ഓഹരി വിപണി കയറിയിറങ്ങുന്നു

ആഗോള അനിശ്ചിതത്വം ഇന്ത്യൻ വിപണിയെയും ബാധിച്ചു. തുടക്കം മുതലേ താഴ്ന്നു നീങ്ങിയ വിപണിയിൽ ഒട്ടുമിക്ക വ്യവസായ മേഖലകളും താഴ്ചയിലാണ്. എന്നാൽ മുഖ്യസൂചികകൾ ഇടയ്ക്കു നേട്ടത്തിലേക്കു കടക്കാൻ ശ്രമിച്ചു.

പേയ്ടി എമ്മിലെ തങ്ങളുടെ നിക്ഷേപത്തിൽ 27 കോടി ഡോളറിൻ്റെ ഓഹരികൾ വിൽക്കുമെന്ന സോഫ്റ്റ് ബാങ്കിൻ്റെ പ്രഖ്യാപനം ഓഹരിയുടെ വില പത്തു ശതമാനം താഴ്ത്തി. ഇന്ന് കമ്പനിയുടെ മൊത്തം ഓഹരിയുടെ നാലര ശതമാനം കൈമാറ്റം ചെയ്യപ്പെട്ടു. നെെകായുടെ ഓഹരിവില അഞ്ചു ശതമാനത്തോളം താണിട്ടുണ്ട്. നൈകായുടെ രണ്ടു ശതമാനം ഓഹരി ഇന്നു കൈമാറ്റം ചെയ്തു. കഴിഞ്ഞ വർഷം ലിസ്റ്റ് ചെയ്ത ഈ കമ്പനികളിലെ പ്രാരംഭ നിക്ഷേപകരുടെ ലോക്ക് ഇൻ പീരിയഡ് ഈ ദിവസങ്ങളിൽ അവസാനിച്ചിരുന്നു.

ടാറ്റാ മോട്ടോഴ്സിൻ്റെ യൂറോപ്യൻ യൂണിറ്റായ ജഗ്വാർ ലാൻഡ് റോവറിൻ്റെ സിഇഒ തിയറി ബൊളോർ രാജിവയ്ക്കുന്നതായ പ്രഖ്യാപനം ഓഹരിയെ നാലു ശതമാനം താഴ്ത്തി. ഇടക്കാല സിഇഒയെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് ഈ വർഷം 20 ശതമാനത്തിനു മുകളിൽ ബിസിനസ് വളർച്ച പ്രതീക്ഷിക്കുന്നതായി മാനേജ്മെൻ്റ് പറയുന്നു. പക്ഷേ, രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് ഓഹരിവില മൂന്നു ശതമാനം താഴ്ന്നു.

രൂപ ഇന്നും ദുർബലമായി. ഡോളർ 24 പൈസ നേട്ടത്തോടെ 81.53 രൂപയിലാണു വ്യാപാരം തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ സ്വർണം 1762 ഡോളറിലേക്കു താണു. എന്നാൽ രൂപയുടെ ഇടിവ് മൂലം കേരളത്തിൽ വില വർധിച്ചു. പവന് 600 രൂപ വർധിച്ച് 39,000 രൂപയിലെത്തി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it