പ്രതീക്ഷ പോസിറ്റീവ്; സൂചനകൾ നെഗറ്റീവ്; പലിശയും എൽഐസി ഐപിഒയും നിർണായകം; മാന്ദ്യഭീതി വളരുന്നു

പ്രതികൂലമായ ആഗാേള സൂചനകൾക്കിടയിലും ആവേശത്തോടെ വ്യാപാരം നടക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ നിക്ഷേപകർ. എൽഐസി ഐപിഒ എന്ന മെഗാ സംഭവം ആണ് പ്രതീക്ഷകൾക്ക് അടിസ്ഥാനം. മെഗാ ഐപിഒ വിജയിപ്പിക്കാൻ തീവ്രശ്രമം ഉണ്ടാകും എന്നാണു കരുതുന്നത്. വിപണി ഉയർന്നു നിന്നാലേ ഐപിഒ വിജയിക്കൂ.

എൽഐസി ഐപിഒയിലേക്കു വലിയ തുക മാറുന്നത് വിപണിയെ ഉലയ്ക്കും എന്ന ഭീതി വേണ്ടെന്നാണു ബ്രോക്കറേജുകൾ പറയുന്നത്. എൽഐസി പോളിസി ഉടമകൾ അടക്കം വലിയൊരു സംഖ്യ പുതിയ നിക്ഷേപകർ വിപണിയിൽ വരുന്നതുവഴി വിപണി വലുതാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വളർച്ചയെപ്പറ്റിയുള്ള ആശങ്കകൾ കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് വിപണിയെ മൂന്നു മുതൽ നാലര വരെ ശതമാനം ഇടിച്ചു. അന്ന് ഇന്ത്യൻ വിപണിയും അവസാന മണിക്കൂറിലെ വലിയ ഇടിവിനെത്തുടർന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. സൂചികകൾ ഒരു മണിക്കൂർ കൊണ്ട് ഒന്നര ശതമാനമാണ് ഇടിഞ്ഞത്.
യുഎസ് ഓഹരി ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. എങ്കിലും വെള്ളിയാഴ്ചത്തെ ക്ലോസിംഗിലും താഴെയാണു വ്യാപാരം. ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച 16,939-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 16,870 ലേക്കു താഴ്ന്നിട്ട് അൽപം കയറി. ഇന്ത്യൻ വിപണി താഴ്ചയിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച സെൻസെക്സ് 460.19 പോയിൻ്റ് (0.8%) താണ് 57,060.87 ലും നിഫ്റ്റി 142.5 പോയിൻ്റ് (0.83%) താണ് 17,102.55 ലും ക്ലോസ് ചെയ്തു. എല്ലാ വ്യവസായ മേഖലകളും താഴ്ചയിലായിരുന്നു. ഓയിൽ - ഗ്യാസ് മേഖല 2.28 ശതമാനം വരെ ഇടിഞ്ഞു. മിഡ് ക്യാപ് സൂചിക 0.83 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.16 ശതമാനവും താഴ്ന്നു.

