ബാങ്കുകളും റിയൽറ്റിയും ഓഹരി സൂചികകളെ താഴ്ത്തി

ബാങ്കുകളും റിയൽറ്റിയും വീണ്ടും സൂചികകളെ വലിച്ചു താഴ്ത്തുന്നു. ആവേശപൂർവം നല്ല നേട്ടത്തോടെ തുടങ്ങിയ വ്യാപാരം താമസിയാതെ നഷ്ടത്തിലേക്കു വീണു. സെൻസെക്സ് 58,459 വരെ കയറിയിട്ട് 58,174 വരെ ഇടിഞ്ഞു. പിന്നീടു നഷ്ടം ചുരുക്കി സൂചിക നേട്ടത്തിലായി. വീണ്ടും നഷ്ടത്തിലേക്കു നീങ്ങി. നിഫ്റ്റിയും സമാന്തര ചലനം നടത്തി. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സെൻസെക്സ് 58,075 ലും നിഫ്റ്റി 17,305 ലുമായിരുന്നു.

ലാഭമെടുക്കലിനുള്ള വിൽപന സമ്മർദമാണു കാണുന്നതെന്നും തിരുത്തലിനുള്ള സൂചനയൊന്നുമില്ലെന്നും ചില ബ്രോക്കർമാർ കരുതുന്നു. എന്നാൽ തിരുത്തലിനു സമയം അതിക്രമിച്ചെന്നു കരുതുന്നവർ ഇന്നത്തെ ഇടിവ് തുടക്കമാകട്ടെ എന്ന ആഗ്രഹം പ്രകടിപ്പിച്ചു.
നിഫ്റ്റി ബാങ്ക് സൂചിക ഒരവസരത്തിൽ ഒരു ശതമാനം താണു. വോഡഫോൺ ഐഡിയയുടെ പ്രശ്നം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വർധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങൾ ബാങ്കുകളുടെ ഇടിവിനു പിന്നിലുണ്ട്. ബാങ്കിതര ധനകാര്യ കമ്പനികളും താഴാേട്ടാണ്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും രാവിലെ ഇടിവിലാണ്. നിഫ്റ്റി 0.3 ശതമാനം താണപ്പോൾ മിഡ് ക്യാപ് സൂചിക 0.95 ശതമാനം ഇടിഞ്ഞു.
ഭവന വായ്പാ കമ്പനികളിൽ ഏറ്റവും കുറഞ്ഞ നിഷ്ക്രിയ ആസ്തി പ്രശ്ന (എൻപിഎ) മുള്ള കാൻഫിൻ ഹോംസിൻ്റെ ഓഹരി വില രാവിലെ ആറു ശതമാനം ഉയർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് ഓഹരികൾ ഇന്ന് ഇടിഞ്ഞു. ശോഭ ഡവലപ്പേഴ്സിൻ്റെ ഓഹരി വില അഞ്ചു ശതമാനത്തിലേറെ താണു. പ്രസ്റ്റീജ് എസ്റ്റേറ്റ്സ് ആറു ശതമാനത്താേളം ഇടിഞ്ഞു. പുറവങ്കര നാലര ശതമാനവും ഡിഎൽഎഫ് രണ്ടു ശതമാനവും താണു.
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 72.52 ഡോളർ എത്തി.
ലോക വിപണിയിൽ സ്വർണം 1822 ഡോളറിലേക്കു താണു.കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 35,520 രൂപയായി.
ഡോളർ ഇന്നും കയറി. രാവിലെ മൂന്നു പൈസ നേട്ടത്തിൽ 73.13 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it