വിപണി ആവേശത്തിൽ, ചന്ദ്രയാൻ ഓഹരികളും കടലാസ് മില്ലുകളും കുതിപ്പിൽ

ഇന്ത്യൻ വിപണി ഇന്ന് ആവേശകരമായ മുന്നേറ്റത്തിലാണ്. ഉയർന്നു തുടങ്ങിയിട്ട് വീണ്ടും കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 400 പോയിന്റ് കയറി 65,830 നു മുകളിലും നിഫ്റ്റി 120 പോയിന്റ് കയറി 19,560 നു മുകളിലും എത്തി. ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ് സൂചികയും നല്ല കുതിപ്പിലാണ്.

ബേറിംഗ് പ്രെെവറ്റ് ഇക്വിറ്റി, കോഫോർജിലെ തങ്ങളുടെ നിക്ഷേപമത്രയും ബ്ലോക്കുകളായി വിറ്റു. 25.4 ശതമാനം ഓഹരി (1.54 കോടി) യാണു കൈമാറിയത്. ഓഹരി മൂന്നു ശതമാനം ഉയർന്നു.

മണപ്പുറം ജനറൽ ഫിനാൻസിന്റെ 11 ശതമാനം ഓഹരി കൈമാറ്റം നടന്നു. മണപ്പുറം ഓഹരി നാലു ശതമാനം താണു. ഓഹരി എക്സ് ഡിവിഡൻഡുമായി. ജിയോ ഫിനാൻഷ്യൽ സർവീസസ് നാലാം ദിവസമായ ഇന്നും അഞ്ചു ശതമാനം ഇടിഞ്ഞു.

തിളക്കം കൂട്ടി ചന്ദ്രയാൻ

ചന്ദ്രയാൻ ദൗത്യത്തിലെ നിരവധി ഘടകങ്ങൾ നിർമിച്ചു നൽകിയ എം ടാർ ടെക്നോളജീസിന്റെ ഓഹരി ഇന്നും കയറ്റത്തിലാണ്. ഓഹരിവില രാവിലെ എട്ടു ശതമാനം കയറി. മൂന്നു ദശകത്തിലേറെയായി ഇസ്രാേയുമായി സഹകരിക്കുന്ന ഈ കമ്പനി റോക്കറ്റ് എൻജിനുകളും നിർമിക്കുന്നുണ്ട്.

ചന്ദ്രയാൻ ദൗത്യത്തിനുള്ള ഇലക്ട്രോണിക് കാര്യങ്ങളിൽ പങ്കുവഹിച്ച സെന്റം ഇലക്ട്രോണിക്സ് ഇന്നു 10 ശതമാനം കയറി. ഇന്നലെ 14.2 ശതമാനം ഉയർന്നിരുന്നു. ചന്ദ്രയാനുമായി ബന്ധപ്പെട്ട പരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസ് ഓഹരി ഇന്നു 12 ശതമാനം വരെ ഉയർന്നു.

കടലാസ് വില ഉയരുന്നതും ആഭ്യന്തര ആവശ്യം കൂടുന്നതും പേപ്പർ മില്ലുകളുടെ വില ഈ ദിവസങ്ങൽ ഉയർത്തി. വെസ്റ്റ് കോസ്റ്റ് പേപ്പറും ജെ.കെ പേപ്പറും രാമ പേപ്പറും ഇന്നു നാലു ശതമാനത്തിലധികം കയറി. ആന്ധ്രാ പേപ്പർ രണ്ടര ശതമാനം ഉയർന്നു.

ഇന്നലെ ഇടിവിലായിരുന്ന അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നു നേട്ടത്തിലായി.

രൂപയും ഡോളറും

രൂപ ഇന്നും നേട്ടത്തോടെ തുടങ്ങി. ഡോളർ 22 പൈസ നഷ്ടത്തിൽ 82.47 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 82.37 രൂപയിലേക്കു താണു. സ്വർണം ലോകവിപണിയിൽ 1921 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 160 രൂപ വർധിച്ച് 43,600 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it