വിദേശികൾ വിൽപനയിൽ
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച 3648.3 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. തലേന്ന് അവർ 743.22 കോടിയുടെ വാങ്ങലുകാരായിരുന്നു. ഏപ്രിലിൽ വിദേശികൾ ക്യാഷ് വിപണിയിൽ നിന്ന് 40,652.71 കോടി രൂപ പിൻവലിച്ചു. 2021 ഒക്ടോബർ മുതൽ എല്ലാമാസവും അവർ വലിയ വിൽപനക്കാരായിരുന്നു. കഴിഞ്ഞ ഏപ്രിലിനു ശേഷം സെപ്റ്റംബറിൽ മാത്രമേ അവർ ക്യാഷ് വിപണിയിൽ വാങ്ങലുകാരായിരുന്നുള്ളു. സ്വദേശി ഫണ്ടുകൾ വെള്ളിയാഴ്ച 3490.3 കോടിയുടെ വാങ്ങലുകാരായിരുന്നു.
വിപണി ബെയറിഷ്
വിപണി ബെയറിഷ് ആണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,400 കടന്നാൽ മാത്രമേ നിഫ്റ്റി കയറ്റത്തിനുള്ള റാലിയിലാണെന്നു പറയാനാകൂ എന്ന് അവർ കരുതുന്നു. ഇന്നു 17,050 നു താഴെ പോയാൽ 16,800-ലെ സപ്പോർട്ട് ആണ് ആശ്രയം. അതു നിലനിന്നില്ലെങ്കിൽ 14,000 വരെയുള്ള ഇടിവ് പ്രതീക്ഷിക്കേണ്ടി വരുമത്രെ.
നിഫ്റ്റിക്ക് ഇന്ന് 16,980- ലും 16,855 ലും സപ്പോർട്ട് ഉണ്ട്. ഉയർന്നാൽ 17,300 ലും 17,405 ലും തടസങ്ങൾ നേരിടും.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുകയാണ്. ഡിമാൻഡ് കുറയുന്നത് ലഭ്യതയിലെ തടസത്തിൻ്റെ ആഘാതം വിലയിൽ ഉണ്ടാകാതെ നോക്കുന്നു. റഷ്യൻ എണ്ണയ്ക്കു ജർമനി വിലക്ക് ഏർപ്പെടുത്തുമാേ എന്ന ശ്രദ്ധയിലാണു വിപണി. ബ്രെൻ്റ് ഇനം ക്രൂഡ് 106.9 ഡോളറിലാണ്.

ഇരുമ്പയിരിനു വലിയ ഇടിവ്
വ്യാവസായിക ലോഹങ്ങൾ ചെറിയ കയറ്റിറക്കങ്ങളിൽ തുടരുന്നു. എന്നാൽ വാരാന്ത്യത്തിൽ സ്റ്റീൽ വിപണിയിൽ ഡിമാൻഡ് കുത്തനെ കുറഞ്ഞു. ചൈനയിലെ ഡാലിയൻ എക്സ്ചേഞ്ചിൽ ഇരുമ്പയിര് വില നാലു ശതമാനത്തിലധികം ഇടിഞ്ഞു 145 ഡോളറിനു താഴെയായി. സ്റ്റീൽ, ഇരുമ്പയിര് കമ്പനികൾക്കു ക്ഷീണം. നിക്കൽ വില രണ്ടര ശതമാനം താഴ്ന്നു.
സ്വർണം 1900-നു മുകളിൽ നിന്നു വീണ്ടും താഴെയായി. ഇന്നു രാവിലെ 1899 ഡോളറിൽ വ്യാപാരം തുടങ്ങിയിട്ട് താഴോട്ടായിരുന്നു ഗതി. 1891-1893 ലാണു വ്യാപാരം. ഇനിയും താഴുമെന്നാണു സൂചന. കേരളത്തിൽ ശനിയാഴ്ച പവനു 920 രൂപ ഇടിഞ്ഞ് 37,920 രൂപയായി.
അമിതോത്സാഹം നിലയ്ക്കുന്നു
പലിശവർധന പരിധി വിടുമോ എന്ന ആശങ്കയും വളർച്ച മാറി മാന്ദ്യമാകുമോ എന്ന ഭീതിയും വിപണികളെ കീഴടക്കുന്നു. വിപണികളിലെ യുക്തിരഹിതമായ അമിതോത്സാഹം (Irrational Exuberance) അവസാനിക്കുന്നു. കുറേ വർഷങ്ങളായി വിപണിയെ ബുളളിഷ് ആക്കിയിരുന്നത് ഈ അമിതോത്സാഹമായിരുന്നു.
വിപണി ഈയാഴ്ച ഏതു ദിശ സ്വീകരിക്കും എന്നതിനേക്കാൾ ഈ ഭീതിയും ആശങ്കയും എത്ര കാലം നീണ്ടു നിൽക്കും എന്നതിലാണു നിക്ഷേപകരുടെ ചിന്ത. ബുധനാഴ്ച അമേരിക്കൻ കേന്ദ്രബാങ്ക് ഫെഡ് പലിശവർധനയുടെ രണ്ടാം ഗഡു പ്രഖ്യാപിക്കും.
പലിശനിരക്ക് അര ശതമാനം കൂട്ടും എന്നാണു പൊതുനിഗമനം. തുടർന്നുള്ള വർധന സംബന്ധിച്ച് എന്തു പറയും എന്നാണു വിപണി ഉറ്റുനോക്കുന്നത്. തുടർച്ചയായി അതിവേഗ വർധന നടപ്പാക്കും എന്നു വന്നാൽ വിപണി ഇടിയും. കാരണം അതു വികസിത രാജ്യങ്ങളിൽ മാന്ദ്യത്തിനു കാരണമാകും.
ചൈനയിലെ നീണ്ടുപോകുന്ന ലോക്ക് ഡൗണും ആഗോള വളർച്ചയ്ക്കു തിരിച്ചടിയാണ്. വ്യാവസായിക ഘടകങ്ങളും കംപോണൻ്റുകളും വീണ്ടും ദുർലഭമായി. മറുവശത്തു ലോഹങ്ങൾ അടക്കമുള്ളവ ഡിമാൻഡ് കുറഞ്ഞതിനാൽ വിലയിടിവിലായി. ധാതുക്കളും ലോഹങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ ക്ഷീണത്തിലാകും.
മാന്ദ്യഭീതിയിൽ വികസിതലോകം

