സാങ്കേതിക വിശകലനം: സൂചിക നിക്ഷേപകരോട് പറയുന്നത് ഇതാണ്
ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന സാങ്കേതിക വിശകലനം
സാങ്കേതിക വിശകലനം
(ഡിസംബർ അഞ്ചിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 18,701.05 ൽ ക്ലോസ് ചെയ്തു. കുറച്ച് ദിവസം കൂടി സമാഹരണം തുടരാം
നിഫ്റ്റി 4.95 പോയിന്റ് (0.03%) ഉയർന്ന് 18,701.05 ലാണ് ക്ലോസ് ചെയ്തത്. രാവിലെ നിഫ്റ്റി കാര്യമായ നേട്ടമില്ലാതെ 18,719.60 ൽ വ്യാപാരം ആരംഭിച്ചു, ക്രമേണ 18,591.30 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പിന്നീടു തിരിച്ചുകയറി 18,701.05 ൽ ക്ലോസ് ചെയ്തു. ലോഹങ്ങൾ, ബാങ്കുകൾ, റിയൽ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങൾ എന്നിവ നേട്ടമുണ്ടാക്കി, ഐടി, ഓട്ടോ, ഫാർമ, എഫ്എംസിജി എന്നിവ നഷ്ടത്തിലായി.1283 ഓഹരികൾ ഉയർന്നു, 890 എണ്ണം ഇടിഞ്ഞു, 148 എണ്ണം മാറ്റമില്ലാതെ തുടർന്നു.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ, സൂചിക 18,500 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് മുകളിൽ സമാഹരിക്കുകയാണ്. ബുള്ളിഷ് പ്രവണത തുടരാൻ സൂചിക 18,780 ലെവലിന് മുകളിൽ ക്ലോസ് ചെയ്യണം. അല്ലാത്തപക്ഷം, ഇപ്പാേഴത്തെ ഏകീകരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,650-18,600-18,550
റെസിസ്റ്റൻസ് ലെവലുകൾ 18,725-18,780-18,850 (15 മിനിറ്റ് ചാർട്ടുകൾ)
യുഎസ്, യൂറോപ്യൻ വിപണികൾ താഴ്ചയിലാണ് അവസാനിച്ചത്. ഏഷ്യൻ വിപണികളിൽ രാവിലെ നല്ല നിലയിലാണ് വ്യാപാരം. എസ്‌ജിഎക്‌സ് നിഫ്റ്റി 18,745 ലെവലിലാണ് വ്യാപാരം നടക്കുന്നത്, ഇത് മുൻ ക്ലോസിംഗിനേക്കാൾ ഉയർന്നതാണ്. നിഫ്റ്റി ഇന്ന് കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ 1,139.07 കോടിയുടെ ഓഹരികൾ വിറ്റു, സ്വദേശി സ്ഥാപനങ്ങൾ 2,607.98 കോടിയുടെ ഓഹരികൾ വാങ്ങി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാലപ്രവണത- സമാഹരണം
ബാങ്ക് നിഫ്റ്റി 229.20 പോയിന്റ് ഉയർന്ന് 43,332.95 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 43,000 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 43,500 ആണ്. ബുള്ളിഷ് ട്രെൻഡിന്റെ തുടർച്ചയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,230-43,100-42,940 റെസിസ്റ്റൻസ് ലെവലുകൾ 43,365-43,500-43,650 (15 മിനിറ്റ് ചാർട്ടുകൾ)