്തി. കമ്പനിയുടെ വിപണി മൂല്യം 2700 കോടിയായി.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ മുന്നിലെത്തിയ ഓഹരികള്‍.

ചുവപ്പണിഞ്ഞവര്‍

ജി.എസ്.ടി വകുപ്പില്‍ നിന്ന് 402 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിനു പിന്നാലെ സൊമാറ്റോ ഓഹരികള്‍ ഇന്ന് 5 ശതമാനത്തോളം ഇടിഞ്ഞു. കമ്പനി ഡെലിവറി ചാര്‍ജായി സമാഹരിച്ച തുകയാണിതെന്നും നികുതി ബാധ്യതയില്ലെന്നും സൊമാറ്റോ പിന്നീട് വ്യക്തമാക്കി.

എല്‍ ആൻഡ് ടിക്ക് ഇന്നും 2500-5000 കോടി രൂപ മൂല്യം വരുന്ന പുതിയ കരാര്‍ ലഭിച്ചെങ്കിലും ഓഹരിയെ ആവേശത്തിലാക്കിയില്ല. 0.37 ശതമാനത്തിന്റെ നേരിയ ഇടിവോടെ 3,530.55 രൂപയിലാണ് എല്‍ ആന്‍ഡ് ടി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് കൂടുതൽ നഷ്ടം നേരിട്ടവർ

ഭാരത് ഡൈനാമിക്‌സ്, അദാനി എന്‍ര്‍ജി സൊല്യൂഷന്‍സ്, സൊമാറ്റോ, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് നഷ്ടത്തില്‍ മുന്നിലെത്തിയലവര്‍.

ആസാദില്‍ സിക്‌സറടിച്ച് സച്ചിന്‍

ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവച്ച എയ്‌റോസ്‌പേസ്ഘടക നിര്‍മാതാക്കളായ ആസാദ് എന്‍ജീനീയറിംഗ് വരവ് ഗംഭീരമാക്കി. ഐ.പി.ഒ ഇഷ്യു വിലയേക്കാള്‍ 37.40 ശതമാനം ഉയര്‍ന്ന് 720 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്. ആസാദില്‍ അഞ്ച് കോടി രൂപ നിക്ഷേപം നടത്തിയിട്ടുള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഓഹരിയുടെ ലിസ്റ്റിംഗ് നല്‍കിയത് 531 ശതമാനം നേട്ടമാണ്. 26.5 കോടി രൂപയുടെ വര്‍ധനയാണ് സച്ചിന്റെ ഓഹരികളുടെ മൂല്യത്തിലുണ്ടായത്. കഴിഞ്ഞ മാര്‍ച്ചില്‍ 4.3 ലക്ഷം ഓഹരികള്‍ അഞ്ചു കോടി രൂപയ്ക്കാണ് സച്ചിന്‍ വാങ്ങിയത്. ഈ നിക്ഷേപത്തിന്റെ ഇപ്പോഴത്തെ മൂല്യം 31.5 കോടി രൂപയാണ്.

അനക്കം വയ്ക്കാതെ കേരള ഓഹരികള്‍

സൂചികകള്‍ റെക്കോഡിട്ടതൊന്നും കേരള കമ്പനി ഓഹരികളെ ഇന്ന് ബാധിച്ചതേയില്ല. ഒറ്റ ഓഹരിയിലും വലിയ മുന്നറ്റം കണ്ടില്ല.

അവകാശ ഓഹരികളിറക്കി (Right Issue) 1,750 കോടി രൂപ സമാഹരിക്കാനുള്ള നീക്കം ഇന്ന് ഒരുവേള സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളെ മൂന്ന് ശതമാനത്തോളമുയര്‍ത്തി. യോഗ്യരായ നിലവിലെ ഓഹരി ഉടമകള്‍ക്കാണ് അവകാശ ഓഹരികള്‍ ലഭ്യമാക്കുക. വ്യാപാരാന്ത്യത്തില്‍ 0.38ശതമാനം നേരിയ നേട്ടത്തോടെ 26.75 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

സഫ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസ് 9.96 ശതമാനവും സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് 4.99 ശതമാനവും യൂണിറോയല്‍ മറൈൻ എക്‌സ്‌പോര്‍ട്‌സ് 5 ശതമാനവും ഉയര്‍ന്നു. കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേഴ്‌സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്, ടി.സി.എം എന്നിവയും നേട്ടത്തിലാണ്.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രൈമ ആഗ്രോ, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് എന്നീ ഓഹരികള്‍ ഇന്ന് നാല് ശതമാനത്തോളം താഴേക്ക് പോയി. ഓഹരി വിപണിയിലെ പുതുമുഖമായ മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി ഇന്നും ഇടിഞ്ഞു. 275.30 രൂപയില്‍ ലിസ്റ്റ് ചെയ്ത ഓഹരി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 255.75 രൂപയിലാണ്.

Resya R
Resya R  

Related Articles

Next Story

Videos

Share it