പലിശ കാര്യമായി കൂട്ടും മുമ്പേ മാന്ദ്യഭീതി. അങ്ങനെയൊരവസ്ഥയിലാണു ലോകം. വികസിത രാജ്യങ്ങളിൽ പോലും ഉപഭോക്താക്കൾ പിന്മാറുന്നു. അസാധാരണമായി കയറിയ വില ഉപഭോക്താക്കൾക്കു താങ്ങാനാവുന്നില്ല. ഇതിനൊപ്പം പലിശനിരക്കു കൂടി ഉയർന്നാൽ വലിയൊരു സംഖ്യ ഉപഭോക്താക്കൾ ഉപഭോഗം കുറയ്ക്കും. വായ്പ എടുക്കാനും മടിക്കും. വ്യാപാരം മന്ദീഭവിക്കും. അതു സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കും.
ജനുവരി-മാർച്ചിൽ യുഎസ് ജിഡിപി 1.4 ശതമാനം ചുരുങ്ങി. ഇതൊരു മുന്നറിയിപ്പാണ്. അടിസ്ഥാന പലിശ 0.0-0.25 ശതമാനം എന്ന ഏറ്റവും താഴ്ന്ന നിലയിലായിരുന്നപ്പോഴാണ് ജിഡിപി ചുരുങ്ങിയത്. ഇറക്കുമതി കൂടിയതുകൊണ്ടു മാത്രമാണ് ചുരുങ്ങൽ എന്നു ധന ശാസ്ത്രജ്ഞർ വ്യാഖ്യാനിച്ചിട്ടുണ്ട്.
പക്ഷേ ഉപഭോക്താക്കളുടെ പിന്മാറ്റവും ഇതിനു സഹായിച്ചതായി സൂചനയുണ്ട്. ഉപഭോക്തൃ പ്രതീക്ഷകൾ താഴോട്ടാണെന്ന് സർവേകൾ കാണിക്കുന്നു. താഴേത്തട്ടിൽ വിൽപന കുറവാണ്. സൂപ്പർ മാർക്കറ്റുകളിൽ കയറുന്നവരുടെ എണ്ണം കുറയുന്നു. ഓൺലൈൻ വ്യാപാരത്തിലും കാര്യങ്ങൾ മോശമാണെന്ന് ആമസോൺ.കോം ഫലം കാണിക്കുന്നു.
വിലക്കയറ്റം ജനങ്ങളുടെ വാങ്ങൽശേഷി കുറയ്ക്കുന്നു. ഇന്ധനവും ഭക്ഷണവും കഴിഞ്ഞുള്ള ചെലവുകളിൽ കുറവു വരുന്നു. ഇതു മാസങ്ങൾ നീണ്ടു നിൽക്കുന്നതാണു മാന്ദ്യം.

