വിപണി ചാഞ്ചാട്ടത്തില്‍; ധനസമാഹരണ പ്രഖ്യാപനത്തിനിടെയും മൂക്കു കുത്തി വോഡ-ഐഡിയ

അല്‍പം ഉയര്‍ന്നു വ്യാപാരമാരംഭിച്ച ഇന്ത്യന്‍ വിപണി പിന്നീടു ചാഞ്ചാട്ടത്തിലായി. ബാങ്ക് നിഫ്റ്റിയും ചാഞ്ചാട്ടത്തിലാണ്. രാവിലെ ഒരു മണിക്കൂറിനുള്ളില്‍ നിഫ്റ്റി 22,168നും 22,226നുമിടയില്‍ കയറിയിറങ്ങി. ബാങ്ക് നിഫ്റ്റി 46,523 വരെ താഴുകയും 46,683 വരെ കയറുകയും ചെയ്തു.

റിയല്‍റ്റി, വാഹന ഓഹരികള്‍ ഇന്നു രാവിലെ താഴ്ചയിലാണ്. വോഡഫോണ്‍ ഐഡിയയുടെ ധനസമാഹരണ പ്രഖ്യാപനം വിപണിയില്‍ അത്ര ആവേശം ഉണ്ടാക്കിയില്ല. ഓഹരി അഞ്ചു ശതമാനം താണു. ഓഹരി മൂലധനം വര്‍ധിപ്പിക്കുന്നതാണു കാരണം. എന്നാല്‍ ഇന്‍ഡസ് ടവേഴ്‌സ് ഓഹരി നാലു ശതമാനത്തോളം ഉയര്‍ന്നു. ഇന്‍ഡസിനു കിട്ടാനുള്ള വാടകത്തുക കിട്ടുന്നതിനു സാധ്യത കൂടുന്നതാണ് കാരണം.

കെ.ഇ.സി ഇന്റര്‍നാഷണല്‍ ഓഹരി അഞ്ചു ശതമാനത്തോളം ഉയര്‍ന്നു. ഈ ധനകാര്യ വര്‍ഷം പ്രതീക്ഷയിലധികം കരാര്‍ കിട്ടുമെന്ന സൂചനയും വരുമാന വര്‍ധന 15 ശതമാനത്തിലധികമാകുമെന്ന പ്രതീക്ഷയുമാണു കാരണം.

വേദാന്ത ഓഹരി ഇന്ന് മൂന്നു ശതമാനം ഉയര്‍ന്ന് 272 രൂപയിലെത്തി. വിദേശ ബ്രോക്കറേജ് സി.എല്‍.എസ്.എ കമ്പനിയുടെ റേറ്റിംഗ് ഉയര്‍ത്തി. ജാപ്പനീസ് ബ്രോക്കറേജ് നുവാമ ഓഹരിയുടെ ലക്ഷ്യവില 394 രൂപയാക്കി. 2025ലും 26ലും 40 രൂപ വീതം ലാഭവീതവും നുവാമ പ്രതീക്ഷിക്കുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഇന്ന് മൂന്നര ശതമാനത്തോളം താണു. ഓഹരി ഇപ്പോള്‍ എക്‌സ് റൈറ്റ്‌സ് ആണ്. ധനലക്ഷ്മി ബാങ്ക് ഓഹരി രാവിലെ രണ്ടര ശതമാനം താഴ്ചയിലായി. ഫെഡറല്‍ ബാങ്കും സി.എസ്.ബി ബാങ്കും രാവിലെ 0.8 ശതമാനം വീതം താഴ്ന്നു.

പേയ്ടിഎം ഓഹരി ഇന്നു രാവിലെ നാലു ശതമാനം ഇടിഞ്ഞു. രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 82.90 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോകവിപണിയില്‍ 2031 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന്‍ വിലമാറ്റമില്ലാതെ 46,080 രൂപയില്‍ തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 83.28 ഡോളറിലേക്കു താണു.

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it