കാഴ്ചപ്പാട് തെറ്റി
വിലക്കയറ്റത്തെപ്പറ്റി യുഎസ് ഫെഡും മറ്റു കേന്ദ്ര ബാങ്കുകളും പുലർത്തിയ സമീപനം തെറ്റിപ്പോയി എന്നും ഇതിനർഥമുണ്ട്. വിലക്കയറ്റം താൽക്കാലികവും ആനുകാലിക കാരണങ്ങളാൽ ഉണ്ടായതും ആണെന്നായിരുന്നു അവരുടെ വിലയിരുത്തൽ. ആഴത്തിലുള്ള പ്രശ്നങ്ങൾ വിലക്കയറ്റത്തിനു പിന്നിൽ ഉണ്ടെന്ന സംശയം പോലും അവർ പ്രകടിപ്പിച്ചില്ല.
ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ ഇരട്ടി വേഗത്തിലും ഇരട്ടി നിരക്കിലും പലിശ വർധിപ്പിക്കാനാണു നീക്കം. നാളെയും ബുധനാഴ്ചയും നടക്കുന്ന എഫ്ഒഎംസി (ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി) യോഗം കുറഞ്ഞ പലിശ 50 ബേസിസ് പോയിൻ്റ് (ഒരു ശതമാനത്തിൻ്റെ 100-ൽ ഒന്നാണു ബേസിസ് പോയിൻ്റ്) വർധിപ്പിക്കും എന്നാണു നിഗമനം. ജൂൺ പകുതിയിലും ജൂലൈയിലും ഇതേ താേതിൽ വർധന ഉണ്ടാകുമെന്നാണു പൊതു നിഗമനം. ജൂലൈ ഒടുവിൽ കുറഞ്ഞ പലിശ നിരക്ക് 1.75-2.0 ശതമാനം ആയിരിക്കും. ഇത്ര കുറഞ്ഞ സമയം കൊണ്ടു പലിശ ഇത്ര കണ്ടു വർധിപ്പിക്കുന്നത് അപൂർവമാണ്.
ഈ വർധന വായ്പയെടുക്കാനുള്ള പ്രവണത കുറയ്ക്കും. അതു വഴി ഉപഭോഗവും വിൽപനയും കുറയും. പലിശ വർധന മൂലധനനിക്ഷേപത്തിനും തടസമാകും. വിൽപന കുറയുന്നതും വ്യവസായ വളർച്ചയ്ക്കു വിലങ്ങാകും. ഇങ്ങനെയാണു മാന്ദ്യത്തിലേക്കുള്ള യാത്ര എന്നു കാര്യവിവരമുള്ളവർ ചൂണ്ടിക്കാട്ടുന്നു.

വരുമാനത്തിലെ അന്തരം പ്രകടം
അമേരിക്കയും മറ്റും ഹ്രസ്വകാല മാന്ദ്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങൾക്കും ആശങ്കപ്പെടാതെ കഴിയില്ല. കയറ്റുമതി കുറയുന്നതു മാത്രമല്ല വിഷയം. സർക്കാരുകൾ സമ്മതിക്കില്ലെങ്കിലും നമ്മുടെ രാജ്യത്തും വിൽപനമാന്ദ്യം ഉണ്ട്. രാജ്യത്തെ വാഹന വിൽപനയുടെ കണക്കുകൾ അതു കാണിക്കുന്നു. അതു ചെറിയ കാര്യമല്ല.
പോപ്പുലർ കാറുകൾ നിർമിക്കുന്ന മാരുതി സുസുകിക്കും ഹ്യുണ്ടായ് ഇന്ത്യക്കും വിൽപന കുറയുന്നു. അവരുടെ തന്നെ വില കുറഞ്ഞ ഇനങ്ങളുടെ വിൽപന ഇരുപതും മുപ്പതും ശതമാനം കുറയുന്നു.
അതേ സമയം ഉയർന്ന വിലയുള്ള എസ് യു വികളുടെ വിൽപന കുതിക്കുന്നു. ടൂ വീലറിലും വിലകുറഞ്ഞ ഇനങ്ങൾക്കു വിൽപന കുറഞ്ഞു. ലക്ഷ്വറി- അഡ്വഞ്ചർ ഇനം ബൈക്കുകൾക്കു വിൽപന കൂടി.
ഇത് താൽക്കാലിക പ്രതിഭാസമല്ല. മാസങ്ങളായി. ലക്ഷ്വറി ഇനങ്ങൾക്ക് വിൽപന കൂടി. പോപ്പുലർ ഇനങ്ങൾക്കു കുറഞ്ഞു. താഴേത്തട്ടിൽ വരുമാനം കുറഞ്ഞു. ഉയർന്ന തട്ടിൽ വരുമാനം കൂടി. സാമ്പത്തിക അസമത്വം വളരുന്നു. താഴേത്തട്ടിൽ നിന്ന് മുകളിലേക്കു കയറുന്നവരുടെ എണ്ണം കുറയുന്നു.
പിരമിഡിൻ്റെ അടിത്തറയോടു ചേർന്നാണു കൂടുതൽ പേർ. അവിടെ വരുമാനം കൂടാതെ മുകൾത്തട്ടുകളിൽ കൂടുമ്പോൾ പിരമിഡിൻ്റെ ഭദ്രത തന്നെ ഭീഷണിയിലാകും. അങ്ങനെയൊന്നിലേക്കാണു കാര്യങ്ങളുടെ പോക്ക്.

ടാറ്റാ മോട്ടോഴ്സ് കുതിച്ചു; മാരുതി, ഹ്യുണ്ടായി പിന്നോട്ട്
ഏപ്രിലിൽ മാരുതി സുസുകിയും ഹ്യുണ്ടായി ഇന്ത്യയും വിൽപനയിൽ പിന്നോട്ടു പോയപ്പോൾ ടാറ്റാ മോട്ടാേഴ്സ് വലിയ കുതിപ്പ് നടത്തി.
ടാറ്റാ മോട്ടോഴ്സിൻ്റെ മൊത്തം ആഭ്യന്തര വാഹനവിൽപന 74 ശതമാനം വർധിച്ചു. 41,729-ൽ നിന്ന് 72,468 -ലേക്ക്. വാണിജ്യ വാഹനവിൽപന 16,515-ൽ നിന്ന് 30,838 ലേക്കു വർധിച്ചു. യാത്രാ വാഹനങ്ങളുടേത് 25,095-ൽ നിന്ന് 41,587 ലേക്കു കൂടി. ഇലക്ട്രിക് വാഹനവിൽപന 581-ൽ നന്ന് 2322-ലേക്കു കുതിച്ചു.
മാരുതി സുസുകിയുടെ ഏപ്രിലിലെ മൊത്തം വിൽപന 1,59,691 ൽ നിന്ന് 5.7 ശതമാനം കുറഞ്ഞ് 1,50,661 എണ്ണമായി. ആഭ്യന്തര വിൽപന 1.42 ലക്ഷത്തിൽ നിന്ന് 1.32 ലക്ഷമായി കുറഞ്ഞു; യാത്രാവാഹനങ്ങളുടെ ആഭ്യന്തര വിൽപന 1.35 ലക്ഷത്തിൽ നിന്ന് 1.21 ലക്ഷത്തിലേക്കു താണു.
ആൾട്ടോ അടക്കമുള്ള ചെറുകാറുകളുടെ വിൽപന 32 ശതമാനം കുറഞ്ഞ് 17,137ലെത്തി. സ്വിഫ്റ്റും ഡിസയറും ഉൾപ്പെട്ട കോംപാക്റ്റ് കാറുകളുടേത് 18 ശതമാനം ഇടിഞ്ഞ് 59,184 എണ്ണമായി. എന്നാൽ എസ് യുവി വിൽപന 33 ശതമാനം കയറി 33,941 ആയി.
ഹ്യുണ്ടായി ഇന്ത്യയുടെ ആഭ്യന്തര വിൽപന 49,002-ൽ നിന്ന് 44,001 ആയി ഇടിഞ്ഞു. കയറ്റുമതി 10, 201-ൽ നിന്ന് 12,200 ആയി. മൊത്തം വിൽപന അഞ്ചു ശതമാനം കുറഞ്ഞപ്പോൾ ആഭ്യന്തര വിൽപന 10 ശതമാനമാണു കുറഞ്ഞത് .
സ്‌കോഡ ഇന്ത്യ ഏപ്രിലിൽ 5152 വാഹനങ്ങൾ വിറ്റു. തലേ ഏപ്രിലിലെ 961-ൽ നിന്ന് 436 ശതമാനം വളർച്ച.

കാതൽമേഖലയുടെ വളർച്ച കുറഞ്ഞു

മാർച്ചിലെ കാതൽ മേഖലയുടെ ഉൽപാദന വളർച്ചയിൽ ഇടിവ്. ഫെബ്രുവരിയിൽ ആറു ശതമാനം ഉണ്ടായിരുന്ന വളർച്ച 4.3 ശതമാനമായി താണു. 2021-22 വർഷം ഏപ്രിൽ - മാർച്ചിലെ വളർച്ച 10.4 ശതമാനമാണ്. തലേവർഷം കോവിഡ് പശ്ചാത്തലത്തിൽ കാതൽ മേഖല 6.4 ശതമാനം ചുരുങ്ങിയതാണ്.
കൽക്കരി, ക്രൂഡ് ഓയിൽ ഉൽപാദനം മാർച്ചിൽ കുറഞ്ഞു. പ്രകൃതിവാതകം, സ്റ്റീൽ, സിമൻ്റ്, വൈദ്യുതി എന്നിവയുടെ ഉൽപാദന വളർച്ച തലേ മാസത്തേക്കാൾ കുറവായി.
2021-22 ലെ വ്യവസായ ഉൽപാദന വളർച്ച 3.5 ശതമാനത്തിനു തൊട്ടടുത്താകുമെന്ന സൂചനയാണ് ഇതു നൽകുന്നത്. സാമ്പത്തിക വളർച്ച ഭദ്രമായെന്ന അവകാശവാദങ്ങളുടെ അടിത്തറ ഇളക്കുന്നതാണ് ഈ കണക്ക്.

ജിഎസ്ടി പിരിവിൽ റിക്കാർഡ്
ഏപ്രിലിലെ ജിഎസ്ടി പിരിവ് 1.68 ലക്ഷം കോടി രൂപ എന്ന റിക്കാർഡ് കുറിച്ചു. മാർച്ചിലെ വിൽപനയുടേതാണു ഏപ്രിലിലെ നികുതി പിരിവ്. വർഷാന്ത്യം പ്രമാണിച്ചുള്ള വിൽപനയും ഉൽപന്നങ്ങളുടെ വിലക്കയറ്റവുമാണ് റിക്കാർഡ് പിരിവിലേക്കു നയിച്ചത്. സാമ്പത്തിക വളർച്ച തിരിച്ചു കയറി എന്ന അവകാശവാദം ഉന്നയിക്കുന്നവർ വിൽപനയുടെ എണ്ണവും അളവും താരതമ്യപ്പെടുത്തുന്നതു നന്നായിരിക്കും.


This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it